ഞാൻ മനസ്സിലോർത്തു. കൊള്ളാം, ഇനി കാണുമ്പോൾ അവളോടു പറയാൻ പറ്റിയ വാചകം.!
ഞാൻ പുറത്തേക്കു നോക്കി. ജനാലക്കപ്പുറം കാണുന്ന കുന്ന് നേർത്ത മഞ്ഞാവരണമണിഞ്ഞ് ഉപരിരതിയിൽ വിയർത്തവളുടെ ഘനജഘനം പോലെ ഉയർന്നു നിൽക്കുന്നു.
“ക്രിസ്റ്റി..”
വിളി കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു. തൊട്ടടുത്ത് അവൾ വന്നുനിന്നതറിഞ്ഞില്ലല്ലല്ലോ. കുസൃതിക്കണ്ണുകളുമായി അവൾ മേശക്കരികെ കസേര വലിച്ചിട്ടിരുന്നു.
“ക്രിസ്റ്റിയെന്താ ദിവാസ്വപ്നം കാണുവാണോ?” ആത്മാവിൻ്റെ ജനൽപ്പാളികൾ തുറന്നവൾ ചിരിച്ചു.
“നിൻ്റെ കണ്ണുകൾ പോലെയല്ലേ പുറത്തെ മഞ്ഞ്.? നല്ല ഭംഗി. നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല.”
പൊതുവേ തിരക്കൊഴിഞ്ഞ വിജനമായ റെസ്റ്റോറന്റിൽ ഇന്ന് പതിവിലേറെ തിരക്കുണ്ട്. വെക്കേഷൻ കാലം. പോരാത്തതിന് കഴിഞ്ഞമാസം ഇവിടെ ഷൂട്ട് ചെയ്ത സിനിമ സൂപ്പർ ഹിറ്റായത്രേ. തിരശീലയിൽ കണ്ട പറുദീസയുടെ സൗന്ദര്യം തേടിവരുന്ന ഭാഗ്യാന്വേഷികൾ. എനിക്കവരോട് സഹതാപം തോന്നി. സ്വന്തം ഹൃദയത്തിലില്ലാത്തത് എവിടുന്നു കിട്ടാൻ?. ലാഭം റിസോർട്ടുടമകൾക്കും റെസ്റ്റോറൻ്റുകാർക്കാണ്.
“ഒന്നും കഴിക്കുന്നില്ലേ?”
അവൾ കണ്ണടയെടുത്തു വച്ച് മെനു കാർഡിൽ നോക്കി.
ജാലകവാതിലുകൾ അവളടച്ചു കളഞ്ഞല്ലോ.! അവളുടെ കണ്ണടയിൽ പ്രതിബിംബിക്കുന്ന എന്നെ ഞാൻ നോക്കി. കണ്ണടയുടെ രണ്ടു ചില്ലുകളിലുമായി വെറുതെയിരിക്കുന്ന രണ്ടു കുഞ്ഞൻ ഞാനുകൾ.!
“വന്നിട് കുറച്ചു നേരമായി. വെയ്റ്ററെ ഒന്നു കണ്ടുകിട്ടണ്ടെ?”
ഞാൻ വെയിറ്ററെ നോക്കി. പുതിയതായി വന്നവൻ. കാളക്കൂറ്റനെപ്പോലെ തടിച്ച അവൻ പോരുകാളകളെ ഓർമ്മപ്പെടുത്തി. പാവം വലിയ ശരീരവും വച്ച് എല്ലായിടത്തും ഓടിയെത്താൻ നന്നേ കഷ്ടപ്പെടുന്നു. ആകെ ധൃതിപ്പെട്ട് എന്റെ പതിവ് അപ്പവും ചിക്കൻകറിയും കൊണ്ടുവന്ന് മേശമേൽ വച്ചിട്ട് പിശുക്കൻ്റെ ദാനം പോലൊരു പുഞ്ചിരിയും തന്നവൻ ഭവ്യതയോടെ തിരിച്ചുപോയി.
മിടുക്കൻ! കുറച്ചു ദിവസം കൊണ്ടുതന്നെ അവനെന്റെ പതിവ് മനസ്സിലാക്കിയിരിക്കുന്നു.!
“കഴിച്ചിട്ട് പറയണം എങ്ങനെയുണ്ടായിരുന്നുവെന്ന്. ഞാനിതിന്റെ സ്വാദൊക്കെ മറന്നു.” അവളുടെ ചെറുതായിടറിയ ശബ്ദത്തിൽ ദുഖം നിഴലിച്ചു.
“ഹോട്ടൽ ഭക്ഷണമൊക്കെ കണക്കല്ലേ. പിന്നെ വേറേ വഴിയില്ലാത്തതുകൊണ്ട് ഇതു വച്ച് അഡ്ജസ്റ്റ് ചെയ്യുന്നു”
സ്വാദിഷ്ടമായ ചിക്കൻപീസ് ഞാൻ ചവച്ചിറക്കി. നിരുപദ്രവകരമായ നുണകൾ നല്ലതാണ്. പ്രത്യേകിച്ചും ഇതുപോലത്തെ സന്ദർഭങ്ങളിൽ.
“ക്രിസ്റ്റി എത്ര മനോഹരമായാണ് ആഹാരം കഴിക്കുന്നത്? നോക്കിയിരിക്കാൻ തന്നെ നല്ല രസം..”
ഞാൻ മനസ്സിൽ പറഞ്ഞു. നല്ല രസമാണെനിക്കും നിൻ്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കാൻ. ആത്മാവിലേക്കുള്ള ജാലക വാതിലുകൾ തുറക്കുന്നതും നോക്കി. പക്ഷെ, നീയത് മറച്ചു കളഞ്ഞല്ലോ.
ഞാനങ്ങനെയാണ്. അപ്പം ചെറുകഷണമായി മുറിച്ച് ചിക്കൻ കറിയിൽ മുക്കി പതുക്കെ ചവച്ച് , കണ്ണടച്ചിരുന്ന്, സ്വാദാസ്വദിച്ച്….
“നിനക്കൊന്നും വേണ്ടെ?”
അവൾ വേണ്ടെന്ന് തലയാട്ടിയപ്പോൾ സ്വർണ്ണമൂക്കുത്തിക്കല്ലിൽ വെളിച്ചം തട്ടി ചിതറി.
“ക്രിസ്റ്റി കഴിക്കുന്നതു കണ്ടാൽ തന്നെ വയർ നിറയും…”
ഞാൻ പുറത്തേക്ക് വിരൽചൂണ്ടി. മഞ്ഞിൻ്റെ മുഖാവരണമണിഞ്ഞ കുന്നിൻ മുകളിലേക്ക്. ഒന്നും മനസ്സിലാവാതെ അവൾ പുറത്തേക്കു നോക്കി.
“നല്ല രസമുണ്ടല്ലേ?” ഭംഗിവാക്കു കേട്ട് ഞാൻ ചിരിച്ചു.
എൻ്റെ ഓരോ ചലനവും നോക്കി അവളിരുന്നു. വെൺമേഘം മുറിച്ചിട്ടതുപോലുള്ള അപ്പങ്ങൾ വേദനിക്കാതിരിക്കാനെന്ന പോലെ സാവകാശം മുറിച്ചെടുക്കുന്നതവൾ നോക്കി നിന്നു.
ഞാനും ഒരു സർജനാണ്! മനസ്സുകളുടെ സർജൻ. എനിക്കറിയാം എവിടെ, എപ്പോൾ, എങ്ങനെ കൃത്യമായി മുറിച്ചുനീക്കണമെന്ന്.
“വിശപ്പുകളെ കെടുത്തുന്നത് ഒറ്റയടിക്കല്ല.” അവൾ തല കുലുക്കിച്ചിരിച്ചു.
“സാർ….”
അടുത്തുവന്നത് വെയ്റ്ററാണ്. തടിച്ചു തൂങ്ങിയ കവിളുകൾക്കുമീതെ കൽക്കരിഖനി പോലെ കുഴിഞ്ഞ കണ്ണുകൾ.
“സാറിന് വേറെന്തെങ്കിലും..” അവൻ ശബ്ദത്തിൽ പരമാവധി സൗമ്യത വരുത്താൻ ശ്രമിക്കുന്നു. എനിക്ക് കാര്യം മനസ്സിലായി. കഴിച്ചു കഴിഞ്ഞെങ്കിൽ ചുമ്മാ കുത്തീരിക്കാതെ എണീറ്റുപോ എന്നവൻ മാന്യമായി പറയുകയാണ്.! ഇനിയൊന്നും വേണ്ടെന്ന് ഞാൻ തലയാട്ടി.
പുറംകാഴ്ച്ചയിൽനിന്ന് കണ്ണെടുത്ത് അവളെന്നെ നോക്കി.
ബില്ലുമായി വന്ന വെയ്റ്റർ മാറി നിന്നു. ടിപ്പ് പതിവുള്ളതാണ്. ചില്ലറയ്ക്കായി പേഴ്സിൽ പരതുന്നതിനിടെ അവൻ്റെ കണ്ണുകളിലെ ഭീതി ഞാൻ കണ്ടു. ഭീതിയും പ്രണയവും മനസ്സിലാക്കൻ ഭാഷയെന്തിന്?
“സാറേ, സാറാരോടാ സംസാരിച്ചോണ്ടിരുന്നേ ?”
“ഉം?”
“അല്ല, സാർ ഒറ്റയ്ക്കിരുന്ന് സംസാരിക്കണപോലെ തോന്നി. അതാ…”. അവൻ പതറി.
സംശയങ്ങൾ നല്ലതാണ്, എന്നാൽ അസ്ഥാനത്താവുമ്പോൾ അപകടകരവും. അവൾ ചെറുതായൊന്ന് ഭയന്നെന്ന് നിമിഷനേരം കൊണ്ടനുഭവപ്പെട്ട കുളിരിനാൽ ഞാനറിഞ്ഞു. ചതുരമായ ഒരു നോട്ടം കൊണ്ട് അവളെ സമാധാനിപ്പിച്ച്, ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു.
“നിന്റെ പേരെന്താന്നാ പറഞ്ഞത് ?”
“ബ്രൂണോ ആൽബർട്ട്. “
“ങാ.. മോനെ ബ്രൂണോ, ഞാൻ ക്രിസ്റ്റഫർ പെൻറി ജോൺസ്. ഇവിടെ അടുത്തുള്ള മനോരോഗാശുപത്രിയിലെ ഡോക്ടറാണ്. നാളെ അവിടെ ഒരു കോൺഫറൻസിൽ ഞാൻ പ്രസംഗിക്കുന്നുണ്ട്. അതൊന്ന് പ്രാക്ടീസ് ചെയ്തതാ”
ടിപ്പുമായി പോകുമ്പോൾ അവൻ സംശയം വിട്ടുമാറാത്ത കണ്ണുകളോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എന്റെ ജോലിയുടെ മട്ടും ഭാവവും, എന്റെ പെരുമാറ്റം മൂലമുണ്ടാകാവുന്ന ഒരുമാതിരിപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാറുള്ളതെത്ര നന്ന്. കൂടിപ്പോയാൽ ഒരു ‘ഭ്രാന്തൻ ഡോക്ടർ’ വിളിയിൽ അതെല്ലാം ഒതുങ്ങിപ്പോവും.
അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ വെയിറ്ററെ തേടി. അവൻ മറ്റതിഥികളെ ശ്രദ്ധിക്കുന്ന തിരക്കിലാണ്. മുറിയിലേക്ക് മടങ്ങിയത് വഴിയിലുടനീളം അവളോട് സംസാരിച്ചുകൊണ്ടാണ്. കൈകോർത്ത് നടന്നതിനാലാവണം,മുറിയിലെത്തിയപ്പോഴേക്കും വലതുകൈ മരവിച്ചിരുന്നു. ആശുപത്രിമുറിയുടെ വാതിൽ സെക്യൂരിറ്റിക്കാരൻ ജോസഫ് തുറന്നുതന്നു. നേർത്ത ശബ്ദത്തോടെ വാതിലടഞ്ഞു. പിന്തിരിഞ്ഞു നിന്ന അയാൾ വാതിൽ ഒരിക്കൽ കൂടി തുറന്നടയുന്നതു കണ്ട് സംശയിച്ച് ചുറ്റും നോക്കുന്നതു ശ്രദ്ധിക്കാതെ ഞാനകത്തുകടന്നു.മുറിയിലെത്തികൈകൾ കൂട്ടിത്തിരുമ്മി ചൂടുപിടിപ്പിക്കുമ്പോൾ അവൾ മുറി മുഴുവൻ പരിശോധിക്കുകയായിരുന്നു.
ഞാൻ ലറ്റർ പാഡിൽ നിന്ന് ഒരു പേജ് കീറിയെടുത്തെഴുതി.
“ബ്രൂണോ.03.20. AM, 20-03-2020”
നാലായി മടക്കി പോക്കറ്റിലിട്ട ആ പേപ്പറിൽ അവളുടെ കണ്ണുകളുടക്കി.
“എന്തിനാ ഇത്രയും സസ്പെൻസ്?”
“ഇത് സസ്പെൻസല്ല.ഒരു റുട്ടീൻ ആണ്. ദിനചര്യകൾ തെറ്റിക്കാനുള്ളതല്ല.”
അതൃപ്തി നിറഞ്ഞ ഒരു മൂളലായയിരുന്നു മറുപടി.
ജോസഫ് വാതിൽ തുറന്നകത്തു വന്നു.
“സാറെന്നെ വിളിച്ചിരുന്നോ?”
സംസാരം അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവും.
“ങ്ങും… എനിക്കൊരു കപ്പ് കാപ്പി വേണം.” ഞാനയാളുടെ മുഖത്തു നോക്കിയില്ല.
അൽപ്പം മുൻപ് കാപ്പി കുടിച്ച കാര്യം അയാൾക്കറിയില്ലല്ലോ. അയാൾക്ക് സംശയം തോന്നരുത്. ജോസഫിനൊപ്പം അവളും പുറത്തിറങ്ങി. അടഞ്ഞ വാതിൽ രണ്ടാമതും തുറന്നടയുന്ന ശബ്ദം കേട്ട് ജോസഫ് തിരിച്ചു വന്നു.
“സാറെ, ഈ ഡോറിനെന്തോ കുഴപ്പമുണ്ട്”.
ഞാനെഴുന്നേറ്റു.
“റൗണ്ട്സിന് സമയമായി ജോസഫ്. ഞാൻ പോകട്ടെ. കാപ്പി വന്നിട്ടുമതി”
അവളുടെ റോന്തുചുറ്റലിനും ഇതേ സമയമാവും, മനസ്സിലോർത്തു. രണ്ടും ഏതാണ്ടൊരേ സമയത്തു തന്നെ. ഞാൻ പതിമൂന്നാം നമ്പർ സെല്ലിലേക്ക് നടന്നു. അവിടെ പുതിയ പേഷ്യൻ്റാണ്. ഗാർഡ് അലക്സി ഓടി വന്നു. മറഡോണയെ ഓർമ്മിപ്പിക്കുന്ന രൂപമാണയാൾക്ക്. പൊക്കം കുറഞ്ഞ് ചീർത്തു തടിച്ച്. നടക്കുന്നതും ഫുട്ബോൾ പോലെ ഉരുണ്ടുരുണ്ട്.
ഇന്നെത്തിയപ്പോൾ മുതൽ പുതിയ രോഗി അലക്സിയെ “പന്നി” യെന്നു തുടരെ വിളിച്ച് അവന്റെ അടി വാങ്ങിക്കൂട്ടുന്നു. അല്ലേലും പന്നി ഫാം നടത്തി, ദിവസവും പന്നിയിറച്ചീം തിന്ന്, കണ്ടാലും പന്നിയെപ്പോലെ ഇരിക്കുന്ന അലക്സിയെ പന്നിയെന്നല്ലാതെ പുണ്യാളൻ എന്ന് വിളിക്കാൻ പറ്റുമോ?
അടികൊണ്ട് പതം വന്നിട്ടാണെന്ന് തോന്നുന്നു, അയാൾ സെല്ലിന്റെ ഒരു മൂലയ്ക്ക് ചടഞ്ഞുകൂടിയിരുപ്പാണ്. കരുവാളിച്ച മുഖവും, ജടപിടിച്ച താടിയും മുടിയും, മുഷിഞ്ഞ് കീറിയ വസ്ത്രങ്ങളുമുള്ള ലക്ഷണമൊത്തൊരു ഭ്രാന്തൻ.
“അയാളൊന്നിനും സമ്മതിക്കുന്നില്ല സാർ.വസ്ത്രങ്ങൾ മാറാൻ പോലും.”
തലയിൽ കൊള്ളിയാൻ മിന്നി. ചിലപ്പോൾ.. ചിലപ്പോൾ നീയും അങ്ങനെയാവുമായിരുന്നു!. ഒരു പക്ഷേ ഡോക്ടറായിരുന്നില്ലെങ്കിൽ.?
ഞാൻ ഇരുമ്പഴികളിൽ ചെറുതായൊന്ന് തട്ടി. അയാൾ മുഖമുയർത്തി എന്നെ നോക്കിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അയാൾക്ക് ചുറ്റും അതീന്ദ്രിയമായൊരു തേജോവലയം. ഇംഗ്ലീഷിൽ പറഞ്ഞാൽ Psychic Aura.!
ഇവനൊരു സാധാരണ രോഗിയല്ല. സൂക്ഷിക്കണം. ഞാൻ നെടുവീർപ്പിട്ടു. ഭാഗ്യം.!
അവളെയും കൂട്ടി ഇവിടേക്ക് വരാതിരുന്നത് എത്ര നന്നായി.!
അയാൾ ഓടിവന്ന് ഇരുമ്പഴികൾക്കിടയിൽ മുഖം അമർത്തിപ്പിടിച്ചു. കുറുകിയ കണ്ണുകൾ കൊണ്ടെന്നെ നോക്കി. വലിഞ്ഞുമുറുകിയ മുഖപേശികൾ വലിയൊരു പൊട്ടിച്ചിരിക്കായി വഴിമാറി.
“കോഴീ!!!” അയാൾ അലറിവിളിച്ചു.
“കോഴി, കോഴി, കോഴി…..” അയാളുടെ തുടർവിളികൾ ആ ഇരുണ്ട ഇടനാഴിയിൽ മാറ്റൊലികൊണ്ടു.
“ഇവനെ ഇന്ന് ഞാൻ ശരിയാക്കും!” ഊറി വന്ന ചിരിയടക്കിപ്പിടിച്ച്, കൃത്രിമ ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ അലക്സി സെൽ തുറന്ന് അകത്ത് കയറി.
പിന്നിൽ……..
അലക്സിയുടെ ആക്രോശങ്ങൾക്കൊപ്പം “കോഴി” വിളികൾ “പന്നി പന്നി ” എന്നവിളികൾക്ക് വഴിമാറുന്നതും, ഒടുവിലത് താഡന ശബ്ദങ്ങളുടെ പിന്നണിഗാനം പോലെ നിലവിളികളാവുന്നതും കേട്ടുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
മുറിയിൽ വന്ന് കൈയും കാലും മുഖവും കഴുകിവസ്ത്രം മാറുമ്പോൾ, ഊരിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നും നേരത്തെയെഴുതിയ പേപ്പറെടുത്തു.
‘ബ്രൂണോ!’
സംശയങ്ങൾക്ക് ഇടമില്ലാത്തിടത്ത് സംശയിച്ചു പോയൊരാത്മാവ്.
പേപ്പർ തുറന്ന് ഭിത്തിയിൽ തൂക്കിയ കണ്ണാടിയിലുടക്കി വച്ച് അവനു വേണ്ടി ഒരു നിമിഷം പ്രാർത്ഥിച്ചു.
ഉറക്കം നേരത്തെയെത്തി.
രാവിലെ എഴുന്നേറ്റപ്പോൾ തലയ്ക്ക് വല്ലാത്ത ഘനം.ഹാങ്ങോവർ മാറാനായി ബ്രാണ്ടി സിപ്പ് ചെയ്യുമ്പോൾ ശ്രദ്ധിച്ചു. തൊട്ടു മുന്നിലെ കണ്ണാടിയിൽ ഇന്നലെ വച്ചിരുന്ന കടലാസ്. അതിൽ ബ്രൂണോയെന്ന പേരിനു മുകളിൽ കടുംചുവപ്പ് നിറത്തിൽ മാർക്കർപെൻ കൊണ്ട് X എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.!
“കുറേ നേരമായി ക്രിസ്റ്റി എഴുന്നേൽക്കാൻ കാത്തു നിൽക്കുന്നു.”
ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ഒന്നും സംഭവിക്കാത്തതു പോലെ പിന്നിലുണ്ട്.
“നീയെപ്പോൾ വന്നു”
ഇന്നലെ വരെ ക്ഷീണിതയായിരുന്നവൾ ഇന്ന് വല്ലാത്ത പ്രസരിപ്പോടെ തുടിച്ച് നിൽക്കുന്നു.! ഇറുകിയ വസ്ത്രങ്ങളുമായി. ഞാൻ മഞ്ഞുരുകിയ മലകളെയോർത്തു.
“ഇഷ്ടപ്പെട്ടൊ?”
“ഉം”
അവൾ കുലുങ്ങിച്ചിരിച്ചു.
“ഇനിയെന്ത്?”
ഞാൻ ബ്രാണ്ടിക്കുപ്പി പിന്നിലൊളിപ്പിച്ചു.
“നിറുത്തിയില്ല അല്ലേ?”
അവൾ ചുണ്ടു കോട്ടി.
“ഞാൻ പോകുന്നു. വരാൻ കുറച്ച് വൈകും ”
മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൾ പോയി.വാതിൽ ഞരക്കത്തോടെ തുടർന്നടയുമ്പോൾ പുറത്തു നിന്നു ജോസഫ് പരിഭ്രമത്തോടെ കുരിശു വരച്ചു.
ഓരോന്നോർത്ത് റൗണ്ട്സിന് പോകാൻ കുപ്പായമിടുമ്പോൾ ആരോ കതകിൽ മുട്ടി. പുറത്ത് അലക്സിയായിരുന്നു.!
“ഒരു മിനിട്ട്..ഞാൻ വരുന്നു.”
പുറത്തിറങ്ങി കതക് പൂട്ടുമ്പോൾ ഞാൻ അലക്സിയെ നോക്കി.
“അലക്സിയെന്താ പതിവില്ലാതെ ഈ സമയത്ത്.?”
അലക്സി വല്ലാതെ വിമ്മിഷ്ടപ്പെടുന്നതെന്തിന്? മറുപടി പറഞ്ഞത് അലക്സിയുടെ പാൻറ്സിൻ്റ പിൻഭാഗം തുളഞ്ഞു പോകുന്ന ശബ്ദത്തിലുള്ള പ്രകൃതിയുടെ സൈറണായിരുന്നു.!
“ഹോ! ഇതൊക്കെ രാവിലെ ചെയ്തിട്ട് വന്നൂടേടോ?!”
ദൈവം ഘ്രാണശക്തി നൽകിയ നിമിഷത്തെ പഴിച്ചുകൊണ്ട് ഞാനാക്രോശിച്ചു.
“എന്റെ പൊന്നു സാറേ, ഇന്നലെ രാത്രി വെച്ച ചിക്കൻ ബാക്കിയിരുന്നത് പൊലർച്ചെ എടുത്ത് തിന്നതാ. ഇപ്പൊ ഇങ്ങനെ ഒരു പണി കിട്ടുവെന്ന് സ്വപ്നത്തീപ്പോലും കരുതീല്ല”
വിനയം കൊണ്ടോ, വിമ്മിഷ്ടം കൊണ്ടോ, അലക്സി മൂക്ക് നിലത്ത് മുട്ടും പോലെ കുനിഞ്ഞ് നിന്നു
“എന്താ പതിവില്ലാത്ത നേരത്ത്?”
ഞാൻ ഗൗരവം കലർന്ന ചിരിയോടെ അവനെ നോക്കി.
“സാറേ ഇന്നലെ വന്ന ആ പുതിയവൻ സാറിനെ കാണണംന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു”.
ചോദ്യ ചിഹ്നം പോലെയുള്ള എന്റെ മുഖഭാവം കണ്ട് അലക്സി വിശദീകരിച്ചു.
“സാറിന്റെ പേരൊന്നും പറഞ്ഞില്ല. രാവിലെ ഞാൻ ചെന്നപ്പോഴേക്കും സാറിനെ ഇന്നലെ വിളിച്ചപോലെ കോഴി കോഴീന്നും വിളിച്ചോണ്ട് ഒടുക്കത്തെ ബഹളം.”
ഞങ്ങൾ സെല്ലിലേക്ക് നടന്നു ഇടനാഴിയിലെങ്ങും കനത്ത നിശബ്ദത. പുതിയ അന്തേവാസികൾക്കുള്ള ഈ നിരയിൽ ഇപ്പോൾ അയാൾ മാത്രമേയുള്ളു.കാലിയായ സെല്ലുകൾ രോഗികളെ കാത്തു കിടക്കുകയാണ്.
മനസ്സ് പറഞ്ഞു. വരും പുതിയ രോഗികൾ. വരാതിരിക്കില്ല. ഭ്രാന്ത് എന്നുമുണ്ടാവും.
ഒരു കാലത്തുമുണ്ടാവില്ലല്ലോ,ഭ്രാന്തനും കാമുകനുമില്ലാത്തൊരു ലോകം.
ഞാൻ സെല്ലിനിപ്പുറം മറഞ്ഞു നിന്നു. വിശപ്പകറ്റും പോലെയാണ് ചികിൽസയും. പതുക്കയേ ആകാവൂ.
“അലക്സി ചെന്ന് സെൽ തുറക്ക്”
അവൻ സെൽ തുറക്കാൻ ചെന്നപ്പോൾ അയാളോടി വന്ന് കമ്പിയഴികളിൽപ്പിടിച്ച് അലക്സിയുടെ മുഖത്തേക്ക് പകപ്പോടെ നോക്കി. കണ്ണുകൾ കുറുകി. അലക്സി പിന്നോട്ടു മാറി.
“കോഴി, കോഴി,കോഴി”
അയാൾ ഉച്ചത്തിൽ അലറി വിളിക്കാൻ തുടങ്ങി. ഞാൻ അലക്സിയോട് മാറി നിൽക്കാൻ കൈകാണിച്ചു.
അയാൾ ശാന്തനായി.! എനിക്കിതൊരു കളി പോലെ തോന്നി.
“അലക്സി.. നീ ഒന്നൂടെ അങ്ങോട്ടു ചെല്ല്.”
അലക്സിയെ കണ്ടപ്പോൾ അയാൾ വീണ്ടും അലറി വിളിച്ചു വട്ടത്തിലോടി നൃത്തം ചെയ്തു.
”കോഴി.. കോഴി.. കോഴി.. കൊക്കരക്കൊക്കൊ കോഴി..”
ഞാൻ കോളേജ് കാലങ്ങളോർത്തു.പ്രൊഫ. സ്റ്റീവിൻ്റെ പ്രഥമ പ്രതികരണം അഥവാ പ്രൈമറി റെസ്പോൺസ് ക്ളാസുകളോർത്തു. ഇതയാളുടെ കേവല പ്രതികരണമാണ്. ഫസ്റ്റ് റെസ്പോൺസ്.. ഇന്നലെ അലക്സിയെ പന്നിയെന്നും, എന്നെ കോഴിയെന്നും വിളിച്ചതു പോലെ അയാളിന്ന് അലക്സിയെ കോഴിയെന്ന് വിളിക്കുന്നു.
അനുമാനങ്ങളുടെ ധൈര്യത്തിലാണ് സെൽ തുറന്ന് ഞാനകത്തു കയറിയത്. ഓടി വന്ന അയാൾ മുന്നിൽനിന്ന് എൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. എന്തോ തിരിച്ചറിഞ്ഞ പോലെ അയാളുടെ മുഖത്ത് ഭീതി പടർന്നു. രണ്ടുകൈകളും തലമുടിയിൽപ്പിടിച്ച് വലിച്ചു.
ഞാൻ കണ്ണടച്ചു. ക്രിസ്റ്റിയുടെ നിഗമനങ്ങൾ.. അതെത്ര കൃത്യമെന്ന അഭിമാനത്തോടെ.
“മനുഷ്യൻ!.. മനുഷ്യൻ.”
പൊള്ളലേറ്റതുപോലെ ഞെട്ടിയത് ഞാനായിരുന്നു.! കണ്ണ് തുറന്നപ്പോൾ മുന്നിൽ അയാൾ ഭയം കൊണ്ട് കൂനി നിൽക്കുകയാണ്. ഞാൻ പകച്ചുപോയിരുന്നു .
ദൂരെയെവിടെയോ പള്ളിമണി മുഴങ്ങിയ ശബ്ദം കേട്ട് നിവർന്നെണീറ്റ അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി
“മനുഷ്യൻ… ഹാ!… മനുഷ്യൻ!”
അയാൾ എനിക്കു ചുറ്റും നൃത്തം ചെയ്യാൻ തുടങ്ങി.
“ഫ.! പന്നീടെ മോനെ..” അലക്സ് അകത്തു കയറി.
അയാളെ കൈകാര്യം ചെയ്യാൻ മുതിർന്ന അലക്സിയെ കൈകൊണ്ട് വിലക്കി ഞാൻ മുറിയിലേക്ക്
നടക്കുമ്പോൾ ജോസഫിനെ വിളിച്ചു.
“ഇന്നിനി ആരെയും കടത്തിവിടേണ്ട.”
ഞാൻ വാതിലടക്കുമ്പോൾ ജോസഫ് വാതിൽ ഒന്നു കൂടി തുറന്നടയുന്നുണ്ടോയെന്ന് പരിഭ്രമിച്ച് നോക്കുന്നുണ്ടായിരുന്നു.
ബാക്കിയായിരുന്ന ബ്രാണ്ടി അകത്താക്കി ഞാനിരുന്നു.തല പെരുത്തു പോയിരുന്നു.
എവിടെയാണ് പിഴച്ചത്?
ഇന്നലെ പതിവുപോലെ പോർക്കും കഴിച്ചെത്തിയ അലക്സിയെ പന്നി എന്നു വിളിച്ചയാൾ, ഇന്നവൻ ചിക്കൻ കഴിച്ചിട്ടെത്തിയപ്പോൾ കോഴിയെന്നു മാറ്റി വിളിക്കുന്നു.! ഞാനും ഇന്നലെ ചിക്കൻ കഴിച്ചിട്ട് വന്നപ്പോഴാണല്ലോ കോഴിയെന്ന വിളി കേട്ടത്. ഇപ്പോൾ അയാളെന്നെ മനുഷ്യനെന്നു വിളിക്കുന്നു.!
അപ്പോൾ?…
ജീസസ്..! ഞാനറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി.!!
വാഷ്ബേസിനിൽ ചെന്ന് ശക്തിയായി ഛർദിച്ച ഞാൻ അവശതയോടെ കട്ടിലിലേക്ക് വീണു.
ഞാൻ കണ്ണാടിയിലേക്ക് നോക്കി. അവിടെ തൂക്കിയിട്ടിരുന്ന കടലാസുകഷണം താഴേക്ക് പതിച്ചു.
” ബ്രൂണോ. O3.20 AM, 20-03-2020.”
ഞാൻ ഷെൽഫ് തുറന്നു. ബ്രാണ്ടിക്കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി.
ഞാൻ ലറ്റർപാഡെടുത്ത് രണ്ടായി കീറി തിരക്കിട്ടെഴുതി.
‘ക്രിസ്റ്റഫർ പെൻറി ജോൺസ്, 3.20 AM, 21-03-2020’
വേച്ചു വേച്ചുപോയി കിടക്കയിൽ വീണു.
നേരത്തെ വന്ന രാത്രിയിൽ കാറ്റും മഴയുമായിരുന്നു. ഇടി കുടുങ്ങുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയെണീറ്റപ്പോൾ
മിന്നലിന്റെ മെഴുതിരികൾ എനിക്ക് കാണിച്ചു തന്നു….
ക്ലോക്കിലെ സമയം” 3.20 am.”
കണ്ണാടിയിൽ വച്ച പേപ്പറിലെ കുറിപ്പ്. “ക്രിസ്റ്റഫർ പെൻറി ജോൺസ്, 3.20 am, 21-03-2020 “
പിടഞ്ഞെണീക്കാൻ നോക്കിയ എന്നെ ആരോ ശ്വാസം മുട്ടിക്കുന്നതു പോലെ.! മങ്ങിയ വെളിച്ചത്തിൽ എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്ന ജോസഫ്.!
തൊട്ടടുത്ത് കൈയ്യിലൊരു കുരിശുമായി എന്നെ നോക്കുന്ന ഫാദർ ബർത്തലോമിയോ!
“നീ നിശ്ചയിച്ച സമയം കൃത്യമായിരുന്നു ക്രിസ്റ്റി. നീയെന്താ കരുതിയത്? എന്നിൽനിന്നുമൊളിച്ച് നിനക്ക് ശിഷ്ടകാലം കഴിച്ചുകൂട്ടാമെന്നോ?”
എൻ്റെ പിടച്ചിലിനിടെ ജാലക വാതിൽ തുറന്നു വീശിയ കാറ്റിൽ മേശപ്പുറത്തിരുന്ന ബൈബിളിൽ നിന്നും താഴേക്കു വീണ കടലാസിലെ തിരുവെഴുത്തുകൾ ആകാശം നോക്കിക്കിടന്നു.
The Seven Capital Sins…
1.Lust.,
2.Gluttony.,
3.Greed.,
4.Sloth.,
5.Wrath.,
6.Envy and
7.Pride.
ഗ്ളട്ടണി..
പെരുന്തീനിയെന്ന രണ്ടാം പാപം. പാപത്തിൻ്റെ ശമ്പളം മരണമാകുന്നു.!