യുദ്ധമേശ

ഒരു പൂവ് മുളച്ചു വന്നു
ആകാശപ്രതീക്ഷകളിൽ
അത് തലയുയർത്തി നോക്കി,
വെടിയുണ്ടകളിൽ നിന്ന് ജനിച്ച വണ്ടുകൾ
അതിനെ വട്ടമിട്ട് പറന്നു.
ആകാശത്ത് പുകയും പൊടിയും ചാലിച്ച്
ചിത്രം വരയ്ക്കപ്പെട്ടു.

അമ്മയുടെ മാറിൽ
തല പോയ ഒരു ഗ്രനേഡ് വന്നു വീണു,
തെറിച്ചുവീണ മാംസകഷണത്തിൽ
കുഞ്ഞ് മുലപ്പാൽ തിരഞ്ഞു.

അപ്പോഴും
വട്ടമേശകളിൽ കാപ്പിയും ശീതവും
തണുക്കാതെയും ചൂടാകാതെയും
പകർന്നൊഴിച്ചുകൊണ്ടിരുന്നു.

മുളച്ചു വന്ന ആ പൂവ്
അപ്പോഴേക്കും പൂമ്പാറ്റയായി പറന്നുവന്ന്
തോക്കിൻ തുമ്പിലിരുന്നു,
ഭടന് സൃഷ്ടിയെ ഓർമ്മ വന്നു.

വട്ടമേശയിലെ കപ്പുകളിലും ഗ്ലാസുകളിലും
രക്തം നിറഞ്ഞു ,
കുഞ്ഞ് ഒരു ഉഗ്രരൂപിയായി വന്ന്
വട്ടമേശകരുടെ തലയോരോന്നും
കടിച്ചെടുത്തു.

വെടിവെക്കാനുള്ള ഓർഡറും കാത്ത് ഭടനിരുന്നു ,
ഭൂമി സ്വൈര്യമായി കറങ്ങി.

കോഴിക്കോട് ചാത്തമംഗലം സ്വദേശി. AMUPS അരൂരിൽ അധ്യാപകനായി സേവനമനുഷ്ടിക്കുന്നൂ. കോഴിക്കോട്, പാലക്കാട്, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം.