യാത്ര

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും ഇവിടെ വരുന്നത്. മുപ്പത് വർഷങ്ങൾ ഒരു ചെറിയ കാലയളവല്ല. ഒരു പുരുഷായുസ്സിന്റെ പാതി വരും അത്. വെറും പാതിയല്ല സുവർണകാലമാണ് കടന്നു പോയത്.

മുപ്പത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ ബസ്സിറങ്ങുമ്പോൾ ആകെ ഉണ്ടായിരുന്നത് ഓലമേഞ്ഞ ഒരു ചായക്കടയും ആളൊഴിഞ്ഞ ഒരു ഇരു നിലക്കെട്ടിടവും ഒരു വായനശാലയും മാത്രമായിരുന്നു. വായനശാലക്ക് മുന്നിലൂടെ ഒരു മൺപാത മുന്നിൽ നീണ്ടു കിടന്നു. അതിലൂടെയാണ് ഞങ്ങൾ നടന്ന് പോയത്. അതിന്റെ തുടക്കത്തിൽ ഒരു പഴയ ചുമട് താങ്ങി നില്പുണ്ടായിരുന്നു. അതിൽ അടുത്തുള്ള സിനിമാശാലയിൽ കളിച്ച് കൊണ്ടിരിക്കുന്ന ഏതോ സിനിമയുടെ പോസ്റ്ററിന്റെ കുറച്ച് ഭാഗം മാത്രം ഉണ്ടായിരുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. ആരോ പാതി കീറിക്കളഞ്ഞിരുന്ന പോസ്റ്ററിൽ നസീറിന്റെയും ഷീലയുടെയും മുഖം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

ചുമട് താങ്ങിയിൽ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നത് ഇന്ന് കണ്ടത് പോലെ ഓർമ്മയുണ്ട്. അയാളുടെ തലയിൽ പഴയ തോർത്ത് കൊണ്ട് ഒരു കെട്ട് ഉണ്ടായിരുന്നു. അയാളാണ് എനിക്ക് വാസുദേവന്റെ വീട്ടിലേക്കുള്ള വഴി കാട്ടിത്തന്നത്. പക്ഷെ അപ്പോഴേക്കും വാസുദേവൻ അവിടെ എത്തിയിരുന്നു.

ഇത്രയും എന്റെ മനസ്സിൽ പതിഞ്ഞിരുന്നു.

മുപ്പത് വർഷങ്ങൾക്കിപ്പുറം എല്ലാം മാറിമറഞ്ഞിരിക്കുന്നു. പഴയ ഓലമേഞ്ഞ ചായക്കട അവിടെ ഇല്ല പകരം ഒരു ഇരു നില വാർപ്പ് കെട്ടിടവും ഒരു അത്യാധുനിക ഹോട്ടലും ഉണ്ട്. ചുമട് താങ്ങി എവിടെയോ മറഞ്ഞ് പോയി. ചുമടുകളൊക്കെ ആളുകൾ ഇപ്പോൾ മനസിൽ കൊണ്ട് നടക്കുന്നത് കൊണ്ട് ചുമട് താങ്ങുന്നത് അവനവൻ തന്നെയായിരിക്കുന്നു. പഴയ മൺ റോഡിന് പകരം ഒരു താർ റോഡ് വന്നു കഴിഞ്ഞു. അതിന്റെ ഒരു വശത്ത് നിറയെ ഓട്ടോറിക്ഷകൾ നിരനിരയായി കിടക്കുന്നു. റോഡിന്റെ ഇരു വശവും നിറയെ കെട്ടിടങ്ങളാണ്. ബസ് നിൽക്കുന്നിടത്ത് ഒരു കാത്തിരിപ്പ് കേന്ദ്രം വന്നിട്ടുണ്ട്. വായനശാല ഇപ്പോഴും അവിടെയുണ്ട്. പക്ഷെ അതിനപ്പുറം വേറെ രണ്ട് വായനശാലകൾ കൂടി പുതുതായി വന്നു. അവയിലൊക്കെ ഓരോ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ഉണ്ട്. ഇക്കാലത്ത് ഓരോ രാഷ്ട്രീയപ്പാർട്ടികൾക്കും സ്വന്തമായി വായനശാലകളും ക്ലബ്ബുകളും നാടക ട്രൂപ്പുകളും ഒക്കെ ഉണ്ട്. അവ വെള്ളം കയറാത്ത അറകളായത് കൊണ്ട് ആളുകൾ മറുകണ്ടം ചാടും എന്ന് ഭയക്കേണ്ടതില്ല. നേരത്തെ വായനശാല നിറയെ ചെറുപ്പക്കാരുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. മുൻപ് വന്നപ്പോൾ അവിടെ ചെറുപ്പക്കാർ തമ്മിൽ സമകാലീന രഷ്ട്രീയത്തെ കുറിച്ച് ചൂടുള്ള ചർച്ചയിൽ ഏർപ്പെട്ടിരുന്നത് ഇപ്പോഴും ഓർമയുണ്ട്. അവരുടെ കയ്യിലൊക്കെ ഓരോ പത്രങ്ങളും ഉണ്ടായിരുന്നു. മനോരമ മുതൽ ദേശാഭിമാനി വരെ. പക്ഷെ ഇപ്പോൾ രാവിലെ വന്ന പത്രങ്ങൾ കാറ്റിൽ പറന്ന് തറയിൽ ചിതറിക്കിടപ്പുണ്ട്.

എന്നോടൊപ്പം കുറെ ആളുകൾ ഇറങ്ങിയിരുന്നു. അവരൊക്കെ പല വഴിക്ക് ചിതറിപ്പോയി. ചിലർ ഓട്ടോറിക്ഷയിൽ കയറിപ്പോയി, ചിലർ നടന്ന് പോയി. അങ്ങിനെ…

പണ്ട് ഞാൻ ഇവിടെ ബസ്സിറങ്ങിയപ്പോൾ എന്നോടൊപ്പം ആരുമുണ്ടായിരുന്നില്ല. പക്ഷെ എന്നെ അന്ന് നിരവധി കണ്ണുകൾ നോക്കുന്നുണ്ടായിരുന്നു, വായനശാലയിൽ നിന്നും ചായക്കടയിൽ നിന്നുമൊക്കെ. പക്ഷെ മുപ്പത് വർഷങ്ങൾക്കിപ്പുറം ഞാൻ ബസ്സിറങ്ങുമ്പോൾ എന്നെ ആകാംക്ഷയോടെ സ്വീകരിക്കാൻ ഓട്ടോറിക്ഷയിലിരിക്കുന്ന ഒരു കൂട്ടം ഡ്രൈവർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റുള്ളവരൊക്കെ വലിയ തിരക്കിലായിരുന്നു അഥവാ അവർ വലിയ തിരക്ക് അഭിനയിച്ചു. ഓട്ടോറിക്ഷയിലെ ഡ്രൈവർമാർക്ക് ഞാൻ ഒരു ഉപഭോഗ വസ്തുവായിരുന്നു. അവരുടെ കണ്ണുകൾ എന്നെ ക്ഷണിക്കുന്നുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം എത്രയോ സമയമായി അവർ കാത്തിരിക്കുന്ന ഒരു യാത്രക്കാരനാണ് ഞാൻ. അവരുടെ ദിവസങ്ങളെ സാർഥകമാക്കാനായി പിറന്ന് വീണ ഒരു യാത്രക്കാരൻ. അവരുടെ ഒരു ദിവസത്തെ ഭക്ഷണം. അവരുടെ കുഞ്ഞുങ്ങളുടെ ഭക്ഷണം.

പക്ഷെ എനിക്ക് നടന്ന് പോകാനായിരുന്നു ഇഷ്ടം എന്ന് ആ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് അറിയില്ലായിരുന്നു. നടപ്പിന് അതിന്റേതാ‍യ സ്വാതന്ത്ര്യം ഉണ്ട്. നടപ്പിന് ഒരു പാട് ഗുണങ്ങളുണ്ട്. ഒന്നാമത് വേവലാതിപ്പെടേണ്ട. നമ്മുടേതായ സമയമെടുത്ത് നടന്നും നിന്നും വഴിയിൽ കാണുന്നവരോടും മറ്റും സംസാരിച്ചും ഒക്കെ…

പിന്നെ സ്വപ്നങ്ങൾ കാണാം. അത്തരം സ്വപ്നങ്ങളിലേക്ക് കടന്ന് വന്നവളാണ് പിന്നെ എൻറെ സഖിയായത്. വഴിയരികിൽ പണിയെടുക്കുന്ന ആളുകൾ ഉണ്ടാവും. അവരോടൊക്കെ സംസാരിക്കാം. പണ്ട് റോഡ് വൃത്തിയാക്കാനായി സ്ഥിരം പണിക്കാറുണ്ടായിരു ന്നു സർക്കാറിന്. കാക്കി ട്രൌസറും കുപ്പായവുമിട്ട് അവർ അവർക്ക് നിശ്ചയിച്ച ദൂരം ദിവസേന വൃത്തിയാക്കും. വളരെ സമയമെടുത്താണ് അവർ കാട് വെട്ടുന്നത്. ഞാൻ നടക്കുന്ന സമയത്തൊക്കെ അവർ കൂടിയിരുന്ന് ബീഡി വലിക്കുന്നതും സൊറ പറയുന്നതുമാണ് എപ്പോഴും കാണാറ്. അവർ വിരമിച്ചപ്പോൾ പകരം ആളെ നിയമിക്കാതെ സർക്കാർ ആ തസ്തിക നിർത്തി. ഇപ്പോൾ അവരുടെ സ്ഥാനം തൊഴിലുറപ്പ് പണിയെടുക്കുന്ന പെൺ തൊഴിലാളികൾ കയ്യടക്കിയിരിക്കുന്നു. അവർ ചുറുചുറുക്കോടെ വഴിയോരം വൃത്തിയാക്കുന്നുണ്ടായിരുന്നു. നാട്ടുകാര്യങ്ങൾ മാത്രമല്ല രാഷ്ട്രീയവും ആ ചെറുപ്പക്കാരികൾ പറയുന്നുണ്ടായിരുന്നു. അവർ സമകാലീന രാഷ്ട്രീയത്തെക്കുറുച്ച് നല്ല ബോധമുള്ളവരാണെന്ന് അവരുടെ സംഭാഷണത്തിൽ നിന്നും ഞാൻ ഊഹിച്ചു.

മുൻപും ഞാൻ അധികവും നടക്കാറായിരുന്നു പതിവ്. അത് എന്നെ അറിയുന്ന എല്ലവർക്കും അറിയാം. പ്രത്യേകിച്ച് എന്റെ സുഹൃത്ത് വാസുദേവന്. അത് കൊണ്ടായിരിക്കും ഞാൻ വരുന്നു എന്നറിയിച്ചിട്ടും അവൻ കാറുമായി ഇവിടെ വരാതിരുന്നത്. മുപ്പത് വർഷം മുൻപ് ഞാൻ വരുമ്പോൾ അവൻ അവന്റെ സൈക്കിളുമായി വന്നിരുന്നു. പക്ഷെ ഞങ്ങൾ അന്ന് നടന്ന് തന്നെ പോയി. സൈക്കിൾ ഉരുട്ടി വാസുദേവൻ മുന്നിൽ നടന്നു, ഒപ്പം ഞാനും. പോകുന്ന വഴിയിൽ നടന്ന് തീർത്ത വഴികളെക്കുറിച്ചാണ് ഞങ്ങൾ പറഞ്ഞ് തീർത്തതൊക്കെ.

വാസുദേവനെ പിന്നെ ഞാൻ കണ്ടിട്ടേ ഇല്ല. അയാൾ എന്റെ സ്മൃതി മണ്ഢലത്തിൽ നിന്നും വെയിലേറ്റ പൂപ്പൽ പോലെ അടർന്ന് പോയി. ബന്ധങ്ങൾ പലപ്പോഴും അങ്ങിനെയാണ്. അതു മരങ്ങൾ വളരുന്നത് പോലെയാണ്. ആദ്യത്തെ രണ്ട് ഇലകൾ തമ്മിൽ കടുത്ത ബന്ധമായിരിക്കും. ഇണപിരിയാനാവാത്ത വിധം അവ പരസ്പരം സംവദിച്ച് കൊണ്ടേയിരിക്കും. സാവകാശം അവ വളരുമ്പോൾ ഇലകൾ വലിയ ശിഖരങ്ങളാവും ശിഖരങ്ങൾ വീണ്ടും വളരുകയും പിരിയുകയും ചെയ്യും. ഒരേ മുളയിൽ നിന്ന് വളർന്ന ശിഖരങ്ങൾ പരസ്പരം തിരിച്ചറിയുക പോലും ചെയ്യാതെ…

വാസുദേവനും ഞാനും ഒരു മുറിയിൽ ഒന്നിച്ച് വളർന്നതാണ്. ഒന്നിച്ച് പഠിച്ചവരാണ്. പ്രണയത്തിൻറെയും മൈഥുനത്തിന്റെയും ബാലപാഠങ്ങൾ ഒന്നിച്ച് അഭ്യസിച്ചവരാണ്. പിന്നീട് എപ്പോഴൊ….

വിവാഹത്തിന് ശേഷമാണ് ഞാനും വാസുദേവനും പിരിഞ്ഞത്. ഞങ്ങൾക്ക് രണ്ട് സ്ഥലങ്ങളിലാണ് ജോലി ലഭിച്ചത്. അവരവർക്ക് ജോലി ലഭിച്ച സ്ഥലത്ത് വിവാഹം ചെയ്യുകയും വീട് വെക്കുകയും ചെയ്തു. വാസുദേവന്റെ ഗൃഹപ്രവേശത്തിനാണ് ഞാൻ ആദ്യമായും അവസാനമായും ഈ ഗ്രാമത്തിൽ വന്നത്. ഇന്നിപ്പോൾ മുപ്പത് വർഷങ്ങൾക്കിപ്പുറം എന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് ഞാൻ വീണ്ടും ഇവിടെ വരുന്നത്.

താർ റോഡ് ചൂട് കൊണ്ട് ഉരുകാൻ തുടങ്ങിയിരുന്നു. അതിൽ അവിടവിടെ ഉരുകിയ താറ് ചെരിപ്പിൽ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാൻ ഞാൻ റോഡിന്റെ അരികിലൂടെയാണ് നടന്നത്. നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന പൊടി എന്റെ മൂക്കിലേക്ക് അടിച്ച് കയറുന്നുണ്ടായിരുന്നു.

റോഡിൽ അധികമാരും ഉണ്ടായിരുന്നില്ല. റോഡരികിലെ വാഴത്തോപ്പിൽ വാഴക്ക് ഊന്നൽ കൊടുക്കുന്ന വൃദ്ധൻ എന്നെ പാളി നോക്കി പിന്നെ സ്വന്തം പണിയിലേക്ക് തന്നെ തിരിഞ്ഞു. അയാളുടെ മുഖം പണ്ടെങ്ങോ കണ്ടത് പോലെ എനിക്ക് തോന്നി. ഒരു പക്ഷെ കഴിഞ്ഞ തവണ വരുമ്പോൾ അയാൾ ഒരു ചെറുപ്പക്കാരനായിരുന്നിരിക്കണം. അന്നും അവിടെ വാഴ ഉണ്ടായിരുന്നതായി എനിക്ക് ഓർമയുണ്ട്. അന്ന് പക്ഷെ വാഴകളെല്ലാം കുലച്ചിരുന്നു.

വാഴത്തോപ്പ് കടന്ന് ചെറിയ വളവിനപ്പുറം അമ്പലമാണ്. അതിന്റെ കൂറ്റൻ കമാനം റോഡിലേക്ക് വളർന്നു കഴിഞ്ഞു. കുന്നിന്റെ മുകളിലായിരുന്നു അമ്പലം. കമാനത്തിന്റെ നടുവിലൂടെ ഒരു പാട് പടികൾ കാണാം. അവ നടന്ന് കയറിയാൽ അമ്പലത്തിലെത്താം. ഇപ്പോൽ നടപ്പാതക്കരികിൽ വലിയ ബോഡിനു പിറകിൽ ഒരു ചെറിയ ബോഡും കൂടിയുണ്ട്- അന്യമതസ്ഥർക്ക് പ്രവേശനമില്ല. കഴിഞ്ഞ തവണ വരുമ്പോൾ അന്ന് ചെത്തിമിനുക്കാത്ത അതിന്റെ നടപ്പാതയിൽ അൽപം വിശ്രമിച്ച ശേഷമാണ് ഞങ്ങൾ പോയത്. അന്ന് വീട് തോറും സാധനങ്ങൾ നടന്ന് വിൽക്കുന്ന ഒരു കാക്കയും ഞങ്ങളോടൊപ്പം ചേർന്നു. ഞങ്ങൾ ഒരു പാട് കാര്യങ്ങൾ ആ അമ്പലപ്പടിയിലിരുന്ന് സംസാരിച്ചത് ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു.

കാലം ഒരു പാട് കടന്ന് പോയി. ഇപ്പോൾ അവിടെ അമ്പലത്തിനു മുട്ടി ഒരു സ്കൂളും ഉണ്ട്. പേരു “സനാതനധർമ സ്കൂൾ”. ഓരോ മതത്തിനും ഓരോ സ്കൂൾ ഓരോ രാഷ്ട്രീയപാർട്ടികൾക്കും ഓരോ വായനശാലകൾ. കാലം നമുക്കിടയിൽ വളർത്തിയെടുത്ത വിടവുകൾ. നാണയത്തിന്റെ ഒരു വശം മാത്രം കാണുന്ന കുട്ടികളെയാണ് നമുക്ക് ചുറ്റും നാം ഇപ്പോൾ കാണുന്നത്.

വളവുകളും തിരിവുകളും നടന്ന് ഞാൻ ഒടുവിൽ വാസുദേവൻ താമസിക്കുന്ന വീടിന്റെ താഴെ എത്തി. വസുദേവൻ താമസിക്കുന്നത് ഒരു കുന്നിന്റെ മുകളിലാണ്. റോഡിന്റെ ഓരത്ത് തന്നെയാണ് അവന്റെ വീട്. റോഡ് ആ കുന്ന് കയറി പിന്നെ ഒരു വളവ് കഴിഞ്ഞ് ഇറങ്ങിപ്പോകും. മുൻപ് ഞാൻ വരുമ്പോൾ ആ റോഡ് ചെളി നിറഞ്ഞതായിരുന്നു. തൊട്ട് മുൻപ് പെയ്ത മഴയിൽ റോഡ് ചെളിയിൽ പുതഞ്ഞ് പോയിരുന്നു. വഴുവഴുപ്പുള്ള ആ ചെളിയിലൂടെ നടക്കാൻ പറ്റുമായിരുന്നില്ല. അതു കൊണ്ട് തൊട്ടടുത്തുള്ള ഒരു പറമ്പിലൂടെയാണ് ഞങ്ങൾ വാസുദേവന്റെ പറമ്പിൽ എത്തിയത്. ആ വഴി അയൽക്കരന്റെ അടുക്കളയുടെ അരികിലൂടെയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ പുറത്തിരുന്നു ഉച്ചഭക്ഷണത്തിന്റെ അരി കഴുകുകയായിരുന്ന ഗൃഹനാഥ ആദരപൂർവം എഴുന്നേറ്റതും വാസുദേവൻ അവരോട് സൌഹൃദം പറഞ്ഞതും ഓർമ്മയുണ്ട്. ഇപ്പോൾ റോഡ് ടാർ ചെയ്തത് കൊണ്ട് ചെളിയില്ല. നേരത്തെ ഞങ്ങൾ അടുക്കള വഴി കടന്ന് പോയിരുന്ന വീടിന്റെ സ്ഥാനത്ത് ഇപ്പോൾ രണ്ട് വീടുകളുണ്ട്. അവക്കിടയിലൂടെയും മുന്നിലും കൂറ്റൻ മതിലുകളുള്ളത് കൊണ്ട് വീടിന്റെ മേൽക്കൂര മാത്രമേ കാണാൻ പറ്റുമായിരുന്നുള്ളൂ.

കുന്ന് പാതിയെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ കിതക്കാൻ തുടങ്ങി. മുൻപ് വന്നപ്പോൾ ആ കുന്ന് ഇത്രയും വലുതായിരുന്നില്ല എന്ന് എനിക്ക് തോന്നി. ഒരു പക്ഷെ അന്ന് അയൽക്കാരന്റെ വീടിന്റെ പിറകിലൂടെയായത് കൊണ്ട് എനിക്ക് കുന്നിന്റെ ഉയരം മനസ്സിലായിട്ടുണ്ടാവില്ല അല്ലെങ്കിൽ അത് കുന്ന് ഒഴിവാക്കിയുള്ള എളുപ്പ വഴിയായിരുന്നിരിക്കണം. അതുമല്ലെങ്കിൽ മുപ്പത് വർഷം എന്നിൽ നിറച്ച വാർദ്ധക്യമാവും. ഞാൻ ഒരു നിമിഷം നിന്ന് എന്റെ കിതപ്പകറ്റി. അപ്പോൾ അത് വഴി ഒരു ഓട്ടോറിക്ഷ കടന്ന് പോയി. അതിന്റെ കറുത്ത പുക എന്നെ അല്പം വിമ്മിഷ്ടപ്പെടുത്തി.

കുറച്ച് നിന്ന ശേഷം ഞാൻ വീണ്ടും നടന്ന് കയറി. വാസുദേവന്റെ വീടിന് മാറ്റമൊന്നുമില്ലായിരുന്നു. പക്ഷെ അതിന് ഒരു ഗേറ്റ് വന്നിരുന്നു. അത് തുറന്ന് കിടക്കുകയായിരുന്നു. ഞാൻ ഗേറ്റ് കടന്ന് മുറ്റത്തേക്ക് പ്രവേശിച്ചു. എനിക്ക് മുൻപിൽ വരാന്ത ശൂന്യമായി തുറന്ന് കിടന്നു. വരാന്ത കഴിഞ്ഞ് അടഞ്ഞ വാതിൽ. വാതിലിനു മുകളിൽ വാസുദേവന്റെ ഒരു ഫോട്ടോ തൂക്കിയിട്ടിട്ടുണ്ട്. അതിൽ അധികം പഴകാത്ത ഒരു ചന്ദന മാലയും ചാർത്തിയിട്ടുണ്ട്. ഒന്നും മിണ്ടാനാവാതെ ആ വെറും മുറ്റത്ത് ഞാൻ അലിഞ്ഞില്ലാതാകവേ പാതി തുറന്ന് വെച്ച ജാലകത്തിലൂടെ നനഞ്ഞ ഒരു ജോഡി കണ്ണുകൾ ഞാൻ കണ്ടു. പിന്നെ അടഞ്ഞ വാതിലിനപ്പുറത്ത് നിന്ന് ഒരു നേർത്ത തേങ്ങലും ഉയർന്നു.

എന്റെ തൊണ്ടയിൽ നിന്നും വിറങ്ങലിച്ച ഒരു നിലവിളി പോലും ഉയർന്ന് വന്നില്ല.

പയ്യന്നൂർ സ്വദേശി . ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്തു. ഒരു കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്.