1
കോരിച്ചൊരിയുന്ന മഴയും നേർത്ത തണുപ്പും കാരണം ഇന്നത്തെ പകലിനെ പാതിവഴിയിലുപേക്ഷിച്ചാണ് രാത്രി കരിമ്പടം പുതച്ചെത്തിയത്. നേർത്ത് നേർത്ത് ഇല്ലാതാവുന്ന പകലിനെ ഒരൊറ്റ മഴപെയ്തിലൂടെ ഇരുട്ടിലേക്ക് വലിച്ചു കൊണ്ടു പോയ വൈകുന്നേരമാണ് ഞാൻ വീട്ടിൽ നിന്നും നേരെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.
സ്റ്റേഷനിൽ ബസ് ഇറങ്ങി പ്ലാറ്റ് ഫോമിലേക്ക് ശങ്കയോടെ നടക്കുകയും പാതി സമയം ഓടുകയും ചെയ്തു. വീട്ടിൽ നിന്നും വരുന്ന വഴി റോഡിലൊക്കെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. പലയിടത്തും റോഡിൽ തടസ്സം നേരിട്ടതിനാൽ സ്റ്റേഷനിലെത്താൻ കുറച്ചു വൈകിയിരുന്നു. തോളിൽ ബാഗും തൂക്കി ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും സ്റ്റെപ്പുകൾ ഓടികേറി മൂന്നാം പ്ലാറ്റ്ഫോം ലക്ഷ്യമാക്കി കുതിച്ചു.
മൂന്നാം പ്ലാറ്റ്ഫോമിലെ ഇരുളിൽ തിളങ്ങുന്ന പാളത്തിൽ വയർ വീർത്ത പെരുമ്പാമ്പിനെ പോലെ മാവേലി എക്സ്പ്രെസ്സ് നീണ്ട് നിവർന്ന് കിടപ്പുണ്ട്. മഴ കാരണം ട്രെയിനുകളൊക്കെ വൈകിയോടുന്നെന്ന സന്ദേശം പ്ലാറ്റ്ഫോമിലാകെ മുഴങ്ങികേൾക്കാം. അതിനാലാവാം മാവേലി എക്സ്പ്രെസ്സും പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും സ്റ്റേഷനിൽ നിന്നും തക്കസമയത്ത് പുറപ്പെടാതിരുന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്കുള്ള ചവിട്ടുപടിയിറങ്ങി റിസർവ് ചെയ്ത കംപാർട്ട്മെന്റ് നോക്കി ഞാൻ നടന്നു. പ്ലാറ്റ്ഫോം ആകെ ബഹളമയമാണ്. ഓണത്തിന്റെ അവധി ആയത് കൊണ്ട് പ്ലാറ്റ്ഫോം നിറയെ ആളുകളാണ്. നിറഭാരത്തോടെ ബാഗും തൂക്കി നാട്ടിലേക്ക് യാത്രയാകുന്നവർ. ചാരുബെഞ്ചിലിരുന്ന് സംസാരിച്ചിരിക്കുന്ന കുറേപേർ. ചായയും തൂക്കി നിൽക്കുന്ന റയിൽവേ കാറ്ററിംഗ് പയ്യൻ. പോലീസ് എയ്ഡ് പോസ്റ്റ്.. തറയിൽ ചുരുണ്ടുകൂടി കിടക്കുന്ന തമിഴർ.. പ്ലാറ്റ്ഫോമിലൂടെ ഉരുത്തിരിയുന്ന നായകൾ.. ചെറിയ ടീ ഷോപ്പ്. അതിന് ചുറ്റും യാത്രക്കാർ ചായക്ക് വേണ്ടി ബഹളം കൂട്ടുന്ന തിരക്ക്.
നാളെ ഒന്നാം ഓണമാണ്. എല്ലാ വർഷവും ഒന്നാം ഓണത്തിന് ഞാൻ ജന്മനാടായ കണ്ണൂരിലേക്ക് പോകാറുണ്ട്. അവിടെ അമ്മയ്ക്കൊപ്പമാണ് എന്റെ ഓണക്കാലം. രണ്ടു കൊല്ലമായി നാട്ടിലേക്ക് വണ്ടി കയറിയിട്ട്. നാശം പിടിച്ചൊരു വൈറസ് യാത്രകളെയും ആഘോഷങ്ങളെയും ഇല്ലാതാക്കിയ നാളുകൾ ആയിരുന്നല്ലോ കഴിഞ്ഞ രണ്ടു കൊല്ലങ്ങൾ. എന്തൊക്കെ മാറ്റങ്ങളാണ് ഇത് മൂലം ഉണ്ടായത്. കുടുംബബന്ധങ്ങളിൽ ചെറിയ വിള്ളൽ വീണു. ചിലരുടെ ജീവിതമാർഗം അടഞ്ഞു. ചിലർ സമ്പന്നരായി. അന്യോന്യം തിരിച്ചറിയപ്പെടാതെ മുഖങ്ങൾ മറക്കപ്പെട്ടു. ഉറ്റവർ മരണപ്പെട്ടപ്പോൾ പലർക്കും കാണാൻ സാധിക്കാതെ കുഴിച്ചു മൂടപ്പെട്ടു. രണ്ടു കൊല്ലത്തിനിടക്ക് ഇത്തരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് മനുഷ്യർക്കിടയിൽ സംഭവിച്ചത്.
പ്ലാറ്റ്ഫോമൊക്കെ നനഞ്ഞു കുതിർന്നതിനാൽ ചെറിയ വഴുക്കലുണ്ട്. ശ്രദ്ധയോടെ എന്റെ കംപാർമെന്റായാ എസ് 7 ന്റെ ഡോറിലൂടെ സീറ്റ് തപ്പി നടന്നു. ബർത്തിൽ ബാഗ് കയറ്റി വെച്ച ശേഷം റിസർവ് സീറ്റിൽ ഇരുന്നു. ഏതാനും നിമിഷങ്ങൾക്കകം മാവേലി എക്സ്പ്രസ് പുറപ്പെടും എന്ന അറിയിപ്പ് സ്റ്റേഷൻ ഒന്നാകെ മുഴങ്ങിക്കൊണ്ടിരുന്നു.
2
“ഇളേച്ചനേപ്പാ വരാ..വരുമ്പോ നിച്ച് ബോളി കൊണ്ടേരണേ”
രണ്ട് ദിവസം മുൻപ് സാറകുട്ടി പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്. അവൾക്ക് ബോളി വളരെ ഇഷ്ടമാണ്. രേണുക കുറെ ബോളിയും, അവലോസ് പൊടിയുമൊക്കെ ഉണ്ടാക്കി ബാഗിൽ വെച്ചാണ് എന്നെ യാത്രയാക്കിയത്. രണ്ടു ദിവസം മുൻപ് അമ്മയ്ക്കും, ഏട്ടത്തിയമ്മയ്ക്കുമുള്ള കസവുസാരിയും, ഏട്ടന് കസവുമുണ്ടും, ഷർട്ടും സാറയ്ക്ക് കുഞ്ഞുടുപ്പും വാങ്ങി ബാഗിൽ വെച്ചിരുന്നു.
“കുട്ടാ,അമ്മയ്ക്കിനി എത്ര നാളെന്ന് ഒരു നിരീച്ചവും ഇല്ല.. ഇന്നെ ഒന്നു കാണണം. ഈ കൊല്ലം ഓണം നമുക്കൊന്നിച്ചുണ്ണണം. ഇന്റെ കുട്ടിയെ കൊറേ നാളായില്ലെ കണ്ടിട്ട്.. രേണുനേയും കേശൂനെയും കൂട്ടി ഇഞ്ഞി വാ… ന്തായാലും ഈ കൊല്ലം വരണം”.
അമ്മ വിളിക്കുമ്പോഴൊക്കെ ഇതാവർത്തിക്കും!. അങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തിരിച്ചത്. എല്ലാ വർഷവും രേണുകയും മോൻ കാശിയും ഒന്നിച്ചുണ്ടാവും യാത്രക്ക്. ഈയിടെ ഒരു ദിവസം രേണുകയുടെ അമ്മ അടുക്കളയിൽ വീണ് കാലിന്റെ എല്ലുപൊട്ടി കിടപ്പിലായതാണ് അവൾക്ക് എന്നോടൊപ്പമുള്ള യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചത്.
ഇളകിയോടുന്ന ട്രെയിനിന്റെ വേഗതയ്ക്കൊപ്പം, എന്നിലെ ഓർമകളും ഹുങ്കാരശബ്ദത്തോടെ മനസ്സിന്റെ പാളത്തിലൂടെ ഇരമ്പിയോടുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു! എൻജിനീയറിംഗ് കഴിഞ്ഞ് ടെക്നോ പാർക്കിൽ ജോലി ശരിയായപ്പോൾ ആണ് ഞാൻ തിരുവനന്തപുരത്തേക്ക് പറിച്ചു മാറ്റപ്പെട്ടത്.
“ഇത്രേം ദൂരെക്കൊക്കെ പണിക്ക് പോണോ കുട്ടാ?…. ഇനിക്ക് എന്തേലും വയ്യായ്ക വന്നാ ഒരെറക്ക് വെള്ളമൊക്കെ തെളപ്പിച്ച് തരാനാരെങ്കിലും ആടെ ഇണ്ടാ..!”
തിരുവനന്തപുരത്തെ ജോലി ശരിയായപ്പോൾ അമ്മ ഉമ്മറത്തിരുന്ന് വേവലാതിയോടെ ചോദിച്ച ചോദ്യമാണ്!.
“വല്യ നഗരത്തിലൊക്കെ പണി കിട്ടുന്നത് തന്നെ ഭാഗ്യമല്ലേ അമ്മേ.. പിന്നെ നല്ല ശമ്പളവും ഇണ്ട്.. ഈട എനിക്ക് എന്ത് പണിയ കിട്ട്വാ”.
അമ്മയുടെ വേവലാതി ഈ മറുപടി കൊണ്ട് ഞാൻ മാറ്റി.
ടെക്നോ പാർക്കിൽ വെച്ചുള്ള രേണുകയുമായുള്ള അടുപ്പം കല്യാണമെന്ന തീരുമാനത്തിലെത്തിയ സമയത്തും അമ്മയ്ക്ക് വേവലാതിയായി!.
“ഇനിക്ക് ഇവിടെ നിന്നെങ്ങാനം കെട്ടിയാ പോരേന്വ കുട്ടാ… ഈടന്നെ എത്രകുട്ട്യോൾ ഉണ്ടാവും. ഇത് കണ്ണെത്താദൂരത്ത്….. എനക്ക് ചിന്തിച്ചിട്ട് അന്തോം കുന്തോം കിട്ടുന്നില്ല..”
അമ്മയ്ക്ക് അങ്ങനെ അന്തോം കുന്തോം ഇല്ലാത്ത ആവലാതികൾ പണ്ട് മുതലേ ഉണ്ടാവാറുണ്ട്.
ട്രെയിൻ ഒരു പാലത്തിലൂടെ ഭയാനകമായ ശബ്ദത്തോടെ ചീറിപ്പാഞ്ഞു കൊണ്ടിരുന്നു. അപ്പോഴും ആകാശത്തിൽ നിന്നും മഴ ചരൾ കല്ല് എറിയുന്ന മാതിരി, അതി ശക്തമായി തീവണ്ടിയുടെ മേൽ പതിച്ചു കൊണ്ടിരുന്നു.
3
കംപാർട്ട്മെന്റുകളിലെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു തുടങ്ങുമ്പോഴേക്കും, ഞാൻ ബർത്തിൽ കേറി കിടന്നു. കണ്ണ് പൂട്ടി കിടന്നിട്ടും ഓണക്കാലത്തെ ഓർമകൾ തീവണ്ടിക്കുള്ളിലെ അരണ്ട വെളിച്ചം പോലെ എന്നിൽ കത്തി നിന്നു.!
ഓണക്കാലത്ത് നാട്ടിലേക്ക് പോവുമ്പോൾ മനസ്സിലൊരു സന്തോഷം അലയടിക്കുന്നുണ്ട്. നാട്ടിൽ പോയാൽ കളിക്കൂട്ടുകാരായ വേണു, നാസറിനൊപ്പം കൂടെ കൂടാം. ആകാശം കുങ്കുമം ചാലിച്ച വൈകുന്നേരങ്ങളിൽ നെടുമ്പുറംചാലിലെ പച്ചപ്പ് പടർന്ന തെങ്ങിൻ തോപ്പിലിരുന്ന് നാടൻ റാക്ക് അടിച്ച്, പഴയകാലത്തെ നുറുങ്ങുകൾ പറഞ്ഞ്, ഓർത്തോർത്ത് ചിരിച്ച് ഇരുട്ടുന്നത് വരെ തോട്ടിലെ കുത്തൊഴുക്കിനെ നോക്കിയിരിക്കാം. മഴക്കാലത്ത് നെടുമ്പുറം ചാൽ തോട് ഗർഭിണിയെപ്പോലെ കരകവിഞ്ഞു നിറഞ്ഞൊഴുകും. തോടിന്റെ അങ്ങേയറ്റം നിബിഡവനമാണ്. നെടുംപുറംചാലിന്റെ രണ്ടു ഭാഗവും മലകളാണ്. ഒന്ന് പേരിയ ചുരം ഉൾക്കൊള്ളുന്നതും, മറ്റേത് പാൽചുരം ഉൾക്കൊള്ളുന്നതും. അതിനാൽ വൈകുന്നേരത്തോടെ കോട മൂടാൻ തുടങ്ങും. റം അകത്തു ചെന്നാൽ വേണു ഗായകനാവും. പാട്ട് ഉയർന്ന് വരും.
“ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിന്നുചേർന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം കുളിച്ചുചെന്നകം പൂകാൻ
ചന്ദനം വേണം……..”
വേണുവിന്റെ പാട്ട് ഞങ്ങളും ഒത്തുപിടിക്കും. പാട്ടിനനുസരിച്ച് ഞാനും നാസറും തുടയിൽ താളം കൊട്ടും. അങ്ങനെ ഇരുട്ടുവോളം ഞങ്ങൾ പാടി രസിക്കും. ഇരുട്ടിന് കനം വെക്കുമ്പോളാണ് ഞാൻ അമ്മയുടെ അരികിലേക്ക് പോകുന്നത്. അമ്മ ഉണ്ടാക്കി വെച്ച കുത്തരി ചോറും, കൊടമ്പുളി ഇട്ടു വറ്റിച്ച മീങ്കറിയും, പായസവും കഴിച്ചു കിടക്കും. തിരുവോണത്തിന്റന്ന് രാവിലെ എഴുന്നേറ്റ് അമ്മയുടെ കൂടെ ഞാനും ഏട്ടനും അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ തൊഴാൻ പോകും. പിന്നെ ഇളയച്ഛന്റെ വീട്ടിലും, അപ്പച്ചിയുടെ വീട്ടിലും പോയി വരും. ഉച്ചയാകുമ്പോഴേക്കും ഇളയച്ചനും അമ്മായിയും മകളും, അപ്പച്ചിയും മകൻ രാമനും വീട്ടിലെത്തും. എല്ലാരും ഒന്നിച്ചു കൊണ്ടുള്ള ഓണസദ്യ. അങ്ങനെയുള്ള ഓരോണകാലത്തിന് വേണ്ടിയാണ് ഞാൻ ഓടി ചെല്ലുന്നത്. ഓർമകളുടെ നറുസുഗന്ധം കംപാർട്ട്മെന്റിലാകെ പരക്കുന്നതായി എനിക്ക് തോന്നി.
4
‘തലശ്ശേരി സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു’.
ചെവിയിൽ ഈ വാചകം മുഴങ്ങിയപ്പോഴാണ് എനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തിയത് അറിഞ്ഞത്. ഉറക്കച്ചടവോടെ ഞാൻ വേഗം എഴുന്നേറ്റ് ബാഗും തൂക്കി രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇറങ്ങി. പ്ലാറ്ഫോമിലേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളം കണ്ടപ്പോഴാണ് മഴയ്ക്ക് ആ സമയത്തും ഒരു മാറ്റവും ഇല്ലെന്ന് മനസ്സിലായത്. തലശ്ശേരി സ്റ്റേഷൻ എത്തിയപ്പോൾ പുലർച്ചെ 5 മണിയായിരുന്നു.പതിവായി 4 മണിക്ക് മാവേലി എക്സ്പ്രസ്സ് തലശ്ശേരി എത്താറുള്ളതാണ്. മഴ കാരണം എവിടെയൊക്കെയോ പിടിച്ചിട്ടതിനാൽ ഒരു മണിക്കൂർ വൈകിയാണ് ഓടി കൊണ്ടിരിക്കുന്നത്. തലശ്ശേരിയിൽ നിന്നും നെടുമ്പുറംചാലിലേക്ക് ഏകദേശം ഒന്നരമണിക്കൂർ യാത്ര ഉണ്ട്. അഞ്ചരയ്ക്കുള്ള കെ എസ് ആർ ടി സി ബസ് കണ്ണവം വനത്തിന്റെ ഓരത്തോടെ യാത്ര തുടർന്നു കൊണ്ടിരുന്നു. പാതിമയക്കത്തിൽ വീണ യാത്രക്കാരിൽ ചിലരുടെ ശിരസ്സ് ബസിന്റെ ഷട്ടറിൽ വീണടിക്കുന്നു. മഴയുടെ കോരിചൊരിയൽ കാരണം ബസ്സിന്റെ ഉള്ളിലേക്ക് തണുപ്പ് വ്യാപിക്കുന്നുണ്ട്.
“എല്ലാരും വേം ഇറങ്ങിക്കോ.. ബസ് ഈടവരെയെ ഉള്ളു”
കണ്ടക്ടറുടെ ശബ്ദമാണെന്നെ ചെറുമയക്കത്തിൽ നിന്നും ഉണർത്തിയത്. യാത്രക്കാരൊക്കെ അതിശയത്തോടെ കണ്ടക്ടറെ നോക്കി. ചെറിയ മഞ്ഞു മൂടലുള്ളതിനാൽ ഷട്ടർ തുറന്നെങ്കിലും എനിക്ക് സ്ഥലം വ്യക്തമായില്ല. അല്ലെങ്കിലും രണ്ടു കൊല്ലം കഴിഞ്ഞില്ലേ ഇങ്ങോട്ട് വന്നിട്ട്. അതും ഒരു കാരണമായിരിക്കാം. ഞാൻ ഒരു കാരണം കണ്ടെത്തി. ബസിൽ നിന്നും ആളുകളൊക്കെ ഇറങ്ങി തുടങ്ങി. ഞാൻ മുന്നിലേക്ക് നീങ്ങി.അപ്പോഴാണ് ശ്രദ്ധിച്ചത്.ബസിന്റെ മുൻപിൽ നിരകളായി വാഹനങ്ങൾ കിടക്കുന്നത്. ബസിന്റെ ചില്ലിലൂടെ അവ്യക്തമായി സ്ഥലങ്ങളുടെ പേരെഴുതിവെച്ച ബോർഡ് ഞാൻ കണ്ടു. അതിൽ നെടുംപുറംചാൽ 2 കി മി എന്നെഴുതിയിട്ടുണ്ട്.
“എന്താണേട്ടാ, വണ്ടികളൊക്കെ ഇവിടെവരെ..”
മുൻസീറ്റിലുണ്ടായിരുന്ന പെൺകുട്ടി ഡ്രൈവറോട് ചോദിക്കുന്നത് കേട്ടു.
“പാതിരാത്രി നെടുമ്പുറംചാലിൽ ഉരുൾപൊട്ടലുണ്ടായെന്ന്… പേരിയ ചുരത്തിലെ മലയിടിഞ്ഞ് നെടുമ്പുറം ചാലിലേക്ക് ഒഴുകിയെത്തിയത്രേ… പാലമൊക്കെ ഒലിച്ചു പോയെന്നും, റോഡിലൊക്കെ വമ്പൻ പാറകളും മരങ്ങളുമൊക്കെ വന്നടിഞ്ഞിട്ടുണ്ടെന്നാ കേട്ടേ… ആ പ്രദേശമാകെ മണ്ണിനടിയിൽ ആണെന്നും….”
ആ പെൺകുട്ടിയുടെ കണ്ണിലുണ്ടായ ഭീതിയുടെ തിരയിളക്കം എന്റെ ഹൃദയത്തിൽ ഉണ്ടായപ്പോൾ മേലാസകലം ഒരു കുളിരു വന്നു നിറയുന്നതായി എനിക്ക് തോന്നി. കണ്ണുകളിൽ മൂടൽ പോലെ, ചെവികളടഞ്ഞത് പോലെ, കാലുകൾ നിലത്ത് ഉറക്കാത്തത് പോലെ ഞാൻ ബസിൽ നിന്നിറങ്ങി.
അപ്പോഴും ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു ■