മൗനത്തിന്റെ കണ്ണാടി

നഗരത്തിന്റെ നിലാവിളക്കുകൾക്കിടയിൽ
ഒറ്റപ്പെടലിന്റെ ശബ്ദം കേട്ടിട്ടുണ്ടോ?
സ്മാർട്ട്‌ഫോണിന്റെ നീല വെളിച്ചത്തിൽ
അകന്നു പോയ മനുഷ്യന്റെ മുഖം കണ്ടിട്ടുണ്ടോ?

മഴത്തുള്ളികളെപ്പോലെ ഓർമ്മകൾ വീഴുന്നു
കൈകളിൽ പിടിച്ചെടുക്കാൻ കഴിയാതെ
സ്ക്രീൻ തഴുകി മാറിപ്പോകുന്ന ജീവിതം പോലെ.

വീഥികളിലിന്നും മരങ്ങൾ നിൽക്കുന്നു,
പക്ഷേ അവയുടെ തണലിൽ
കുട്ടികളുടെ കളിയില്ല…
കാറ്റ് പോലും ഡിജിറ്റൽ സംഗീതത്തിന്റെ
താളത്തില്‍ വിറങ്ങലിക്കുന്നു.

എന്നിരുന്നാലും –
ഹൃദയത്തിന്റെ അടിത്തട്ടിൽ
ഒരു മുളങ്കുഴൽ ഇപ്പോഴും കരയുന്നു
പറയാതെ പോയ വാക്കുകൾ,
പിടിക്കാതെ പോയ കൈകൾ,
കൂടാതെ നമ്മെ ഇപ്പോഴും മനുഷ്യരാക്കുന്ന
ഒരു ചെറിയ സ്‌നേഹം.

കാലം ചോദിക്കുന്നു –
“ഇങ്ങനെ തന്നെ നീ തുടരണമോ?
കണക്ടഡ്‌ ലോകത്ത്
അറ്റുപോയ ആത്മാവായി?”

ഉത്തരമെഴുതേണ്ടത്
നമ്മുടെ ഹൃദയം തന്നെയാണ്.

ഒരു ക്ലിക്കിൽ
ഉണർന്നെണീക്കുന്ന ഒരു ലോകം,
ഒരു മിടിപ്പിൽ
മരവിച്ചുപോകുന്ന മറ്റൊരു ലോകം.

നമ്മൾ, ഒരു വിരൽത്തുമ്പിൽ
പ്രകാശത്തിന്റെ വേഗത്തിൽ
ഒറ്റപ്പെടലിന്റെ
അഗാധതയിലേക്ക് മുങ്ങുന്നു.

അപ്പുറം,
ആയിരം മുഖങ്ങൾ ചിരിക്കുന്നു,
കരയുന്നു, നൃത്തം ചെയ്യുന്നു.

ഇപ്പുറം,
ഞാനുമെന്റെ നിഴലും
വിറങ്ങലിച്ച ഒരു മുറിയിൽ.
എല്ലാ വാതിലുകളും തുറന്നുകിടന്നിട്ടും
ഏകയായി ഞാൻ.

ചിലപ്പോൾ,
ഒരു സ്നേഹവാക്ക്
ഒരു ഫോൺ സ്ക്രീനിലൂടെ
കടന്നുപോകുമ്പോൾ
ആത്മാവിൽ ഒരു തരിപ്പ്.

പക്ഷേ, തൊട്ടറിയാൻ കഴിയാത്ത
ആ സ്നേഹത്തിന് സ്വാഭാവികമായ
ഒരു തണുപ്പാണ്.
ചൂടില്ല, ജീവനില്ല.

നമ്മൾ തിരക്കിലാണ്,
വളരെ തിരക്കിലാണ്.
ലൈക്കുകളിലും ഷെയറുകളിലും
കാണാത്ത മുഖങ്ങളെത്തേടി
നമ്മുടെ കണ്ണുകൾ അലയുന്നു.

തൊട്ടടുത്തിരിക്കുന്നവരുടെ
കണ്ണുകളിലെ കഥകളോ
ചുണ്ടുകളിലെ മൗനമോ
നമ്മൾ കാണുന്നില്ല.

സംസാരമില്ലാത്ത ലോകത്ത്
ഹൃദയങ്ങൾ തമ്മിൽ
മൗനത്തിന്റെ വാതിലുകൾ തീർക്കുന്നു.

ഒരു ബട്ടൺ അമർത്തിയാൽ
എല്ലാം അവസാനിക്കുമെന്നറിയാം.

പക്ഷേ,
നമ്മൾ നിർത്തുന്നില്ല.
ഇതൊരു പുതിയ ശീലമായി
നമ്മുടെ രക്തത്തിൽ കലർന്നിരിക്കുന്നു.

മറ്റൊരു സന്ദേശത്തിനായി
കാത്തിരിക്കുന്ന വിരലുകൾ
മറന്നുപോകുന്നു,
ഒരാളെ ചേർത്തുപിടിച്ചാൽ
കിട്ടുന്ന ആശ്വാസത്തിന്റെ
യഥാർത്ഥ താളം.

ഒടുവിൽ,
ഈ മിഥ്യാ ലോകം
മങ്ങുമ്പോൾ
ബാക്കിയാവുന്നത്
ശൂന്യമായ ഒരു മുറിയും,
അതിൽ ഒറ്റപ്പെട്ടിരിക്കുന്ന
മനുഷ്യന്റെ കരച്ചിലും മാത്രം.

ഞാൻ എന്റെ ഹൃദയം അപ്‌ഡേറ്റ് ചെയ്തു
പഴയ വേദനകളുടെ ബഗ്ഗുകൾ തീർത്തു.
ഒരു നോട്ടിഫിക്കേഷൻ വന്നു:
‘ലോഗിൻ വീണ്ടും ആവശ്യമാണ്.’

മുങ്ങിക്കിടന്ന സ്മരണകളുടെ
ക്ലൗഡ് സ്റ്റോറേജിൽ നിന്ന്
ഒരു ഫോട്ടോ ഡൗൺലോഡ് ചെയ്തു;
അപ്‌ലോഡിന്റെ തീയതി മങ്ങി.

ഓർമകളുടെ ഇൻ‌സ്റ്റാ സ്റ്റോറികളിൽ
ഇപ്പോഴും നീ ലൈക്ക് ചെയ്യുന്നു
എന്റെ പഴയ പോസ്റ്റുകൾ…
പുതിയ ജാലകങ്ങൾ തുറക്കുമ്പോൾ
പഴയ ടാബുകൾ അടയ്ക്കാതെ.

എന്റെ ബ്രൗസറിന്റെ ഹിസ്റ്ററിയിൽ
നിന്റെ വിലാസം കണ്ടു.
ക്ലിയർ ചെയ്യാൻ മനസ്സില്ല.
ഒരു ‘കുക്കി’ പോലെ
രുചി പുതുക്കുന്നു.

ഞാൻ ഒരു പുതിയ
പാസ്‌വേഡ് സെറ്റ് ചെയ്തു
എന്റെ ഏകാന്തതയ്ക്ക്.

ഇനി ‘ഓർമ്മിക്കുക’
എന്ന ബോക്സിൽ
ചെക്ക് മാറ്റണ്ട.

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗളൂരിൽ താമസം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.