മേൽവിലാസം ഇല്ലാത്തവർ

വിയർപ്പു ചാലിട്ടൊഴുകുന്ന കരുവാളിച്ച മുഖം തോളത്തു കിടന്ന പഴന്തോർത്തിൽ തുടച്ച് അയാൾ വീണ്ടും വണ്ടിയുന്താൻ തുടങ്ങി. ഇടയ്ക്കിടെ ഉച്ചത്തിൽ വിളിച്ചു പറയുന്നുമുണ്ട്.

“ആക്രിസാധനങ്ങൾ ഉണ്ടോ….. ആക്രി.. ആക്രി”

രാവിലത്തെപോലെ പക്ഷേ ശബ്ദം ഇപ്പോൾ ഉയരുന്നില്ല. അയാൾ ഉന്തുവണ്ടിയിൽ ആക്രി സാധനങ്ങളുടെ ഇടയിൽ ഒരുവശത്തായി വച്ചിരുന്ന വെള്ളക്കുപ്പിയെടുത്ത് അവസാന തുള്ളിയും വായിലേക്ക് ഇറ്റിച്ചു.

സമയം ഇപ്പോൾ എത്ര ആയിട്ടുണ്ടാകും?. നരച്ച കണ്ണുകളുയർത്തി ആകാശത്തേക്ക് നോക്കി. സൂര്യൻ തലയ്ക്കു മുകളിൽ നിന്ന് ഉഷ്ണം വർഷിച്ചു കൊണ്ടിരുന്നു. രാവിലെ അല്പം പഴങ്കഞ്ഞി കഴിച്ചിട്ട് ഇറങ്ങിയതാണ്. പിന്നെ ഈ കുപ്പി വെള്ളം മാത്രമായിരുന്നു ശരണം. ഇപ്പോൾ അതും തീർന്നു. ഭക്ഷണം വാങ്ങി കഴിക്കാനുള്ള പാങ്ങും അയാൾക്കില്ലായിരുന്നു.

നട്ടുച്ച വരെ വണ്ടിയുന്തിയിട്ട് കിട്ടിയത് ഒന്ന് രണ്ട് ചളുങ്ങിയ അലൂമിനിയം പാത്രങ്ങളും ഒരു പഴകിദ്രവിച്ച മോട്ടോറും. കയ്യിലുണ്ടായിരുന്ന കാശ് ഇതെടുത്ത വീട്ടുകാർക്ക് കൊടുത്തു തീർന്നു. ഇപ്പോൾ പഴയപോലെ ഒന്നും ആക്രിസാധനങ്ങൾ കിട്ടാനില്ല. പുറത്തുനിന്ന് ബംഗാളികൾ എത്തിയതോടെ,അവർ കൂടുതൽ കാശുകൊടുത്ത് ആക്രി സാധനങ്ങൾ ശേഖരിച്ചു കൊണ്ടു പോകുവാൻ തുടങ്ങി. സ്ഥിരമായി അയാൾ ആക്രിസാധനങ്ങൾ എടുക്കുന്ന ഒന്ന് രണ്ട് വീടുകൾ ഒഴിച്ച് വേറെ എവിടുന്നും കാര്യമായി ഒന്നും കിട്ടാറില്ല. എല്ലാ ദിവസവും ആ വീടുകളിൽ ആക്രിസാധനങ്ങൾ ഉണ്ടാവുകയും ഇല്ലല്ലോ. ഓരോ ദിവസവും പുതിയ ഇടങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കണം. അയാൾ ഒന്നു നെടുവീർപ്പിട്ടു.

ഇനി തൊണ്ട കീറി വിളിച്ചിട്ട് കാര്യമില്ലല്ലൊയെന്ന് അയാളോർത്തു. ഉപയോഗമില്ലാതെ കൂട്ടിയിട്ടിരിക്കുന്നവയെങ്കിലും, കാശ് കൊടുക്കാതെ എത്ര കാശുകാരൻ ആണെങ്കിലും ആക്രി തരില്ല. ഇന്നത്തെ പണി അവസാനിപ്പിക്കുകയേ നിവൃത്തിയുള്ളൂ. അയാൾ മെല്ലെ വണ്ടിയുന്തിക്കൊണ്ടിരുന്നു.
കാലുകൾ കുഴഞ്ഞു പോകുന്നുണ്ട്. എങ്ങനെയെങ്കിലും പട്ടണത്തിലെ ആക്രി കേന്ദ്രത്തിൽ ഇത് എത്തിച്ചു പണം വാങ്ങിയേ മതിയാകൂ.

കുഴഞ്ഞ കാലുകൾ വലിച്ചു വെച്ച് അയാൾ വണ്ടിയുന്തി. വീട്ടിൽ അർദ്ധപ്രാണനായി കിടക്കുന്ന ഭാര്യയെ ഓർത്തപ്പോൾ അയാൾക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി. ഇതു വിറ്റ് എന്തെങ്കിലും കിട്ടിയാലെ ഇന്നത്തെക്കുള്ള അന്നത്തിനു തികയൂ. ഷുഗർ കയറി പഴുത്ത് വൃണമായിരിക്കുന്ന കാലുമായി എത്ര നാളായി അവൾ കിടപ്പാണ്. ഒരു മകൻ ഉണ്ടായിരുന്നത് പറക്കമുറ്റിയപ്പോൾ എങ്ങോ പറന്നു പോയി.
പുറമ്പോക്കിൽ കുത്തി മറച്ച ഷെഡ്ഡിൽ എത്രനാളായി രണ്ടു ജീവനുകൾ ഇങ്ങനെ. സ്വന്തമായി ഒരു മേൽവിലാസം ഇല്ലാത്തതിനാൽ, ഒരു റേഷൻ കാർഡ് പോലുമില്ല. അതെങ്കിലുമുണ്ടായിരുന്നെങ്കിൽ കഞ്ഞിക്കെങ്കിലും മുട്ടില്ലായിരുന്നു. ഒരു റേഷൻ കാർഡിന് വേണ്ടി കയറിയിറങ്ങാത്ത ഇടങ്ങളില്ല. വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാത്തതിനാൽ ആരുമിങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. പഞ്ചായത്ത് മെമ്പറെയൊക്കെ എത്രയോ വട്ടം കണ്ടെങ്കിലും, ഇപ്പം ശരിയാക്കാം എന്ന മറുപടി അല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

ആർക്കും വേണ്ടാത്ത രണ്ടു ജന്മങ്ങൾ! തപിക്കുന്ന പ്രാരാബ്ദങ്ങളുടെ ചൂടിൽ കുഴഞ്ഞ കാലുകൾ വലിച്ചു വെച്ച് വണ്ടി ഉന്തുന്ന ആ രൂപം പെട്ടെന്ന് വഴിയിൽ കുഴഞ്ഞു വീണു. അയാളുടെ ചുണ്ടുകൾ അവ്യക്തമായി “വെള്ളം വെള്ളം” എന്ന പുലമ്പിക്കൊണ്ടിരുന്നു.

തൊണ്ടയിലേക്ക് അരിച്ചിറങ്ങുന്ന നനവിന്റെ നേർത്ത ആശ്വാസത്തിലേക്ക് അയാൾ കണ്ണുകൾ മെല്ലെ തുറന്നു. ആരോ അയാളെ താങ്ങി ഇരുത്തി വായിൽ ജലമിറ്റിച്ചു കൊണ്ടിരുന്നു. അയാളുടെ തുറന്നു വരുന്ന കണ്ണുകൾക്കുമുന്നിൽ പതുക്കെ ആ രൂപം തെളിഞ്ഞു വന്നു. പത്ത് പതിനാല് വയസ്സ് തോന്നിക്കുന്ന ഒരു ബാലൻ. കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് അയാൾക്ക് വെള്ളം പകർന്നു കൊടുക്കുകയാണ്. ദാഹം ഒട്ടൊന്നു ശ്രമിച്ചപ്പോൾ അയാൾ കയ്യുയർത്തി മതിയെന്നു വിലക്കി. തോർത്തിൽ മുഖം തുടച്ച് മെല്ലെ നിവർന്നിരുന്നു. അയാൾ ആ ബാലനെ നോക്കി. മുഷിഞ്ഞ ഒരു ഷർട്ടും പാന്റുമാണ് അവന്റെ വേഷം. അതാകട്ടെ അവിടെവിടെ കീറിയിട്ടുമുണ്ട്. അരികിൽ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ ശേഖരിച്ച ചാക്ക്.
അയാൾ അവനെ വാത്സല്യപൂർവ്വം നോക്കി ചിരിച്ചു.

“നന്ദി മോനേ”

അവൻ ഒന്നും മിണ്ടാതെ ചാക്കുമെടുത്തു പോകുവാൻ തുടങ്ങി.

“എന്താ നിന്റെ പേര്?” അയാൾ ചോദിച്ചു.

“പേര്….” അവൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. എന്നിട്ട് പറഞ്ഞു

“എന്നെയാരും ഒന്നും വിളിക്കാറില്ല”

അവന്റെ മറുപടി കേട്ട് ഒരു നിമിഷം അയാൾ അമ്പരന്നു നിന്നു.

“നിനക്ക് വീടില്ലേ?”

“ഇല്ല”

“ഞാൻ പോകുന്നു, ഇതു കൊണ്ട് കൊടുത്തിട്ട് വേണം വല്ലതും വാങ്ങി കഴിക്കാൻ”

അവൻ നടക്കുവാൻ തുടങ്ങി. ഒരു നിമിഷം അമ്പരന്നു നിന്ന അയാൾ, അവനെ ഉറക്കെ വിളിച്ചു.

“അപ്പു”

വിളികേട്ട്, പേരില്ലാത്ത അവൻ തിരിഞ്ഞു നോക്കി.

“നിന്നെ തന്നെയാ, നീ എന്റെ കൂടെ പോരുന്നോ?”

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അവൻ അന്തിച്ചു നിന്നു.

“എനിക്കും അവൾക്കും വേറെ ആരുമില്ല, നിനക്കും ആരുമില്ല, നീ എന്റെ കൂടെ പോര്” അയാൾ പറഞ്ഞു

ഒട്ടൊന്നു സംശയിച്ചു നിന്ന ശേഷം അവൻ അയാൾക്കരികിലേക്ക് നടന്നു. തന്റെ കയ്യിലിരുന്ന ചാക്ക് ഉന്തുവണ്ടിയിൽ നിക്ഷേപിച്ചു. പിന്നെ അയാളെ നോക്കി ഒന്ന് നിറഞ്ഞു ചിരിച്ചു. എന്നിട്ട് മെല്ലെ വണ്ടിയുന്താൻ തുടങ്ങി. മെല്ലെ ഒന്നു ചിരിച്ചു കയ്യിലെ തോർത്തൊന്ന് കുടഞ്ഞ് തോളിലിട്ടു കൊണ്ട് അയാളും അവനൊപ്പം നടന്നു.

“ആരാ അപ്പു?” അവൻ ചോദിച്ചു.

“അങ്ങനെ വിളിക്കാൻ ഒരാളുണ്ടായിരുന്നു. ഇപ്പോഴില്ല. ഇപ്പോൾ നീയാണ് ഞങ്ങൾക്ക് അപ്പു”

അവനൊന്ന് ചിരിച്ചുകൊണ്ട് സാവധാനം വണ്ടിയുന്തി.

പടിഞ്ഞാറ് ചായുന്ന സൂര്യന് എതിർദിശയിൽ അവർ നടന്നു മറഞ്ഞു, മേൽവിലാസം ഇല്ലാത്തവർ!

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലാത്തുരുത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു