മെർലിൻ

1.

“എനിക്കിവിടുന്നു കഥ പൂർത്തിയാക്കാൻ കഴിയുമോ?”

ഞാൻ ചോദിച്ചു. ഞങ്ങളപ്പോൾ ആറളം വനത്തിന്റെ ഉള്ളിലായിരുന്നു. കൃത്യമായി പറഞ്ഞാൽ പതിമൂന്നാം ബ്ലോക്കിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിനരികിൽ. സൂയിസൈഡ്പോയിന്റിൽ.

എന്റെ ചോദ്യം കേട്ടു മെർലിൻ ചിരിച്ചു. അവളുടെ ചിരിക്കകമ്പടിയായി ഒരു തണുത്തകാറ്റ് ഞങ്ങളെ തട്ടി കടന്നുപോയി. മരത്തലപ്പുകളുലയുന്ന ശബ്ദം.

“എന്താ നീ കളിയാക്കുവാണോ?” എനിക്കു ദേഷ്യം പിടിച്ചു.

“ഹേയ്..” തലയൊന്നു വെട്ടിച്ചശേഷം അവൾ കൈയിലെ ബിയർബോട്ടിൽ വായിലേക്കു കമഴ്ത്തി. അവളുടെ തൊണ്ടക്കുഴികൾ പരൽമീനിനെപ്പോലെ പിടച്ചു.

“നിനക്കു കഴിയും. ഇവിടുന്നു കഥ പൂർത്തിയാക്കിയിട്ടേ നീ പോകൂ.”

അവളുടെ മറുപടിയിൽ എന്റെ ആത്മവിശ്വാസം ഒരു കണ്ണാടി പോലെ തിളങ്ങി. ഞാൻ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്നത് വീർപ്പാട് എസ് എൻ കോളേജിലാണ്. ബിസിനസ് അഡ്മിനിസ്ട്രേഷനാണ് സബ്ജെക്ട്. എനിക്കു ബി ബി എയ്ക്കു ചേരാനൊട്ടും താല്പര്യമുണ്ടായിരുന്നില്ല. ‘ഹ്യുമാനിറ്റീസ് പഠിച്ചവൻ ബി ബി എ എടുത്തിട്ടെന്തു ചെയ്യാൻ?’ പ്ലസ് ടു വിന്റെ മാർക്ക് ലിസ്റ്റുമായി വെളിമാനം പള്ളിയുടെ മുന്നിലെ ഗ്രോട്ടോയിൽ നീല മേലങ്കിയണിഞ്ഞുനിൽക്കുന്ന മാതാവിനെ സാക്ഷിയാക്കി ഞാൻ എന്നോടുതന്നെ ചോദിച്ചു. പക്ഷേ….

എന്റെ പ്ലസ്ടു റിസൾട്ട്‌ വന്ന് ഒരാഴ്ച കഴിഞ്ഞതും ആകസ്മികമായി ഹാർട്ടറ്റാക്കുവന്ന് അപ്പൻ മരിച്ചു പോയി. എന്റെ എഴുത്തുതാല്പര്യങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞത് അപ്പനാണ്. ബി എ മലയാളം പ്രഗതി കോളേജിൽ പ്രൈവറ്റായി പഠിക്കുവാനുള്ള താല്പര്യം അപ്പൻ മുഖാന്തരം മമ്മിയെ അറിയിച്ചിരുന്നു. മമ്മിക്കു ഞാൻ ബിസിനസ് ഫീൽഡിൽ പോകുന്നതായിരുന്നു ഇഷ്ടം. വീട്ടിൽ മമ്മിയുടെ വാക്കിനാണു വില. ബി ബി എ പഠിച്ചു രണ്ടുകൊല്ലം കൊണ്ടു പിജി യും കൂടി കംപ്ലീറ്റ് ചെയ്താലെന്നെ കാനഡയിലേക്കു കൊണ്ടുപോകാമെന്ന് മമ്മിയുടെ നേരെ ഇളയ ആങ്ങള പറഞ്ഞിരുന്നു. ഐഎൽറ്റിയെസെന്ന ശുദ്ധീകരണ കവാടമില്ലാതെ ഡയറക്റ്റ് സ്വർഗം! വീട്ടിൽ അപ്പനായിരുന്നു എന്റെ ഏക പിടിവള്ളി. അപ്പന്റെ മരണശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. ഞാനെഴുതിയ ഇന്നുവരെയും ആരെയും കാണിക്കാത്ത കഥകളുടെ ഒരു കെട്ടു പേപ്പറുകൾ മമ്മി ഷെൽഫിൽനിന്നും കണ്ടെടുത്തു തീയിലിട്ടു.

“അവന്റെയൊരു കഥയെഴുത്തും മലയാളം സ്നേഹവും! മര്യാദയ്ക്കു നാളെ എസ് എന്നിൽ പോയി സർട്ടിഫിക്കറ്റ് കൊടുത്തോണം. അഡ്മിഷൻ ഞാൻ ശരിയാക്കിയിട്ടുണ്ട്.” മമ്മിയുടെ മുഖം കനൽപോലെ ജ്വലിച്ചു.

കോളേജിൽ എന്റെ ജീവിതം വിരസമായി. കടൽപോലെയുള്ള ബിസിനസ് തിയറികൾ പഠിച്ചെടുക്കാൻ കഴിയാതെ കുഴങ്ങി. ക്ലാസ്സിൽ ഞാൻ ഒറ്റയ്ക്കായി. വിരസമായ എകാന്തത. മമ്മിയിപ്പോൾ എന്നെ മൈൻഡാക്കാറില്ല. എന്തുവേണമെങ്കിലും ആയിക്കോ എന്നൊരു മട്ട്. അപ്പന്റെ മരണശേഷം ബന്ധുക്കൾ തിരിഞ്ഞുനോക്കാതെയായി. മമ്മിയുടെ ബോൾഡ്നെസ്സ് ഏതോ ഒരു പോയിന്റിൽ ചില്ലുകൊട്ടാരം കണക്കേ തകരുകയായിരുന്നു. നീണ്ടു കിടക്കുന്ന നീളൻ വരാന്തപോലെ ശൂന്യമായിത്തീർന്നു എന്റെ മനസ്സ്. കഥയുമില്ല പഠിത്തവുമില്ല. വായിച്ചു തീർന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ എനിക്കു മുന്നിൽ വന്നുനിന്നു ചിരിച്ചു. പ്രേതകഥകളായിരുന്നു കൂടുതലിഷ്ടം. ആ കാലയളവിൽ സുനിൽ പരമേശ്വരന്റെയും ഏറ്റുമാനൂർ ശിവകുമാറിന്റെയും മാന്ത്രികനോവലുകൾ ഞാൻ അരിച്ചു തീർത്തു കഴിഞ്ഞിരുന്നു. മിസ്റ്ററി നിറഞ്ഞ കഥകളെഴുതാനുള്ള മോഹം എന്നിലേക്കൊരു ഭൂതാവേശം പോലെ കുടിയേറി. പക്ഷേ അതിനൊരു ത്രെഡ്ഡ് വേണം. മനസ്സിലാണെങ്കിൽ തിരകളില്ലാ കടലുപോലെ പടരുന്ന നിശ്ശബ്ദത. കോളേജുകാർ നടത്തിയ മോഡൽ പരീക്ഷയിൽ രണ്ടു വിഷയങ്ങൾക്കുകൂടി ഞാൻ പൊട്ടി. ക്ലാസ്സ്ടീച്ചർ വീട്ടിലേക്കു വിളിച്ചു. അവർക്കു മുന്നേ തന്നെ എന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുകൾ തോന്നിത്തുടങ്ങിയിരുന്നു. എന്നെയൊരു സൈക്കോളജിസ്റ്റിനെ കാണിക്കാൻ അവർ മമ്മിയോടു റെക്കമെന്റ് ചെയ്തു. ക്ലാസ്സുകൾ നടക്കുമ്പോൾ ഞാൻ ബാക്ബെഞ്ചിൽ ഉറക്കത്തിലാണ്ടു. മൗനം മുകളിൽനിന്നുനോക്കുമ്പോൾ ഓളങ്ങൾ കാണാത്ത ഒരു കായലാണ്. എന്നാൽ ചിന്തകളുടെ അപകടകരമായ ചുഴികളതിൽ പതുങ്ങിയിരിക്കുന്നു. എന്റെ ചിന്തകളുടെ ചുഴികളിൽനിന്നും പ്രേതങ്ങൾ ചിറകു വിരിച്ചെണീറ്റു. രാത്രിയിൽ ആളൊഴിഞ്ഞ കല്ലറകളിൽ വെള്ളവസ്ത്രമണിഞ്ഞ് അവരെന്നെ ഉറ്റുനോക്കി. ആ വിരസമായ ദിവസങ്ങളിൽ ഏതോ ഒന്നിലാണ് ഞാൻ മെർലിനെ പരിചയപ്പെടുന്നത്.

“ഇതെന്താ എന്നും ഉറക്കത്തിലാണല്ലോ. ദിവാസ്വപ്നം കാണുവാണോ?”

ഒരു ഉച്ചനേരമായിരുന്നു അത്. ഞെട്ടി കണ്ണു തുറന്നു. മുഖത്തു പുഞ്ചിരിയുമായി നിൽക്കുന്ന കൊലുന്നനെയുള്ള പെൺകുട്ടി. എനിക്കു വീട്ടുമുറ്റത്തെ വള്ളിപ്പയർ ഓർമ്മ വന്നു. തുറന്നുകിടക്കുന്ന ജാനാല കടന്നെത്തിയ സൂര്യപ്രകാശത്തിൽ അവളുടെ വെളുത്ത ടോപ്പിലെ അലുക്കുകൾ തിളങ്ങി.

“പേടിക്കണ്ട മാഷേ പ്രേതമൊന്നുമല്ല. ഈ ക്ലാസ്സിൽ തന്നെയുള്ളതാ. പേര് മെർലിൻ.”

ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു. ക്രമേണ ഞങ്ങളടുത്തു. കുപ്പിവള കിലുങ്ങുന്നതു പോലെയുള്ള അവളുടെ സംസാരം. പാരിജാതത്തിന്റെ ഗന്ധം. നീലമേഘത്തിന്റെ തുണ്ടു പോലെയുള്ള കണ്ണുകൾ.. എന്റെയുള്ളിൽ തേൻ പോലെ മധുരിക്കുന്നതെന്താണ്?

പ്രണയത്തിനൊരു നിമിഷംമതി. പ്രണയത്തിലായാൽ പിന്നെയുള്ള ദിവസങ്ങൾക്കു ശരവേഗമാണ്. ഊഷരമായി കിടന്ന മനസ്സിന്റെ നിലങ്ങളിലൂടെ കുപ്പിവളകൾ കിലുക്കി ഒരു ട്രെയിൻ കുതിച്ചു പായുന്നു. അതു കടന്നുപോകുമ്പോൾ കാറ്റേറ്റു പച്ചപ്പണിയുന്ന പാടങ്ങൾ. ജീവിതത്തിനു മാറ്റങ്ങൾ വന്നതു പെട്ടെന്നായിരുന്നു. രണ്ടു സെമ്മുകളിലെ ഫെയിലായ പരീക്ഷകൾ ഞാൻ ഒറ്റ ശ്രമം കൊണ്ടു തന്നെ എഴുതിയെടുത്തു. മുഖത്തു നീണ്ടു വളർന്ന താടി അപ്രത്യക്ഷമായി. മമ്മിയും ടീച്ചർമാരും എന്റെ പ്രകടമായ മാറ്റത്തിൽ സന്തോഷിച്ചു. എങ്കിലും രാത്രിസ്വപ്നങ്ങളിൽ ചുവന്ന വസ്ത്രങ്ങളണിഞ്ഞയൊരു മന്ത്രവാദി മനസ്സിലെന്നും മഞ്ഞൾക്കളം വരയ്ക്കും. കളത്തിനു ചുറ്റും കാറ്റിൽ ഉലഞ്ഞുകത്തുന്ന ദീപങ്ങൾ. മന്ത്രജപങ്ങൾ നിർത്താതെ മുഴങ്ങുന്നു. കല്ലറകളിൽ വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞു ചിരിക്കുന്ന ആത്മാക്കൾക്കിപ്പോൾ മെർലിന്റെ മുഖമാണ്.

ഒടുവിൽ ഞാനവളോട് എന്റെ ഭ്രാമങ്ങളെപ്പറ്റി മനസ്സു തുറക്കാൻ തീരുമാനിച്ചു. വൈകുന്നേരം കോളേജിനു മുന്നിലെ അരയാലിനു സമീപം ഞാൻ കാത്തുനിന്നു.

“എനിക്കു കഥകൾ എഴുതണം മിസ്റ്റീരിക്കായിട്ടുള്ള കഥകൾ “

മ്യൂസിക് പ്രാക്ടീസ് കഴിഞ്ഞ് എന്റെയരികിലെത്തിയ അവളോടു ഞാൻ മുഖവരയൊന്നുമില്ലാതെ പറഞ്ഞു.
അവൾ അന്തംവിട്ടെന്നെ നോക്കി. പിന്നെ ചിരിച്ചു. ക്രമേണ അതൊരു പൊട്ടിച്ചിരിയായി. കുപ്പിവളകൾ ഉടയുന്നതുപോലെ. അമ്പലമണികൾ മുഴങ്ങി. അരയാലിൽ നിന്നുമൊരു കൂമൻ ഉച്ചയിട്ടു കരഞ്ഞു. എനിക്കു ദേഷ്യം വന്നു. ആ നിമിഷം. വൈദ്യുതതരംഗംപോലെ ഒരു മിന്നൽ എന്റെ തലച്ചോറിലേക്കു പാഞ്ഞുകയറി. അതെ. ഒരു കഥയുടെ സാധ്യതകൾ. എനിക്കു മുന്നിൽ മെർലിന്റെ ദ്രംഷ്ടങ്ങൾ നീണ്ടു വളർന്നു. അരയാലിന്റെ നിഴൽ ഞങ്ങളെ പൊതിഞ്ഞു. ക്രമേണ കഥയിലെ നായികയ്ക്കു അവളുടെ മുഖം കൈവന്നു. അങ്ങനെ ഞാൻ എഴുതിത്തുടങ്ങി.

-5.

‘എസ് എൻ കോളേജിലേക്ക് ആദ്യമായി ഞാൻ ചെല്ലുന്നത് മഴയുള്ള ഒരു വെള്ളിയാഴ്ചയായിരുന്നു. പച്ച കുന്നുകൾക്കു നടുവിലെ മഞ്ഞച്ച മൂന്നുനില കെട്ടിടം മഴയിൽ കുതിർന്ന ഒരു നിഗൂഢ സ്വപ്നം പോലെ തോന്നിച്ചു. ബി ബി എ-ക്കാരുടെ ക്ലാസ്സ്‌ മുറി താഴെയായിരുന്നു. ജനലഴികൾക്കപ്പുറം നിർത്താതെ പെയ്യുന്ന മഴ. മഴയിൽ നനഞ്ഞു നിൽക്കുന്ന ബോഗൺവില്ലകൾ. ആദ്യദിവസങ്ങൾ.. അപരിചിതത്വം. സീനിയേഴ്‌സിന്റെ റാഗിംഗ്. ഒരാഴ്ചകൊണ്ടു പുതിയ അന്തരീക്ഷവുമായി ഇഴുകിച്ചേർന്നു. എങ്കിലും ക്രമേണ ഞാൻ ഉൾവലിഞ്ഞ സ്വഭാവത്താൽ സ്വയം ഒറ്റപ്പെട്ടു. മനസ്സിൽ നിലയ്ക്കാതെ മുഴങ്ങുന്ന മാന്ത്രിക മണികൾ. ഗൂഢമായ എന്റെ പെരുമാറ്റം ക്ലാസ്സ്മേറ്റ്സിനെ ആശയക്കുഴപ്പത്തിലാക്കി. സദാസമയവും ക്ലാസ്സിൽ ഞാനൊരു നിശ്ചലചിത്രമായി മയങ്ങിക്കിടന്നു. പതിവുപോലെ ഒരു ഉച്ചനേരം ക്ലാസിൽ ഉറങ്ങികിടക്കുമ്പോഴാണ് വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്ണ് എനിക്കു മുന്നിലെത്തിയത്.

ഞെട്ടി മിഴികൾ തുറന്നു. അപ്പോൾ ഞാൻ മനോഹരമായ ഒരു സ്വപ്നത്തിലായിരുന്നു. സ്വപ്നത്തിലെ വെളുത്ത യക്ഷികൾ എനിക്കു ചുറ്റും പറന്നു ചിറകടിച്ചു. കണ്ണു തുറന്നു നോക്കിയപ്പോൾ സ്വപ്നത്തിൽ നിന്നും ഇറങ്ങി വന്നതു പോലെയുള്ള ഒരു പെൺകുട്ടി.

‘ഞാൻ മെർലിൻ.’ ക്രമേണ ഞങ്ങളടുത്തു. ഞങ്ങൾക്കിടയിൽ തളിരില പോലെ പ്രണയം മധുരിച്ചു. അവളുടെ സാന്നിധ്യം എന്നിൽ പ്രകടമായ മാറ്റങ്ങൾ വരുത്തി. കഥകൾ എഴുതാനുള്ള എന്റെ ഒടുങ്ങാത്ത ആഗ്രഹം ഞാനവളോടു പറഞ്ഞു. അരയാൽ വിളക്കുകൾ മിന്നി പൊലിഞ്ഞു. എന്റെ കഥയിലെ നായികയ്ക്ക് ക്രമേണ അവളുടെ മുഖമായി. ഞാനാ കഥ എഴുതിത്തുടങ്ങി.

2.

എഴുതിവച്ച വരികളിലേക്കു ഞാൻ അതൃപ്തിയോടെ നോക്കി. ഇതൊരു മിസ്റ്റീരിക് സ്റ്റോറിയാകുമോ? ആകണമെങ്കിൽ ഇനിയും കൂടുതൽ അവളുമായി അടുക്കണം. എന്തെങ്കിലും കഥ അവളിൽ നിന്നു കിട്ടിയാൽ പണി എളുപ്പമായി.

പിന്നീടു പലപ്പോഴും ഞാനവളോട് ഇതേ കാര്യം തന്നെ പറഞ്ഞു. കഥയുടെ ആദ്യ ഭാഗം എഴുതിത്തുടങ്ങിയതൊഴിച്ച്. അവളെ വച്ച് കഥയെഴുതുന്നതറിഞ്ഞാൽ അവളെന്നെ ഉപേക്ഷിക്കുമെന്ന് ഞാൻ ഭയന്നു. ഇതു നല്ല രസമുള്ള ഒരു ഗെയിമാണ്. ജുമാഞ്ചി പോലെ ഈ ഗെയിമിലേക്കു ഞാൻ വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ഈ പ്രണയം പോലും ഗെയിമിന്റെ ഭാഗമാണെന്നാണ് എനിക്കു തോന്നുന്നത്. അടുത്ത കട്ട എറിയുമ്പോൾ. അവളൊരുപക്ഷേ മഴയിലേക്കലിഞ്ഞില്ലാതാകും. ഒരു സ്വപ്നം പോലെ.. കൽക്കണ്ടം പോലെ.. കഥയിലെ നായകനായ ഞാനവളെ അതുല്യമായി പ്രണയിക്കുകയാണ്. പക്ഷേ റിയാലിറ്റിയിൽ.. അണയാൻ വെമ്പുന്ന മെഴുകുതിരിയാണ് എന്റെ പ്രണയം. എനിക്കു ചെറിയ ആത്മനിന്ദ തോന്നി. പക്ഷേ കഥ മുന്നോട്ടു പോകുക എന്നതിനു മുന്നിൽ ഞാനെന്റെ ആത്മാവിന്റെ ഭാഗം പണയം വെച്ചു. കഥയിൽ ഞാൻ റൊമാന്റിക്കായ നായകനാണ്. നായകൻ അവന്റെ നായികയെ കണ്ടെത്തി കഴിഞ്ഞു. ഇനിയതിൽ എന്തെങ്കിലും മിസ്റ്ററികൾ നിറയ്ക്കണം. അതിനു വിശ്വാസയോഗ്യമായ ഒരു കഥ വേണം. ദ മിസ്റ്റീരിക് വൺ!!

ഞാനെന്റെ പ്രണയത്തെ കൂടുതൽ ഊഷ്മളമാക്കി. അവളുടെ വീട് ആറളം വനത്തിനോടു ചേർന്നുള്ള പാടി എന്ന ഗ്രാമത്തിലാണെന്നു ഞാൻ മനസ്സിലാക്കി. ഒരുദിവസം അവൾ എന്നോടൊരു കഥ പറഞ്ഞു.

അതവളുടെ സഹോദരിയുടെ കഥയായിരുന്നു. നിർത്താതെ ചിലയ്ക്കുന്ന പക്ഷികളുടെ കഥ.
അതിൽ കുറച്ചു മിസ്റ്ററികൾ നിറയ്ക്കാൻ ഞാൻ തീരുമാനിച്ചു. അതിന്റെ അവസാനം എന്താകുമെന്ന് സത്യമായും അപ്പോളെനിക്കറിയില്ലായിരുന്നു.

-4.

അവളുടെ വീട് ആറളം വനത്തിനോടു ചേർന്നുള്ള പാടിയിലാണെന്നു ഞാൻ മനസ്സിലാക്കി. പാടിക്ക് അതിരിട്ടൊഴുകുന്ന കക്കുവ പുഴ. പുഴക്കക്കരെ നിഗൂഢ സ്വപ്നംപോലെ കാപ്പിച്ചെടികൾ പൂവിട്ടു നിന്നു. പേടിച്ചരണ്ട ശബ്ദത്തിൽ പക്ഷികൾ നിർത്താതെ ചിലയ്ക്കുന്ന കൊടും വനം. അവളുടെ അപ്പൻ നാട്ടിലെ വലിയൊരു പ്രമാണിയും ദൈവ വിശ്വാസിയുമായിരുന്നു. കടുംകാപ്പിയുടെ മണമുള്ള പ്ലാന്റർ കുരിശിങ്കൽ തൊമ്മിച്ചൻ. പത്തേക്കർ വരുന്ന കാപ്പിത്തോട്ടത്തിന്റെ നടുവിലാണ് അയാളുടെ ഇരുനില വീട്. അതിന്റെ ജനാലകൾ സദാ അടഞ്ഞുകിടന്നു. അയാളുടെ ഭാര്യ സിസിലി. അവരുടെ ദാമ്പത്യത്തിൽ രണ്ടാമതു പിറന്ന മകളാണ് മെർലിൻ.

3.

ഞാൻ എഴുതിത്തുടങ്ങി. രാത്രി കനക്കുന്നു. ജനലഴികൾക്കിടയിലൂടെ നോട്ടം പുറത്തേക്കു പതിഞ്ഞു. ഇരുട്ടിലേക്കു പാലൊഴിച്ചതുപോലെ പരക്കുന്ന നിലാവ്. നിലാവിൽ മുങ്ങിനിൽക്കുന്ന ചെടികൾക്കിടയിൽ തലകുനിച്ചു നിൽക്കുന്ന നിശാഗന്ധിയിൽ നോട്ടം കുടുങ്ങി.

ഹോ.. ഈ കഥ എഴുതിത്തുടങ്ങിയതിൽപ്പിന്നെ പൂക്കളെന്നെ ഭ്രാന്തു പിടിപ്പിച്ചു തുടങ്ങിയിരുന്നു. അകാരണമായ കുറ്റബോധം മനസ്സിൽ നിറയുന്നു. നോക്കുന്നിടത്തെല്ലാം പൂക്കൾ.. പൂക്കൾക്കെല്ലാം അവളുടെ രൂപം.

“എന്റെ പ്രേമം വിശുദ്ധമാണ്. സത്യമുള്ളതാണ്.” അവയെന്നോടു തേങ്ങി.

“നീയെന്റെ കഥയെഴുതുന്നുവെന്നെനിക്കറിയാം. എഴുതിക്കോളൂ.. എങ്കിലുമെന്റെ പ്രണയത്തെ കഥയ്ക്കുവേണ്ടി ഉപേക്ഷിക്കരുതേ..”

ഞാൻ ജനൽ വലിച്ചടച്ചു.

-3.

മെർലിൻ ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് അവർക്കൊരു പെൺകുട്ടി ജനിച്ചിരുന്നു. മെർലിന്റെ തനിപകർപ്പ്! അവളൊരു ലില്ലിമൊട്ടുപോലെ സുന്ദരിയായിരുന്നു. തൊമ്മിച്ചൻ ആഴ്ചയിലൊരു ദിവസം ദൂരെ മാറിയുള്ള തന്റെ തന്നെ മറ്റൊരു എസ്റ്റേറ്റിലേക്കു പോകും. അവിടെ ലയങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. അയാളുടെ കമാൻഡർജീപ്പ് അവർക്കാവശ്യമുള്ള ഭക്ഷണവസ്തുക്കൾകൊണ്ടു നിറയും. ഉരുളക്കിഴങ്ങ്, ഉണക്ക പൊറോട്ട, ചപ്പാത്തിയുടെ പാക്കറ്റ്.. പിന്നെ കർണ്ണാടക അതിർത്തി കടന്നു രഹസ്യമായി എത്തുന്ന ഹാൻസും പാൻപരാഗും. അയാൾ പോയി കഴിഞ്ഞാൽ സിസിലിയും പതിനാലു വയസ്സുകാരി മകളും വീട്ടിൽ തനിച്ചാകും. (ഈ ഘട്ടമെത്തിയപ്പോൾ അവൾക്കൊരു പേരു കൊടുക്കണ്ടേ എന്നൊരു സംശയം എനിക്കു തോന്നി. പിന്നെ വേണ്ടെന്നു വച്ചു.) പാടിയിൽ പൊതുവേ താമസക്കാർ കുറവാണ്. ഉള്ളവരിൽ പകുതിയും നേരംവെളുക്കുന്നതിനു മുൻപ് ദൂരദേശങ്ങളിൽ വിവിധ ജോലികൾക്കായി പോകും. പാലപ്പറമ്പിൽനിന്നും അതിരാവിലെയും രാത്രിയും എത്തുന്ന KSRTC പാടിയിലെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ചു പോന്നു. സിസിലി പത്തേക്കറിനുള്ളിലെ വീട്ടിൽ മാസികകൾ വായിച്ചും പാചക പരീക്ഷണങ്ങളിൽ ഏർപ്പെട്ടും സമയം കഴിച്ചുകൂട്ടി. ഇരുനിലവീടിന്റെ ജനലും വാതിലുകളും സദാസമയവും അടഞ്ഞു കിടന്നിരുന്നു. സിസിലിയുടെ ഒറ്റപ്പെട്ട മനസ്സുപോലെ..

അതൊരു മധ്യാഹ്നമായിരുന്നു. മകൾ പഠനമുറിയിലേക്കു പോകുന്ന കണ്ട സിസിലി ചെറിയൊരു മയക്കത്തിലാണ്ടു. അധികം താമസിയാതെ അതൊരു ഗാഢനിദ്രയായി. പക്ഷികളുടെ നിർത്താതെയുള്ള ചിലമ്പൽ കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. ബെഡ്റൂമിന്റെ ജനാലകളിൽ ചിറകുകൾ തട്ടി അവ നിർത്താതെ കരഞ്ഞു. അവൾ മകളുടെ അടുത്തേക്കു നടന്നു. അവളെ അവിടെ കണ്ടില്ല. മുൻവാതിൽ തുറന്നു കിടക്കുന്നു.

‘മോളേ..’ അവർ ഉറക്കെ വിളിച്ചു. തോട്ടത്തിനുമപ്പുറം മരത്തലപ്പുകളിൽ മറഞ്ഞുതുടങ്ങിയ സൂര്യവെളിച്ചത്തിൽ കാപ്പിയുടെ നിഴലുകൾ നീണ്ടു കറുത്തു.

4.

ഞാൻ എഴുതി നിർത്തി. ഉറക്കം കണ്ണിലേക്കരിച്ചു കയറുന്നു. മേശയിലേക്കു തലചായ്ച്ച ഞാൻ ക്രമേണ സുഖകരമായ ഉറക്കത്തിന്റെ നീലിച്ച കയത്തിലേക്കു സിസിലിയെ പോലെ ആണ്ടു പോയി. ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ വിജനമായ കാട്. ദൂരെയെവിടെയോ നിന്നും കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം. ഒരു കൂറ്റൻപാറയുടെ ചുവട്ടിൽ നിശ്ചലയായി കിടക്കുകയാണൊരു പെൺകുട്ടി. പാറക്കെട്ടിൽ തട്ടിച്ചിതറിയ അഭൗമവെളിച്ചത്തിൽ അവളൊരു ലില്ലിത്തണ്ടു പോലെ കാണപ്പെട്ടു. അവൾക്കരികിൽ ഒരാൾ ഇരിക്കുന്നു. നിലാവിനെ ഒരു മേഘം മറച്ചു. അയാൾ തന്റെ അരയിൽ നിന്നും തിളങ്ങുന്ന കത്തി വലിച്ചൂരി. ആ നിമിഷം അവൾ കണ്ണ് തുറന്നു….

“ഈ നിമിഷമെങ്കിലും പറഞ്ഞുകൂടെ ഈ സ്നേഹം സത്യമാണെന്ന്.”

അവൾ തന്റെ മെലിഞ്ഞ കരങ്ങൾ അയാൾക്കു നേരെ നീട്ടി.

“ഇല്ല.. ഇതു നിർമല സ്നേഹത്തിനുള്ള സമയമല്ല.”

അയാളുടെ കണ്ണുകൾ കാമത്താൽ തിളങ്ങി. അയാൾ വളരെ സാവകാശം അവളുടെ വസ്ത്രം മാറിടത്തിന്റെ ആരംഭത്തിൽനിന്നും താഴേക്കു കീറാനാരംഭിച്ചു. ഒരു തേങ്ങൽ അവളിൽ നിന്നുമുയർന്നു.

അയാൾക്ക്‌ തന്റെ മുഖമായിരുന്നോ?

പിറ്റേന്നു ഞാൻ എണീക്കാൻ താമസിച്ചു. തലയ്ക്കു വല്ലാത്തൊരു മന്ദത. വേഗം കുളിച്ചു റെഡിയായി കോളേജിലേക്കു പുറപ്പെട്ടു. വൈകുന്നേരം പതിവുപോലെ അരയാലിന്റെ ചുവട്ടിൽ ഞാനവൾക്കായി കാത്തു നിന്നു. എല്ലാം തുറന്നു പറയാൻ രാവിലെ തന്നെ തീരുമാനിച്ചിരുന്നു.

“മാഷേ കഥയ്ക്കൊരു മിസ്റ്ററി കിട്ടണമെമെങ്കിൽ ഒരു യാത്ര പോണം. ദൂരേക്ക് ദൂരേക്ക്..” അവൾ ആകാശത്തേക്കു തന്റെ വിരലുകൾ ചൂണ്ടി.

“നീ വാ.. ആറളംവനത്തിനോടു ചേർന്ന എന്റെ ഗ്രാമത്തിലേക്ക്. പാടി നിനക്ക് കഥയിൽ ചേർക്കാൻ തക്ക മിസ്റ്ററികൾ സമ്മാനിക്കും.”

എല്ലാം കേട്ടു കഴിഞ്ഞ് അവൾ പറഞ്ഞു. എനിക്കു സന്തോഷം തോന്നി. അവളിലൂടെ നടന്ന് അവൾ പറഞ്ഞു തന്ന കഥ എഴുതുന്നുവെന്നറിഞ്ഞിട്ടും അവളിൽ പരിഭവമൊന്നുമില്ല. വെയിലിലേക്കു തളർന്നു വീഴാൻ തുടങ്ങിയ പൂമൊട്ട് അതിന്റെ അവസാന നിമിഷത്തിൽ അപ്രതീക്ഷിതമായി കിട്ടിയ നനവിനൊപ്പം തലയുയർത്തി വീണ്ടും വിടരാൻ തുടങ്ങുന്നു.

-2.

രാത്രി മയങ്ങി വീട്ടിലെത്തിയ തൊമ്മിച്ചൻ കണ്ടതു മുറ്റത്തു ബോധരഹിതയായി കിടക്കുന്ന സിസിലിയെയാണ്. അയാൾ ഞെട്ടലോടെ അവളെ കുലുക്കി വിളിച്ചു.

“മോൾ..”

ബോധം വന്ന അവർ കാപ്പിത്തോട്ടത്തിലേക്കു നോക്കി പുലമ്പി. അയാൾ കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെ കിതച്ചോടി. വൃക്ഷശിഖരങ്ങളിൽ തട്ടിയെത്തിയ നിലാവ് വഴിയിൽ വീണു ചിതറിയ വഴിയിലൂടെ.. ഓട്ടത്തിനൊടുവിലയാൾ ഒരു പാറച്ചുവട്ടിൽ മയങ്ങിക്കിടക്കുന്ന മകളെ കണ്ടു. അവൾക്കു ചുറ്റും അനേകം കാട്ടുപക്ഷികൾ കരഞ്ഞു പറന്നു. നേർത്ത ജീവന്റെ തുടിപ്പുമായി അവളുടെ നെഞ്ച് ഉയർന്നു താഴ്ന്നു.

5.

ഈ ഭാഗത്തെത്തിയതും തലേന്നു കണ്ട സ്വപ്നമെന്നിൽ വീണ്ടുമാവർത്തിച്ചു. ഉയർത്തിപ്പിടിച്ച കഠാരയുമായി അവൾക്കരികിൽ ഒരാൾ ഇരിക്കുന്നു! കടുത്ത കാപ്പിയുടെ ഗന്ധം. ഞാൻ തലയൊന്നു കുടഞ്ഞു. മെർലിൻ പറഞ്ഞ കഥ തീരാൻ ഇനി ഏതാനും വരികൾ കൂടിയേ ഉള്ളൂ. ആശുപത്രിയിലെ നീണ്ടകാലത്തിനുശേഷം അവൾ ജീവിതത്തിലേക്കു മടങ്ങിവരികയാണ്. ഓർമ്മ കിട്ടിയപ്പോൾ ഒരു പേക്കിനാവു പോലെ അന്നത്തെ ദിവസത്തെയവൾ മറന്നു കളഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷമവൾ ഒരു വാഹനാപകടത്തിൽ മരിക്കുകയാണ്. കഥയുടെ ഒഴുക്ക് എനിക്കു മുന്നിൽ നിലച്ചു. എന്തു മിസ്റ്ററിയാണ് എനിക്കിതിൽ ഇനി ചേർക്കാൻ കഴിയുക?

ഞാനൊരു പാറയിൽ ചാരി നിന്നു വിദൂരതയിലേക്കു നോക്കി. നരച്ച ഒരു സ്വപ്നം പോലെ നിലാവിൽ കുളിച്ച കാട്. കുറച്ചകലെ ആ സ്വപ്നത്തിലേക്കു വീണു ചിതറുന്ന മീൻമുട്ടി വെള്ളച്ചാട്ടം. എനിക്കു ചെറിയ പേടി തോന്നി.

“മൃഗങ്ങൾ ഉണ്ടാകില്ലേ?” ഞാൻ അവളെ നോക്കി.

“നോ നെവർ.” അവൾ ചിരിച്ചു.

“നാട്ടിലാണ് മൃഗങ്ങൾ. കാട്ടിലല്ല.”

ആ നിമിഷം. എന്നിലൊരു മിന്നൽ പുളഞ്ഞു. ഈ സ്ഥലം.. ഈ കാട്. വിളുമ്പിലേക്കു നിൽക്കുന്ന പാറക്കെട്ട്. ഇതെനിക്കു പരിചിതമാണ്. പക്ഷേ എങ്ങനെ?

“ഞാനാ കഥയ്ക്കു പറ്റിയ മിസ്റ്റീരിക് ക്ലൈമാക്സ് പറയട്ടെ?”

അവൾ എന്നോടു ചോദിച്ചു. ഞാനൊരു സ്വപ്നത്തിലെന്നവണ്ണം യാന്ത്രികമായി തലകുലുക്കി.

-1.

നീണ്ടനാളത്തെ ആശുപത്രിവാസത്തിനുശേഷം അവൾ ജീവിതത്തിലേക്കു മടങ്ങി. എങ്കിലും ക്രമേണ അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ കാര്യമായ മാറ്റങ്ങൾ വന്നതായി സിസിലിക്കനുഭവപ്പെട്ടു. ഒരു ദിവസം മുറ്റത്തു വിരിച്ചുവച്ച പായയിൽ അരിമണികൾ നിരത്തിവച്ചിരിക്കുന്ന മകളെയാണ് അവർ കണ്ടത്. അവൾക്കുചുറ്റും പക്ഷികൾ ചിലച്ചു പറക്കുന്നു.

“അമ്മേ എനിക്കിപ്പോൾ മരണങ്ങൾ മുൻകൂട്ടി കാണാം.”

അവൾ അമ്മയോടു പറഞ്ഞു. മകളുടെ മാനസ്സികനില വീണ്ടും തകരാറിലായെന്ന് ആ സ്ത്രീ ഭയന്നു. എങ്കിലും ക്രമേണ അവൾ പറഞ്ഞ ദിവസങ്ങളിൽ അവൾ പറഞ്ഞവർ മരിക്കുന്നതു കണ്ടുഅവർ അമ്പരന്നു.

“പക്ഷികളാണ് എനിക്കു മരണവിവരങ്ങൾ നൽകുന്നത്.”

അവൾ പിന്നെയൊരു ദിവസം വീണ്ടും പറഞ്ഞു. പിന്നെയൊന്നും സംഭവിക്കാത്തതുപോലെ അരിമണിയും പായയുമായി പുറത്തേക്കു പോയി.

ഒടുവിൽ അവൾ അവളുടെ മരണവും.. മെർലിനിൽ നിന്നുമൊരു ദീർഘനിശ്വാസം ഉതിർന്നു.

“കൃത്യം പറഞ്ഞ ദിവസം തന്നെയവൾ മരിച്ചു!”

6.

“ഇത്രയൊക്കെ പോരേ മാഷേ.. കഥ കംപ്ലീറ്റു ചെയ്യാൻ?” അവൾ എന്നെ നോക്കി ചിരിച്ചു.

“വൗ ധാരാളം. ഇതിൽ മിസ്സറിക് എലമെന്റുകൾ ധാരാളമായി ചേർക്കാനുള്ള സാധ്യതകളുണ്ട്.”

പക്ഷേ അവ്യക്തതകൾ ധാരാളം. അന്നു കാട്ടിൽ എന്തു സംഭവിച്ചു? പക്ഷികളുടെ രഹസ്യമെന്താണ്? ഇത് റിയൽ സ്റ്റോറിയാണോ മെർലിൻ എനിക്കു വേണ്ടി സങ്കല്പിച്ചു പറഞ്ഞതാണോ? ഞാനെന്റെ മണ്ടൻ ചോദ്യങ്ങൾ ഉള്ളിലടക്കി. എന്തുമാകട്ടെ ‘മരണം പ്രവചിക്കുന്ന പെൺകുട്ടി’ ഈയൊരു വരി മാത്രം മതി എനിക്കെന്റെ കഥ മിസ്റ്റീരിക്കായി പൂർത്തിയാക്കുവാൻ.

ഞാൻ മെർലിനെ നന്ദിയോടെ നോക്കി. നിലാവിൽ കുളിച്ചൊരു പാരിജാതം പോലെ അവൾ നിശ്ചലയായി കിടക്കുന്നു. അരികിൽ ഒഴിഞ്ഞ ബിയർബോട്ടിൽ.

“ഈ നിമിഷമെങ്കിലും പറഞ്ഞു കൂടേ ഈ സ്നേഹം സത്യമാണെന്ന്..?”

അവൾ തന്റെ ലോലമായ കരങ്ങൾ എനിക്കു നേരെ നീട്ടി. ആ നിമിഷം ഈ സ്ഥലം ഏതാണെന്ന് എനിക്കു മനസ്സിലായി. ഈ പാറക്കെട്ടും. എനിക്കാ പഴയ സ്വപ്നം വീണ്ടും ഓർമ്മ വന്നു. മങ്ങിയ വെളിച്ചത്തിൽ കഠാരയുമായി നിൽക്കുന്ന ആളുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു വന്നു. അതു ഞാനല്ല. തൊമ്മിച്ചനായിരുന്നു!

0.

ഇതൊരു മനോഹരമായ ഗെയിമാണ്. ഇതിൽനിന്നു പുറത്തുകടക്കാൻ കട്ടയിൽ ഏതു സംഖ്യ വീഴണമെന്ന് എനിക്കറിയില്ല. എങ്ങനെയെങ്കിലുമൊന്ന് പുറത്തുകടന്നാൽ മതിയായിരുന്നു! എങ്കിലുമിപ്പോൾ ആ പെൺകുട്ടിക്കു കൊടുക്കാൻ ഒരു പേര് കിട്ടിയതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. എന്റെ സന്തോഷത്തിൽ നിങ്ങൾക്കമ്പരപ്പു തോന്നുന്നുണ്ടാകുമല്ലേ?

( അവസാനിച്ചു)

(Info : കഥയിൽ കൊടുത്തിരിക്കുന്ന നമ്പറുകൾ 1, -5, 2, -4, 3, -3, 4, -2, 5,-1, 6 എന്ന ക്രമത്തിലാണ്. പോസിറ്റീവുനമ്പറുകൾ വർത്തമാനത്തിൽ നടക്കുന്ന കഥയെയും നെഗറ്റീവുനമ്പറുകൾ കഥയിലെ നായകൻ എഴുതുന്ന കഥയെയും സൂചിപ്പിക്കുന്നു.)