- മെലിഞ്ഞ കുട്ടി വേശ്യയും അസംബന്ധ നാടകവും
വെളുത്തു മെലിഞ്ഞ കാഷ്മീരി
കുട്ടിവേശ്യയും
അവളുടെ പാതിയുറങ്ങിയ
പാവക്കുട്ടിയും പാറാവുകാരനും
വിഷാദം
ഉറക്കം തൂങ്ങുന്ന അവളുടെ കണ്ണുകളും
പ്രണയത്തിന് ഇരുട്ടിൽ റെഡ് അലർട്ട് പറയുന്നു.
ഈതറ് മണക്കുന്ന മുറിയിൽ
വിളറിയ അവളുടെ ശരീരം മണത്ത്
വാക്കുകളെ
ഭോഗിക്കാനൊരു ആത്മാവ് തിരയുന്നു ഞാൻ
വെളുത്തു തടിച്ച രണ്ടു മലയാളി പെണ്ണുങ്ങൾ
മരണവീടിന്റെ മുറ്റത്ത്
പട്ടം പറത്തി കളിക്കുന്നു
കണിയാൻ കൈ നോക്കി കൈ നോക്കി
കവിളിലൂടെ പെണ്ണിന്റെ മുലയിൽ തൊടുന്നു
പകൽ അവൾ പണയം വച്ച പണ്ടം
ഇരുട്ടിലൂതിക്കാച്ചി അവളെ
പുതപ്പിക്കുന്ന തട്ടാൻ വിയർത്ത് കുളിച്ച് കിതയ്ക്കുന്നു
വേലികൈയ്യിൽ നിന്ന് കറവക്കാരൻ സോമൻ അവളുടെ മടിക്കുത്തിലേക്ക്
ചാരായകുപ്പി തിരുകുന്നു
തമിഴ്പെണ്ണുങ്ങളുടെ ആടിയുലയുന്ന മുക്കുറ്റിക്കമ്മൽ
ആലുവാമണപ്പുറത്ത് അരിക്കോലം
വരയ്ക്കുന്നു.
സൂയിസിഡൽപോയിന്റിൽ നിന്നും
ഒരു രാജവെമ്പാല സ്വന്തം ശിരസിൽ കൊത്തി താഴേക്കു ചാടി മരിക്കുന്നു
പാറാവുകാരൻ സൈക്കിൾ മടക്കി വച്ച്
പെൺകുട്ടിയെ തൊട്ടുരുമ്മിക്കിടക്കുന്നു
കുട്ടി ഉച്ചത്തിൽ കരയുന്നു
എത്ര പറഞ്ഞിട്ടും മൊട്ടക്കുന്ന് വീണ്ടും ഫ്ലെവർഷോ കാണാൻ പോകുന്നു.
ഞാൻ അലർച്ച അടങ്ങാത്ത കടലിൽ…
പ്രായമേറിയ ഒടിവും ചതവും വളവും
സൂര്യൻ മരിച്ചു പോയ ആകാശം
സ്വന്തം ശിരസിൽ കൊത്തി മരിക്കണമെനിക്ക്
നിർത്തണമീ അസംബന്ധ നാടകം.
2.എന്റെ ധ്യാനങ്ങൾ അവസാനിക്കുന്നില്ല
എന്റെ ധ്യാനങ്ങളെല്ലം
അവസാനമില്ലാതെ ചെന്നെത്തുന്നത് നിന്നിലേക്കാണ്.
മത്ത് പിടിച്ചു പൂക്കളായ്പ്പോയ പൂമ്പാറ്റകളിലും
തേനീച്ചകളിലും
മഞ്ഞുകാല ഉറക്കം പരിശീലിക്കുകയാണ് ഞാൻ
ചെടികളുടെ ഉറക്കത്തിലെ സ്വപ്നമാകാനാണ്
ഞാനൊരു പൂമ്പൊടിയായി
കാറ്റിനെ കാത്തിരിക്കുന്നത്.
നിന്നെക്കുറിച്ചുള്ള ധ്യാനമില്ലെങ്കിൽ
ആകാശം നോക്കി വൃക്ഷങ്ങളുടെ നീളമളക്കുന്ന ഒരു ഭ്രാന്തനോ
സ്വന്തം നിഴലിനോട് സംസാരിച്ചു നില്ക്കുന്ന ഒരു ഉച്ചക്കിറുക്കനോ
തിരക്കേറിയ മനുഷ്യനഗരങ്ങളെ ചുട്ടുചാമ്പലാക്കുന്ന ഒരു ചാവേറൊ
ആയിത്തീരുമായിരുന്നു ഞാൻ.
ഞാനിപ്പോൾ
വസന്തം വരുന്നതും കാത്ത്
ചെടികളോട് കിന്നാരം പറയുന്നു
നിന്നെയും കാത്തിരിരുന്ന്, കാത്തിരുന്ന്…
മരങ്ങൾ എന്നോട് സംസാരിക്കാൻ വരുന്നു.
മലകളെന്നെ വിളിക്കുന്നു
മഹാശൂന്യത വാചാലമായ് എന്റെ കവിളിൽ
തൊട്ടുരുമ്മുന്നു.
എന്റെ ധ്യാനങ്ങൾ അവസാനിക്കുന്നില്ല.