മൂന്ന് കവിതകൾ

  1. തണൽ

വെയിൽ
നിറങ്ങളിൽ
ഇലകൾ
മുക്കി
മരം
തന്നെ
വരച്ചു വെക്കുന്നു.

തണുപ്പുള്ള
ഒരു സ്വയം
സാക്ഷ്യപ്പെടുത്തലിനെ
തണലെന്ന്
പേര് ചൊല്ലി
വിളിക്കുന്നു.

2. ദാഹത്തെക്കുറിച്ച്

പൂവിൻ്റെ
ഭംഗിയേക്കുറിച്ച്
വേരിനോടു
ചോദിച്ചിട്ടെന്ത്
കാര്യം?
ചെടിയുടെ
ദാഹത്തെക്കുറിച്ച്
ചോദിക്കൂ

വേര്
പടർന്നിറങ്ങുന്നത്
കാണാം.

3. ചുംബനം

കൊഴിഞ്ഞു
വീണതല്ല,
കാലമിത്രയും
വെള്ളവും
വളവും
തന്ന
മണ്ണിനെ
ചേർത്ത് പിടിച്ച്
ചുംബിച്ചതാണെന്ന്
ഇല.