മൂന്ന് അച്ഛൻ കഥകൾ

  1. ഹിപ്പി

ചെറുപ്പത്തിൽ സ്ഥിരമായി മുടിവെട്ടിയിരുന്നത് ആശാൻചേട്ടന്റെ സലൂണിലാണ്. കൃത്യമായ ഇടവേളകളിൽ അച്ഛൻ എന്നെ ആശാൻചേട്ടന്റെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഇരുത്തും. അന്നത്തെ സ്റ്റൈൽ ഹിപ്പിയായിരുന്നു. ചെവിക്കു മീതെ, ചെവി മൂടി മുടിയിങ്ങനെ താഴോട്ട് നീണ്ടു കിടന്ന് തോളിൽ വന്ന് ചുരുണ്ടുകിടക്കും. ഹൊ.., കാണാൻ എന്തൊരു ചന്തമാണ്. സിനിമകളിലെ നായകന്മാർ എല്ലാം അങ്ങനെ തന്നെയായിരുന്നു. പലതരം സ്റ്റൈലിൽ. മുന്നിലേക്ക് നെറ്റിയിൽ ഇട്ടും, സമൃദ്ധമായി വശങ്ങളിലേക്ക് കോതിയിട്ടും മുടിചീകലുകളുടെ വൈവിധ്യങ്ങളിലൂടെ അവർ എന്നെ കൊതിപ്പിച്ചു. പിന്നീട് വളർന്ന് ഏറെ കഴിഞ്ഞപ്പോഴാണ് അതിൽ പലതും വെപ്പുമുടികൾ ആണെന്ന് മനസ്സിലായത്. മുടി നീട്ടിവളർത്താൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ അച്ഛൻ സമ്മതിക്കില്ല. മുടി കണക്കു വിട്ട് വളർന്നെന്നുകണ്ടാൽ അച്ഛൻ ഉടനെ വലിച്ചിഴച്ചു ആശാൻ ചേട്ടനരികിലേക്ക് കൊണ്ടുപോകും. വരാൻ ഇഷ്ടമില്ലാത്ത മൃഗങ്ങളെ അതിന്റെ യജമാനൻ വലിച്ചു കൊണ്ടുപോകുന്നതുപോലെ… സിനിമയിലെ വില്ലൻമാരായ ജോസ്പ്രകാശ്, ബാലൻ കെ നായർ , ഉമ്മർ എന്നിവരൊക്കെ കഴിഞ്ഞാൽ അന്നത്തെ ഏറ്റവും വില്ലൻ ആശാൻചേട്ടൻ ആയിരുന്നു. മുടിവെട്ട് ദിനങ്ങൾ അടുക്കും തോറും ഒരുതരം ഉൾഭീതി മനസ്സിൽ നിറയും . ആശാൻചേട്ടൻ ഞങ്ങളെ കണ്ടാൽ സമൃദ്ധമായൊന്നു ചിരിക്കും. മൂപ്പർക്ക് സന്തോഷമാകും. തന്റെ മൂക്കിൻകീഴിൽ പൊടിപിള്ളാരൊന്നും അങ്ങനെ ഹിപ്പി ചമഞ്ഞു നടക്കേണ്ടെന്ന് ആൾക്കും ഒരു നിർബന്ധം ഉണ്ടെന്നു തോന്നുന്നു. ചെന്നപാടെ കുഷ്യൻ ഇട്ട കഴുത്തിന്റെ ഭാഗം ഇഷ്ടാനുസരണം കയറ്റുകയും ഇറക്കുകയും ചെയ്യാവുന്ന കസേരയിൽ ഒരു നീളൻ പലകയിട്ട് അതിൽ കയറ്റിയിരുത്തും. മുടിവെട്ടാൻ സൗകര്യത്തിന് ഉയരം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയാണ്. പിന്നെ കൈക്രിയ തുടങ്ങുകയായി. സ്ഥിരം കിടികിടി യന്ത്രം കഴുത്തിന് പിറകിലൂടെ കതിർ നിറഞ്ഞ വയലിലൂടെ ഇന്നത്തെ കൊയ്ത്തു യന്ത്രം ഇറങ്ങിയതുപോലുള്ള ഒരു തോന്നലാണ്. അതുവരെ ഹിപ്പിയാകാമെന്നു കരുതി സമൃദ്ധിയായി വളർത്തികൊണ്ടുവന്നിരുന്ന മുടികളൊക്കെ ചറുപിറുന്നനെ ഞെട്ടറ്റു വീഴുന്ന പൂക്കൾ പോലെ കഴുത്തിൽ മൂടിക്കിടന്ന വെള്ള തുണിയിലേക്ക് വീണുകൊണ്ടിരിക്കും. കനത്ത നിരാശയോടെ അത് നോക്കി നെടുവീർപ്പിടും. ബാർബർഷാപ്പിൽ നിന്നും വെള്ളത്തിൽ വീണ കോഴിയെ പോലെ തിരിച്ചിറങ്ങി നടക്കുമ്പോൾ ഒരു വിജയിയെ പോലെ പിറകിൽ ആശാൻ ചേട്ടൻ നിന്ന് ചിരിക്കുന്നുണ്ടെന്ന് തോന്നും. എന്റെ കിടികിടി യന്ത്രം ഇവിടെയുള്ളപ്പോഴാ നിന്റെയൊക്കെ ഹിപ്പി എന്ന മട്ടിൽ.

കാലം കഴിഞ്ഞു. ഫാഷനുകൾ മാറി മറിഞ്ഞു. ഹിപ്പിക്കാർ കുറ്റിയറ്റു പോയി. ഇപ്പോഴത്തെ സ്റ്റൈൽ പലതരം വെട്ടലുകളാണ്. എന്തും ഒരു സ്റ്റൈൽ ആയിരിക്കുന്നു.ആശാന്റെ കിടികിടിക്ക് പകരം പലതരം ട്രിമറുകൾ ഓരോരുത്തരുടെയും കയ്യിൽ ഉണ്ട്. ഇന്ന് അച്ഛനെ പേടിക്കാതെ എത്ര വേണമെങ്കിലും മുടിവളർത്തി ഹിപ്പിയാകാം. പക്ഷെ ഹിപ്പി ഫാഷൻ അല്ലാത്തതുകൊണ്ട് താൽപ്പര്യമില്ലെന്ന് മാത്രം. സലൂണിൽ കയറിയാൽ സ്‌ക്വയർ,റൌണ്ട് തുടങ്ങി പലതും പറയും. പുതിയ ട്രിമ്മർ നേർത്ത ഒരു ഞെരക്കത്തോടെ മുടി മുറിച്ചിടും. അച്ഛനും ആശാൻചേട്ടനും ചേർന്ന് അടിച്ചമർത്തിയ ഒരു ഹിപ്പി മോഹക്കാരൻ ഇന്നും ഒരു പറ്റത്തലയനായി നടക്കുന്നു. ചെറുപ്പത്തിലേ ആ അടിച്ചമർത്തലിന്റെ ഭീകരത ശീലമായി മാറിയതാകുമോ?

എന്തായാലും എന്റെ പ്രതികാരം നിവർത്തിച്ചു താരാൻ കാലം തന്നെ അവസരം തന്നു എന്നതാണ് സത്യം. ബാർബർ ഷോപ്പിലേക്ക് നടന്നുപോകാൻ വയ്യാതിരുന്ന അച്ഛന്റെ തലമുടി കുറെ കാലം പറ്റെ അടിച്ചു കൊടുത്തത് ഞാനാണ്. അതിനായി സ്ഥിരം ഒരു ട്രിമ്മർ കരുതി വെച്ചു. അച്ഛന്റെ തലയിലൂടെ ട്രിമ്മർ കയറിയിറങ്ങുമ്പോൾ എനിക്കുളളിലെ ആ പഴയ കുട്ടി തിമിർത്തു ചിരിച്ചു. ഒരിക്കലും പറ്റെവെട്ടൽ അല്ലാതെ മറ്റൊന്നും സ്വന്തം തലയിൽ പരീക്ഷിക്കാത്ത അച്ഛൻ എന്നും എന്റെ മുടിവെട്ടൽ പക്ഷെ ആസ്വദിച്ചിരുന്നു എന്നതാണ് സത്യം. ചെറുപ്പത്തിൽ അച്ഛൻ എന്നെ പറ്റെ വെട്ടിച്ചപ്പോൾ വാർധക്യത്തിൽ ഞാൻ അച്ഛനെ പറ്റെ വെട്ടുന്നു. ഞാനും അച്ഛനും ഒന്നുപോലെ ആ പ്രതികാരം ആസ്വദിക്കുന്നു. ഒരർത്ഥത്തിൽ മധുര പ്രതികാരം എന്ന് പറയുന്നതും ഇതൊക്കെ തന്നെയല്ലേ.

2. മുല്ലക്കര

മുല്ലക്കര എനിക്ക് സത്യസന്ധതയുടെ അനുഭവസാക്ഷ്യമാണ്. വളരെക്കാലം മുൻപെ തുടങ്ങിയതാണിത്. പക്ഷേ ഈയിടെയായി മുല്ലക്കരയിലൂടെ കടന്നുപോകുമ്പോൾ എന്നിലേക്ക് ആ സത്യസന്ധത തികട്ടി വരുന്നു. എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാണല്ലോ. സജീവമായി നമ്മോടൊപ്പം ഉള്ളപ്പോൾ അതിന്റെ ഗുണവും മൂല്യവും നാം അറിയുന്നില്ല. ഒരുദിവസം നമ്മിൽ നിന്നത് അപ്രത്യക്ഷമാകുമ്പോളാണല്ലോ നമ്മൾ ആലോചിക്കുന്നതും ഓർക്കുന്നതും.

ഇപ്പോൾ മുല്ലക്കര വഴി പോകുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഈ കാര്യങ്ങളൊക്കെയാണ്. അച്ഛൻ ഉള്ളപ്പോൾ എത്രയോ തവണ ഞാൻ മുല്ലക്കര വഴി കടന്നു പോയിരിക്കുന്നു. ഇറങ്ങാനുള്ള ഇടമെത്തുമ്പോൾ മുല്ലക്കര എന്ന് കണ്ടക്ടർ വിളിച്ചു പറയുമ്പോഴും ഞാൻ അതേക്കുറിച്ച് ഓർക്കാറേയില്ല. പക്ഷേ അച്ഛൻ ഇല്ലാതായപ്പോൾ ആ വഴി കടന്നുപോകുമ്പോൾ, മുല്ലക്കര എന്ന സ്ഥല നാമം എഴുതി വച്ചത് കാണുമ്പോഴെ എനിക്ക് പലതും ഓർമ്മ വരും.

വളരെ ചെറിയ ഒരു സംഭവമാണ്. അച്ഛനെ പ്രതിയാണ്. അച്ഛന്റെ ചെറുപ്പകാലത്ത് അച്ഛൻ പല സ്ഥലത്തും വീട്ടുജോലിക്കും കാവൽ പണിക്കും മറ്റൂമൊക്കെ നിന്നിട്ടുണ്ട്. അച്ഛൻ അത്ര വലുതായിട്ടില്ല. അച്ഛന് വലിയ വിദ്യാഭ്യാസം ഒന്നുമില്ല. പഠിക്കേണ്ട കാലത്ത് പഠിക്കാതെ, സ്കൂളിൽ കയറാതെ മാവിൻ കൊമ്പത്ത് കയറിയിരുന്നു ബീഡിവലിച്ച് സ്കൂൾവാസം അവസാനിപ്പിച്ചു. വേഗംതന്നെ പ്രാരാബ്ധക്കാരനായ അച്ഛൻ വീട്ടുവേലക്ക് നിൽക്കലും ചായക്കടയിൽ പാത്രം മോറലുമൊക്കെയായി കാലം കഴിച്ചു. അന്നത്തെ കാലത്ത് അതൊക്കെ തന്നെയാണല്ലോ പതിവ് പഠിക്കാത്തവർ എവിടെയെങ്കിലും പണിക്ക് നിൽക്കും.

മുല്ലക്കരയിൽ ഒരു സർക്കിൾ ഇൻസ്പെക്ടറുടെ വീട്ടിൽ കുശിനിക്കാരനായി നിൽക്കുന്ന കാലം. അദ്ദേഹവും ഭാര്യയും മാത്രമേ വീട്ടിലുള്ളൂ. രണ്ടുപേർക്കും അത്യാവശ്യം പ്രായം ആയിട്ടുണ്ട്. അവർ അച്ഛനെ ഉണ്ണി എന്നാണത്രേ വിളിക്കുമായിരുന്നത്. അത്താഴത്തിനു മുൻപ് നല്ല ബ്രാലിന്റെ നടുക്കഷണം വറുത്തത് അഞ്ചാറെണ്ണം ചട്ടിയിൽ തന്നെ ഇരിക്കുന്നുണ്ട്. അച്ഛന്റെ ഊണ് കഴിയുന്നത് വരെ അതവിടെ ഇരിക്കും. തുറന്നു നോക്കിയാൽ അച്ഛന് കാണാം. അച്ഛനെ ഒന്ന് പരീക്ഷിക്കാൻ വേണ്ടിയാണ്. ഇടയ്ക്കിടയ്ക്ക് സർക്കിളിനും ഭാര്യക്കും ഒരു സ്വഭാവമുണ്ട്. അച്ഛനെ പരീക്ഷിച്ചു തങ്കം തന്നെയാണോ എന്ന് ബോധ്യപ്പെടണം. അതിനായി അവർ ചെയ്യാറുള്ളതാണിത്. അച്ഛനാരാ പുള്ളിയെന്ന് അവർക്കറിയില്ലല്ലോ. അച്ഛൻ ആ ഭാഗത്തേക്ക് നോക്കില്ല.അവസാനം ഗതികെട്ട് അവർ പരസ്പരം പറഞ്ഞത്രേ: “ആരാ ബ്രാല് വറുത്തത് കണ്ട വേണ്ടെന്നു വയ്ക്കുക. ഇവൻ തൊടുക പോലും ചെയ്തില്ല. സമ്മതിക്കണം അവന്റെ സത്യസന്ധത. ഉണ്ണിന്നെ പറ്റിക്കാൻ നമ്മെക്കൊണ്ട് ആവില്ല ..”

മുല്ലക്കര എന്ന് കേട്ടാൽ ഓടിയെത്തുക അച്ഛന്റെ സത്യസന്ധമായ അടുക്കള ജീവിതമാണ്. മുല്ലക്കര എത്തുമ്പോൾ വെറുതെ ഞാൻ ഒന്നു നോക്കും അച്ഛൻ പണ്ട് അടുക്കളപ്പണിക്ക് നിന്നിരുന്ന ആ വീട് അവിടെയെങ്ങാനും ഉണ്ടോ എന്ന്. അതുപോലെ പഴയ ആ സർക്കിളും ഭാര്യയും…അച്ഛനോ പോയി, എനിക്കറിയാം പിന്നെയാണോ അവർ… വാർദ്ധക്യത്തിന് കീഴടങ്ങി അവരൊക്കെ മണ്ണോട് ചേർന്നിരിക്കുന്നു. എന്നാലും അങ്ങനെ വെറുതെയൊന്നു നോക്കുന്നതു കൊണ്ടു മനസ്സിന് സന്തോഷവും സമാധാനവും കിട്ടുന്നുവെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും കരുതും. അതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ.

3.ഹെഡ് ലൈറ്റ്

മുൻപോക്കെ രാത്രിയിലെ ഇരുളിൽ ഹെഡ് ലൈറ്റ് ഇട്ട് വന്ന് പിറ്റേന്ന് കാലത്ത് ബൈക്കിൽ പോകുമ്പോൾ ആരെങ്കിലുമൊക്കെ വഴിയരികിൽ നിന്ന് കൈവിരലുകൾ അഞ്ചും ചുരുക്കിയും നിവർത്തിയും പ്രകാശം അണച്ചിട്ടില്ല എന്ന മുന്നറിയിപ്പ് തരുമായിരുന്നു. ഇന്ന് പക്ഷെ പകലും ഹെഡ്ലൈറ്റ് ഇട്ടു പോകുന്ന ബൈക്ക് കണ്ടാൽ ആരും ചേതമില്ലാത്ത ഉപകാരം ചെയ്യാതായിരിക്കുന്നു. അതുകൊണ്ടെന്താ രാത്രിയിൽ ഇട്ട ലൈറ്റ് ഒരു പകൽ പ്രകാശത്തിൽ മുഴുവൻ കത്തിയമർന്ന് തീരുന്നു. ബാറ്ററി ചാകാറാകുമ്പോഴായിരിക്കും ബോധോദയം ഉണ്ടാകുന്നത്. അപ്പോഴേക്കും വൈകിയിരിക്കും. എത്ര രാത്രികൾ വണ്ടി സ്റ്റാർട്ട്‌ ആവാതെയും വിളക്ക് കത്താതെയും പാതയിൽ കുടുങ്ങികിടക്കേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും പാഠങ്ങളിൽ നിന്ന് പഠിക്കാൻ മറവി അനുവദിക്കില്ല. ഇത് എന്റെ കാര്യം. കോളേജിൽ പോകുന്ന മകന്റെത് മറ്റൊന്നാണ്.

അവൻ മനഃപൂർവം പകലും ലൈറ്റ് ഇട്ട് വണ്ടി ഓടിക്കുന്നു. ഞാൻ അവനെ നന്നായിട്ടൊന്ന് ഗുണദോഷിക്കാൻ തുനിഞ്ഞതെ ഓർമ്മയുള്ളൂ.

എന്തു പറഞ്ഞാലും കാര്യം ഇല്ല. ഒന്നുകിൽ പുതിയ വണ്ടി വാങ്ങിത്തരണം. അല്ലെങ്കിൽ ഞാൻ ലൈറ്റ് ഇട്ട് ഓടിക്കും.

അതെന്താ…

ലൈറ്റ് ഇല്ലാതെ പോയാൽ ഇത് പഴെ വണ്ടിയാണെന്ന് എല്ലാവർക്കും മനസ്സിലാവില്ലേ. അതോടെ സകല മാനോം പോകില്ലേ. ഇത് അസഹിഷ്ണുതയാണ്. പഴയ വണ്ടിയുള്ളവർക്കും ഈ നാട്ടിൽ തല ഉയർത്തി നടക്കണ്ടേ. അല്ലെങ്കിൽ ടോപ് അപ്പിനുള്ള എന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. അതും ഇല്ല. അതുകൊണ്ട് എന്റെ വഴി ഞാൻ നോക്കി.

അവന് അവന്റെ വിഷമം. പിന്നെ ഞാൻ മിണ്ടിയില്ല. പുതിയ വണ്ടി വാങ്ങുന്നതെക്കാൾ നല്ലത് ഇടക്ക് ബാറ്ററി ചാർജ് ചെയ്യുന്നതാണ് എന്ന് ഞാനും സമാധാനിച്ചു.

തൃശൂര്‍ ജില്ലയിൽ മണലിത്തറ സ്വദേശി. മെഡിക്കല്‍ റെപ്രസെന്‍റെറ്റീവായി തൃശ്ശൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്നു. എട്ട് നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടനവധി ചെറുകഥ /നോവൽ രചന മത്സരങ്ങളിൽ വിജയിയാണ്.