മുഹൂർത്തം ജ്വലിതം

“നില്ലടാ അവിടെ !! “
എങ്ങാണ്ടുന്നൊരു പിൻവിളി
കേട്ടുവോ ഞാൻ
ഇല്ലായിരിക്കാമതെൻ
വ്യഥതൻ പേക്കിനാക്കിടുകിടുപ്പായിരിക്കാം.
ഞങ്ങൾ ഭരണകൂടങ്ങൾ
ഞങ്ങളീ
ലോകാധിപത്യത്തിൻ
ശക്തികൾ
മതത്താൽ, ജാതിയാൽ,
വംശവർണ്ണങ്ങളാ-
ലധോലോകത്തിന്നാഗോള
കുത്തകക്കച്ചവടങ്ങളാ-
ലാധിപത്യങ്ങളാൽ,
കടഞ്ഞെടുത്തൊരീ
സ്വർണ്ണസിംഹാസനത്തി-
ന്നുടയവർ ഞങ്ങൾ,
ജനാധിപത്തിന്നേകാധിപതികൾ.

ദേവതുല്യരാം
രാജപ്രഭൃതികൾ
നീയാരൊരുകേമൻ
കവിയോ,
ഇതിഹാസകാരനോ
കഥയെഴുതും കാഥികനോ
നോവലിസ്റ്റോ
അക്ഷരത്തെപ്രണയിക്കും നാരിയോ
നടനോ
നാടകക്കാരനോ
ഞങ്ങൾക്കെതിരേ
വാഗ്ദ്ധോരണിയുർത്തുമോ-
രധികപ്രസംഗിയോ,
മാദ്ധ്യമ നാരദനോ,
……
“ആരെടാ നീ
നില്ലെടാ അവിടെ!”
……………..
നിന്നെപ്പിടിക്കുന്നു ഞങ്ങൾ
ഞങ്ങളധികാരികൾ
ദൈവദത്തമാം
രാജപ്രഭുക്കൾ
നിന്നെയിതാ പിടിക്കുന്നു ഞങ്ങൾ
നിന്നെയടിക്കുന്നു ഞങ്ങൾ
ഞങ്ങളധികാരമുള്ളവർ
നിൻ കൈകാലുകൾ
തല്ലിയൊടിക്കുന്നു ഞങ്ങൾ
ഞങ്ങളധികാരവർഗ്ഗത്തിൻ
ഭുജബലമുള്ളവർ.

മിണ്ടാതിരിക്കെടാ
പൂച്ചയേപ്പോൽ
ക്ഷീരപാനിയാമൊരു
മാർജ്ജാരനേപ്പോൽ
മിണ്ടാതിരിക്കടാ
കണ്ണടച്ചെഴുതടാ
ചുറ്റിനും നോക്കാതെ,
കാണാതെ-
യെഴുതടാ ചൊല്ലടാ
‘പൂച്ചക്കവിത’കൾ
നിന്നാനന്ദത്തിന്റെ-
യമൃതരൂപങ്ങളായ് !!

ചുറ്റിനുമഗ്നിപടരുമ്പോൾ,
കൊടിയ വിലാപമുയരുമ്പോൾ
ഈ ദരിദ്രനാരായണരുടെ
ജീവച്ഛവങ്ങളേ നോക്കാതെ,
കാണാതെ
പാടടായീപ്പെൺപൂവിൻ  
മുഗ്ദ്ധനെഞ്ചകത്തള്ളിപ്പിടിച്ചു
മധുവുണ്ണുമീ
പൂമ്പാറ്റയെത്രമനോഹരമെന്ന്…

മിണ്ടാതിരിക്കടാ
കാലുപിടിക്കടാ
പണക്കിഴിയെടുക്കടാ
സന്ധിയായീടടാ
അല്ലെങ്കിൽ
ഞങ്ങളീവാളിനാൽ
വിഷക്കോപ്പയാൽ
തൂക്കുമരത്തിൻ കയറിനാൽ
ഗാന്ധാരത്തിൽ നിന്നലറും
പുത്തൻ വെടിയുണ്ടയാൽ
തീർത്തിടും, നിശ്ചലമാക്കിടും
നിന്നിതിഹാസങ്ങൾ
മേഘസന്ദേശങ്ങൾ
കിളിപ്പാട്ടുകൾ
സിനിമാക്കഥകൾ,
പത്രവാറോലകൾ
നിൻ കാവ്യരൂപത്തിൻ
പ്രധിസ്വനങ്ങൾ
നിന്നെതിർപ്പിന്റെ മുഷ്ടികൾ.

“മാ നിഷാദാാാ !! “
അരുത്,
അരുതരുതു കാട്ടാളാാാ ….
തിട്ടൂരം തള്ളുന്നോരജ്ഞാതകവിയുടെ
കണ്ണുചുവക്കുന്നു
മൂക്കുചുവക്കുന്നു
പുരികംവിറക്കുന്നു
വാല്മീകം പൊട്ടിച്ചെറിയുന്നു..

“മുഹൂര്‍ത്തം ജ്വലിതം ശ്രേയഃ
ന തു ധൂമായിതം ചിരം”
ജ്വലിക്കണമഗ്നിയായണുവിടയെങ്കിലും,
ധൂമമായെക്കാലവും നീറിനീറിയൊടുങ്ങാതെ.
“മുഹൂര്‍ത്തം ജ്വലിതം ശ്രേയഃ
ന തു ധൂമായിതം ചിരം”

മുഷ്ടിചുരുട്ടിയലറുന്നൊരുഗ്രമാ-
യുലകംപിളർക്കുന്ന
ഞാണൊലി.
പിന്നെ ‘കാളപൃഷ്ടം’
കയ്യിലെടുക്കുന്നു

കവിതന്നക്ഷരാസ്ത്രങ്ങൾ
തൊടുക്കുന്ന സ്ഫോടനം
ഒപ്പമുയരുന്നുവോ
അധികാരിവർഗ്ഗത്തിൽ
വെടിയൊച്ച,
പിന്നെയതിനെയും
തോല്പിക്കുമുഗ്രമാം
കാവ്യവിസ്ഫോടനത്തി-
ന്നലയൊലിയും…
സൂര്യബിംബത്തിൻ
പുത്രനെന്നപോൽ
ജ്വലിക്കുന്നുകവി
ജന്മസുകൃതമാം
കവചകുണ്ഡലങ്ങൾ
മിന്നിത്തിളങ്ങുന്നു
കുരുക്ഷേത്രപാംസുവിൽ
പുതഞ്ഞൊരാ രഥചക്രം
ഊക്കോടെയുയർത്തുന്നു.

അക്ഷരത്തെ
പൂജിച്ചാവാഹിച്ചു ബാണമാക്കുന്നു കവി
ഏക ദശ ശത
സഹസ്രാരവശരമാരിയിൽ
ധർമ്മംജയിക്കുന്നു.

യഥോധർമ്മ സ്ഥതോജയഃ
യഥോധർമ്മ സ്ഥതോജയഃ

കോട്ടയം സ്വദേശി. കവിത, കഥ, പ്രസംഗം, തുടങ്ങിയ മേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ERP & GST അക്കൗണ്ടന്റാണ്.