മുറിവ്

ഒരിക്കലുള്ള് പൊള്ളിച്ച
വാക്കുകളുടെ
അനുരണനത്തിൽ
ഹൃദയമിപ്പോഴും
കല്ലിച്ച്കിടക്കുന്നു,
അതിന്റെ നിലച്ചായം
കുടഞ്ഞിട്ട ഓർമ്മകൾ
ഉള്ള് കീറിമുറിക്കുന്നു.

ഇതിലും നന്നായി
ഞാനെങ്ങനെ
ഉള്ളുരുകി വാക്കുകളിൽ
വിവേകം പൊതിഞ്ഞ്
ജീവിക്കും ….?

പർവ്വതമുനമ്പിൽ
നിന്നും തൊട്ടടുത്തൊരു
സമുദ്രത്തെ
ഇന്നും,
ഞാനുറ്റുനോക്കുന്നു.

അത്ര ലാഘവത്തോടെ
ഞാൻ കുഴിച്ചുമൂടിയ  
എന്നെച്ചേർത്ത്
പിടിക്കുന്നു …!
ഇടക്കിടെ മിഴിനീർ
തേവിനനക്കുന്ന
ഓർമ്മഭാണ്ഡം പിന്നെയും
പിന്നെയും കനം വെയ്ക്കുന്നു.

നിനക്ക് വേണ്ടിപ്പുലർന്ന
പകലുകളും നിന്നെച്ചേർത്ത്
പിടിച്ച രാത്രികളും
ഒരു നിമിഷാർദ്ധത്തിന്റെ
ശൂന്യതയിൽപോലും
നിന്നെത്തേടിയ കണ്ണുകളും
ഇന്നെന്നെ
തൊടാതായിരിക്കുന്നു.

എങ്കിലും,
ഭൂതകാലത്തിൽ നിന്നും
നീണ്ടുവന്ന് പിൻകഴുത്തിൽ
കൊളുത്തിപ്പിടിക്കുന്ന
മൂർച്ചയുള്ള ഓർമ്മദണ്ഡിന്റെ
അഗ്രംകൊണ്ട വേദനമാത്രം
ബാക്കിയായിരിക്കുന്നു.

ഒരു രാത്രിമുഴുവൻ
നീ പറഞ്ഞ ഹൃദയം
പൊള്ളിക്കുന്ന വാക്കുകൾ,
പല രാത്രികളുടെ
പ്രണയത്തെ
നിഷ്പ്രഭമാക്കിയിരിക്കുന്നു.

മുൻപെങ്ങോ
നിന്റെ കണ്ണുകളിൽ  
ഉണ്ടായിരുന്ന ആർദ്രത
ഇന്നെന്റെ മാത്രം
നഷ്ടമായിരിക്കുന്നു …!

നിന്റെ പ്രണയത്തിനു
മുൻപിൽ
ഒരു മണൽത്തരിയായല്ല,
എന്റെ കുറ്റബോധത്തീയിൽ
ഉരുകിയുരുകിയാണ്
ഞാൻ നിന്റെ ഭാഷയിലെ
വിവേകിയായത്.
എന്റെ ഭാഷയിൽ
മൃതിയടഞ്ഞത്….!

എന്റെ ലോകമിപ്പോൾ
നിന്നിൽനിന്നും ഏറെ
ദൂരെയായിരിക്കുന്നു.
ഇനിയൊരു
ചേർത്തുപിടിക്കലിന്
പോലും രാജിയാകാതെ
എന്റെ വിരലറ്റംപോലും
മരവിച്ചിരിക്കുന്നു…!

ഇനിയെങ്കിലും,
ഒരു നീണ്ട നിശ്ശബ്ദതയുടെ
സൗഖ്യത്തിലേക്കെനിക്ക്
ചുരുണ്ടുകൂടണം.
ഒരു മഴനൂലുപോലും
സ്വപ്നം കാണാതെ
ഞാൻ കൊണ്ട
വേനലിലേക്കെനിക്ക്
മടങ്ങിപ്പോകണം ..!!

നിലമ്പൂരാണ് വീട്. യു.പി.സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു