മുപ്പതുകളിലെ പ്രണയം കാട്ടുതേൻ പോലെ മധുരമുള്ളതാണ്

മുപ്പതുകളിലെ പ്രണയം
കാട്ടുതേൻ പോലെ
മധുരമുള്ളതാണ്

മുപ്പതുകളിലൂടെ
കടന്നു പോകുന്ന
ഒരുവൾക്ക്
പ്രണയിക്കാൻ
തന്റെ
മുറിവുകളിൽ
പൂ മരമാകുന്ന
ഒരുവനെയാണാവശ്യം

അടർന്നു
പോവാനാവാത്ത വിധം
ഒരു കൗമരക്കാരിയോടെന്നപോലെ
എന്റെ
പ്രണയമേയെന്നു
അവളിലേക്ക്‌
നിങ്ങൾ
വേരുകളാഴ്ത്തണമെന്നില്ല …

മഴയൊഴിഞ്ഞ
വൈകുന്നേരങ്ങളിൽ
കടൽക്കരയിൽ
ചെന്നിരുന്ന്
കാറ്റേൽക്കണമെന്നോ ,
ഒന്നിച്ചൊരു
സിനിമ
കാണണമെന്നോ !
എന്തിനു
ഒന്നിച്ചൊരു
മഴ നനയണമെന്നോ
അവളാഗ്രഹിക്കുന്നില്ല ….

താൻ
വായിച്ച ഒരു
പുസ്തകത്തെക്കുറിച്ചോ
കണ്ട
സിനിമകളെക്കുറിച്ചോ
നടത്താനിരിക്കുന്ന
യാത്രകളെക്കുറിച്ചോ
അവൾ
നിങ്ങളോട്
സംസാരിച്ചേക്കണമെന്നില്ല
എങ്കിലും
അവളുടെ
പ്രണയം
നിങ്ങളിലേക്ക്
അണകെട്ടിയിട്ടില്ലാത്ത
ഒരു
പുരാതന നദി കണക്കെ
ഇടതടവില്ലാതെ
ഒഴുകിക്കൊണ്ടിരിക്കും ….

ഒഴിവു നേരങ്ങളിൽ
നീയെവിടെ ?
എന്ന
ഒറ്റച്ചോദ്യത്തിൽ
ഒരു
കുറിഞ്ഞി പൂച്ചയായി
അവൾ
നിങ്ങളിലേക്ക്
ചാഞ്ഞെന്നിരിക്കും ….

ഒന്നിച്ചൊരു
ചായകുടിച്ചെങ്കിലെന്ന്
തോന്നുമ്പോൾ
ഒരു
കപ്പിലേക്ക്
മധുരമോ
പാലോ ചേർക്കാത്ത
തന്റെ
ചായ പകർന്ന്
ഒരു
ഫോട്ടോയെടുത്ത്‌
നിങ്ങൾ
കാണുംവരെ മാത്രം
നില നിൽക്കുന്നൊരു
സ്റ്റാറ്റസിട്ടെന്നിരിക്കും
നിങ്ങളിലേക്ക് മാത്രം
എത്തേണ്ട സന്ദേശങ്ങൾ
സ്റ്റാറ്റസുകളായി
ഒരുപാടു പേരിലേക്ക്
പറത്തിയെന്നിരിക്കും
അതൊന്നും
അവളെ
അലട്ടുകയോ
തളർത്തുകയോ
ചെയ്യുകയേയില്ല ….

ഒരു
ചേർത്ത് നിർത്തലോ
നെറുകയിലൊരു
ഉമ്മയോ
കൊതിക്കുമ്പോൾ
കണ്ണാടിയിൽ
നോക്കിക്കൊണ്ടവൾ
തന്നെ തന്നെ
കെട്ടിപ്പിടിച്ചൊരു
ഉമ്മ കൊടുത്തേക്കും …

മുപ്പതുകളിലെത്തിയ
ഒരുവളുടെ
കാമുകനാവാൻ
നിങ്ങളവളെ
പ്രണയിക്കേണ്ടതേയില്ല ….

അവൾ
നിങ്ങളോട്
പ്രണയമെന്ന്
പറയുമ്പോൾ
നിങ്ങൾ
ഭയപ്പെടുകയോ
ഓടിയൊളിക്കുകയോ
ചെയ്യേണ്ടതില്ല ….

അവളുടെ
പ്രണയത്തിന്റെ
വേലിയേറ്റങ്ങളോ
വേലിയിറക്കങ്ങളോ
നിങ്ങളെ
തളർത്തുകയേയില്ല .

മുപ്പതുകളിലെത്തിയ
ഒരുവൾക്ക്
പ്രണയമെന്നാൽ
കൂടെ
നിങ്ങളുണ്ടെന്ന
തോന്നലുകൾ
മാത്രമാണ് .
നിങ്ങളില്ലെങ്കിൽ പോലും
അവൾ
നിങ്ങളെ
പ്രണയിച്ചുകൊണ്ടിരിക്കും

ഒരു
ചെറുകാറ്റ്
ഇലകളെയെന്നപോലെ

കോഴിക്കോട് സ്വദേശി. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. മലയാള സാഹിത്യത്തിൽ എം.ഫിൽ. 'പ്രണയഭൂപടത്തിൽ ഒറ്റക്കൊരുവൾ' എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.