മുടി വളർത്താൻ ‘അമ്മ സമ്മതിച്ചപ്പോൾ അയലത്തെ മല്ലിക ചേച്ചിയാണ് പറഞ്ഞത് : “മൂന്നു മാസം കൂടുമ്പോൾ മുടി മുറിക്കണം, അപ്പോൾ മുടി നന്നായി വളരും.” ഇടക്കിടെ മുടി മുറിക്കുമ്പോൾ അമ്മായി പറഞ്ഞു, “എള്ളെണ്ണ വെച്ചു കുളിക്കണം ചെമ്പരത്തി താളി കൊണ്ട് മുടികഴുകണം, മുടി നന്നായി വളരും.” മുടി മുറിക്കലും എണ്ണ വെക്കലും താളി തേക്കലും മുറക്ക് നടന്നു. മുടി നല്ലോണം വളർന്നു.
വിവാഹം കഴിഞ്ഞു ഭർതൃഗൃഹത്തിൽ എത്തിയപ്പോഴാണ് മുടിയുടെ പ്രാധാന്യം മനസ്സിലായത്. ധാരാളം മുടിയുള്ള വധുവിനെ കാണാൻ അയലത്തെ സ്ത്രീകൾ ഒറ്റക്കും കൂട്ടായും വന്നു. അക്കൂട്ടത്തിൽ ചില പുരുഷനേത്രങ്ങൾ മുടിയെ വീണ്ടും വീണ്ടും ആലിംഗനം ചെയ്യുന്നത് ശ്രദ്ധിക്കാതിരുന്നില്ല, ആ ബഹളത്തിനും പരിഭ്രമത്തിനുമിടയിലും.
മുടിക്ക് വീണ്ടും ശ്രദ്ധ കിട്ടിക്കൊണ്ടിരുന്നു ദിവസം ചെല്ലുന്തോറും. കുളിമുറിയിലെ മുടിയിഴകൾ വീടിനെ പൊട്ടിത്തെറിപ്പിക്കുകയും ചോറിലെ മുടി വീടിനു തീയിടുകയും സ്വീകരണ മുറിയിലെ മുടിനാരുകൾ വീടിനെ ശ്വാസം മുട്ടിക്കുകയും ചെയ്തു. കൂടുതൽ അത്യാഹിതങ്ങൾ ഒഴിവാക്കാൻ മുടിനാരുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള സൂക്ഷ്മപരിശോധന പതുക്കെപ്പതുക്കെ ശീലിക്കുകയും അത് ദൈനം ദിന ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്‌തു.
അങ്ങനെയിരിക്കെ നിറം പിടിപ്പിച്ച ചില മുടിയിഴകൾ കിടക്കയിൽ വീണു കിടക്കുന്നത് സൂക്ഷ്മദർശനത്തിൽ വെളിവായി. എന്റെ മുടി നിറം പിടിപ്പിച്ചതല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഞാനൊരു കുറ്റാന്വേഷകയുമായി- ഷെർലക് ഹോംസിനെയോ മിസ് മാർപ്പിളിനെയോ പോലെ. തുടരന്വേഷണത്തിൽ അവയുടെ ഉടമസ്ഥ അടുത്ത വീട്ടിലെ രാഗിണിയാണെന്നും, കുറ്റകൃത്യം നടന്ന സ്ഥലത്തു അവളറിയാതെ അവശേഷിപ്പിച്ചു പോയ തെളിവാണ് ഡീപ് ബ്രൗൺ നിറമുള്ള ആ മുടിയിഴയെന്നും വ്യക്തമായി.
കോളേജിൽ പഠിക്കുമ്പോൾ ബെഞ്ചിനടിയിൽ നിന്നും ഏറ്റവും നീളമുള്ള ഒരു മുടിയിഴ സ്വന്തമാക്കി ഒരു ചെപ്പിലടച്ചു സൂക്ഷിച്ചുവെന്നു കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുള്ള സുരേഷ്, തൊട്ടയല്പക്കത്തു താമസത്തിനെത്തിയതറിഞ്ഞു.
അയാളിപ്പോഴും അത് സൂക്ഷിക്കുന്നുണ്ടോയെന്നറിയാൻ ഒരു ദിവസം അവിടെപ്പോയി തിരക്കണമെന്ന റെക്കമെണ്ടേഷനോടെ ഞാൻ ഇൻവെസ്റ്റിഗേഷൻ ഫയൽ ക്ലോസ് ചെയ്തു.