ലോകം മുഴുവന്‍, ജെറ്റ് വേഗത്തില്‍ പോയാലും ഇപ്പോഴത്തെ അവസ്ഥയില്‍, ഞങ്ങള്‍ക്കങ്ങനെ പോകാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ബിസിനസ്സ് ഏക്സിക്യൂട്ടീവിനെ പോലിരിക്കുന്ന ഇവള്‍ക്ക്. അവളുടെ നേരിയ ചിരിക്ക് മറുപടിയായി ഞാനും ചിരിച്ചു. അവളെ ആദ്യമായി കാണുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കാതെ മാര്‍ഗ്ഗമില്ലല്ലോ. കുറച്ചു നേരമായി ഞങ്ങള്‍ മാത്രമായൊരു ലോകത്ത് ഇരുവരും വെറുതെ നില്ക്കുന്നു.സമയം ഇഴഞ്ഞാണ് നീങ്ങുന്നത്.
“എത്ര സമയം പിടിക്കും അവരെത്താന്‍.” അവള് വാച്ചിൽ നോക്കി.
“നിങ്ങൾക്കു പേടിയുണ്ടോ?” ഞാന്‍ ചോദിച്ചു.
അവള് പുരികമുയര്‍ത്തി അല്പം നിരസംകലര്ന്ന ആശ്ചര്യത്തോടെ എന്നെ നോക്കി.
“എന്താ, നിനക്ക് പേടിയില്ലേ?”
ഞാനെത്ര മര്യാദയ്ക്കാണ് അവളെ നിങ്ങളെന്ന് സംബോധന ചെയ്തത്, ഒന്നുമില്ലെങ്കിലും ഞാന്‍ പ്രായത്തില്‍ മൂത്തതല്ലേ. എൻ്റെ ചിന്തകൾ വാക്കുകളായി പുറത്തു വന്നില്ല.
“എനിക്ക് എന്റെ നിസ്സാര ജീവിതത്തിനപ്പുറം സങ്കടപ്പെടാനായി ഒന്നുമില്ല, അതും ഒരു സുന്ദരിയുടെ അരികിലാണല്ലോ എല്ലാം അവസാനിക്കുന്നത്. ഇതില്‍പ്പരം എന്ത് സന്തോഷമാണ് ജീവിതത്തില്‍ വേണ്ടത്.” ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഞാൻ പറഞ്ഞു.
“നിനക്കെന്താ തലയ്ക്ക് സുഖമില്ലേ?” അവള് ദേഷ്യത്തോടെ മുഖം തിരിച്ചു. അവള് വിറച്ചുകൊണ്ടിരിക്കുന്നു.
ആ അവസ്ഥയിൽ പോലും ഞാന്‍ മനസ്സാലേ ചിരിച്ചു. ഞാന്‍ ആ നിമിഷം ആസ്വദിക്കുകയായിരുന്നു. ശരിക്കും ഞാനൊരു ക്രൂരനാണ് – അല്ലെങ്കില്‍ ഈയൊരവസ്ഥയില്‍ ഇങ്ങനെ നര്‍മ്മം കാണാമോ? ഞാന്‍, അവളുടെ സുന്ദരമായ മുഖത്ത് അനുസരണയില്ലാതെ മാടിവീഴുന്ന ഷാംപു തേച്ച മുടിയിഴകളെ അവള് കോതിയൊതുക്കുന്നതും ഇടയ്ക്കിടെ ടെന്‍ഷനടിച്ചു ചുണ്ടുകള്‍ കടിക്കുന്നതുമെല്ലാം കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി മൗനിയായി നിന്നു.
അവള് ഹാന്റ്ബാഗില്‍ നിന്നു തൂവാലയെടുത്തു മുഖംതുടയ്ക്കുന്നതും ചെറിയ വാട്ടര്ബോട്ടിലില്നിന്നു ജൂസെടുത്തു കുടിക്കുന്നതും എനിക്ക് കൗതുകകരമായി തോന്നി.
“അവരെപ്പോഴെത്തും? എനിക്ക് ശ്വാസം മുട്ടുന്നു. ഫോണ്‍ വിളിച്ചു നോക്കൂ.” 27-മത്തെ പ്രാവശ്യവും അവള് അതേ ചോദ്യം തന്നെ ചോദിച്ചു.
“വിഷമിക്കല്ലേ, ലിഫ്റ്റ് മെക്കാനിക്ക് ഉടനെയെത്തും. കാറില്‍ പുറപ്പെട്ടിട്ടുണ്ട്.”
24 -മത്തെ പ്രാവശ്യവും ഞാന്‍ അതേ മറുപടി തന്നെ പറഞ്ഞു. മൂന്നുവട്ടം അവളുടെ ചോദ്യത്തിനു ദേഷ്യപ്പെട്ട് മറുപടി പറഞ്ഞിരുന്നില്ല. അത് അവള്‍ക്ക് കൂടുതല്‍ സങ്കടവും കരച്ചിലും ഭയവുമുണ്ടാക്കുന്നത് കണ്ടപ്പോള്‍ എത്രവട്ടമായാലും മറുപടി ആവര്‍ത്തിക്കുക തന്നെയാണ് ഭേദമെന്ന് എനിക്കു തോന്നി. ഓരോ വട്ടം പറയുമ്പോഴും അവളെനിക്കൊരു ഒരു ചിരി സമ്മാനിച്ചിരുന്നു. ചിലപ്പോള്‍ ആ ചിരിക്കുവേണ്ടിയായിരിക്കാം ഞാന്‍ ആ വിഷമാവസ്ഥയിലും പുറത്തു കാണിക്കാത്ത ഉത്സാഹത്തോടുകൂടി അവളുടെ ചോദ്യത്തിനു മറുപടി പറഞ്ഞിരുന്നതെന്നു തോന്നുന്നു.
ഹോ എന്റെ ജീവിതം അത്ര പരാജയമായിരുന്നോ, സ്ത്രീരഹിതമായ ജീവിതം.
“ഇന്നെന്റെ അന്ത്യമാണോ? രാവിലെ മുതല്‍ പതിവില്ലാത്ത വിധം എല്ലാം ചീത്ത ശകുനങ്ങളായിരുന്നു. ഇതാ, ഇപ്പോള്‍ ഇളിഭ്യനായി എൻ്റെ മുന്നിൽ നിൽക്കുന്ന നീയും. നീ ലിഫ്റ്റ് ഓപ്പറേറ്ററാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? എന്റെ ജീവിതം ഇങ്ങനെ ഒരു ലിഫ്റ്റിനുള്ളില്‍ അവസാനിക്കാനാണോ വിധി? “
ഇത്തവണ അവള് ചോദിക്കാതെ തന്നെ മെക്കാനിക്ക് അധികം താമസിയാതെ വരുമെന്ന് പറയാന്‍ തുനിഞ്ഞതാണ്, പിന്നെ എന്തോ വേണ്ടെന്നു വെച്ചു. താഴെത്തട്ടിലെ ഒരു സാധാരണ ജോലിക്കാരനായ ഞാനെന്ത് ആധികാരികതയിലാണ് പറയുക. പരിഹാസ്യനായി തന്നെ നില്ക്കാം, അതാണ് നല്ലത്. ഇടയ്ക്ക് പരിഭവത്തോടുകൂടിയുള്ള അവളുടെ ചോദ്യത്തിലും, പിന്നെ, മുന്തിയ ഇനം പെര്ഫ്യുമിനിടയിലൂടെ വരുന്ന അവളുടെ സ്ത്രീസുഗന്ധത്തിലും ഞാന്‍ മതിമറന്നു നിന്നു. ഒരു സുന്ദരിയായ സ്ത്രീയുടെ സാമീപ്യം അതും ഇത്രയും നേരം ഒരുമിച്ച് …
പലവട്ടം അവള് എന്നോട് സംസാരിക്കുകയും ചെയ്തു, ‘ലിഫ്റ്റ് ടെക്നീഷ്യന് എപ്പോള്‍ വരു’മെന്ന ചോദ്യമാണെങ്കില്‍ പോലും അതും സംസാരമാണല്ലോ. ദൈവമേ, ഈ 39–ാം വയസ്സിനിടയില്‍ ഒരു തവണ പോലും സ്ത്രീസ്പര്‍ശ മേല്ക്കാതെ ഈ ഭൂമിയില്‍ നിന്നു വിടപറയേണ്ടിവരുമോ! ഭാര്യ, കുടുംബം, കുട്ടികള്‍, ഹേ, ഇതൊക്കെ അതിമോഹമായിരിക്കും. മിനിമം ചാര്‍ജ്ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കിയത് എന്റെ രാവിലത്തെ ഇഡ്ഡലിയിലൊന്നിനെ വെട്ടിക്കുറച്ചതിനാലാവാം നെഞ്ചിലേക്ക് ഗ്യാസ് അരിച്ചുകയറാന്‍ തുടങ്ങി. ഞാന്‍ ഒരു നിമിഷം വേദനയോടെ ചിന്തിച്ചു. ഇന്ന് ഞാന്‍ മരിച്ചാല്‍, ആരോരുമില്ലാത്ത എനിക്ക്, മാന്യമായ ഒരു ശവസംസ്കാരം പോലും കാണില്ലായിരിക്കും. അതു മാത്രമല്ല, ആ പാട്ടിയമ്മ ഒഴിച്ച്,കരയാനും ആരുണ്ട്, . ആ എടുത്തു വളര്‍ത്തിയ പാട്ടിയമ്മയ്ക്ക് വയസ്സാംകാലത്ത് ശല്യമാകാതെ ആരെങ്കിലും മറവു ചെയ്താല്‍ മതിയായിരുന്നു.
“നിങ്ങള്‍ ആകെ സങ്കടപ്പെട്ടിരിക്കുന്നല്ലോ” എന്റെ വിഷമങ്ങളൊക്കെ കളഞ്ഞു ഞാന്‍ അവരെ സമാധാനിപ്പിക്കാനെന്നവണ്ണം സംസാരിച്ചു.
“പിന്നെ ഞാനെന്താ സന്തോഷിക്കണോ പൊട്ടാ.?” അവള് ഭയങ്കരമായി ദേഷ്യപ്പെട്ടു.
“എല്ലാം ശരിയാകും, വിശ്വസിക്കൂ. നിങ്ങള്‍ക്ക് ദൈവം വാരിക്കോരി നല്കിയ എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ഓര്‍ക്കുക. അദ്ദേഹം ഒരിക്കലും നിങ്ങളെ കൈവിടില്ല.”
“എന്തിന്?” അവൾ പുരികമുയർത്തി.
“കാരണം, നിങ്ങൾ കുപ്പത്തൊടിയിൽ ജനിച്ചുവീഴാതെ സുഖശീതളമായൊരു ഹോസ്പിറ്റലിലെ പതുപതുത്ത മെത്തയിൽ അച്ഛൻ്റെയും അമ്മയുടെയും സ്നേഹലാളനങ്ങളിൽ ജനിച്ചതിന്… പിന്നെ ഭക്ഷണത്തിൻ്റെയും സ്നേഹത്തിൻ്റെയും വിശപ്പ് ഇക്കാലമത്രയും അനുഭവിക്കേണ്ടിവരാതിരുന്നതിന്…. പാതാളത്തിലേക്ക് ആരും ചവിട്ടി താഴ്ത്തി ശ്വാസം മുട്ടിക്കാതിരുന്നതിന്…. ചെറുപ്പത്തിലേ തന്നെ മുടി നരയ്ക്കാതെയും നെറ്റിയിൽ ചുളിവുകൾ വീഴാതെയും ചർമ്മം ചുളുങ്ങാതെയും സുന്ദരിയും ആരോഗ്യവതിയുമായിരിക്കുന്നതിന്…. പഠിത്തത്തിനും ജോലിക്കും അങ്ങനെ എല്ലാത്തിനും… ഐശ്വര്യങ്ങള്‍ സമൃദ്ധമായി നല്കിയ നിങ്ങളെ ഉടയതമ്പുരാന് അങ്ങനെ പെട്ടെന്നൊന്നും കൈവിടില്ലെന്നാണ് എന്റെ വിശ്വാസം. വിളിച്ചു സഹായം ആവശ്യപ്പെട്ടു നോക്കു ചിലപ്പോൾ ഇപ്പോഴും കിട്ടിയെന്നിരിക്കം.” ഗൗരവം കൂടി പോയെന്ന് തോന്നിയതു കൊണ്ട് ഒടുവിലായി ഒരു കുറുമ്പ് കലർന്ന പുഞ്ചിരിയോടുകൂടിയാണ് പറഞ്ഞവസാനിപ്പിച്ചത്.
അവളെന്നെ, ഒരു ഭീകര ജീവിയെ നോക്കും പോലെ ആശ്ചര്യത്തോടെ നോക്കി കുറച്ചു നേരം. “നിനക്ക്… സോറി നിങ്ങൾക്ക് ജീവിതത്തിൽ എന്താ സന്തോഷമൊന്നുമില്ലേ. അവൾ, ദീര്‍ഘമായി ശ്വാസംവലിക്കാന്‍ ശ്രമിച്ചു കൊണ്ട് എന്നെ ഉറ്റു നോക്കി..
ആദ്യമായാണ് ഒരു പെണ്‍കുട്ടി എന്നോട് ഇത്തരത്തിലൊരു ചോദ്യം ചോദിക്കുന്നത്.
“ഉണ്ടല്ലോ! ഞാനതിന് ഉത്തരം പറഞ്ഞാല്‍ നിങ്ങളെന്നോട് ദേഷ്യപ്പെടും“ ചിരിയോടെ ഞാൻ പറഞ്ഞു.
“ഹേയ്, ഒരിക്കലുമില്ല. പറഞ്ഞോളൂ. പിന്നെ നീയെന്റെ ആരുമല്ലല്ലോ ദേഷ്യപ്പെടാനായി.”
ആഹാ.. ദാണ്ടെ, നിങ്ങളിൽ നിന്നു നീയിലേക്ക്. അവളെ അങ്ങനെ വിട്ടാൽപറ്റില്ല !
“ഇന്നത്തെ ഈ നിമിഷം പോലെ ഇത്രയധികം സന്തോഷിച്ചിട്ടില്ല ഞാനെന്റെയീ 39 വര്‍ഷ ജീവിതത്തില്‍ ഒരിക്കല്‍പോലും.” ഒരു കാമുകൻ്റെ കള്ളചിരിയോടു കൂടി അവളെ ആകമാനം ഒന്നു ചുഴിഞ്ഞുനോക്കി .
“വെരി ഡിസ്ഗസ്റ്റിംഗ്, ഇനിയൊന്നും എന്നോട് സംസാരിക്കേണ്ട..” അവള് മുഖം തിരിച്ചു.
പെട്ടെന്ന് സങ്കടം വന്നു. ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചതേയുള്ളൂ. വെന്തു നീറുന്ന കണ്ണുനീരില്‍ കുതിര്‍ന്ന ചിരി. അതിദാരുണമായ അനാഥത്വവും ഏകാന്തതയും അവഹേളനവും വിശപ്പുമെല്ലാം ഏതോ ഓവിലൂടെ ചപ്പുംചവറുമുള്ള അഴുക്കു വെള്ളം അടിഞ്ഞുകൂടിയതുപോലെ എന്റെ മനസ്സിലേക്ക് ഫ്ലാഷ്ബാക്കായി ഒരു നിമിഷം വന്നുപോയി. ലോകത്തുള്ള എല്ലാ സങ്കടങ്ങളും എന്റെ മുഖത്ത് കണ്ടതുകൊണ്ടാണോ എന്നറിയില്ല അവള് ക്ഷമ ചോദിച്ചു.
“സോറി, ഞാന്‍ പെട്ടെന്ന് ദേഷ്യത്തിനെന്തോ പറഞ്ഞു, കാര്യമാക്കണ്ട. എനിക്ക് മരിക്കണ്ട, എനിക്ക് ജീവിക്കണം, പേടിയാകുന്നു. ആ ടെൻഷൻ നിങ്ങളുടെ മേലേ കാട്ടി. സോറി”
“നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. കുറച്ചു മുന്നേ മാനേജരെ വിളിച്ചപ്പോള്‍ ടെക്നീഷ്യന്മാര് അര മണിക്കൂറിനകം വരുമെന്ന് പറഞ്ഞതല്ലേ. ചെറിയ ഷോപ്പിംഗ് മാളായതുകൊണ്ട് സ്ഥിരമായി മെയിൻ്റനൻസ് ആൾക്കാർ ഇല്ല. അത്യാപൂർവ്വമായേ ഇങ്ങനെയൊക്കെ സംഭവിക്കൂ.” എനിക്കും ചെറുതായി ശ്വാസം കിട്ടുന്നില്ല.
പിന്നീട് നിശ്ശബ്ദതയായിരുന്നു ആ ലിഫ്റ്റിനുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ സംസാരിച്ചുകൊണ്ടിരുന്നത്.
അവര്‍ വല്ലാതെ ഭയപ്പെടുന്നത് കണ്ടപ്പോള്‍ ശ്രദ്ധതിരിക്കാനായി നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, “നിങ്ങളിവിടെ എന്തിന് വന്നതാണ്?
“വേനലവധിക്ക് അമേരിക്കയ്ക്ക് ഒരു ട്രിപ്പ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയില്‍ വന്നതാ. ഇനി അതിന് ആവശ്യം വരുമെന്നു തോന്നുന്നില്ല.”
അപ്പോൾ ഞാനൊരു ഉറുമ്പു മനുഷ്യനായി മാനംമുട്ടേ ഉയർന്നു നില്ക്കുന്ന അവളെ സാകൂതം നോക്കി.
സമയം പിന്നെയും കടന്നു പോകുകയാണ്. അവള് ശ്വാസത്തിനായി നന്നേ പണിപെടുന്നുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ എന്റെ അവസ്ഥ മറന്ന് ഞാനവളോട് സഹതപിച്ചു. ആശ്വാസ വാക്കുകള്‍ പിന്നെയും പറഞ്ഞു.
പെട്ടെന്ന്, എന്നെ ഞെട്ടിച്ചുകൊണ്ട് ഹാന്റ്ബാഗ് താഴേക്കിട്ട് അവള് ചുവരിലേക്ക് ചാഞ്ഞു. അവളുടെ വിയര്ത്തുവെളുത്തു വാടിയ മുഖം കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. നിശ്ശബ്ദമായി അവള് കരയുന്നത് കേള്‍ക്കാം. ശ്വസിക്കാനാവാതെ അവള് വിഷമിക്കുന്നതു കണ്ടപ്പോള്‍ ഞാനും കരഞ്ഞു. എന്തു പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത്. യോഗയുടെ ബലത്തിലാണ് ഞാനല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. പാവം അവള് വളരെ വിഷമിക്കുന്നുണ്ടായിരിക്കും. രാജകുമാരിയെ പോലെ ജീവിച്ചകുട്ടിയല്ലേ..?
ഞാനവളുടെ ഭയത്തെ അകറ്റാന്‍ എന്നാലാവും വിധം ശ്രമിച്ചു. ഒരു സുഹൃത്തിനോടെന്നോണം അവളുടെ തോളത്ത് കൈ വെച്ചു അവളെ ആശ്വസിപ്പിച്ചു. വിളറി വെളുത്ത മുഖം കൈകളില്‍ കോരിയെടുത്തു. “ഭയപ്പെടേണ്ട എല്ലാം ശരിയാകും. ദേ അവര്‍ വന്നുവെന്ന് തോന്നുന്നു. അവര്‍ മാനേജരുമായി സംസാരിക്കുന്നതു കേട്ടില്ലേ.” ഭാഗ്യം എന്റെ നുണ കഴിഞ്ഞു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവര്‍ എത്തിയതിന്റെ സൂചനയായി അവരുടെ ടൂള്‍ ബോക്സ് ചലിക്കുന്നതുകേട്ടു.
പുറത്ത് ടെക്നീഷ്യന്മാര് ലിഫ്റ്റിന്റെ റിപ്പെയിറിംഗ് പണിതുടങ്ങി,
ഞാനറിയാതെ എന്റെ വിരലുകള്‍ അവളുടെ മുഖത്ത് അടയാളങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അതിശയത്തോടെ ഞാന്‍ എന്റെ കൈകളിലേക്ക് നോക്കി. ആദ്യമായി സ്ത്രീസ്പര്ശമേറ്റ എന്റെ കൈകള്‍.
ഞാന്‍ അവളോട് ആകാംക്ഷയോടെ ചോദിച്ചു, “നിങ്ങളുടെ പേരെന്താ?”
“അന്ന മാത്യു.”
അവള് പറഞ്ഞ ഉടനെ തന്നെ ലിഫ്റ്റ് ചലിക്കാന്‍ തുടങ്ങി.
സന്തോഷംകൊണ്ടവള്‍ വിളിച്ചുകൂവി, കൊച്ചുകുട്ടിയെപോലെ തുള്ളിച്ചാടി, അതുകണ്ട് ഞാനും സന്തോഷിച്ചു, അവള്‍ക്കു വേണ്ടിയും എനിക്കു വേണ്ടിയും. ഞാന്‍ വാക്കുകള്‍ മെനയുകയായിരുന്നു അവളെന്നെ ഒരു സുഹൃത്തായി എങ്കിലും കരുതുമോയെന്നറിയാനായി.
അവള് ശാന്തയായി. ലിഫ്റ്റിലെ കണ്ണാടിയില്‍ നോക്കി മുടി കോതിയൊതുക്കി, വസ്ത്രങ്ങളൊക്കെ നേരെയാക്കി. പിന്നീട് ഹാന്റ്ബാഗ് കൈയിലെടുത്തു.
“12 -മത്തെ ഫ്ളോറിലേക്ക് പോകണം, വേഗമാകട്ടെ പ്ലീസ്.” എന്നെ നോക്കാതെ അവള് പറഞ്ഞു.
വാക്കുകള്‍ പരിമിതമെങ്കിലും അവയില്‍ ആജ്ഞയുടെ സ്വരമാണ് ഉയര്‍ന്നു നിന്നത്.
ഞാന്‍ 12 -ാം നമ്പര്‍ അക്കത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ബട്ടണമര്‍ത്തി നിര്‍വ്വികാരനായി. ആ കുനിഞ്ഞ തല ഇനി ഉയരുകയില്ല.
ഒന്നുമില്ലാത്തവൻ്റെ നൊമ്പരം ആ ലിഫ്റ്റിലെ കണ്ണാടിയില്‍പോലും പ്രതിഫലിച്ചില്ല.
അവൾ ലിഫ്റ്റിൽ നിന്നു പുറത്തുപോയ വേളയിൽ ഒരു പക്ഷേ എന്നെ ഓരക്കണ്ണു കൊണ്ടെങ്കിലും നോക്കിയിട്ടുണ്ടാവാം, തീർത്തും അപ്രതീക്ഷിതമായ ഒരു ദിനം, മരണഭീതി വിതച്ച മണിക്കൂറുകളിലൂടെ സഞ്ചരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു അപകടകാരിയല്ലാത്ത കരുതലുള്ള ആളെന്ന നിലയിൽ. ചിലപ്പോൾ എങ്ങും നോക്കാതെ നേരേ നടന്നും പോയിട്ടുണ്ടായിരിക്കാം. ഒന്നും അറിയില്ല. അവൾ പോയി അല്പം കഴിഞ്ഞു, കുനിഞ്ഞ തല പതിയെ ഉയർത്തി നോക്കിയപ്പോൾ, കണ്ണടിയിൽ കണ്ടത് മാത്രം എനിക്കറിയാം – മുഖമില്ലാത്തൊരു മനുഷ്യനെ.