ഏതോ മധുസ്മൃതി സുഖദ പുലരിയാ-
യവനി തന്‍ കനവിലായിതളിടുമ്പോള്‍,
പുസ്തകത്താളുമായ് പുത്രനന്നൊരു ദിനം,
പതിവുപോല്‍ ശങ്ക തന്നുളിയുയര്‍ത്തി.
”മുക്കുറ്റി കാണണമച്ഛാ”യെന്നാസ്വരം
ഗ്രാമത്തിന്നോര്‍മ്മയെ തൊട്ടുണര്‍ത്തി.
മാതാവിന്‍ ദീപ്ത ഛായാചിത്രം ഭിത്തിയില്‍, സ്മൃതി മഴച്ചാര്‍ത്തായി വിങ്ങിടുമ്പോള്‍,
തേടുന്നതൊന്നുമേ വൈകിയിട്ടില്ലായെന്‍ പൈതലിന്‍ കരതാരില്‍ പുല്കീടുവാന്‍..
കേട്ടു പകച്ചു ഞാനക്കൊച്ചു ബാലന്‍റെയിച്ഛയെന്‍ കണ്‍മുന്നിലിതള്‍ വിടര്‍ത്തേ.
പടുകൂറ്റന്‍ ഫ്ലാറ്റിന്‍റെ തീപ്പെട്ടി മുറിയതില്‍
ഏകന്‍ ഞാന്‍ ഭ്രാന്തമായ് തല പുകയ്ക്കേ,
വേഗങ്ങള്‍ മേയുന്ന വിശ്വത്തില്‍ പുത്തനാം
ഹരിതാങ്കുരങ്ങളെ ദുര തകര്‍ക്കേ,
പൂവണിമേടുകള്‍,മരതകക്കാടുകള്‍,
സസ്യ വിതാനിത വയലേലകള്‍,
ദശപുഷ്പ ജാലങ്ങള്‍, സൗവര്‍ണ്ണ സൂനങ്ങള്‍,
ശീത വിരാജിത നീര്‍ത്തടങ്ങള്‍.,
വംശവേരറ്റേതോ സ്മരണ തന്‍ താഴ്വരച്ചിമിഴില്‍ പോയെന്നേക്കുമൊളിച്ചിരിക്കേ,
ഏതൊരു പച്ചച്ച മരീചികത്തോപ്പില്‍ പോയപ്പീത തിലകിത പെണ്‍കൊടി തന്‍,
വ്രീള പടര്‍ന്നൊരുടലിനെപ്പൊട്ടിച്ചെന്‍
കണ്‍മണിക്കുട്ടന്‍റെ മടിയില്‍ വയ്ക്കാന്‍.?
ഉണ്ണിയെപ്പള്ളിക്കൂടത്തിലേക്കാക്കവേ,
”മുക്കുറ്റി” മാത്രമായെന്‍ മനസ്സില്‍.
പാശ്ചാത്യപുഷ്പങ്ങള്‍ ചാര്‍ത്തും തിരുമുറ്റം,
പാത തന്നോരങ്ങള്‍, നടവഴികള്‍.
എങ്ങുമേ കണ്ടീലയക്കൊച്ചു പെണ്ണാളെ,
ചാരു ശാലീന സുരഭിലയെ !
ഒടുവില്‍ മടങ്ങവേ, ഫ്ലാറ്റിന്‍റെ പൂമുഖ സിമന്‍റിട്ടയിറമ്പിലെ തൂവിളുമ്പില്‍,
മൂര്‍ധാവു കാട്ടുന്നു, നാണത്താല്‍ മഞ്ഞച്ച ഹരിതാഭ ഭരിതമപ്പേലവാംഗി.
അന്തിക്കു വൈകിയെന്‍ പൊന്‍പൈതലെത്തവേ,
മന്ത്രജാലം പോലങ്ങവനെക്കാട്ടാം.
എന്നു നിനച്ചു ഞാന്‍ കോണ്‍ക്രീറ്റിന്‍ ചൂടിലെയേകാന്ത മുഷിവിന്നകം പൂകുന്നു.
തളിര്‍ തോളില്‍ മല പോലെ സഞ്ചിയും
തൂക്കിയെന്‍ മകനന്നു സായാഹ്നത്തടമണയേ,
”മുക്കുറ്റി” കാണിക്കാനവനെയും കൊണ്ടു
ഞാന്‍ സിമന്‍റിട്ടയങ്കണ വിടവില്‍ നോക്കി ..
‘തരുണി’യെത്തിരഞ്ഞെന്‍റെ കണ്ണു കഴക്കുമ്പോള്‍, പിന്നിലെയൊച്ചയാല്‍ സ്തബ്ധനായി.
”എല്ലാക്കാടും സ്വയം വെട്ടിവെളുപ്പിച്ചെ”ന്നോതുന്നു ഫ്ലാറ്റിന്‍റെ കാവല്‍ക്കാരന്‍.!
”എവിടെയെന്‍ മുക്കുറ്റി?” എന്‍ മകന്‍ ചോദിപ്പൂ , നീരില്ലാക്കായലിന്നോടമായ് ഞാന്‍.