ചെറിയ മൺതിട്ടയിൽ നിന്ന്, ചാഞ്ഞു കിടക്കുന്ന പേരറിയാത്ത വൃക്ഷ ശിഖരത്തിൽ പിടിച്ച് ഒരു കാൽ അരുവിയിലെ തെളിനീരിലേക്ക് പാദം മൂടും വിധം മിശ്രസ്തല താഴ്ത്തിവച്ചു.
പാദങ്ങളെ പൊതിഞ്ഞ തണുപ്പ് കുളിരായി മുകളിലേക്ക് പടർന്ന് മിഴികളിലെത്തിയ നിമിഷം ഇമകൾ ചേർത്തടച്ച് അവൾ നിന്നു.
ഉള്ളിലെവിടെയോ നിന്ന് തിക്കിത്തിരക്കി വിങ്ങിപ്പൊട്ടി ആർത്തലച്ച് വഴിയറിയാതെയുഴറി ഒടുവിൽ മിഴിനീരായി പുറത്തു വന്ന ഹൃദയവേദനയെ, മുഖത്തേക്കെറിഞ്ഞ ഒരു കുമ്പിൾ ജലത്തിനൊപ്പം ഒഴുക്കിക്കളയാൻ അവൾ ശ്രമിച്ചു; വൃഥാവിലെന്നറിഞ്ഞിട്ടും.
നനയാത്ത പാദത്തിലേക്ക് മിശ്രസ്തല സൂക്ഷിച്ച് നോക്കി. ജനനമെന്നെന്നോ എവിടെയെന്നോ അറിയാത്ത അവൾക്ക്, നടന്ന് തീർത്ത വഴികളിലെയും നാട്യമാടിയ സഭകളിലെയും മുഴുവൻ മാലിന്യവും ആ പാദത്തിലുണ്ടെന്ന് തോന്നി .
അഗ്രഭാഗം പുറത്തേക്ക് വലിച്ചിട്ട് ഞൊറിഞ്ഞു കുത്തിയ നിറം മങ്ങിയ ചേലയുടെ ശേഷ ഭാഗം തുളുമ്പി നിന്ന മാറിനെ മറച്ച് ഇടത് ചുമലിലൂടെ ഒഴുകി കിടന്നു. നേരിയ ചുരുളിമയാർന്ന കനത്ത കേശഭാരം പുറം നഗ്നത മറച്ച് മുട്ടുകൾക്ക് താഴേക്ക് നീണ്ടു .
ചുറ്റിനുമൊന്ന് നോക്കി, ആകാമായിരുന്നിട്ടും അരൂപിയാകാതെ അരയൊപ്പം വെള്ളത്തിലിറങ്ങി നിന്ന് ചേലയഴിച്ചെടുത്ത് കഴുകി പിഴിഞ്ഞ് ഈറനോടെ അരയിൽ ചുറ്റിയപ്പോൾ എവിടെയോ ഇണയെത്തേടുന്ന ആൺകുയിലിന്റെ മനോഹരഗാനം മുഴങ്ങി.
അത് പുരൂരവസ്സ് ആണ്…….
മിശ്രസ്തലക്ക് അങ്ങനെ തോന്നി.
ഹൃദയേശ്വരി ഉർവ്വശിയെ തേടുന്ന പ്രണയാർദ്ര ഹൃദയത്തിന്റെ വേദന ഇത്രമേൽ ഇമ്പമാർന്ന് പൊഴിയണമെങ്കിൽ അത് പുരൂരവസ്സ് അല്ലാതെ മറ്റാരാണ്?
മിശ്രസ്തലക്ക് ഉർവ്വശിയോട് അസൂയ തോന്നി ……
ദേഷ്യവും ….!
ഇന്ദ്രസദസിലെ അറുപത് കോടി അപ്സരസുകളിൽ മുഖ്യ ഗണമായ നാൽപ്പത്തഞ്ച് അംഗങ്ങളിൽ ഉൾപ്പെട്ടവരാണ് താനും ഉർവ്വശിയും. അനേകായിരം കോടി ജന്മത്തെ പുണ്യത്താൽ ലഭ്യമാകുന്ന മനുഷ്യ ജന്മം ശാപത്തിലൂടെയാണെങ്കിലും ഉർവ്വശിക്ക് കിട്ടി.
പൂർണ്ണമായില്ലെങ്കിലും.
അപ്സരസുകളിൽ സുന്ദരിയാണവൾ……..
വീരൻമാരിൽ വീരനും പുരുഷകേസരിയമായ പുരൂരവസ്സിനെ അവൾ പ്രണയിച്ചു .
അവനാൽ അവൾ പ്രണയിക്കപ്പെട്ടു .
മോഹമല്ലാതെ ഏതെങ്കിലും അപ്സരസിന് മോഹസാഫല്യമുണ്ടായോ എന്ന് മിശ്രസ്തല ഓർമ്മകളിൽ പരതി .
ഉർവ്വശിയും അദ്രികയും പ്രണയിച്ചിട്ടും പ്രണയിക്കപ്പെട്ടിട്ടും എല്ലാം വെടിഞ്ഞ് വീണ്ടും ഈ അപ്സര ജന്മം പേറിയതെന്തിന് ?
ഇന്ദ്ര സദസ്സിലെ ഗണിക ജന്മങ്ങളിലേക്ക് തിരികെയെത്തിയതെന്തിന് ?
കുംഭനദിയിലേക്ക് ഒഴുകിച്ചേരുന്ന അരുവിയുടെ കരയിൽ ഈറൻ ഉണങ്ങാതെ തഴുകി വീശുന്ന കുളിർ തെന്നലിൽ ഉള്ളിലെ അഭിലാഷാഗ്നിയണയാതെ ശില്പചാരുതയെ വെല്ലുന്ന അംഗ സൗഷ്ഠവത്തോടെ ഒരു വെണ്ണക്കൽ ശിലാ ബിംബം പോലെ സ്വയം നഷ്ടപ്പെട്ട് മിശ്രസ്തലയിരുന്നു……..,അതോ സ്വയം തേടിയോ….?
അവളുടെ അനുപമ സൗന്ദര്യത്തെ തഴുകാൻ കാത്ത് സന്ധ്യയും നിലാവും മത്സരിച്ച് നിന്നു.
പ്രണയിക്കാനും പ്രണയിക്കപ്പെടാനും കൊതിക്കുന്ന ഒരു വെറും പെണ്ണിന്റെ ഹൃദയ തരളത തനിക്ക് കൈവന്നതെങ്ങനെയാണ് ?, എവിടുന്നാണ് ?
അതറിയണമെങ്കിൽ ഞാനെന്ന സമസ്യക്ക് ഉത്തരം ലഭിക്കണമല്ലോ ………
ബ്രഹ്മ ദേവാ………..
സകലതും സൃഷ്ടിച്ച അവിടുത്തേക്കറിയരുതോ എന്റെ ജന്മരഹസ്യം ……?
ഒരു ഇലയനക്കമായ് പോലും നാൻമുഖൻ അവളോട് മറുപടി പറഞ്ഞില്ല.
കണങ്ങളിറ്റ് വീഴുന്ന കേശഭാരം വശത്തെക്കൊതുക്കിയപ്പോൾ നഗ്നമായ പുറം ഭംഗിയിലേക്ക് അസ്തമയ സൂര്യകിരണങ്ങൾ ആർത്തിയോടെ ചുംബിച്ചു. അവളുടെ കർണ്ണങ്ങളും കഴുത്തും കൈത്തണ്ടകളും നഗ്നമായിരുന്നു. കുംഭ നദീതടത്തിനും യമുനാ നദീതടത്തിനും മധ്യത്തിൽ ഭാവിയിലെന്നോ എഴുതപ്പെടാൻ പോകുന്ന അപ്സര വർണ്ണനകളോർത്ത് അവൾ ഊറിച്ചിരിച്ചു. സർവ്വാംഗ വിഭൂഷിതരായി പട്ടുടയാടകളും ചമയങ്ങളും കുറിക്കൂട്ടുകളുമണിഞ്ഞ അംഗ സൗഷ്ഠവം തികഞ്ഞ സുഗന്ധം പരക്കുന്ന മേനിയുള്ള അംഗനമാർ ……. അപ്സരസുകൾ …..
സ്മൃതിയിൽ നിന്ന് കൃതിയിലേക്കെത്തുമ്പോൾ നഷ്ടമാകുന്ന അന്തസത്തയും അധികമാകുന്ന അലങ്കാരങ്ങളും അവളെ അത്ഭുതപ്പെടുത്തി. എന്നോ പിറക്കാൻ പോകുന്ന വേദങ്ങളിലും ഉപനിഷത്തുക്കളിലും സ്വയം തേടി മിശ്രസ്തലയലഞ്ഞു .
ഉർവ്വശിയെയും പുരൂരവസ്സിനെയും ഋഗ്വേദത്തിൽ കണ്ടുമുട്ടിയെങ്കിലും സ്വയം കണ്ടെത്താനോ സ്വന്തം ജന്മരഹസ്യം കണ്ടെത്താനോ മിശ്രസ്തലക്കായില്ല. മുന്നും പിന്നും കാലങ്ങളിലേക്ക് നീളുന്ന നേത്രങ്ങൾ നൽകിയ സൃഷ്ടാവ് തനിക്കു മുന്നിൽ ചില രഹസ്യങ്ങളെങ്കിലും കാത്തു വച്ചതെന്തിനാണ് ?
പക്ഷേ, വേദങ്ങളെ വിഭജിക്കാനെത്തുന്ന കൃഷ്ണദ്വൈപായനന്റെ ജനനത്തിന് പാത്രമാകാൻ പോകുന്നത് തോഴി അദ്രികയിൽ ജനിക്കുന്ന പുത്രിയാണ്. മത്സ്യ ജന്മം പൂണ്ട അദ്രികയെയും മത്സ്യഗന്ധിയായ സത്യവതിയെയും വ്യാസൻ എഴുതുന്നത് എങ്ങനെ ആയിരിക്കും …….?
മത്സ്യഗന്ധം വെടിഞ്ഞ് കസ്തൂരിഗന്ധി ആയവളിൽ ഭാരത ചരിത്രം മഹാഭാരതമായി പിറവിയെടുക്കുന്ന കൗതുകവും കാലം തനിക്ക് കാണിച്ച് തരുമെന്ന് മിശ്രസ്തലക്ക് അറിയാമായിരുന്നു. അദ്രികയെ ഹൃദയത്തിലാവാഹിച്ച് പ്രണയിക്കാനും പല വസന്തങ്ങൾ കൂടെപ്പാർക്കാനും ജന്മം കാത്തിരിക്കുന്ന ഉപരിചരവസുവിന്റെ ചിത്രം വിരൽ കൊണ്ട് മണലിൽ വരച്ചിട്ട് അവൾ ചിന്താനിമഗ്നയായി …..
പാലാഴി മഥനത്തിൽ അയോനിജയായി പിറന്നവരാണെന്ന് അപ്സരസുകളെക്കുറിച്ച് നെയ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് താളിയോലയിൽ നാരായം കൊണ്ടെഴുതിയ വാൽമീകിയും അവളുടെ പിതൃജ ഭാവത്തെ ശൂന്യമാക്കിത്തീർത്തു. അചേതനവും സചേതനവുമായ സകല ഭാവങ്ങളും യോനിജമാണെന്ന് അവൾ ഇരുട്ടിനെയും നിശബ്ദതയെയും ഭേദിക്കുന്ന മിന്നലുകളും ഇടിനാദങ്ങളുമായി പറഞ്ഞുകൊണ്ടിരുന്നു …. സകലതിനും പിതൃജഭാവങ്ങളുണ്ടെന്നും.
പൂത്തുലഞ്ഞ വസന്തത്തിന് നടുവിൽ നിൽക്കുന്ന സീതാദേവിയുടെ മിന്നൽക്കൊടിപ്പുരികങ്ങളെ വർണ്ണിക്കുന്നതിനിടയിൽ വാല്മീകിയത് ശ്രദ്ധിച്ചുവോ..?
സൗർഭേദിയുടെയും വിദ്യുത്പർണ്ണയുടെയും അസിതയുടെയും ചിരിയും കൊഞ്ചലുകളും മിശ്രസ്തല കേട്ടു .
തങ്ങളുടെ ഗന്ധർവ്വൻമാർക്കൊപ്പം സ്വപ്നങ്ങളിൽ പ്രണയലീലകളാടുവാൻ….. പുഴയുടെ കുളിരിൽ ഏകാന്തതയുടെ തീരങ്ങൾ തേടിയെത്തുന്ന അവരുടെയുള്ളിലും സഫലമാകാത്ത മോഹങ്ങൾ നീറി നീറിക്കിടക്കുന്നത് മിശ്രസ്തല അറിഞ്ഞു
.
അവളുടെ ഉറ്റ തോഴിമാരാണവർ .
ചിന്തകളിലുറഞ്ഞ് പോയ മിശ്രസ്തലയെ അവൾ കണ്ടില്ല .
ഹൃദയത്തിൽ പ്രണയവും ചിന്തകളിൽ അഭിലാഷവും പതഞ്ഞ് തൂവുമ്പോൾ ഓരോരുത്തരും കാളിന്ദിയുടെ നടുവിലെ പവിഴദ്വീപിലാണ്….. ചുറ്റും പൊതിഞ്ഞ് നിൽക്കുന്ന മൂടൽമഞ്ഞും .
ഏകാന്തത മിശ്രസ്തലക്ക് താങ്ങാനാവുന്നില്ലായിരുന്നു .
“അമ്മേ…….. പ്രധേ …….”
ഇരുന്ന ശിലാ തലത്തിൽ തന്നെ പിന്നോട്ടാഞ്ഞ് കിടന്ന് നക്ഷത്രക്കൂട്ടങ്ങളെ നോക്കിവിളിച്ച് മിശ്രസ്തല കരഞ്ഞു.
പ്രധയെന്ന അമ്മയിലാണ് അപ്സരസുകൾ ജൻമംകൊണ്ടതെന്ന് പറഞ്ഞ മഹാഭാരതം പിത്യജഭാവത്തെ ശൂന്യതയിൽ കൊണ്ടെത്തിച്ചതെന്തിനാണ് ?. പലപ്പോഴും ഇന്ദ്രസഭയിലെ നയന ഭോഗികളായ അഥിതികൾക്ക് നടുവിൽ നൃത്തമാടിത്തളരുമ്പോൾ ആ ശൂന്യത തന്നെ ഒന്നുകൂടി തളർത്തിയിട്ടുണ്ട് …
ത്രികാലങ്ങളിലൊരിടത്തും പ്രധയാരാണെന്ന് ആരും പറയുന്നത് മിശ്രസ്തല കേട്ടില്ല. പ്രധയിൽ അപ്സരസുകൾക്കായി ബീജം പകർന്ന പുരുഷ സങ്കല്പമാരെന്നും. തനിക്കായി ഗന്ധർവ്വനും മർത്യനുമാകാൻ കഴിയുന്ന സങ്കല്പരുപത്തെ ഒരു നെടുവീർപ്പിലലിയിച്ച് കളയാനാകാതെ മിശ്രസ്തല കിടന്നു.
മനോഗതം പോലെ രൂപാന്തര വരം കരഗതമായ അപ്സരസിന്റെ നാട്യവൈഭവം തികഞ്ഞവളാണ് മിശ്രസ്തലയെന്ന് സൗർഭേദി എത്രയോ വട്ടം തന്റെ കാതിൽ അടക്കം പറഞ്ഞിരിക്കുന്നു.
പക്ഷേ, സഭയിലെ രാജ്ഞി അവളാണ് രംഭ ….
എന്നിട്ടും വിശ്വാമിത്രന്റെ തപസ്സ് മുടക്കാൻ ദേവരാജാവ് മേനകയെ അയച്ചതെന്തിനാണ് ? ഉത്തരം കിട്ടാത്ത സമസ്യകൾക്ക് നടുവിലൂടെ മിശ്രസ്തല ഉഴറിയപ്പോൾ രാത്രി വളരുകയായിരുന്നു . പുതിയൊരു നൃത്തനാടകം അഭ്യസിക്കുന്ന വേളയിൽ അസിത മിശ്രസ്തലയുടെ ചെവിയിൽ പറഞ്ഞു ;
“നിനക്കായി ഞാനൊരു പുതിയ അറിവ് രഹസ്യമായി വച്ചിട്ടുണ്ട് “
ആകാംക്ഷയിൽ നാട്യം മറന്നതിന് ഭരതമുനിയിൽ നിന്ന് ശിക്ഷയും കിട്ടി.
പിന്നീട് സൂക്ഷ്മ രൂപയായി ആകാശസഞ്ചാരം നടത്തവേ വിദ്യുത്പർണ്ണയാണ് അവളോടത് പറഞ്ഞത് …..
വീരമൃത്യു വരിക്കുന്ന യോദ്ധാവിനെ വരണമാല്യവുമായി കാത്തു നിൽക്കാൻ അപ്സരസുകൾക്ക് അവകാശം കിട്ടിയിരിക്കുന്നു. ഗന്ധർവ്വനാകുന്ന അവനൊപ്പം ആടിയുംപാടിയും പ്രണയ ലീലകളിലേർപ്പെട്ടും യുഗാന്തരങ്ങൾ ആനന്ദത്തിലാറാടി ജീവിക്കാം .
മനസ്സേതുമില്ലാതെ ഒരു വീരജന്മത്തെ പിന്നിലുപേക്ഷിച്ച് മരണ വേദനയിൽ ഗന്ധർവ്വ ജന്മം സ്വീകരിച്ചവന് തന്നെ പ്രണയത്തോടെ ആലിംഗനം ചെയ്യാനാവില്ലെന്ന് മിശ്രസ്തലക്ക് തോന്നി…
വിദ്യുത്പർണ്ണയുടെ കണ്ണിൽ പ്രതീക്ഷയുടെ പുതിയൊരു നാമ്പ് മിശ്രസ്തല അന്ന് കണ്ടതാണ് .
യുഗങ്ങൾക്കപ്പുറത്തേക്ക് അനന്തമായി നീണ്ടു കിടക്കുന്ന ജീവിതത്തിന് പ്രതീക്ഷകളും മോഹങ്ങളും വേണമെന്ന് അവൾ പറഞ്ഞപ്പോഴും അസ്തിത്വമില്ലാത്തവളുടെ അർത്ഥമില്ലാത്ത മോഹമാണെതെന്ന് മിശ്രസ്തലക്ക് തീർച്ചയായിരുന്നു. ഓർമ്മകളിൽ അവൾ ഒന്ന് തേങ്ങി.
അരുവിക്ക് അക്കരെ ഗാഢ ആരണ്യത്തിന് നടുവിലെ വർണ്ണാശ്രമത്തിൽ ഋഷി കശ്യപന്റെയും ഭാര്യ മുനിയുടെയും ചെവിയിൽ ആ തേങ്ങൽ വീശിയടിക്കുന്ന കൊടുങ്കാറ്റിന് നടുവിലെ ഓംകാര നാദമായാണ് കേട്ടത് .
“അവൾ കരയുന്നത് അങ്ങ് കേൾക്കുന്നില്ലേ…….?”
ആകുല ചിത്തയായി വെറുമൊരു മാതാവായി മുനി ചോദിച്ചതിന് കാശ്യപൻ മറുപടി പറഞ്ഞില്ല.
“അങ്ങേക്ക് പറയരുതോ; അങ്ങ് അവളുടെ പിതാവാണെന്ന്…? അവൾക്ക് ജന്മം നൽകിയ മാതാവ് ഞാനാണെന്ന്..? അവൾ വിളിച്ച് കരയുന്ന പ്രധയെന്ന അമ്മ ഞാനല്ലാതെ മറ്റാരുമല്ലെന്ന് ……?”
കശ്യപൻ മൗനത്തിൽ തന്നെ ആയിരുന്നു .
“ശൂന്യമായിപ്പോയി എന്നവൾ വിലപിക്കുന്ന പിതൃജഭാവം അങ്ങാണെന്ന് മറയ്ക്കുന്നതെന്തിന് ….?”
“കാലം കഴിയുമ്പോൾ പുരാണങ്ങൾ പിറക്കുമ്പോൾ ഭാഗവത പുരാണം അവളോട് പറയും ഈ സത്യങ്ങൾ ………
അതുവരെ അവളുടെ അപ്സര ജന്മം ഉഴറിയേ തീരൂ… അവളുടെ വിധിയാണ് ….!”
ഒന്നും മനസ്സിലാവാതെ മുനി നിന്നു .
“അതിനുമപ്പുറത്ത്, നിന്റെ മാതൃത്വത്തിനുമപ്പുറത്ത് അവൾക്കൊരു ജന്മ രഹസ്യമുണ്ട് …. അത് തിരിച്ചറിയുന്ന നാൾ മോഹസാഫല്യത്തിന് മനുഷ്യ ജന്മം നേടാനുള്ള വഴി അവൾക്ക് മുന്നിൽ സ്വയം തെളിയും ….!”
തേടിക്കൊണ്ടിരുന്ന ഏതോ ചോദ്യത്തിന് ഉത്തരം തേടി വീണ്ടും ധ്യാനത്തിലായ കശ്യപന് മുന്നിൽ നമസ്കരിച്ചെഴുന്നേറ്റപ്പോൾ മുനിയുടെ ചിത്തം ശൂന്യമായിപ്പോയിരുന്നു . കശ്യപന്റെ തപോബലം തന്നിലെ സ്ത്രീ ഭാവത്തിലേക്ക് ബീജം പകർന്ന് ഗർഭം ധരിക്കാതെ, ചുമക്കാതെ തനിക്ക് പിറന്ന മക്കൾ …. ആ നദീതടത്തിൽ കാറ്റായി വീശുന്നത് അവരുടെ തേങ്ങലുകളാണെന്ന് മുനിക്ക് തോന്നി .
പക്ഷേ, അവൾ ……
മിശ്രസ്തല …..
സ്വന്തം അസ്തിത്വം തിരയാൻ അവളെ പ്രേരിപ്പിക്കുന്നതെന്താണ് ? കാലചക്രത്തിന്റെ ഏത് വിനാാഴികയിലാണ് അവളിൽ ഈ ചിന്തകൾ മൊട്ടിടത് ? അവളെയൊന്ന് നെഞ്ചോട് ചേർക്കാൻ ……പുത്രീ എന്നൊന്ന് വിളിക്കാൻ മുനി കൊതിച്ചു .
കാലചക്രത്തെ പോലും മറന്ന മനസുമായി മുനി നിശ്ചലയായി.
മിശ്രസ്തല അപ്പോൾ ശതദ്രീ നദിക്കരയിലായിരുന്നു.
അവിടെ ആര്യന്മാരെ കാത്തുനിൽക്കുന്ന ദസ്യുക്കളെ അവൾ കണ്ടു,അവർ യുദ്ധത്തിനൊരുങ്ങുകയായിരുന്നു
എന്നിട്ടും പരസ്പരം കലർന്ന് ജനിച്ച സമൂഹം ഭാരതജനതയായി മാറുന്ന നാളിൽ പ്രകൃതിശക്തികൾക്കായി കുറിക്കപ്പെടുന്ന വേദമന്ത്രങ്ങളിൽ അവൾ സ്വയം തേടി.
പുഴയോരത്ത് നിലാവ് പൂഞ്ചേലയഴിച്ചിട്ട് നഗ്നയായി കിടന്നു. ഉറങ്ങുന്ന മത്സ്യങ്ങളും പതഞ്ഞൊഴുകുന്ന അരുവിയും മാത്രം സാക്ഷിയായി അവിടെ ഒരു പേറ്റുനോവിന്റെ വിങ്ങിക്കരച്ചിൽ തെറിച്ചു വീഴുന്നത് കേട്ട് മിശ്രസ്തല നിശ്ചലയായി .
അതൊരു അപ്സരസ് പിറവിയെടുക്കുന്ന അപൂർവ്വ നിമിഷമായിരുന്നു. തേടിയലഞ്ഞ രഹസ്യത്തിന്റെ കെട്ടഴിക്കാൻ അവളാ സൂതികാഗൃഹത്തിൽ കാത്തുനിന്നു. ഭൂമിയിൽ സഫലമാകാതെ കൊഴിഞ്ഞ് പോകുന്ന പെൺകൊടിമാരുടെ സ്വപ്നങ്ങൾ തപ്തനിശ്വാസങ്ങളായി അടർന്ന് വീഴുമ്പോൾ കണ്ണീരുമായി ഇണചേർന്ന് കാലം അപരയായ് പോഷണമൂട്ടി അവൾ പിറന്നു …..
അപ്സരസ് ….
മഴവില്ലിന്റെ അഴകുള്ള താരുണ്യം നിറഞ്ഞ അവളിൽ മറന്നു പോയ പൂർവ്വജന്മ സ്മരണകൾക്ക് പകരം മോഹങ്ങൾ മാത്രേയുണ്ടായിരുന്നുള്ളു.
മിശ്രസ്തല ഒന്ന് നിശ്വസിച്ചു.
അവളിൽ നിന്ന് വിങ്ങിവീണ വേദനയുടെ കണങ്ങൾ കാർമേഘങ്ങളായി. അപ്പോഴും ഈറൻ ഉണങ്ങിയിട്ടില്ലാത്ത ചേല നദിയിൽ ഉപേക്ഷിച്ച് അവൾ നിലാവിലേക്ക് അലിഞ്ഞു ചേർന്നു.
പൂർവ്വജന്മ സ്മരണകളുള്ള പൂർണ്ണതയുള്ള ഒരു മനുഷ്യ ജന്മം ലഭിക്കാൻ കോടി വർഷം നീളുന്നൊരു തപസിന് അവൾ തുടക്കം കുറിച്ചു .
പ്രതീക്ഷയും മോഹവും സ്വപ്നങ്ങളും പൂവണിയിക്കുന്നൊരു മർത്യജന്മം കാത്ത് അവൾ തൂകിയ പുഞ്ചിരി നക്ഷത്ര കിരണമായ് ഭൂമിയിൽ വീണ് യോഗ്യതയുള്ളൊരു ഗർഭപാത്രം തേടിക്കൊണ്ടിരുന്നു.