മാർക്സ് നിന്നെയോർക്കുമ്പോൾ
ഒരു രാവിൻ്റെ നിശ്ചലതയിലേക്ക്
ആരോ വാരിയെറിഞ്ഞ പൂക്കൾ പോലെ
നേർത്ത മഞ്ഞുകണങ്ങൾ
പൊഴിയാൻ തുടങ്ങും.
മങ്ങിയ വെളുപ്പും പിങ്കും നിറത്തിൽ
ചെറി മരങ്ങൾ പൂക്കാൻ തുടങ്ങും.
പാതയോരമാകെ ചുവപ്പിക്കുന്ന
ചെമന്ന വാകപ്പൂക്കൾ
ഹൃദയങ്ങളിലേക്ക് ചേക്കേറും.
ഞരമ്പുകളിൽ ജീവൻ തുടിച്ചുണരും.
തൊണ്ടയാഴങ്ങളിൽ നിന്നും
ഉണർന്നെത്തുന്ന വാക്കുകൾ
പതിവിലുമേറെ പ്രകമ്പനത്തോടെ മുഴങ്ങും.
“വിപ്ലവം ജയിക്കട്ടെ”
അതു കേൾക്കുമ്പോൾ
ദൈന്യതയുടെ കുഴിവാർന്ന മിഴികളിൽ
പ്രത്യാശയുടെ പ്രകാശം പരക്കും.
വിറയാർന്ന വിരലുകൾ
ചുരുണ്ട് ആകാശത്തിലേക്കുയരും.
തളർന്ന തൊണ്ടക്കുഴികളിൽ
ഉയരുന്ന ഊർജ്ജപ്രവാഹത്തിൽ
ചിതറുന്ന വാക്കുകൾ
ഒരേ താളക്രമത്തിൽ
അന്തരീക്ഷത്തിൽ പടരും.
അപ്പോൾ കൽഭിത്തികൾക്കപ്പുറം
ജീവൻ്റെ പാതി അനാഥമായി കിടപ്പുണ്ടാകും
മരിച്ച് … മരവിച്ച്…
മാർക്സ് നിന്നെയോർക്കുമ്പോൾ
ഞാൻ കേൾക്കുന്നത് ,
നിനക്ക് മുന്നിലും പിന്നിലും
പ്രതിബന്ധങ്ങൾ ഇല്ലാതെ
നിൻ്റെ ചിന്തയുടെ ഒഴുക്കിനെ
അനുസ്യൂതം പ്രവഹിക്കാൻ
വിട്ടവളുടെ ദീർഘനിശ്വാസങ്ങളാണ്.
നീയറിയാതെ പോയ,
നിന്നെ അറിയിക്കാതെ പോയ
ജീവിതത്തിൻ്റെ ഇല്ലായ്മകളെയാണ്.
എത്രയോ നിശ്വാസങ്ങൾ ഉറഞ്ഞു കൂടിയ
കൽച്ചുമരുകൾക്കുള്ളിലെ
ദാരിദ്ര്യത്തിന്റെ അടിത്തറയിലാണ്
നീയീ സാമൂഹ്യപരിക്രമം കെട്ടിപ്പടുത്തത്
എന്നാലോചിക്കുമ്പോൾ
ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു.
ഇന്നിപ്പോൾ
നീ സൃഷ്ടിച്ച ഇസങ്ങളുടെ
മാന്ത്രികതയ്ക്കപ്പുറത്തേക്ക് ,
പ്രത്യയശാസ്ത്രങ്ങൾക്കപ്പുറത്തേക്ക്
സമരസപ്പെടലിന്റെ
പുതിയ വഴിത്താരകൾ തുറക്കുന്നത് കാണുമ്പോൾ
കനം വെച്ച തൊണ്ടക്കുഴികളിൽ
അമർന്നുപോകാത്ത വാക്കുകൾ
തൂലികത്തുമ്പുകൾ തേടുന്നത് നീയറിയുന്നുവോ?