മാസ്ക്

പലചരക്ക് കടയിൽ നിന്നും വാങ്ങാനേൽപ്പിച്ച സാധനങ്ങൾ ഉമ്മാനെ ഏൽപ്പിച്ചപ്പോൾ പതിവ് പോലെ ഉമ്മ പറഞ്ഞു തുടങ്ങി….

“ചോളത്തവിടിനും പിണ്ണാക്കിനും ഇങ്ങനെ വെല കൂട്യാൽ എന്താ കാട്ടാൻ കണ്ടക്ക്ണത്, ആ ദാസനോടും അർജ്ജുനനോടുമൊക്കെ ഇയ്യൊന്ന് പറഞ്ഞോക്ക് മോനെ, ഈ നാഴിക്ക് ആറ് ഉർപ്യേൽന്ന് എന്തേലൊന്ന് കൂട്ടിത്തരാൻ, പടിഞ്ഞാറെ കരമ്മൽന്ന് പാല് വാങ്ങാൻ വന്ന താത്ത പറയാണ്; അവരവിടൊക്കെ നാഴി പാലിന് എട്ട് ഉർപ്യ ആയീണ്ടെന്ന് “

“സാധനങ്ങൾക്ക് വെല കൂടുന്നതിനനുസരിച്ച് പാലിന് വെല കൂട്ട്യാൽ ഈ ചെറ്യേ ചായപ്പീട്യ നടത്ത്ണ ഞങ്ങക്ക് താങ്ങാൻ പറ്റുവോന്നു ഉമ്മയുടെ ആവശ്യം അറിയിച്ചപ്പോഴൊക്കെ ദാസനും അർജ്ജുനനും പല തവണ പറഞ്ഞിട്ടുള്ളതാണ്. അത് കൊണ്ട് ഉമ്മയോട് എന്ത് പറയണമെന്നറിയാതെ ഞാൻ കുഴഞ്ഞു.

“ഹാ പിന്നെയ്… മറ്റന്നാള് ഞമ്മളെ ദാസൻ്റെ പീട്യേല് വെച്ചിട്ടാത്രെ തെക്കൻ തിരുത്തുമ്മളള ആരോ ചെങ്ങായിക്കുറി നടത്ത്ണത്, ഓൻക്ക് വൈകീട്ടും ആറ് നാഴി പാല് കൂടുതല് വേണംന്ന് പറഞ്ഞീണ്ട്” ഞാൻ ഉമ്മയെ പ്രത്യേകം ഉണർത്തിച്ചു.

പാലിന് ഓർഡർ ഉണ്ടെന്ന് പറയുമ്പോൾ പിണ്ണാക്കിൻ്റെയോ തവിടിൻ്റെയോ വില കൂടുതലൊക്കെ ഉമ്മ മറക്കും. പാലിന് ആവശ്യക്കാർ ഇല്ലാത്തത് കൊണ്ടായിരുന്നില്ല. ഉരിയും നാഴിയും വെച്ച് വാങ്ങുവാൻ ഇഷ്ടം പോലെ ആൾക്കാരുണ്ട്. പറഞ്ഞിട്ടെന്താ കാര്യം പഠിക്കാൻ പോണേൻ്റെ എടേല് എല്ലാ സ്ഥലത്തും കൊണ്ടു നടക്കല് അത്ര എളുപ്പമല്ല. കുപ്പികളിൽ നിറച്ച് കൊണ്ടു കൊടുത്താൽ തന്നെ മാസാവസാനം കാശ് ചോദിച്ചാൽ, ചാരുകസേരമ്മേല് കാലും നീട്ടിയിരുന്ന് പാല് വാങ്ങി വെച്ചോർക്ക് ഭയങ്കര ദേഷ്യമായിരുന്നു. അപ്പോൾ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി “ഞമ്മക്ക് വീട്ടില് വാങ്ങാൻ വര്ണോര്ടേം ചായപീട്യേക്കാരുടേം കച്ചോടം മാത്രം മതി… അതാവുമ്പോൾ അന്നന്ന് പൈസേം കിട്ടും” എന്ന്..

“മറ്റന്നാളിനി മിനിഞ്ഞാന്നത്തെ പോലെ ആവാണ്ടിരുന്നാൽ മത്യേർന്ന്” എന്ന എൻ്റെ ഓർമ്മപ്പെടുത്തൽ ഉമ്മയെ സങ്കടപ്പെടുത്തി. എങ്ങനെ സങ്കടപ്പെടാതിരിക്കും.. പത്ത് നാഴി പാല് കൂടുതല് വേണംന്ന് ദാസൻ പറഞ്ഞേൽപ്പിച്ചിരുന്നതാണ്. പത്ത് നാഴി പോയിട്ട് നിത്യവും കൊടുക്ക്ണത് പോലും കൊടുക്കാൻ കിട്ടിയില്ല. നട്ടപ്പാതിരാക്ക് ‘കുറുമ്പി’ കെട്ടഴിച്ച് കുടിച്ച് വറ്റിച്ചിരുന്നു. രാവിലെ കറക്കാൻ വന്ന കൃഷ്ണേട്ടൻ ”ദെന്താപ്പൊ കഥ, ഔട്ടിലൊന്നൂല്ലല്ലോ… ഇഞ്ഞിപ്പൊ ചോര പിഴിഞ്ഞെടുക്കാൻ ഇന്നെക്കൊണ്ട് കൂട്ട്യാൽ പറ്റൂല്ലാ”ന്നും പറഞ്ഞ് പാത്രങ്ങള് തിണ്ണയിൽ വെച്ചാണ് അന്ന് പോയത്..

അത് കൊണ്ട് ഒരു പരിഹാരമെന്ന വണ്ണം ഉമ്മയാണ് ഒരു കാര്യം നിർദ്ദേശിച്ചത്… “ഞമ്മടെ വെറ്റിലക്കാരൻ വന്നപ്പൊ പറഞ്ഞതാ… നടുപ്പന്തീല് വെട്ടൻ്റെ പീട്യേടെ അട്ത്തായിട്ട് അർസ്കുർസ് സാമാനങ്ങള് വിക്ക്ണ പീട്യണ്ടത്രെ!, അവടെ കുർമ്പിക്ക് കെട്ടാൻ പറ്റ്യെ മോന്തക്കൊട്ട കിട്ടും, ഒന്ന് പോയി വാങ്ങിക്കോ, നാളെ സ്കൂളില്ലല്ലോ അണക്ക്”

തൊഴുത്തിൻ്റെ തൊട്ടടുത്തുള്ള പടിഞ്ഞാറെ തിണ്ണയിലിരുന്നുള്ള ഞങ്ങളുടെ ഗൂഢാലോചന മനസ്സിലായിട്ടാവണം ‘കുറുമ്പി’ തലയാട്ടിക്കൊണ്ട് ശബദമുണ്ടാക്കി…

“ആടീ, അണക്ക് ഞാൻ വെച്ചീണ്ട്” എന്ന് ഉമ്മ ചിരിച്ചുകൊണ്ട് കുറുമ്പിയോട് പറഞ്ഞു…

മോന്തക്കൊട്ട കെട്ടി (വിള തിന്നാതിരിക്കാനും പാല് കുടിക്കാതിരിക്കാനും കന്നുകാലികൾക്ക് വായയും മൂക്കും അടച്ച് കെട്ടിയിരുന്ന കൊട്ട) കുറുമ്പി നിൽക്കുന്ന രൂപം ഓർത്തപ്പോൾ ഞാനും ഉമ്മയുടെ കൂടെ ചിരിയിൽ പങ്ക് ചേർന്നു….

“ഏതായാലും കുന്നംകൊളത്ത് പോവ്ണതല്ലേ, ഇക്കൊരു പത്തുർപ്യ കൂടുതല് വേണം” എന്ന് പ്രത്യേകം ഞാൻ ഉണർത്തിച്ചപ്പോൾ…

“അണക്കെന്തിനാപ്പൊ പൈസ” എന്നായി ഉമ്മ..

കുന്നംകുളം ഭാവനയിൽ നായർസാബ് റിലീസായ സമയമാണ്. ഉറ്റചങ്ങാതിമാരായ നാസറും ഫാറൂഖും നൗഷാദുമൊക്കെ കണ്ട് കഥ പറഞ്ഞപ്പോൾ തോന്നി തുടങ്ങിയ പൂതി അടക്കി വെക്കാൻ പറ്റാത്തോണ്ട് ഞാൻ ഉള്ള സത്യം തുറന്ന് പറഞ്ഞു…

“ഇക്കൊരു സിൽമ കാണാനാ..”

“അൻ്റൊരു സിൽമ… സിൽമേം കണ്ട് മോന്തിടെ മൂട്ടില് വരണ്ടെ! പോരാത്തേന് നാളെ ഓട്ട് എണ്ണ്യേത് അറ്യേണ ദെവസോം.. ജാഥയും പെടക്കം പൊട്ടിക്കലും ആകെ തെരക്കാവും റോട്ടില്”

“ഒന്നുംണ്ടാവില്ല… ഞമ്മക്ക് കുറുമ്പിക്ക് കൊട്ട വാങ്ങേണ്ടെ!” എന്ന സോപ്പ് നന്നായി പതഞ്ഞെന്നു തോന്നുന്നു. പിറ്റേന്ന് ഉച്ചക്ക് മോന്ത കൊട്ടക്കും വണ്ടി കൂലിക്കുമുള്ള വിഹിതത്തോടൊപ്പം പത്ത് രൂപ അനുവദിച്ച് തന്ന് കൊണ്ട് ഉമ്മ ഉത്തരവിട്ടു… “കരിക്കുടി മോന്തിക്ക് മുന്നെ കൂടീക്ക് പോരെ, കൊച്ചനംകുളത്തിൻ്റവ്ടെ പാടത്ത് നല്ല പുല്ല് നിക്കണത് അമ്മായിടോട്ക്ക് പോവുമ്പൊ കണ്ടേർന്ന്… വെയിലാറ്യാല് പശൂനേം കുറുമ്പിനേം അവടെ കൊണ്ടോയി കെട്ടും… വരുമ്പൊ അഴിച്ചൊണ്ടൊരാൻ മറക്കണ്ട!”

“ഉമ്മ ഇനി കൊച്ചനംകുളത്തിൻ്റവ്ടെ അല്ല, ചെർളിപ്പൊഴക്കെ കെട്ട്യാലും ഞാൻ അഴിച്ചോണ്ട് വരും” എന്ന ഉറപ്പോടെ ഉച്ചക്ക് ഒരുമണിക്കുള്ള ബസ്സിനെ ലക്ഷ്യം വെച്ച് കൊച്ചന്നൂർ സെൻ്ററിലേക്ക് ഓടി

ഭാവനയിൽ നിന്ന് സിനിമയും കണ്ട് നടുപന്തീല് (താഴത്തെ അങ്ങാടി) വന്ന് മോന്തക്കൊട്ടയും വാങ്ങി ബസ്സില് കേറി വരുമ്പോൾ ഉമ്മ പറഞ്ഞ പോലെ പെടക്കം പൊട്ടിക്കലും ജാഥയും…

ഒരു വിധം കൊച്ചന്നൂരെത്തി ബസ്സിറങ്ങി കണ്ട സിനിമയിലെ പട്ടാളക്കാരെ പോലെ ചുവട് വെച്ച് “പുഞ്ചവെയില് കൊയ്യാൻ പോണോരേ” എന്ന പാട്ടും പാടി കുളത്തിൻ്റെ അവിടെ എത്തിയപ്പോഴുണ്ട് കുറുമ്പിയും തള്ളയും അവറുന്നു..

മെല്ലെ കുറ്റി പറിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ “ൻ്റെ പാല് വിറ്റ കാശേറ്റ് സിൽമേം കണ്ട് വന്നിരിക്കുന്നു” എന്ന ഭാവത്തിൽ എന്നെയൊന്ന് കുത്താനോങ്ങി തള്ള പശു. മൂക്കയറിന് പിടിച്ച് ആ ദൌത്യത്തിൽ നിന്ന് അവളെ പിന്തിരിപ്പിച്ചുകൊണ്ട് വീട്ടിലേക്ക് വെച്ച് പിടിച്ചു.

ഇടയിൽ ഞാൻ പാട്ട് പാടിയോ എന്തോ കുറുമ്പി പിടിവിടുവിച്ച് ശരം വിട്ടം പോലെ വീട്ടിലേക്ക് പാഞ്ഞു. കുട്ടി ഓട്യാൽ തള്ള ഓടാതിരിക്കോ… പോണവഴിക്കുള്ള പറമ്പിൻ്റെ മൂലയില് ആൾമറയില്ലാത്ത കിണറുള്ളത് കൊണ്ട് മോന്തക്കൊട്ടയും കയറും പിടിച്ച് ഞാൻ പിന്നാലെയും…

ഓട്ടത്തിനിടയിൽ കഴുത്തിലെന്തോ കുടുങ്ങി കയറ് പിടി വിട്ട് പിന്നിലോട്ട് മറിഞ്ഞത് ഓർമ്മയുണ്ട്…
ബോധം വരുമ്പോൾ കയ്യാലയുടെ കോലായിൽ എന്നെ കെടുത്തിയിട്ടുണ്ട്… “ഓടി വന്ന പറമ്പില് ഡ്രസ്സ് ഉണക്കാനായി പ്ലാസ്റ്റിക് കയറ് കൊണ്ട് പുതിയതായി അയല് കെട്ടിയതാത്രെ ! അവരോടെള്ളോര്… എന്നാലും ഇത്രല്ലെ ആയൊള്ളു… പടച്ചോൻ കാത്തു…” എന്ന് കൂടി നിന്നവരിലാരോ പറയുന്നത് കേട്ടു…

അയല് കുടുങ്ങിയ കഴുത്തിലെ മുറിവിൽ നിന്ന് നീറ്റൽ ഉണ്ടായിരുന്നെങ്കിലും “എൻ്റെ കയ്യില്ണ്ടാർന്ന മോന്ത കൊട്ടയോ” എന്ന എൻ്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു…

കടപ്പായി കയറ്റുത്തുള്ള ഡോക്ടറെ കാണിക്കാൻ ഇക്കയും വിച്ച്വേട്ടനും കൂടിയാണ് കൊണ്ട് പോയത്.. ” സ്വന്തം പാർട്ടിക്കാര് ഇലക്ഷനിൽ തോറ്റതിന് ആത്മഹത്യക്ക് ശ്രമിച്ചതൊന്നും ഇവിടെ എടുക്കൂല്ല…” എന്നായി ഡോക്ടർ

“പതിനഞ്ച് വയസ്സായ ഈ കുട്ടിക്കാണോ രാഷ്ട്രീയം” എന്നും പറഞ്ഞ് വിച്ച്വേട്ടൻ ശെരിക്കും ചൂടായപ്പോൾ കഴുത്തിലേക്കുള്ള മരുന്നും കഴിക്കാനുള്ള മരുന്നും ഒക്കെ റെഡി.

എല്ലാം കഴിഞ്ഞ് വീട്ടില് വന്ന് നോക്കുമ്പോൾ തൊഴുത്തില് കുറുമ്പി മോന്തക്കൊട്ടയും കെട്ടി നിൽക്കുന്നുണ്ട്. എന്നെ കണ്ട മാത്രയിൽ കുറുമ്പി തല കുലുക്കുന്നു. അറിയാതെ സംഭവിച്ചതാണ് പൊറുക്കണമെന്ന ഭാവത്തിൽ തള്ളപ്പശു ഒന്നമറുക മാത്രം ചെയ്തു..

ഒക്കെ ഈ മിണ്ടാപ്രാണിടെ പ്രാക്കാവും…. എന്ന് ഞാൻ മനസ്സിൽ കരുതി സമാധാനിച്ചു

മുപ്പത് കൊല്ലങ്ങൾക്കിപ്പുറം ഈ കൊറോണയുടെ കാലത്ത് മാസ്ക് വെച്ച എൻ്റെ പ്രതിരൂപം കണ്ണാടിയിൽ പ്രതിഫലിക്കുമ്പോൾ കുറുമ്പിയുടെ ശാപം ഇപ്പോഴും എന്നെ പിന്തുടരുന്നുണ്ടോ എന്ന തോന്നൽ.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം 'ഒറ്റക്കാള' എന്ന പേരിൽ പെൻഡുലം ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ വടക്കേകാട് - കൊച്ചനൂർ സ്വദേശി.