മാറാത്തതായി

ഞാന്‍ അവരുടെ കൂടെ പോകില്ല,
അയാളെപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.
എന്നോടവരൊരിക്കലും ചേരില്ല,
അയാളെപ്പോഴും എതിര്‍ത്തുകൊണ്ടിരുന്നു.
എനിക്കവരെ കാണുന്നതേ വെറുപ്പാണ്,
അയാള്‍ മുഖം ചുളിച്ചുകൊണ്ടേയിരുന്നു.

എനിക്കെന്താണ് അവരോടൊപ്പം ചേര്‍ന്ന്
നേടാനുള്ളത്,
അയാളവരില്‍ നിന്നും ദൂരെയാണെന്ന്
അടുത്തുകൊണ്ടേയിരുന്നു.
എന്‍റെ രാഷ്ട്രീയമേയല്ല അവരുടേത്,
അയാള്‍ രാഷ്ട്രീയം കളിച്ചുകൊണ്ടേയിരുന്നു.

അവരോടൊപ്പമുള്ള യാത്ര
ആത്മഹത്യയ്ക്ക് തുല്യമാണെന്ന്
അയാള്‍ വേവലാതിപ്പെട്ടുകൊണ്ടേയിരുന്നു.
എന്നിട്ടാണവസാനം
അയാളവരുടെ കൂടെ പോയത്.

മുമ്പ് പറഞ്ഞതൊക്കെയും
അയാളെളുപ്പം മറന്നു പോയി.
അയാളതൊക്കെയും പറഞ്ഞ
വേദികളില്‍ത്തന്നെ
അതിനെതിരായി അയാള്‍
പറഞ്ഞുകൊണ്ടിരുന്നു.

അയാള്‍ക്കിപ്പോള്‍
പുതിയ തന്ത
തള്ള
അണികള്‍
അയാളിപ്പോള്‍ മറ്റൊരാള്‍.

മാറാത്തതായി എന്തുള്ളൂ
എന്നയാള്‍ക്കും
ന്യായീകരിക്കാനായല്ലോ!

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.