ഇരുളിന്റെ മറവിൽ വീടുകളിലേയ്ക്ക് കടന്നുകയറിയ പുഴ കുടിയിറക്കിവിട്ട മനുഷ്യരുടെ തോരാത്ത കണ്ണുനീർ പോലെ മഴ അപ്പോഴും തിരിമുറിയാതെ പെയ്തുകൊണ്ടിരുന്നു…
വില്ലേജ് ഓഫീസിനു മുന്നിൽ പാർക്ക് ചെയ്ത തന്റെ വാഗൺ ആറിന്റെ ഡ്രൈവിംഗ് സീറ്റ് പിന്നിലേയ്ക്ക് ചരിച്ച് രഘു മെല്ലെയൊന്നു നടുനിവർത്തി. കണ്ണുകളിൽ ഉറക്കം വട്ടം ചുറ്റിനിൽക്കുന്നുണ്ട്. കാറിന്റെ പിൻസീറ്റിലിരുന്ന് എസ്.വി.ഒ. അനീഷും വില്ലേജ് അസിസ്റ്റന്റ് സാജനും ഉറക്കം പിടിച്ചുകഴിഞ്ഞു. നേരെയൊന്നു കിടന്നുറങ്ങിയിട്ട് ദിവസം മൂന്നായി! രഘു വാച്ചിലേയ്ക്കു നോക്കി. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. കാറിന്റെ മുകളിലേയ്ക്ക് മഴത്തുള്ളികൾ വന്നു വീഴുന്ന ശബ്ദം അയാളുടെ കാതുകളിൽ വന്നലച്ചുകൊണ്ടിരുന്നു.
ഉള്ളിന്റെയുള്ളിൽ, പണ്ടുതൊട്ടേ മഴയോടൊരു പ്രണയമുണ്ടായിരുന്നെങ്കിലും ഈ മഴ രഘുവിനെ വല്ലാതെ വലച്ചുകളഞ്ഞിരുന്നു. ശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പുണ്ടായിരുന്നു. പക്ഷേ ഇതുപോലെ പ്രളയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. പല സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന വാർത്തകൾ ഭീതിജനകമാണ്. അവിശ്വസനീയമായ ദിനരാത്രങ്ങളിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്ന് രഘുവിന് തോന്നി.
എന്തായാലും വില്ലേജ് പരിധിക്കുള്ളിൽ ആൾനാശമൊന്നും കൂടാതെ എല്ലാവരേയും ക്യാമ്പുകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ആശ്വാസം. പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ അവസാനത്തെ ആളെയും ക്യാമ്പിലെത്തിച്ചു എന്ന് ഉറപ്പുവരുത്തിയപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്.
മുന്നറിയിപ്പുകൾ എത്ര കൊടുത്തിട്ടും വീടുവിട്ട് ഇറങ്ങിപ്പോരാൻ തയ്യാറാകാതിരുന്ന മനുഷ്യരോട് ദേഷ്യം തോന്നിയെങ്കിലും വില്ലേജ് ഓഫീസർ എന്ന നിലയിലുള്ള തന്റെ കർത്തവ്യം പൂർത്തീകരിക്കാതെ വിശ്രമിക്കാനാകുമായിരുന്നില്ല അയാള്‍ക്ക്. കളക്ടർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഇപ്പോൾ പോയതേയുള്ളൂ.
വിശപ്പും ദാഹവുമൊന്നും തന്നെ അലട്ടുന്നില്ലല്ലോ എന്ന് തെല്ലാരദ്ഭുതത്തോടെത്തന്നെ രഘു ഓർത്തു. പലപ്പോഴും കുപ്പിവെള്ളം മാത്രമായിരുന്നു ആശ്രയം. സാധാരണ ദിവസങ്ങളിൽ ചായയും ചെറുകടിയും ചോറുമൊക്കെയായി ഭക്ഷണം ആഘോഷമാക്കിയിരുന്ന താനിപ്പോൾ ചോറുണ്ടിട്ട് രണ്ടുദിവസം കഴിഞ്ഞിരിക്കുന്നു…!
ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത വരുമ്പോൾ, ക്യാമ്പുകളിൽ നാളെ രാവിലത്തേയ്ക്കുള്ള കാര്യങ്ങളെക്കുറിച്ചാണ് മനസ്സ് വെപ്രാളപ്പെടുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഓരോ നേരവും നേരിട്ടെത്തി ഉറപ്പാക്കിയില്ലെങ്കിൽ മനസ്സിനൊരു സമാധാനവുമില്ല. നാളെ രാവിലെ തന്നെ വീണ്ടും ക്യാമ്പുകളിലേയ്ക്കോടണം. എന്തെങ്കിലും പാളിച്ച വന്നാൽ ആദ്യം പഴി കേൾക്കുന്നത് വില്ലേജ് ഓഫീസറായിരിക്കും. ജനങ്ങൾ നേരിട്ടായാലും, ജനപ്രതിനിധികളായാലും, മേലുദ്യോഗസ്ഥരായാലും എന്തിനുമേതിനും വില്ലേജ് ഓഫിസറുടെ മേൽ കുതിരകയറുന്നത് ഒരാചാരമായി മാറിയിരിക്കുന്നു!
എല്ലാം കണ്ടും കേട്ടും ശീലമായതുകൊണ്ടാവാം, നിർവികാരതയാണ് പല വില്ലേജ് ഓഫീസർമാരുടേയും മുഖമുദ്രയെന്ന് അയാള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു വില്ലേജ് ഓഫിസറുടെ ജോലി എന്നത് അസാമാന്യമായ മെയ് വഴക്കം വേണ്ട ഒന്നാണെന്ന് അയാൾ എപ്പോഴും സഹപ്രവർത്തകരെ ഉപദേശിക്കാറുണ്ട്.
മൊബൈൽ ഫോൺ റിംഗ് ചെയ്തപ്പോഴാണ് രഘു പാതി മയക്കത്തിൽ നിന്ന് കണ്ണുതുറന്നത്. വിദ്യയാണ്… മോൾക്ക് പനി വിടുന്നില്ലെന്നു പറഞ്ഞ് സന്ധ്യ മുതൽ അഞ്ചെട്ടു തവണയായി വിളിക്കുന്നു. അല്ലെങ്കിൽത്തന്നെ മോൾക്കു ചെറിയൊരു ജലദോഷം വന്നാൽ പോലും അവൾക്ക് ടെൻഷനാണ്. ഇതിപ്പോ വീട്ടിലും വെള്ളം കയറിയിരിക്കുന്നതുകൊണ്ട് എല്ലാവരും കൂടി അമ്മാവന്റെ വീട്ടിലാണ്.
ഇടയ്ക്കെപ്പോഴെങ്കിലും വീട്ടിൽ ചെന്ന് സാധനങ്ങളൊക്കെ നനയാതെ ഒന്നൊതുക്കി വയ്ക്കണം എന്നു വിചാരിച്ചിരുന്നെങ്കിലും തിരക്കു പിടിച്ച ഈ ഓട്ടത്തിനിടയിൽ ഒന്നും നടന്നില്ല. എല്ലാം വെള്ളം കയറി നശിച്ചിട്ടുണ്ടാകുമോ? ആരെങ്കിലുമൊക്കെ ചേര്‍ന്ന് എല്ലാം നനയാതെ ഒതുക്കി വച്ചിട്ടുണ്ടാകുമെന്ന് അയാൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കേ കോൾ കട്ടായി. കര പറ്റാൻ കഴിയാതെ, പുഴയിലൂടെ ഒഴുകിപ്പോകുന്ന പശുക്കളുടേയും പന്നികളുടേയും ദയനീയമായ കരച്ചിൽ പോലെ മഴയുടെ ശബ്ദം നേർത്തു നേർത്തു വന്നു. അറിയാതെ ഉറക്കത്തിലേയ്ക്കു വഴുതി വീണുകൊണ്ടിരുന്ന രഘുവിന്റെ അബോധമനസ്സിലേയ്ക്ക് ക്യാമ്പുകളിൽ കഴിയുന്നവരുടെ വിഷണ്ണമായ മുഖങ്ങൾ എത്തിനോക്കിക്കൊണ്ടിരുന്നു.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം ഇതിലും ഭയങ്കരമായിരുന്നെന്ന് ഓർമിച്ചെടുത്ത അന്ത്രയോസ് വല്യപ്പനും, ആകെയുണ്ടായിരുന്ന കോഴികളും ആടുകളുമൊക്കെ വെള്ളത്തിൽ ഒഴുകിപ്പോയതോർത്ത് കരഞ്ഞുകൊണ്ടേയിരിക്കുന്ന അമ്മിണിച്ചേടത്തിയും രഘുവിന്റെ മുന്നിൽ ആവലാതിക്കാരായി നിന്നു. പുസ്തകങ്ങൾ മുഴുവനും നനഞ്ഞു പോയല്ലോയെന്ന് സങ്കടപ്പെടുന്ന മിനിക്കുട്ടിയേയും ബ്രഡ് മാത്രമേ തിന്നാൻ കിട്ടിയുള്ളൂ എന്ന് പരിഭവിച്ച അനിക്കുട്ടനേയും അയാൾ നഷ്ടങ്ങളുടെ ലിസ്റ്റിൽപ്പെടുത്തി. ഇതിനിടയിൽ രാഷ്ട്രീയം കളിക്കാനും സെൽഫിയെടുക്കാനും മത്സരിച്ച ചിലരെ പുറമ്പോക്ക് പട്ടികയിലും എഴുതിച്ചേർത്തു…
പാതി മയക്കത്തിനിടയിൽ എപ്പോഴോ, തൊട്ടടുത്തെവിടെനിന്നോ മോളുടെ വിളികേൾക്കുന്നതുപോലെ തോന്നി രഘുവിന്, “അച്ഛാ …!” പുളിക്കുന്ന കണ്ണുകൾ ബദ്ധപ്പെട്ട് തുറന്ന് അയാൾ നേരെയിരുന്നു. മഴ തോർന്നു നിൽക്കുകയായിരുന്നു അപ്പോൾ. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയപ്പോൾ തണുത്ത കാറ്റ് അകത്തേയ്ക്ക് ഇരച്ചു കയറി.
രാവിലെ അഞ്ചുമണിക്ക് വീട്ടിലൊന്നുപോയി, കുളിച്ചെന്നു വരുത്തി, ഡ്രസ്സ് മാറ്റിയിറങ്ങുമ്പോൾ മോളുണർന്നിട്ടുണ്ടായിരുന്നില്ല. മോൾക്ക് നല്ല പനിക്കോളുണ്ടെന്ന് വിദ്യ പറഞ്ഞെങ്കിലും കൂടുതലൊന്നും കേൾക്കാൻ നിൽക്കാതെ ഓടിയിറങ്ങുകയായിരുന്നു. വീട്ടിലേയ്ക്ക് വെള്ളം കയറിത്തുടങ്ങിയെന്ന് പറഞ്ഞ് ഉച്ചയ്ക്ക് അവൾ വിളിച്ചപ്പോഴും അമ്മാവന്റെ വീട്ടിലേയ്ക്ക് പൊയ്ക്കൊള്ളാൻ മാത്രം പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്.
തഹസീൽദാരുടെ വക ശകാരം കേട്ടുകൊണ്ട് നിൽക്കുമ്പോഴാണ് വൈകിട്ട് വീണ്ടും വിദ്യയുടെ കോൾ വന്നത്. മോൾക്കു പനി കൂടുതലാണെന്ന്…! നേവി ടീം എത്താൻ വൈകിയതുകൊണ്ട്, ഒരു തുരുത്തിൽ പെട്ടുപോയ പൂർണ്ണഗർഭിണിയായ ഒരു യുവതിയേയും പ്രായമായ അമ്മയേയും രക്ഷപെടുത്താൻ കഴിയാതെ മുൾമുനയിൽ നിൽക്കുന്ന സമയമായിരുന്നു അത്. ഇന്നലെ ഡോക്ടറെ കണ്ടതാണ്; പാരസെറ്റമോൾ ഇരിപ്പുണ്ടാകും. എന്നാലുമിങ്ങനെ തുടരെത്തുടരെ വിളിച്ചു കൊണ്ടിരിക്കുന്നതിന് രഘുവിന് അവളോട് വല്ലാത്ത ഈർഷ്യതോന്നി.
ആർത്തലച്ചൊഴുകുന്ന പുഴയുടെ ഇരമ്പൽ മനസ്സിൽ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് ഇതുവരെ വീട്ടിലേയ്ക്ക് തിരിച്ചു വിളിച്ചില്ലല്ലോ എന്ന് രഘുവിന് ബോധമുണ്ടായത്. ഫോണിൽ നോക്കിയപ്പോൾ വിദ്യയുടെ പന്ത്രണ്ടു മിസ്ഡ് കോൾ! അയാൾ തിടുക്കപ്പെട്ട് അവളുടെ നമ്പരിലേയ്ക്ക് വിളിച്ചു. റിംഗ് ചെയ്ത അതേ നിമിഷത്തിൽ വിളി കാത്തിരുന്നതു പോലെ അങ്ങേത്തലയ്ക്കൽ വിദ്യയുടെ സ്വരം കേട്ടു; പെയ്യാൻ വെമ്പി നിന്ന മഴ പോലെ! അവൾ കരയുകയാണെന്ന് രഘുവിന് തോന്നി. സ്ഥിരം പല്ലവിയെന്ന് ആദ്യം മനസ്സു പറഞ്ഞെങ്കിലും അവളുടെ കരച്ചിലിന്റെ സ്വരം മാറ്റം അയാളെ പരിഭ്രമിപ്പിച്ചു.
മോൾക്കു പനി കൂടുതലാണ്! ഫിക്സ് പോലെ വന്നതുകൊണ്ട് ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകുകയാണ്… റോഡ് മുഴുവനും വെള്ളം നിറഞ്ഞു കിടക്കുന്നതു കൊണ്ട് നാലഞ്ചു കിലോമീറ്റർ ചുറ്റിവളഞ്ഞു വേണം ഹോസ്പിറ്റലിലേയ്ക്ക് പോകാനെന്നോർത്തപ്പോൾ രഘുവിന് ശ്വാസം നിലയ്ക്കുന്നതു പോലെ തോന്നി. ഇടയ്ക്കു വിളിച്ചപ്പോഴൊന്നും അവളോട് നേരെചൊവ്വേ ഒരു കാര്യവും ചോദിച്ചതു കൂടിയില്ലല്ലോയെന്ന് കുറ്റബോധത്തോടെ അയാളോർത്തു. നെഞ്ചിൽ എന്തോ ഭാരമെടുത്തു വച്ചതുപോലെ…!
പിൻസീറ്റിൽ സുഖനിദ്രയിലായിരുന്ന സാജനേയും അനീഷിനേയും വിളിച്ചുണർത്തി, അവരോട് ഓഫീസിൽത്തന്നെയിരിക്കാൻ നിർദ്ദേശം നൽകി, രഘു പോകാനൊരുങ്ങി. രാത്രിയിൽ ഒറ്റയ്ക്ക് പോകേണ്ടെന്ന് അവർ പറഞ്ഞെങ്കിലും അയാൾക്കു മുന്നിൽ മറ്റു വഴികളില്ലായിരുന്നു. എന്തെങ്കിലും ആവശ്യം വന്നാൽ, ഈ രാത്രിയിലും ഓഫീസിൽ ആളില്ലാതെ പറ്റില്ല. മോളുടെ കാര്യമോർക്കുമ്പോൾ ഇനിയും ഇവിടെ നിൽക്കാനൊട്ടു കഴിയുന്നുമില്ല.
രഘു രണ്ടും കൽപ്പിച്ച് വണ്ടിയെടുത്തു. റോഡിൽ പലയിടത്തും വെള്ളം നിറഞ്ഞ് ബ്ലോക്കായിരിക്കുന്നു. ഒഴുക്കില്ലെന്നു തോന്നിയ വെള്ളത്തിലൂടെ ഒരൂഹം വച്ച് അയാൾ വണ്ടി മുന്നോട്ടു പായിച്ചു. പോയിട്ട് നേരം വെളുക്കുന്നതിനു മുന്നേ തിരിച്ചെത്തണം; രാവിലെ തന്നെ തഹസീൽദാരുടെ വക സന്ദർശനമുള്ളതാണ്.
രഘുവിന്റെ കാൽ ആക്സിലറേറ്ററിൽ അമർന്നു. കുതിച്ചൊഴുകുന്ന പുഴ പോലെ കാർ പാഞ്ഞു. പെയ്തൊഴിയാൻ അക്ഷമയായി കാത്തുനിന്നതു പോലെ മഴ വീണ്ടും ആകാശത്തു നിന്നും പൊട്ടിവീണു. ആകാശമപ്പാടെ വലിയ തുള്ളികളായി പെയ്തിറങ്ങുമ്പോൾ രഘുവിന്റെ മനസ്സ് എന്തിനെന്നറിയാതെ നീറിപ്പിടയുകയായിരുന്നു. തിരക്കുപിടിച്ച, എന്നാൽ ചെയ്യുന്നതിനൊരിക്കലും നന്ദി പോലും തിരിച്ചു കിട്ടാത്ത ഈ ജോലിക്കിടയിൽ തനിക്കു നഷ്ടമാകുന്നത് കുടുംബത്തിന്റെ അടിവേരുകളാണെന്ന് അയാൾക്ക് തോന്നി.
വിദ്യയുടെ കരച്ചിൽ വീണ്ടും മനസ്സിലേയ്ക്കോടിയെത്തിയപ്പോൾ രഘുവിന്റെ ഇടനെഞ്ചു പിടഞ്ഞു. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് വക്കോളമെത്തിയ ഒരു കരച്ചിൽ കടിച്ചമര്‍ത്തി രഘു കണ്ണുകൾ തുടച്ചു. ഉറക്കം കണ്ണുകളിൽ കൂടുകെട്ടിത്തുടങ്ങിയപ്പോഴും എങ്ങനെയും ആശുപത്രിയിലെത്താനുള്ള വ്യഗ്രതയിലായിരുന്നു അയാൾ. ആയാസപ്പെട്ട് കണ്ണുകൾ തുറന്നുപിടിക്കാൻ ശ്രമിക്കുമ്പോഴും, അയാൾ പലപ്പോഴും സ്വപ്നക്കാഴ്ചകളിലേയ്ക്കു വഴുതി വീണുകൊണ്ടിരുന്നു…
“അച്ഛാ… ഞാനൊരു കാര്യം ചോദിക്കട്ടെ …?”
ലാപ്ടോപ്പിൽ സർട്ടിഫിക്കറ്റുകൾ പാസ്സാക്കി വിടുന്നതിനിടയിൽ അയാൾ അലക്ഷ്യമായി മൂളി, “ഉം…?”
“എനിക്കൊരു കഥ പറഞ്ഞു തരോ…”
“പഠിക്കാൻ നേരത്താ കഥേം കൊണ്ടു വന്നിരിക്കുന്നേ…? പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക് മോളേ…”
“നാളെ ക്ലാസില് പറയാൻ വേണ്ടിയാ അച്ഛാ… ഇല്ലേല് ടീച്ചറ് വഴക്കു പറയും…”
“മോളു പോയി അമ്മയോട് പറ, നല്ലൊരു കഥ പറഞ്ഞു തരാൻ…”
കൊതികുത്തി തിരിഞ്ഞു നടന്ന അവളുടെ മുഖത്ത് സങ്കടത്തിന്റെ മഴമേഘങ്ങൾ കൂടുകെട്ടിയത് അന്നയാൾ കണ്ടിരുന്നില്ല.
“അച്ഛാ…”
രഘുവിന്റെ കാതുകളിൽ അവളുടെ ചിലമ്പിച്ച സ്വരം മഴത്തുള്ളിക്കിലുക്കം പോലെ വന്നലച്ചുകൊണ്ടിരുന്നു. മൊബൈലിൽ വീണ്ടും വിദ്യയുടെ കോൾ… ഹോസ്പിറ്റലിലെത്തി എന്ന് പറയുമ്പോൾ അവളുടെ സ്വരത്തിലെ ആശ്വാസത്തിന്റെ നേരിയ നനവ് അയാൾ തിരിച്ചറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ കാർ മുന്നോട്ടു നീങ്ങുമ്പോൾ ഓളങ്ങൾ ഇരുവശത്തേയ്ക്കും ഓടിയകന്നുകൊണ്ടിരുന്നു. എപ്പോഴാണ് കണ്ണുകൾ അടഞ്ഞു പോയതെന്ന് രഘുവിന് മനസ്സിലായില്ല. കാർ എവിടെയോ തട്ടി റോഡിൽ നിന്ന് താഴേക്കൂർന്നിറങ്ങുമ്പോഴും താൻ സ്വപ്നം കാണുകയാണെന്നാണ് അയാൾക്കു തോന്നിയത്. തല എവിടെയോ ശക്തിയായി ഇടിച്ചതു പോലെ രഘുവിന് തോന്നി. കാഴ്ച മറച്ചുകൊണ്ട് കണ്ണുകളിൽ വന്നു മൂടിയത് ചോരയാണോ മഴത്തുള്ളികളാണോയെന്ന് അയാൾ സംശയിച്ചു.
അനങ്ങാൻ വയ്യാത്ത വിധം, സ്റ്റിയറിംഗ് റാഡിനും സീറ്റിനുമിടയിൽ കുരുങ്ങിപ്പോയ രഘു ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും കാർ വെള്ളത്തിനടിയിലേയ്ക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു….
ദൂരെ ആശുപത്രിക്കിടക്കയിൽ, പനിച്ചൂടിന്റെ അർദ്ധബോധത്തിൽ, മഴ നനഞ്ഞ് ഓടിക്കയറി വരുന്ന അച്ഛനോട് ഒരു കഥ പറഞ്ഞു തരാൻ കൊഞ്ചുകയായിരുന്നു അവളപ്പോൾ! ജനാലച്ചില്ലുകളിൽ തല്ലിയലച്ച മഴത്തുള്ളികൾ പക്ഷേ, അവളോട് ആ കഥ പറയാൻ മറന്ന് മണ്ണിലേക്ക് ഒഴുകിയിറങ്ങി.