മരീചിക

കാണ്മതില്ലല്ലോ എവിടേയും
കണ്ടുമുട്ടുമിടങ്ങളിൽ പോലുമേ.
ഇടയ്ക്ക് വന്നെൻ കാതിൽ
നറുമലരായ് പൂക്കുമീ നിൻ സ്വനം
അതും കേൾപ്പതില്ലല്ലോ.

എങ്ങു നീ പോയ് മറഞ്ഞിരിപ്പൂ
ചോദ്യമെന്നിൽ തന്നെ
തിരികേ ചോദിപ്പൂ നിത്യവും.
കേട്ട് കേട്ടിരിപ്പാൻ
നിനക്കായ് കടം കൊണ്ട കാതുകൾ
കണ്ട് കണ്ടങ്ങിരിപ്പാൻ
കാഴ്ചയായ് കൂടെയണഞ്ഞതും.

വിടർന്നുണർന്ന്
കൊഴിഞ്ഞു പോവുന്നു
മാന്തളിർക്കാലം.
വർഷം , ഹേമന്തം, ശൈത്യം, ശിശിരം
വന്നു പോവുന്നു
കാലം സാക്ഷിയായ്.
ശൂന്യത നിറച്ച്
പിന്നെയും

ഒളിച്ചിരിപ്പതെന്തിന്ന് നീ?
ഇനിയുമെത്ര സന്ധ്യയും
രാവും, പ്രഭാതവും
മാഞ്ഞുണർന്നാലും
കെട്ടടങ്ങാത്തൊരു സൂര്യനായ് മാറി
ചാരെ വന്നണയില്ലേ
നീ സഖീ..

തൃശൂർ ജില്ലയിലെ കാച്ചേരിയിൽ താമസം. ആയൂർവ്വേദ കമ്പനിയിൽ സെയിൽസ് ഓഫീസിർ. 'കണ്ണാടിയിൽ നോക്കുമ്പോൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക മാധ്യമങ്ങളിൽ കവിതയും, ലേഖനവും എഴുതാറുണ്ട്.