മരിച്ചൊരാള്‍

കൊല്ലപ്പെടുന്നതു വരെ
അയാള്‍ക്കും ജീവനുണ്ടായിരുന്നു.
കൊല്ലപ്പെടുന്നതു വരെ
അയാള്‍ക്കൊരു നാടും വീടും കുടുംബവുമുണ്ടായിരുന്നു.
കൊല്ലപ്പെടുന്നതു വരെ
അയാള്‍ക്കുമുണ്ടായിരുന്നു,
ഇഷ്ടാനിഷ്ടങ്ങള്‍
സൗഹൃദങ്ങള്‍
ശത്രുമിത്രങ്ങള്‍
പ്രണയങ്ങള്‍
ലോകങ്ങള്‍.
അയാള്‍ക്കുണ്ടായിരുന്നു
ജാതി മതം ഗോത്രം വംശം ദേശം

മരിച്ചു കഴിഞ്ഞപ്പോള്‍
അയാള്‍ക്കില്ലാതായി
ജീവന്‍
അയാള്‍ക്കില്ലാതായി
ഉണ്ടെന്നു കരുതിയതെല്ലാം
ഉണ്മയെന്നു കരുതിയതെല്ലാം
അയാളുണ്ടായിരുന്നു
എന്നതെല്ലാം.

എന്തും എഴുതി വയ്ക്കാമിനി
അത്രയും ശൂന്യമായ
അയാളില്‍
എന്തും പറഞ്ഞു വയ്ക്കാം
ശേഷിപ്പില്ലാത്ത
അയാളുടെ ഒച്ചയില്‍
എവിടെയും പ്രത്യക്ഷപ്പെടാവുന്ന
മാഞ്ഞുപോയ അയാളുടെ
നിഴലില്‍

മരിച്ചു പോയ ഒരാള്‍
ജീവിച്ചിരുന്ന ഒരാളേയല്ല.
അയാളുടെ ഒരു ശേഷിപ്പുമില്ലാത്ത
തനി ഒരാള്‍,

ശവം പോലുമല്ലാത്തൊരാള്‍

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.