നമ്മൾ മറന്നുപോയതാണീ മരച്ചുവടുകളെ…
കടന്നുപോയതാണീ കിളിപ്പാട്ടുകളെ…
അതിനാലാണ് ചില കാലങ്ങളിൽ
പെരുമേഘത്തെയ്യങ്ങൾ
ചോരയിറ്റുന്ന നാവുനീട്ടി
ഭൂമിയിലേക്ക്
അലറിപ്പാഞ്ഞെത്തുന്നത്…,
വേനൽപ്പൂരം പതികാലത്തിൽ നിന്ന്
പ്രമാണത്തിലേക്ക് കൊട്ടിക്കയറുന്നത്!
ഇലപ്പഴുതിലൂടെ ഇറ്റുവീഴുന്ന
പച്ചവെളിച്ചത്തിനുമടിയിൽ
ഭൂഗർഭത്തോളമാണ്ടുചെല്ലുന്ന വേരുകളുണ്ട്
ദീർഘനാൾ തപം ചെയ്തു തെഴുപ്പിച്ച
കാണ്ഡധമനിയിലൂടെ,
മഹാശിഖരങ്ങൾക്കും
പരസഹസ്രം ഹരിതപത്രങ്ങൾക്കും
പ്രാണനെ വിനിമയം ചെയ്യുന്നവ.
മണ്ണിനടിയിലെ ജൈവ സാമ്രാജ്യത്തെപ്പറ്റിയും
പ്രപഞ്ചത്തിന്റെ ജീവസന്ധാരണനിയമത്തെപ്പറ്റിയുമൊക്കെ
സദാ സ്പന്ദിക്കുന്നൊരു വേരുപടലം
പശ്ചിമഘട്ടത്തിലേക്കും നീണ്ടുചെന്ന്
തളർന്ന മൺതരികളെ
താലോലിക്കുന്നുണ്ടാവും.
സുന്ദർലാൽ ബഹുഗുണയെന്നും
വംഗാരിമാതായിയെന്നുമുള്ള
നിരന്തരപ്രാർത്ഥനകൾ
കാലദേശങ്ങൾക്കുമതീതമായി
മുഴങ്ങുന്നത്
കാതോർത്താൽ കേൾക്കാം.
ശാപത്തിന്റെ മഴുമൂർച്ചകളെ
തടുക്കുവാൻ കെല്പ്പുള്ളവ..
അലച്ചാർത്തുപെയ്യുന്ന മഴയിലും
ചക്രവാതച്ചുഴിയിലും
വേച്ചുവിഴാതെ,
മരശരീരത്തെ മണ്ണിലമർത്തിപ്പിടിക്കുകയാണ് വേരുകൾ.
മാനം തെളിയുമ്പോൾ
മടിനിറച്ചും കുളിരുമായൊരു
ചെറുകാറ്റ്
ഇലകളോട് കിന്നരിക്കാനെത്തും..
നീലാകാശനക്ഷത്രങ്ങളെ
തൊടുവാനായുന്ന മരക്കൊമ്പിലെ
ചാഞ്ഞ കൂടുകളിൽ
കിളിക്കുഞ്ഞുങ്ങൾ
മൃദുവായി ചിലയ്ക്കും..
സ്വൈരവേഗങ്ങളിൽ,
സ്ഥിരോത്സാഹത്തിന്റെ
അണ്ണാൻകണ്ണുകൾ തിളങ്ങും…
വസന്തം വിരുന്നുവരുമ്പോൾ
ശിഖാമാടങ്ങളിൽ
പുഷ്പദീപങ്ങൾ തെളിയും…
അവ സുഗന്ധഭാഷയിൽ
മനുഷ്യനോട് സംസാരിക്കും..
സമുദ്രനീലയെയും വയൽപ്പച്ചയെയും
പത്രപുടങ്ങളിലേക്കാവഹിച്ച
വർണ്ണശലഭങ്ങൾ
ജന്മദൗത്യത്തിലേർപ്പെടും
രാപ്പകലുകൾ ഇണചേരുന്ന സമയം
മരത്തിനടിയിലൊരു
തണുത്ത മൺകൊട്ടാരത്തിലേക്കിഴഞ്ഞെത്തുന്ന
ഉരഗപ്രമുഖരുണ്ട്..
കവിതക്കടലിലും കവിയും
മരത്തിന്റെ ജീവനപ്പൊരുളുകൾ..
ആവാസപ്രപഞ്ചത്തിന്റെ
അതികൗതുകത്തിരമാലകൾ..
ശ്വാസംമുട്ടിപ്പിടഞ്ഞൊടുങ്ങില്ലൊരു കുഞ്ഞും
മരദൈവത്തട്ടകത്തിൽ…
പൊള്ളിത്തിണർക്കുകില്ലൊരു
മരുഭൂമിപ്പേടിയും മനുഷ്യസങ്കൽപ്പത്തിൽ.