മരങ്ങൾ

ഉച്ചവെയിൽ ഉച്ചിയിലേറ്റി
മണ്ണിൽ തണലെഴുതുന്നുണ്ട്
ഒരു പേരറിയാ മരം

ചിക്കറുക്കാത്ത
മുടിയുലർത്തിയുണക്കാ-
നിരിക്കുന്നുണ്ട്
ഒരു പനപെണ്ണ്

പനന്തത്തകളെ
ഊഞ്ഞാലാട്ടിയിരിപ്പുണ്ട്
പുല്ലാഞ്ഞിക്കാട്
പിച്ചവെച്ചൊരു
പിച്ചകത്തിന്
പൂങ്കുല നീട്ടി നിൽപ്പുണ്ട്
ചെമ്പകം

ചെവിയിൽ
പൂ നുള്ളി വെച്ച്
നട്ടുച്ചയിലും
പൊട്ടിച്ചിരിച്ചു നിൽക്കുന്ന
ചെമ്പരത്തിയെ
ചേർത്തുനിർത്തുന്നുണ്ട്
നന്ത്യാർവട്ടം

അപ്പുറത്തെ തെങ്ങിനോട്
കുശലം പറഞ്ഞിരിക്കുന്നു
ഇപ്പുറത്തെ കവുങ്ങ്

ഇപ്പുറത്തെ പുളിമരത്തിനോട്
കൈകോർത്തിരിക്കുന്നു
അപ്പുറത്തെ ജാതിമരം

നോക്കൂ :
ചെടികളും മരങ്ങളുമെല്ലാം
എത്ര സ്നേഹത്തോടെയാണ്
സഹവർത്തിത്വം.
ഒന്നും ഒന്നിനേയും
മാറ്റിനിർത്തുന്നേയില്ല

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു