ഒരിക്കല്‍ നിത്യചൈതന്യ യതി അഷിതയെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കുകയുണ്ടായി . സംസാരവശാല്‍ ഗുരു പറയുകയുണ്ടായി . കുട്ടികള്‍ക്കായി മാത്രം എനിക്കൊന്നും ഇതുവരെ എഴുതാന്‍ കഴിഞ്ഞിട്ടില്ല . അതിനെന്താ ഞാന്‍ എഴുതാമല്ലോ എന്നു അഷിത മറുപടി പറഞ്ഞു . അവതാരികയില്‍ മയില്‍പ്പീലിസ്പര്‍ശം ജനിക്കാനുണ്ടായ സംഭവം അഷിത ഇങ്ങനെയാണ് കുറിച്ചിട്ടിരിക്കുന്നത് . കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്ന തന്റെ മകള്‍ പതിയെ നെറ്റിലും ഇലക്ട്രോണിക് സംവിധാനങ്ങളിലും ചേക്കേറിയപ്പോള്‍ കഥ പറയാനുള്ള ഇഷ്ടം മാത്രം മനസ്സില്‍ ഒളിപ്പിക്കേണ്ടി വന്ന ഒരമ്മയുടെ കൂടി മനസ്സ് അഷിത അവതാരികയില്‍ തുറന്നു വയ്ക്കുന്നുണ്ട് . കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന കഥകള്‍ എല്ലാം എന്തായിരിക്കണം എന്നതിനെക്കുറിച്ച് അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊന്നും വലിയ ഗ്രാഹ്യം ഇല്ല എന്ന തോന്നല്‍ ആണ് എന്നും ഉണ്ടായിട്ടുള്ളത് . റഷ്യന്‍ നാടോടിക്കഥകളും മറ്റ് വിദേശ രാജ്യങ്ങളുടെ നാടോടിക്കഥകളും പരിഭാഷപ്പെടുത്തി മലയാളിക്ക് വായിക്കാന്‍ ലഭിച്ചിരുന്ന കാലത്തെ മറന്നുകൊണ്ടല്ല ഇത് പറയുന്നതു . പക്ഷേ തദ്ദേശീയമായ കഥാകാരന്‍മാരുടെ കുട്ടിക്കഥകള്‍ ഒക്കെയും അതുപോലെ പഞ്ചതന്ത്രം , സാരോപദേശം കഥകളും പഴയകാല മലയാള പാഠപുസ്തക കഥകളും ഒക്കെയും വിചിത്രമായ ഒരു വായനാനുഭവം ആണ് ഇന്ന് വായിക്കുമ്പോള്‍ . കാരണം മറ്റൊന്നുമല്ല . കുട്ടികളില്‍ ശാസ്ത്രീയാഭിമുഖ്യം വളര്‍ത്താനോ , ജീവിതത്തെ വിജയിക്കാനോ സഹജീവിയോട് സമഭാവന വളർത്താനോ ആവശ്യമായ ഒന്നും ഇത്തരം കഥകള്‍ നല്‍കുന്നില്ല . ഈശ്വര പുണ്യവും മഹത്വവും മത നേതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പുരാണ കഥാപാത്രങ്ങളുടെയും നിര്‍മ്മിതമായ ദയയും സ്നേഹവും കരുണയും വിവരിക്കുവാനും മാത്രം മത്സരിക്കുന്ന കഥകള്‍ , അതുപോലെ സാമൂഹ്യ സാംസ്കാരിക ഇടങ്ങളിലെ ലിംഗ വൈജാത്യവും വര്‍ണ്ണ വര്‍ഗ്ഗ വൈജാത്യവും വിശദമാക്കുകയും അതൊരു കോയ്മ പോലെ ആഘോഷിക്കുകയും ചെയ്യുന്ന കഥകള്‍ക്കാണ് കൂടുതലും പ്രാമുഖ്യം നല്‍കപ്പെട്ടിട്ടുള്ളത്. യുറീക്ക , ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംരംഭങ്ങള്‍ ഇവയ്ക്ക് ബദലായി വളരെ ശുഷ്കവും പ്രചാരത്തില്‍ പിന്നിലുമായിട്ടുണ്ടെന്ന ഒരു ആശ്വാസം ഉണ്ടെന്നത് വിസ്മരിക്കുന്നില്ല .
കുട്ടികള്‍ക്ക് വായിക്കാന്‍ വേണ്ടിയെന്നു പരിചയപ്പെടുത്തുന്ന ഈ നോവലിന്റെ ഇതിവൃത്തം ഉണ്ണിമായ എന്ന കുഞ്ഞിന്റെ കഥയാണ് . ഉണ്ണിമായയുടെ ലോകത്തെ പരിചയപ്പെടുത്തുന്ന നോവല്‍. അച്ഛനും അമ്മയും ശൈശവത്തിലെ നഷ്ടപ്പെട്ടു പോയ ഉണ്ണിമായ എന്ന നിഷ്കളങ്ക ബാല്യം വളരുന്നത് കര്‍ക്കശക്കാരനായ , പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന കേണല്‍ മുത്തശ്ശന്‍റെ കൂടെയാണ് . തന്റെ മകനെ കാര്യസ്ഥനായ ശങ്കു നായരും മറ്റും ലാളിച്ചു വഷളാക്കിയതിനാല്‍ ആണ് ചിത്രകാരനായ മകന്‍ ഒരു നാടോടിപ്പെണ്ണിനെ വിവാഹം കഴിച്ചതെന്ന് നിരന്തരം കുറ്റപ്പെടുത്തുന്ന മുത്തശ്ശന്‍ അതിനാല്‍ തന്നെ തന്റെ മകന്റെ മകളായ ഉണ്ണിമായയെ വളരെ കണിശമായും ചിട്ടയോടും വളര്‍ത്താന്‍ ആണ് ശ്രമിക്കുന്നത് . ചെറിയ ചെറിയ ബാല്യ കുസൃതികള്‍ക്ക് പോലും വലിയ വലിയ ശിക്ഷകള്‍ നല്കി നല്ല നടപ്പ് പഠിപ്പിക്കുന്ന അയാള്‍ ഒരിയ്ക്കലും ആ കുട്ടിയുടെ മനസ്സോ , നിഷ്കളങ്കതയോ മനസ്സിലാക്കാനോ കാണാനോ ശ്രമിച്ചിട്ടില്ല . ശങ്കു നായരുടെ ദയാവായ്പ്പിലും സ്നേഹത്തിലും വളരുന്ന ഉണ്ണിമായയുടെ ലോകം അതിനപ്പുറം വളരുന്നത് അടുത്ത വീട്ടിലെ അശോകന്‍ ചേട്ടന്റെ അത്ര വരെ മാത്രമാണു . തൊടിയിലും പറമ്പിലും മറ്റും ആ കുഞ്ഞ് കാറ്റും മഴയും വെയിലും ഏറ്റ് വളരുന്നത് മുത്തശ്ശന് ഇഷ്ടമാകുന്നില്ല . അടിയാളന്മാരുടെ ഒക്കെ കൂടിക്കൂടി കുഞ്ഞ് സംസ്കാരമില്ലാതെ വളരും എന്ന അഭിപ്രായം അയാള്‍ക്കുണ്ട് . അതിനാല്‍ത്തന്നെ അയാള്‍ കുട്ടിയെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ആക്കാന്‍ ശ്രമിക്കുന്നു . കുട്ടിയുടെ മാനസികാവസ്ഥയും വ്യഥകളും , കുട്ടിയെ ചുറ്റിപ്പറ്റി ഉള്ള അടുപ്പങ്ങളുടെ വികാരങ്ങളും മുത്തശ്ശന്‍റെ മാനസാന്തരവും കുട്ടിയുടെ രോഗവും ഒക്കെയായി ദുരന്തപര്യവസാനിയായിത്തീരുന്ന ഈ നോവല്‍ കുട്ടികള്‍ക്ക് എന്തു സന്ദേശം ആണ് നല്കുക എന്നത് ചിന്തിക്കേണ്ടതുണ്ട് .
കുട്ടികളില്‍ ഈ നോവല്‍ സന്തോഷമാണോ സന്താപമാണോ വളര്‍ത്തുക ? തീര്‍ച്ചയായും നോവല്‍ വായിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടായ നൊമ്പരം എഴുത്തുകാരിയുടെ എഴുത്തിന്റെ മഹിമയായി കണക്കാക്കാം. എന്നിരിക്കിലും കുട്ടികളെ അത് അപ്പോള്‍ എങ്ങനെ സ്വാധീനിക്കപ്പെടും എന്നത് ഒരു ചിന്ത തന്നെയാണ് . പഴയകാല മലയാള സിനിമകളില്‍ കണ്ടു പഴകിയ രംഗങ്ങളുടെ പുനരാവിഷ്കാരമായി ഈ നോവലിനെ വിലയിരുത്തുന്നു. കുടുംബ സദസ്സുകളെ കണ്ണീരിലും സന്തോഷത്തിലും ഒക്കെ മുക്കിയെടുത്ത് ഉണക്കി മടക്കി സൂക്ഷിക്കാന്‍ കഴിയുന്ന അത്തരം രംഗങ്ങളും മറ്റും നോവലില്‍ ദര്‍ശിക്കുമ്പോള്‍ അഷിത എന്ന എഴുത്തുകാരിയിലെ തിരക്കഥാകൃത്തിനെ , എഴുത്തുകാരിയെ അനുമോദിക്കാതിരിക്കുക വയ്യ തന്നെ . അതുപോലെ എഴുത്തുകാരി കുട്ടികള്‍ക്കായാണ് എന്നു പറഞ്ഞെങ്കിലും പ്രസാധകര്‍ അതിനു കൊടുത്ത തലക്കെട്ട് ബാലനോവല്‍ എന്നല്ല നോവല്‍ എന്നു തന്നെയാണ് എന്നതും സന്തോഷം നല്കുന്നു.
മയില്‍പ്പീലിസ്പര്‍ശം (നോവല്‍)
അഷിത
ഡി സി ബുക്സ്
വില : 32.00 രൂപ