
എന്തൊരെളുപ്പമാണ്
മനുഷ്യരെ കൊല്ലാൻ.
ആയുധങ്ങളൊന്നും
കരുതേണ്ടതില്ല,
പ്രത്യേകിച്ച്
തയ്യാറെടുപ്പുകളോ
ആരുടേയും
സഹായമോ വേണ്ട.
സ്നേഹിക്കാനും
വിശ്വാസത്തിലെടുക്കാനും
ഭംഗിയായി പഠിച്ചിരുന്നാൽ മതി.
മുന്നോട്ട് മുന്നോട്ട്
നടക്കുമ്പോൾ
സ്നേഹമേതാണ്
ചതിയേതാണ്
തിരിച്ചറിയാൻ
പറ്റാത്ത വിധം
മനുഷ്യർ
മറ്റൊരാൾക്ക് വേണ്ടി
പരുവപ്പെട്ടിരിക്കും.
സംശയലേശമന്യേ
മറ്റെയാൾ തെളിക്കുന്ന
വഴിയേ
സ്നേഹത്തിലേക്കെന്ന്
കരുതി മരണത്തിലേക്ക്
വഴിപിഴച്ചു നടക്കും.
നടന്ന് തളരുമ്പോൾ
സ്നേഹം കലർത്തി
നൽകുന്ന കൊടിയവിഷവും
ഒറ്റയിറക്കിന്
കുടിച്ച് വറ്റിക്കും.
മരണം ജീവനെ
മുറുക്കിക്കൊണ്ടിരിക്കുമ്പോഴും
അതും സ്നേഹമാണെന്നേ
വിശ്വസിക്കുകയുള്ളൂ.
ആലോചിച്ച് നോക്കൂ
എന്തൊരെളുപ്പമാണ്
മനുഷ്യരെ
കൊന്നുകളയാൻ.
