മനുഷ്യരാണ്

അത്രയും കാലം
ചില്ലലമാരയ്ക്കകത്തടച്ചിട്ട
പുസ്തകങ്ങളിലൊന്ന്
ചില്ലിലേക്ക് തലയിടിച്ച്
ഒച്ചയിട്ടു കൊണ്ടിരുന്നു:
എത്ര കാലമായിങ്ങനെ?
പുറത്തു കടക്കണമെന്ന്
ഞങ്ങള്‍ക്കുമുണ്ടാകില്ലേ ആശ?
ആരും വായിക്കുന്നില്ലെങ്കിലും
ഒന്നാ മേശപ്പുറത്തെങ്കിലും
ഇരുത്തിക്കൂടെ
അല്പം ശുദ്ധവായു ശ്വസിക്കാന്‍?
ഒന്നേകാന്തമായിരിക്കാന്‍?
മറ്റുള്ളവരുടെയിടയില്‍പ്പെട്ട്
തിങ്ങിയിരുന്ന്
ഒന്നു വിങ്ങിക്കരയാന്‍ പോലുമാവാതെ
എന്തിനാവുമിങ്ങനെ?
എന്നെങ്കിലുമൊന്ന്
തുറന്നു നോക്കുകയെങ്കിലും
പറയുന്നതൊന്നു
കേള്‍ക്കുകയെങ്കിലും
എന്നൊക്കെ ആശിക്കയല്ലാതെ
അടഞ്ഞിരിക്ക തന്നെ.
തടവിലാണെങ്കിലും
പുസ്തകങ്ങള്‍ക്കും കാണില്ലേ
പൗരാവകാശങ്ങള്‍?
മനുഷ്യാവകാശങ്ങള്‍?

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.