മന’പ്പാടം’

മനസ്സൊരു പാടമാകുന്നു..
അവിടം കൊയ്തെടുക്കുന്നതോ
വികാരങ്ങളാം നെന്മണികളും..

ചിലനേരം ആഹ്ലാദത്തിൻ
സുവർണ്ണരശ്മികൾ-
നിറം വിതിർക്കും
സുവർണ്ണമണികൾ..
മറ്റുചിലപ്പോൾ ക്രോധത്തിൻ
വരണ്ട തരികൾ..

കനത്ത ചവർപ്പിൽ
കാർക്കിച്ചു തുപ്പാനാവാതെ
ചവച്ചിറക്കിയ സങ്കടക്കതിരുകൾ,
ഉള്ളുപൊള്ളിക്കും കാഠിന്യത്താൽ-
തൊണ്ട തൊടാതെ
വിഴുങ്ങേണ്ടിവന്ന മറ്റുചിലത്
നനുത്ത തെന്നൽ പോലുളളം
കുളിർപ്പിച്ച വേറെ പലത്

കടിച്ചാൽ പൊട്ടാത്ത
കടങ്കഥ പോൽ ജീവിതം
ത്രിശങ്കുവേറ്റുന്നൊരു കൂട്ടം..
എല്ലാം വിളവെടുക്കുന്നത്
അതേ പാടത്തിൽ..

ജീവിതമാകുന്ന
ആകാശത്തിൻകീഴേ
മറ്റാരെല്ലാമോ വളമിടുന്നു,
മഴ പെയ്യിക്കുന്നതും
അവർ തന്നെ..
അശ്രാന്തമായൊഴുകും
പുഴയുടെ കരയിൽ
പാടം പല നിറങ്ങളിൽ
പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു..

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് MES കല്ലടി കോളേജിൽ മൂന്നാം വർഷ ബി.എ. ഇംഗ്ലീഷ് ബിരുദ വിദ്യാർഥി. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും സജീവമായി എഴുതുന്നു