മനക്കാറ്

ന്യൂനമർദ്ദപ്പാത്തിയൊന്നു വിരുന്നുവന്നെത്തി
കാലവർഷക്കാറ്റു മേഘക്കാടിനെച്ചുറ്റി.
കേരളക്കരയാകെ കണ്ണീർപ്പാൽച്ചുരത്തുന്നു
സഹ്യപുത്രനെയോർത്തുതേങ്ങിയ പശ്ചിമഘട്ടം.

പാലൊഴിച്ചു പതഞ്ഞ ചായച്ചോപ്പണിഞ്ഞെത്തി
മദയാനമാമല മസ്തകത്തിലെ നീര് താഴോട്ട് .
പേടികാട്ടിക്കൊമ്പുയർത്തണ മാമലക്കൊമ്പൻ
ചരൽവാരിവീശിയെറിഞ്ഞസന്ധ്യ പകച്ചുനിൽപ്പാണ്.
തൂവിയാർത്തുവരുന്ന വാനമിരുട്ടിലാഴ്ത്തുമ്പോൾ
പേടിയോടെയഗ്രാമഭംഗി വിറച്ചുപോയത്രെ!

അന്നു കുഞ്ഞു നസീമ പൊള്ളും നെറ്റിയുമായി
ഉമ്മയെക്കൈ ചേർത്തുകൊഞ്ചിയൊരുമ്മയും നൽകി.
ഇന്നുവേണം *‘മാക്ബത്തിൻ കഥ’ ഇന്നലത്തെപ്പോൽ
മൂന്നാം മന്ത്രവാദിനിയവളോതിയവാക്യം.
ബർനാംവുഡ് ചലിച്ചുവന്നീ ഡൻസിനാംകുന്നിൽ…

പെട്ടെന്നാകെയിരുട്ടുകുത്തിയൊരൊച്ച കേൾക്കുന്നു.
വാക്കുകൾ മുറിഞ്ഞൊരാന്തലിനോളിയാകുമ്പോൾ
ഓടിയൊറ്റശ്വാസമോടവരന്തമില്ലാതെ ..
ചെന്നുപെട്ടൊരു കൊമ്പനവനുടെ കാൽക്കലെത്തുന്നു
കണ്ണുനീരു നിറഞ്ഞ കൊമ്പൻ കാവലാകുന്നു!

അപ്പോഴും മഴയാർത്തുപെയ്ത,വരെ നനയ്ക്കുന്നു
മാമലയിലെ വന്മരങ്ങൾ നിരങ്ങിനീങ്ങുന്നു.
മന്ത്രവാദിനിയെന്നപോലെ നനഞ്ഞകാനനഭൂ
സഹ്യപുത്രനുമൊറ്റദു:ഖമൊരേ മനക്കാറ്!

*മാക്ബത്ത്- ഷേക്സ്പിയർ എഴുതിയ പ്രധാന നാടകം . അതിൽ മൂന്നാമത്തെ മന്ത്രവാദിനി പറയുന്ന അശരീരി

*ബർനാം വുഡ് ഡൻസിനാംഹിലിൽ എത്തിയാലേ മാക്ബത്ത് മരണത്തിനു കീഴടങ്ങു.

തൃശ്ശൂർ കോളങ്ങാട്ടുകര സ്വദേശിനി. പെരുമ്പിലാവ് മാർ ഒസ്താത്തിയോസ് കോളേജ് അധ്യാപികയാണ്. ആനുകാലികങ്ങളിൽ (സാമാന്തര, ഓൺലൈൻ ) ഇടങ്ങളിൽ എഴുതുന്നു.