മണൽ പായകൾ

നമ്മളന്നെല്ലാം
പെയ്തപോൽ,
പിന്നെയും ഞാൻ
പെയ്യാൻ കൊതിച്ചതും,
ഒന്ന് രണ്ടെന്നു
തൂവി നിർത്തി മഴ
പിന്നെയും പിന്നെയും
കാറ്റെടുത്തു പോകുന്നു.
ഒച്ചയടഞ്ഞ രാത്രിയിൽ
മിന്നൽ കണക്കെ
മണൽതോണിയും തള്ളി
പിന്നോട്ട് പായുന്ന കാഴ്ചയെ
നമ്മൾ കയ്യിലെടുക്കവേ,
പല വേരുകൾ തമ്മിൽ
പിണഞ്ഞ മാത്രയിൽ
നീയെനിക്കായന്ന്
പുറപ്പെട്ട് പോയതും,
“കണ്ടു തീർന്നിട്ടില്ല ഒന്നും”
എന്ന് ചൊല്ലി
ഞാൻ കാണാത്ത ലോകം
പെറുക്കി നീ തിരികെ വന്നതും,
പലതായ് പിരിഞ്ഞിട്ടും
ചുറ്റി ചുരുളായ്
പതുമണലിൽ പുതഞ്ഞിട്ടും
നീയെന്ന
വാക്കിന്റെയറ്റം
ഒരു ചെറു കാറ്റെടുപ്പിലെന്നപോൽ
പിന്നെയുമെന്നെ ഞെട്ടിയുണർത്തുന്നു.
ഉപ്പ്കാറ്റേൽക്കുന്ന
മണൽ പായകളിൽ
ഞാൻ നിന്നെ
എഴുതിവച്ചു.
നിഴൽ,
ചിലപ്പോൾ മാത്രം അരിച്ചിറങ്ങുന്ന
കാറ്റാടിപ്പുറങ്ങളിൽ
നിന്നെ വരച്ചുചേർത്തു.
വെയിൽ,
കനൽ പാറ്റുന്ന
ഉലയിൽ
വിയർപ്പ് കണങ്ങളാൽ
നീ…. നീയെന്ന്
ഉൾപ്പെരുക്കം കൊണ്ട്
ഞാൻ കൂട്ടിവച്ചു .
അന്നത്തെ രാത്രിയും,
കടൽക്കാറ്റും,
വിഴുപ്പ് കുടഞ്ഞിട്ട്
ഞാൻ തനിച്ചായ ആലയും
നിന്റെ വരക്കം നോക്കി
ഇപ്പോളും തനിച്ചുറങ്ങുന്നു.

കോളേജ് അധ്യാപിക. എറണാകുളം സ്വദേശിനി. ആനുകാലികങ്ങളിലും ഓൺലൈൻ മാസികകളിലും കവിതകൾ എഴുതുന്നു.