മടക്കം

കണ്ണട വച്ചിട്ടില്ലെന്ന് ചാച്ചന് പെട്ടിയിൽകിടന്ന് മനസിലായതായി ലിനിമോൾക്ക് തോന്നി. അവൾ പപ്പയുടെ മുണ്ടിന്റെ അറ്റം ചെറുവിരലിൽ കോർത്ത് ചാച്ചനെ തന്നെ നോക്കി നിൽക്കുകയാണ്. പപ്പയെ തോണ്ടി വിളിച്ചു. അവളുടെ നേരെ ചോദ്യഭാവം എറിഞ്ഞയാൾ നിന്നു.

“ചാച്ചന്റെ കണ്ണാടി”, അവൾ പറഞ്ഞു. ചുണ്ടത്ത് വിരലമർത്തി ‘മിണ്ടാതെനില്ല് ‘ എന്നുപറഞ്ഞുകൊണ്ട് അയാൾ മരണത്തിന്റെ തുടർഭാഗങ്ങളിലേക്ക് തിരികെ പോയി. ലിനിക്ക് മടങ്ങിവരവായിരുന്നു ചിന്ത. മരിച്ചകന്നവരുടെ.

‘ചാച്ചനും പോവില്ല, ഇവിടെത്തന്നെ കാണും’, അവൾ ആത്മഗതം ചൊരിഞ്ഞു. പള്ളിപ്പറമ്പിലേക്ക് ശവമെടുക്കാൻ ഇനിയുമുണ്ട് അരമണിക്കൂറോളം സമയം. വെയിൽ ചാഞ്ഞ് തുടങ്ങി. ആകാശചുഴിയിൽപെട്ട് ഒന്നുരണ്ട് പരുന്തുകൾ വട്ടം ചുറ്റിപ്പാറുന്നു.

“ലിനിമോളെ കണ്ണട. ആനിമോൾടെ കണ്ണടയാന്നെടി” ചാച്ചൻ പെട്ടിയിൽകിടന്ന് ഞെരിപിരികൊണ്ടു. ചാച്ചന്റെ മൂത്ത മോളാണ് ആനിക്കുട്ടി. ലിനിമോൾടെ ആന്റി. പക്ഷെ ആനി മരിച്ചകാലത്ത് ലിനി തന്റെ ജനനത്തിന് ഒരിടം കണ്ടെത്തിയിരുന്നില്ല. പറമ്പിൽ നിന്ന മാവിൽ രണ്ട് കാക്കകൾ അന്യോന്യം നോക്കിയിരുന്ന് കരഞ്ഞു.

അവൾ ചുറ്റും നോക്കി. ആളുകൾ ഗേറ്റ്കടന്ന് വന്നുപോകുന്നു. മുറ്റം കവിഞ്ഞും ആളുകൾ നിൽപ്പുണ്ട്. വികാരിയച്ചന്റെ നേതൃത്വത്തിൽ കർമ്മങ്ങൾ തകൃതിയായി നടക്കുന്നു. ധൂപക്കുറ്റിയിൽ കുന്തിരിക്കം വെന്ത് നീറി കനലിലേക്ക് പൊടിഞ്ഞിറങ്ങുന്നു, അതിൽനിന്നും പാപികളുടെ നിലവിളികൾ ഉയരുന്നതും അവൾ കേട്ടു. കരയുന്നവർ ആരുമില്ല. ചിരിക്കുന്നവരും. ചിലർ മുഷിഞ്ഞ് നിൽക്കുന്നു. ചിലർ കടന്നുപോയ മരണത്തിന്റെ നിഴൽചേർന്ന് ആശ്വസിക്കുന്നു.

അവൾ വീണ്ടും പപ്പയെ തോണ്ടി.
“എന്നാന്ന്? ” ചെറിയ ദേഷ്യത്തോടെ കുനിഞ്ഞയാൾ ചോദിച്ചു.

“ഞാൻ മമ്മീടെ അടുത്ത് പൊയ്ക്കോട്ടേ “

“ആ പൊയ്ക്കോ, ഞാൻ പെട്ടിക്ക് പിടിക്കാൻ പോകും. മമ്മീടെ കൂടെ നിന്നോണം”. കേട്ടപാതി കേൾക്കാത്തപാതി അവളോടി മമ്മിയുടെ അടുത്തുചെന്നു.

പെട്ടിയുടെ തൊട്ടരികെ നിന്നിരുന്ന മമ്മി അവളെ കണ്ണുകൾ ഉരുട്ടികാണിച്ചു. ‘കർമ്മം നടക്കുമ്പോൾ ഓടിക്കളിക്കുന്നോ’ എന്നായിരുന്നു അതിന്റെ അർത്ഥം. അതുകണ്ട് പരേതന് കൂട്ടിരിക്കാൻ വന്ന ഒരാത്മാവ് സിറ്റൗട്ടിലെ തൂണിന് പിന്നിൽ പതുങ്ങി.

അവൾ ഒട്ടും അമാന്തിക്കാതെ മമ്മിയെ തോണ്ടി. മമ്മി അതേ ഉരുട്ടിയ കണ്ണുകൾകൊണ്ട് അവളെ വീണ്ടും നോക്കി.

“ഞാൻ ജിനിചേച്ചിടെ കൂടെ നിന്നോട്ടെ ” അവൾ ചോദിച്ചു.

“പിന്നെ എന്നാത്തിനാ ഇങ്ങോട്ട് ഓടി വന്നേ. മര്യാദക്ക് പോയി നിക്ക് ” മമ്മി പറഞ്ഞത് കേട്ട് അവൾ പതിയെ പുറകോട്ട് വലിഞ്ഞു.

മമ്മി ഒരിക്കൽ കൂടി തിരിഞ്ഞ് കണ്ണുരുട്ടി നോക്കി. ‘കൂടെ നിന്നോണം’ എന്നായിരുന്നു അതിന്റെയർത്ഥം.

അവൾ അത് മനസിലായെന്നോണം തലയാട്ടി. പതിയെ സിറ്റ്ഔട്ടിന്റെ നട കയറി വെള്ളവിരിച്ച ടേബിളിൽ പെട്ടിയോടെ കിടത്തിയിരിക്കുന്ന ചാച്ചന്റെ മുഖത്തേക്ക് ഏന്തി നോക്കി. ശിരസ്സ് ഒഴിവാക്കി ശരീരം മുഴുവൻ പൂക്കളാൽ അടക്കം ചെയ്തിരുന്നു. ഒരു പച്ചപ്പുഴു മെല്ലെ പൂമെത്തക്കുള്ളിലൂടെ ചാച്ചന്റെ ശരീരത്തിലേക്ക് നൂഴ്ന്നിറങ്ങിക്കിടക്കുന്നു. ഗർഭപാത്രത്തിലെന്നോണം ചാച്ചന്റെ ശരീരം ചുരുണ്ടുകൂടാൻ പരിശ്രമിക്കുന്നതായി അവൾ കണ്ടു. വാ മലർക്കെ തുറക്കാൻ പണിപ്പെട്ട് ഒരു ഈച്ച ചുണ്ടിന്റെയരികിൽ ചുറ്റിപ്പറ്റിപറന്നു.

“എന്റെ കണ്ണട ” ചാച്ചൻ കണ്ണടച്ച് പറഞ്ഞു.

അവൾ വീടിനുള്ളിലേക്ക് പതിയെ കയറി, ഒപ്പം ചാച്ചന്റെ അകമ്പടിക്കുവന്ന പരേതാത്മാക്കളുടെ ഒരു കൂട്ടവും.

അകത്തെ തിണ്ണയിൽ മാറ്റാരും ഉണ്ടായിരുന്നില്ല. അവൾ കയറി പോകുന്നത് ആരും ശ്രദ്ധിച്ചുമില്ല. ചാച്ചന്റെ മുറിയിൽ വന്ന് അവൾ നാലുപാടും നോക്കി. ആദ്യമായാണ് ഒറ്റയ്ക്ക് ആ മുറിയിൽ കയറുന്നത്. കട്ടിലിന്റെ വക്കിൽ മൂത്രസഞ്ചി കാലിയായി തൂങ്ങി കിടക്കുന്നു. തലേന്ന് രാത്രി മരിച്ചയുടനെ അത് തനിയെ നിറഞ്ഞുവന്നത് അവൾ ഓർമ്മിച്ചു.

ചാച്ചന് അംനേഷ്യ ആയിരുന്നെന്നാണ് മമ്മി അവളോട് പറഞ്ഞത്. അതുകൊണ്ടാണ് സ്ഥിരം ചെയ്തുകൊണ്ടിരുന്ന പലതും ചാച്ചൻ വേണ്ടെന്ന് വച്ചു തുടങ്ങിയതും. ആ ഓർമ്മകൾ പണ്ടെങ്ങോ ഭ്രംശം സംഭവിച്ച ഒരുകാലത്ത് തങ്ങിനിന്നു. ഓർമ്മ കുറഞ്ഞ് തുടങ്ങിയെങ്കിലും അതിന്റെ അസ്വസ്ഥത എല്ലാവരും അറിഞ്ഞത് നാളുകൾക്ക് മുൻപൊരു പ്രഭാതത്തിൽ ആയിരുന്നു. മമ്മിയുടെ ഒച്ചകേട്ടാണ് അടുക്കള വശത്തേക്ക് ലിനിമോൾ എത്തിയത്. പറമ്പിലെ ഒരു മതിലിനു മുകളിൽ കയറി കുന്തിച്ചിരിക്കുന്ന ചാച്ചനെ പപ്പ അവിടുന്ന് ബലമായി പിടിച്ചുകൊണ്ടു വന്നപ്പോൾ മമ്മി പറഞ്ഞു,

“കൊണ്ടുപോയി ചമതിച്ച് കൊടുക്ക് “

“ചാച്ചൻ എന്നാത്തിനാ അവിടെപ്പോയി ഇരുന്നേ” പപ്പ ചോദിച്ചതിന് ഉത്തരമായി ചാച്ചൻ പറഞ്ഞു “കുട്ടക്കൂട്‌ അവിടല്ലേ തോമാച്ചാ “

ഒരു പത്തുനാല്പത് വർഷം പിന്നിലേക്ക് ചാച്ചൻ മടങ്ങിയെന്നാണ് പപ്പ അന്നവളോട് പറഞ്ഞത്. അന്ന് മുതൽ വീട്ടിൽ മണ്മറഞ്ഞ പലരെയും ചാച്ചൻ കണ്ടെത്തിത്തുടങ്ങി. വീടിന്റെ മുക്കും മൂലയും നോക്കി ചാച്ചൻ പലരെയും പേരെടുത്ത് വിളിച്ചു. അവർക്കൊന്നും അവശേഷിപ്പുകൾ പോലും ഉണ്ടായിരുന്നില്ല. ഓർമ്മയില്ലാത്തവന്റെ ഓർമ്മയിൽ ഒതുങ്ങിയ അശരീരികൾ. ആ ജല്പനങ്ങൾക്ക് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കാൻ പുതിയ ഓർമ്മകൾ മാത്രം അവകാശപ്പെടുന്നവർക്ക് കഴിഞ്ഞു. പിശാചുകൾ, ചത്തവർ മടങ്ങി വന്നു, ചാച്ചന് പണ്ട് കൊണ്ടിയും കൂടോത്രവും ഉണ്ടായിരുന്നു, എന്നൊക്കെയുള്ള വാർത്തയ്ക്കുള്ളിലെ നേരും നുണയും ആരും തിരക്കിയുമില്ല. ‘അങ്ങേര് മരിക്കാറായപ്പോൾ എല്ലാരേം വിളിച്ചു വരുത്തുവാ’ ഓർമ്മയുള്ളവർ പ്രലപിച്ചു.

സ്മൃതിഭ്രംശത്തിന്റെ അല്പനാൾ കൂടി കഴിഞ്ഞപ്പോൾ ലിനിമോളെ ചാച്ചൻ ‘ആനിമോളെ’ എന്ന് വിളിച്ചു തുടങ്ങി. അവൾക്കത് പതിയെ ശീലവുമായി; ആ വിളി മറ്റുള്ളവർക്ക് സുഖകരം അല്ലായെങ്കിൽ പോലും. ആനിമോൾ ചാച്ചന്റെ മരിച്ചുപോയ മകൾ ആയിരുന്നെന്ന് പപ്പ പറഞ്ഞ് ആയിടെയാണ് അവളറിയുന്നത്. പപ്പയ്ക്ക് ഒരു ചേച്ചി ഉണ്ടായിരുന്നെന്ന്. അവൾ സാധാരണ ആളുകളെ പോലെയല്ല ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടി ആയിരുന്നുവെന്ന് പറഞ്ഞത് ലിനിക്ക് മനസിലായതുമില്ല. ആ അവസ്ഥയ്ക്ക് കാരണമായ സാത്താന്റെ പങ്ക് മമ്മി കുറച്ച് കാണിച്ചുമില്ല. ലിനിമോൾ എല്ലാം മനസിലാക്കാതെ മനസിലാക്കി.

ആനിമോൾക്ക് കാഴ്‌ച നന്നേ കുറവായിരുന്നു. വൈകല്യങ്ങൾക്കൊപ്പമുള്ള വൈകല്യം മറയ്ക്കാൻ ചാച്ചൻ അവൾക്കൊരു കണ്ണട വാങ്ങി കൊടുത്തു. അതിന്റെ ഇരുകാലുകളിലൂടെയും ഒരു മാല കോർത്തുതൂക്കിയിരുന്നു. കണ്ണട അണിയുമ്പോൾ മാല കഴുത്തിലൂടെ ചുറ്റി ഇരുചെവികൾക്കരികിലൂടെയും തൂങ്ങികിടക്കും.

ആനിയുടെ ആ പ്രിയപ്പെട്ട കണ്ണടയായിരുന്നു, ആനിയുടെ പ്രിയപ്പെട്ട ആഭരണവും. വൈകല്യങ്ങൾ അതിന്റെ മൂർദ്ധന്യതയിൽ എത്തിയപ്പോൾ ചെറുപ്പം അവസാനിക്കും മുന്നേ അവൾ മരിച്ചു. അന്നേരത്തേക്കും ചാച്ചന് മൂന്നാണും ഒരു പെണ്ണും പിറന്നിരുന്നു. ആനി മരിച്ചപ്പോൾ ചാച്ചൻ അവളുടെ പ്രിയപ്പെട്ട കണ്ണട കൊടുത്തുവിട്ടില്ല. അവളെ എല്ലാവരും മറന്നപ്പോൾ ചാച്ചൻ ആ കണ്ണടയിലൂടെ ആനിമോളെ ഓർത്തു. പിന്നെ അമ്മമ്മ മരിച്ചപ്പോൾ ചാച്ചൻ പെട്ടിയുടെ അരികിൽ കണ്ണട വച്ച് പള്ളിസിമിത്തേരിവരെ കൊണ്ടുപോയി. അന്ത്യചുംബനം കൊടുത്തനേരം ചാച്ചൻ അമ്മമ്മയോട് പറഞ്ഞു “കൊച്ചിനെ ഞാൻ കൊണ്ടുവന്നോളാടി മറിയെ” ചാച്ചൻ നനഞ്ഞ കണ്ണുകളോടെ കണ്ണട തിരികെയെടുത്തു. അന്ന് ലിനി മമ്മിയുടെ വയറ്റിൽ കുരുത്ത് തുടങ്ങിയതേയുള്ളു. ലിനിമോൾ ജനിച്ചപ്പോൾ ആനി എന്ന് പേരിടാമെന്ന് ചാച്ചൻ പറഞ്ഞിരുന്നുവെന്ന് മമ്മി ഒരിക്കൽ അവളോട് പറഞ്ഞു. പക്ഷെ പപ്പ അതിന് സമ്മതിച്ചുമില്ല, ആ കണ്ണടയുടെ പേരും പറഞ്ഞ് അന്ന് വഴക്കുമുണ്ടായി. പപ്പയ്ക്ക് കാശിനു കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്ന സമയംകൂടി ആയിരുന്നുവന്ന്.

ഓർമ്മ പോയതിനു ശേഷം രാത്രിയിൽ ചാച്ചൻ ആരോടോ പതിയെ സംസാരിക്കുന്നതും ചിരിക്കുന്നതും അവൾ ദിവസവും മുറിയിൽ കിടന്ന് കേട്ടിരുന്നു. ഒരിക്കലൊരു രാത്രിയിൽ ചാച്ചന്റെ മുറിയിൽ ഒരു രൂപംകണ്ടുവെന്നും പറഞ്ഞ് മമ്മി പേടിച്ചലറിയതും അവളോർത്തു. പിറ്റേന്നാണ് വികാരിയച്ചൻ വന്ന് ചാച്ചന് അന്ത്യകൂദാശ കൊടുത്തതും.

‘ആ പെണ്ണിവിടുന്ന് പോയിട്ടില്ല’, പപ്പേടെ പെങ്ങൾ ലീലാമ്മയോട് ഫോണിലൂടെ മമ്മി ആവലാതി പറയുന്നതും അന്നാണ് അവൾ കേട്ടത്. ലീലാമ്മ അതിന്റെ പിറ്റേന്ന് വീട്ടിൽവന്ന് ആ കണ്ണട കുറെ നടന്ന് തപ്പി. മരിച്ചു കഴിഞ്ഞാൽ കണ്ണട എനിക്കുള്ളതാണെന്ന് ചാച്ചൻ പണ്ട് പറഞ്ഞിട്ടുണ്ടെന്ന അതുവരെയില്ലാത്ത അവകാശവാദവുമായാണ് ലീലാമ്മ വന്നത്. കണ്ണട ചാച്ചൻ എവിടെയോ കൊണ്ടുപോയി കളഞ്ഞുവെന്നും വീടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കിട്ടിയില്ലായെന്നും, ബോധം ഇല്ലാണ്ട് എവിടെയോ കൊണ്ടുപോയി ഇട്ടുവെന്നുമൊക്കെ മമ്മി പറഞ്ഞത് ലീലാമ്മ പൂർണ്ണമായിട്ടും വിശ്വസിച്ചില്ല. ലീലാമ്മ കുറെ ഒച്ചയെടുത്ത് അവിടുന്ന് അന്നിറങ്ങി. ആ കണ്ണടയുടെ മാന്ത്രികത തേടി അതിനുശേഷം പല ബന്ധുജനങ്ങളും എത്തിതുടങ്ങി. മരിച്ചവരെ മടക്കികൊണ്ടുവരുവാനുള്ള അതിന്റെ കഴിവ് ഒരു സത്യം കലർന്ന മിഥ്യയായി ലിനിയിൽ ഒളിഞ്ഞു കിടന്നു. അതവളെ ഭയപ്പെടുത്തി.

അതിനൊക്കെയും കുറെ മുൻപ് ചാച്ചൻ ഒരു ദിവസം ലിനിമോളെ ഇങ്ങനെ വിളിച്ചു.

“ഡി ആനിയേ “

“എന്തോ” ലിനിമോൾ ആ വിളികേട്ട് ഓടി ചെന്നു.

അന്ന് ലിനിമോൾക്ക് ചാച്ചൻ ബൈബിളിന്റെ പിന്നിൽ സൂക്ഷിച്ച ആനിമോൾടെ പഴയ ഫോട്ടോ കാണിച്ചു. ആ പടത്തിന്റെ തല മങ്ങി പോയിരുന്നു. പക്ഷെ ചാച്ചനത് മനസിലായിട്ടുണ്ടായിരുന്നില്ല എന്നവൾക്ക് തോന്നി. അപ്പോൾ ചാച്ചൻ ഒരു പാട്ട് തുടരെ തുടരെ മൂളിയിരുന്നു. അവൾ തന്റെ ഈ ചെറിയ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട്. അവളും അത് മൂളി തുടങ്ങിയപ്പോൾ പപ്പ വിലക്കി. “ആനിമോൾടെ പ്രിയപ്പെട്ട പാട്ടാർന്ന്. അത് പാടണ്ട മോളെ. ശെരിയാവില്ല.” എല്ലാവരും എന്തൊക്കെയോ ഭയപ്പെടുന്നതായും മറയ്ക്കുന്നതായും അവൾക്ക് തോന്നി.

“ഈ കണ്ണട ചാച്ചൻ മരിക്കുമ്പോ മോള് ചാച്ചന് വച്ച് തരണം കേട്ടോ” എന്ന് പറഞ്ഞ് ചാച്ചൻ അവളെ ചട്ടം കെട്ടി.
“ആനിയെ ഞാൻ കൊണ്ടുപോവാന്നെടി. ഇതിവിടിരുന്നാൽ അവൾ ഇവിടെത്തന്നെ കാണും” അത് പറഞ്ഞപ്പോൾ ലിനിമോൾ ചുറ്റും നോക്കി. മറ്റാരോ ഒപ്പം നിൽക്കുന്നു എന്ന തോന്നൽ തുടങ്ങിയപ്പോൾ ചാച്ചൻ അവളെ ചേർത്ത് പിടിച്ചു.

പിന്നീട് മമ്മി ചാച്ചന്റെ മുറിയിൽ ആരെയോ കണ്ട് പേടിച്ചലറിയ സംഭവത്തോടുകൂടെ അവൾ ഒരു കാര്യം ഉറപ്പിച്ചു, ചാച്ചൻ മരിച്ചാൽ ആ കണ്ണടയും കൂടെ കൊടുത്ത് വിടണം. ലീലാമ്മയുടെ പരതലിന് ശേഷം പപ്പേടെ മൂത്ത ചേട്ടനും ഇളയ ചേട്ടനും കൂടി വന്ന് കണ്ണടയെ പറ്റി തിരയുന്നത് കണ്ടപ്പോൾ ആ കണ്ണട ആനിമോൾക്ക് മാത്രമല്ല എല്ലാവർക്കും പ്രിയപ്പെട്ടതാണെന്ന് അവൾക്കുറപ്പായി. പക്ഷെ കണ്ണടയെപ്പറ്റി ആരും വിശദമായി സംസാരിച്ചില്ല. അവരൊക്കെയും അതിനെചൊല്ലി ഉറക്കെ സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. സത്യത്തിൽ കണ്ണട ചാച്ചന്റെ കയ്യിൽനിന്നും മമ്മി ഒരുനാൾ പിടിച്ചു വാങ്ങി അലമാരയിൽ പൂട്ടി വച്ചത് അവൾ കണ്ടതാണ്. മരിക്കുന്നതിന് തൊട്ട് മുൻപും ചാച്ചൻ കണ്ണടയേയും ആനിയേയുമാണ് തിരക്കിയത്.

ലിനി ഭയപ്പാടോടെ ശ്വാസം വലിച്ചെടുത്തു. പുറത്ത് പ്രാർത്ഥനകൾ മന്ത്രോച്ചാരണങ്ങളായി മാറുന്നത് അവൾ കേട്ടു. അവൾ പപ്പേടെയും മമ്മിയുടെയും മുറിയിൽ കയറി അലമാരയിലേക്ക് നോക്കി. ഏതോ ശക്തിയെ സ്വതന്ത്രമാക്കാൻ തയ്യാറായ മന്ത്രവാദിനിയെപോലെ അവളാ കറുത്ത കൊച്ചുടുപ്പിൽ കാണപ്പെട്ടു. അവളുടെ കാലുകൾ വിറച്ചു. കൈപ്പടം വിയർത്തൊലിച്ചു. നാവ് വറ്റിവരണ്ടു. ഹൃദയം ഒരു പേനായയെ പോലെ കിതച്ചോടി. അവൾ താക്കോൽ തലയണക്കീഴേനിന്നും എടുത്തു. സ്റ്റൂൾ വലിച്ചിട്ട് അതിൽ കയറിനിന്ന് താക്കോൽ കിഴുത്തയിൽ തിരുകി, തിരിച്ചു, താഴെ ഇറങ്ങി വാതിൽ തുറന്നു. ഒത്തിരി പങ്കപ്പാട് ഒന്നും വരുത്താതെ എന്നാൽ വലിയൊരു പ്രകമ്പനത്തോടെ അവളുടെ മുന്നിൽ അത് തുറക്കപ്പെട്ടു. അതിൽനിന്നും ചാടിയിറങ്ങിയ കുറെ വായു അവളുടെ മുടിയിഴകളെ ഭയപ്പെടുത്തിയോടിച്ചു. അവൾ അതിനുള്ളിൽ പരതി അമ്മയുടെ പഴയ പേഴ്സ് കണ്ടെടുത്തു. അത് തുറന്ന് കണ്ണട കയ്യിലെടുത്ത് നോക്കി. ചാച്ചൻ ഇതിനുമുന്നേ ആ കണ്ണട അവളുടെ മുഖത്ത് വച്ചു കൊടുത്തിട്ടുണ്ട്. അതിന് മമ്മിയുടെ കണ്ണടയെക്കാളും ഭാരമുണ്ടെന്ന് അവൾ മനസ്സിലാക്കിയിരുന്നു. ആനിമോൾക്ക് ശേഷം ആ കണ്ണട അണിയുന്ന മറ്റൊരു വ്യക്തി ലിനിമോൾ മാത്രമായിരുന്നു. ആ ഒരു ഉടമ്പടി ചാച്ചൻ കണ്ണടയുമായി നടത്തിയത് അവളിലെ ഭയം കുറച്ചു. അവൾ ആ കണ്ണടയിലേയ്ക്ക് നോക്കി, അവളുടെ പ്രതിബിബം അതിൽ നിഴലിച്ചനേരം അന്ത്യശുശ്രൂഷകളുടെ ശബ്ദം നിലച്ചു.

ഒരുനിമിഷത്തെ വലിയ നിശബ്ദതയ്ക്ക് ശേഷം ജീപ്പിൽ ഘടിപ്പിച്ച സ്പീക്കർ ഒരലർച്ചയോടെ മരണഗീതം മുഴക്കിത്തുടങ്ങി. പെട്ടന്നുള്ള കാൽപ്പെരുമാറ്റങ്ങൾ കേട്ട് അവൾ കട്ടിലിന്റെ അടിയിലേക്ക് നൂഴ്ന്ന് കയറികിടന്നു. അവൾക്ക് ഒരു ശക്തി കൈവരിച്ചതായി അനുഭവപ്പെട്ടു. കണ്ണട ആർക്കും കൊടുക്കാതെ ആരുമറിയാതെ അതിന്റെ ശക്തിയെടുത്ത് ഉപയോഗിച്ചാലോ എന്നുവരെ അവൾ ചിന്തിച്ചു. പതിയെ കാൽപ്പെരുമാറ്റങ്ങളും പിറുപിറുക്കലുകളും നിലച്ചകന്ന് കതക് വലിച്ചടക്കുന്ന ശബ്ദവും കേട്ടു. മരണഗീതവും മറഞ്ഞകന്നു. മൂകത വന്ന് ആ പ്രദേശത്ത് തമ്പടിച്ചു. നിഴലുകൾ ആ മുറിയിൽ അവരുടെ കുലങ്ങൾ സ്ഥാപിച്ചുതുടങ്ങി. ശ്വാസഗതിയുടെ ചലനം തിരപോലെ ഉയർന്നുപൊങ്ങി. കണ്ണുകൾ നിശ്ചലമായി. ഒരിലപോലും അനങ്ങുന്നില്ല. ഭൂമിയിൽ തനിച്ചായതുപോലെ തോന്നി അവൾക്ക്.

ചാച്ചന്റെ മുറിയിൽ ചെറിയ അനക്കം കേട്ടുതുടങ്ങിയപ്പോൾ ഏറിയകരുത്തോടെ അവൾ കാതോർത്തു. ആരോ പാടുകയാണ്. വ്യക്തത കൈവന്നപ്പോൾ ഒരു പെൺകുട്ടിയുടെ ശബ്ദമാണെന്ന് മനസിലായി. ആ ശബ്ദത്തിലെ സൗന്ദര്യം അവളെ കൂടുതൽ ഭയപ്പെടുത്തിയതേയുള്ളു.

“സ്തോത്രഗാനങ്ങൾ പാടി പുകഴ്‌ത്തീടുമേ എല്ലാനാളിലും എൻ ജീവിതത്തിൽ” പതിയെ അവളും അറിയാണ്ട് മൂളിതുടങ്ങി. ഉറക്കത്തിന്റെ വിശാലതയിലേക്ക് പറക്കാൻ ശ്രമിച്ച് അവളുടെ കണ്ണുകൾ ചിറകുകളായി. ആ ശബ്ദം ഉയർന്നതിനൊപ്പം, ആരോ നടന്നടുക്കുന്നത് പോലെയും കേട്ടു. കണ്ണുകളെ അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് അഴിച്ചുവിട്ട് കണ്ണട കൈക്കുള്ളിൽ ചേർത്ത് പിടിച്ച് അവൾ കിടന്നു.

പെട്ടന്ന് ചാച്ചന്റെ ശബ്ദം ഉയർന്നു കേട്ടു, “ആനിക്കുട്ടിയെ ” അപ്പോൾ അവൾ മയക്കത്തിന്റെ പൂർണ്ണതയിലേക്ക് തൂവിവീണു.

പെട്ടെന്ന് വാതിൽ തള്ളി തുറന്ന് ആരോ അകത്ത് കയറി.

പേരപ്പന്റെ മൂത്തമകൻ. “ലിനീ ” അയാൾ ഉറക്കെ വിളിച്ചു. അവൾ കണ്ണുതുറന്ന് കട്ടിലിനടിയിൽ നിന്ന് ഒഴുകി ഇറങ്ങി അയാളുടെ കൈകളിലേക്ക് എടുത്തുചാടി.

“നീ എന്ന പണിയാ കൊച്ചേ കാണിച്ചേ ” അതുപറഞ്ഞ് അവർ ഇറങ്ങിയപ്പോൾ അവൾ ചാച്ചന്റെ മുറിയിലേക്ക് തലതാഴ്ത്തി നോക്കി. മൂത്രസഞ്ചി താഴെ വീണ് കിടക്കുന്നു.

സിമിത്തേരിയിൽ ചാച്ചന് അന്ത്യചുംബനം നൽകിയപ്പോൾ ഫ്രോക്കിന്റെ പോക്കറ്റിൽ നിന്നും ഒരുപിടി റോസാപ്പൂ ഇതളുകൾക്കൊപ്പം ആ കുഞ്ഞികണ്ണടയെടുത്ത് അവൾ പെട്ടിയിൽ ചാച്ചന്റെ കയ്യുടെ അരികിൽ പൂക്കൾക്കിടയിൽ ഒതുക്കിവച്ചു. ചാച്ചൻ അവൾക്ക് നേരെ വിജയഭാവത്തിൽ ഒരു പുഞ്ചിരിയെറിഞ്ഞു.

ലോകത്തെ രക്ഷിച്ചമാതിരി സന്തോഷത്തിൽ അവൾ പപ്പേടെ അരിക് ചേർന്ന് നിന്നു. പപ്പേടെ മൂത്തചേട്ടൻ അവരുടെ അടുത്ത് വന്ന് ചോദിച്ചു.

“ഡാ തോമാച്ചാ ആനിക്കുവേണ്ടി ഉണ്ടാക്കിയ ആ കണ്ണട എന്തിയേന്നെ. കാർന്നോരുടെ കയ്യിൽ ഉണ്ടായിരുന്നല്ലോ അത്? “

“എന്നാ പറയാനാ വർക്കിച്ചേട്ടാ ഓർമ്മയില്ലാണ്ട് അങ്ങേര് എവിടെയോ കൊണ്ട് കളഞ്ഞു”

“കർത്താവേ അങ്ങോരത് തൊലച്ചോ?” വർക്കിച്ചൻ സങ്കടത്തോടെയും ദേഷ്യത്തോടെയും പെട്ടിയുടെ നേരെ നോക്കി. പലർ ചേർന്ന് പൊക്കി പൊതുസ്മാശാനത്തിന്റെ ആഴങ്ങളിലേക്ക്, വീണ്ടെടുപ്പിന്റെ പ്രതീക്ഷ നൽകാത്ത പൊത്തിലേക്ക് അവർ ചാച്ചനെ തള്ളിയിട്ടു. രണ്ട് പരുന്തുകൾ അപ്പോഴും ആകാശചുഴിയിൽ വട്ടം കറങ്ങി നടന്നു.

പപ്പേടെ മുണ്ടിന്റെ അറ്റം വിരലിൽചുറ്റി പൊത്തിന്റെ വാതിൽ അടയ്ക്കുന്നതും നോക്കി അവൾ നിന്നു.

കോട്ടയം കട്ടച്ചിറ സ്വദേശി. ഇപ്പോൾ കാനഡയിൽ ഫോറെസ്റ്ററി മേഖലയിൽ ജോലി നോക്കുന്നു.