മടക്കം

അബു ഇരിങ്ങാട്ടിരി
മൂത്തുവരുന്ന വെയിലിലൂടെ ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഓട്ടോയിൽ കയറുമ്പോഴാണ് സുധാകരൻ കൊയ്ത്തക്കുണ്ട്‌ ഈ നഗരത്തിലെവിടെയോ ഉണ്ടല്ലോ എന്നോർത്തത്. അവനും കുറേക്കാലം ജീവിതത്തെ പ്രാകിക്കൊണ്ടും നരകിച്ചുകൊണ്ടും കൂടെയുണ്ടായിരുന്നു. ജോലിയില്ലാത്തപ്പോഴെല്ലാം വീട്ടിലേയ്ക്ക് ഓടിവന്ന് ഒരു സോമാലിയൻ അഭയാർതഥിയെപ്പോലെ സുധ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം വാരിവലിച്ച് തിന്ന്, ലോകത്തുള്ള സകലമാന സൗഹൃദങ്ങളോടും അമർഷവും വെറുപ്പുമായി നിശ്ശബ്ദനായി ഒരിടത്തിരിക്കും. തുരുതുരാ സിഗരറ്റ് വലിക്കും. എന്തെങ്കിലും ചോദിക്കാനായി അടുത്താൽ അധികം സംസാരിക്കാതെ കിടക്കും. ഉറക്കം നടിക്കും. ഇനിയഥവാ വായ തുറന്നാലോ പട്ടിണിയുടെ നരക ബാല്യവും കൗമാരവും വീട്ടിലെ ബുദ്ധിമുട്ടുകളും പായാരവും.
ഇതൊക്കെ അക്കാലത്തെ എല്ലാ ബാല്യങ്ങളുടെയും അനുഭവമായിരുന്നില്ലേ എന്ന് ചോദിച്ചാൽ പിണങ്ങും. അതിനാൽ ഞങ്ങൾ മൗനം പാലിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഒന്നാംതരം കഥകളെഴുതി പേരെടുത്തവനും മുതിർന്ന കഥാകൃത്തുക്കളുടെ ആശിർവാദം വേണ്ടുവോളം കോരിക്കുടിച്ചവനുമായിരുന്നു സുധാകരൻ. സമകാലികരായ എഴുത്തുകാരെ അസൂയാലുക്കളാക്കിയവൻ.
എന്നിട്ടും അക്കാലത്ത് നാട്ടിൽ ജീവിച്ചു പോകാനാകാത്തതിനാൽ ഏതോ പണച്ചാക്കിനെ സ്വാധീനിച്ച് വിസയെടുത്തു വന്നു,യുവകഥാകാരൻ. പറഞ്ഞിട്ടെന്ത്? ഇക്കരെയെത്തിയാൽ നോവലിസ്റ്റെന്നോ കഥാകാരനെന്നോ ജേർണലിസ്റ്റെന്നോ എന്നൊന്നുമില്ല. ഉള്ളത് ഗൾഫുകാരൻ മാത്രം.
സുധാകരൻറെ ഒരാരാധികയായിരുന്നു സുധ. അതിനാൽ അവനെപ്പോഴും എന്റെ വീട്ടിലായിരുന്നു. അവൻറെ സാമീപ്യത്താലും പ്രോത്സാഹനത്താലും അവളും കവിതയെഴുത്ത് തുടങ്ങി. പ്രോത്സാഹിപ്പിക്കാനൊരാളുണ്ടെങ്കിൽ ഇത്തിരി വാസനയുള്ള ഏത് വീട്ടമ്മയും കലാകാരിയായി പൂത്തുലയും. പതിനെട്ടു കവിതകൾ എഴുതി പൂർത്തിയാവുമ്പോൾ തൻറെ വിശദമായ പഠനത്തോടെ ആദ്യ കവിതാസമാഹാരം പുറത്തിറക്കാമെന്നുവരെ സുധാകരൻ അവളെ ഭ്രമിപ്പിച്ചിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ഒരിടത്തും കഥാകാരന് ജോലി ശരിയായില്ല. അല്ലെങ്കിൽ ആരും അതിന് മുതിർന്നതുമില്ല. അവസാനം ഒരു പണിയും ശരിയാവാതെ കുറേ ശത്രുക്കളെയുണ്ടാക്കി കടബാധ്യതയുടെ നിറഞ്ഞ ബാഗുമായി നാട്ടിലേയ്ക്ക് കൂപ്പുകുത്തി വീണു. പിന്നെയും കുറേ കറക്കങ്ങൾ. അവസാനം ഗൾഫെഴുത്തുകാരുടെ പുസ്തകങ്ങളിറക്കി പച്ചപിടിച്ച് സമ്പന്നനായ ഒരു മുരടൻറെ പുസ്തകശാലയുടെ മേധാവിയായി. എഴുത്തുകാരോടുള്ള പരിചയവും ഗൾഫെഴുത്തുകാരോടുള്ള ബാന്ധവവും വച്ച് മുരടൻറെ ഊറ്റൽ വ്യവസായം സുധാകരൻ പുഷ്ടിപ്പെടുത്താൻ തുടങ്ങി. സാംസ്ക്കാരിക നായകനായി. പഴയതെല്ലാം മറന്നുള്ള ഒരടിപൊളി ജീവിതം. ഓട്ടോയുടെ കുലുക്കത്തിനിടയിൽ നമ്പർ തപ്പിയെടുത്ത് വിളിച്ചു. ആദ്യമൊന്ന് അമ്പരന്നെങ്കിലും സ്വരം തിരിച്ചറിഞ്ഞപ്പോൾ ധൃതിയോടെ പറഞ്ഞു: ‘
വേണൂ ഞാനിപ്പോൾ നളന്ദാപുരിയിലുണ്ട്.യുവകവി സഹദേവൻ കൈതമുള്ളിത്തറയുടെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ടാണ്. നീ നേരെ ഇങ്ങോട്ട് വാ.’
കാലങ്ങളായി സുധാകരനെ നേരിൽ കണ്ടിട്ട്. പഴയ ആ ഗൾഫുകാലം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഒട്ടനവധി കഥകളും ലേഖനങ്ങളുമാണ് അയാൾ എഴുതിയത്. മിക്കതും സ്നേഹവും അനുകമ്പയും സൗഹൃദങ്ങളും ചൂഷണം ചെയ്യപ്പെടുന്നവ. അതിൻറെ ഓരോരോ നവരീതികളും മനുഷ്യരുടെ ആർത്തിയും പാരവയ്പ്പും മറ്റും മറ്റും. അതിൽ ദളിതരും ഗൾഫുകാരും സ്ത്രീകളുമൊക്കെ പെടും. പലപ്പോഴും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നെറ്റ് ഫോണായതുകൊണ്ടാവാം സുധാകരൻ ഫോണെടുക്കാറില്ല. ഒന്നുരണ്ടുതവണ എടുത്തെങ്കിലും ശുദ്ധമായ നുണ പറഞ്ഞൊഴിവായതാണ്. അതിനുശേഷം ഇന്നാദ്യമായാണ് ആളെ തിരിച്ചറിയുന്നതും കാണാൻ അവസരം കിട്ടുന്നതും. കഴിഞ്ഞ രണ്ടവധിക്കാലത്തും വിളിച്ചെങ്കിലും അയാൾ വടക്കേ ഇന്ത്യൻ ടൂറിലാണെന്ന് പറഞ്ഞു ഒഴിവായി.
ഒരുതവണ ഓഫീസിലെ തിരക്കായിരുന്നുവത്രെ കാരണക്കാരൻ. വാഹനത്തിരക്കുകൾക്കിടയിലൂടെ നിരങ്ങിനീങ്ങി നളന്ദാപുരിയിലെത്തിയതും സുധാകരനെ വിളിച്ചു മുറിയന്വേഷിച്ചു. ശീതീകരിച്ച ഡബിൾ കോട്ട് സ്യൂട്ടിലെ ഡ്രോയിങ് റൂമിലും അകമുറിയിലും എന്തിന് ബാത്റൂമിൽ വരെ ജനം. ഒരു കല്യാണത്തിനുള്ള ആളുണ്ടെന്ന് തോന്നും. സുധാകരന്റെ നേതൃത്വത്തിൽ ഒരു വൻ പട തന്നെയുണ്ടായിരുന്നു. എല്ലാവരും നഗരത്തിലെ കേമന്മാർ. പേരുകേട്ട എഴുത്തുകാരും ബുദ്ധിജീവികളും പത്രക്കാരും. മനുഷ്യഗന്ധവും സിഗരട്ട് പുകയും മദ്യവും നെയ്‌ച്ചോറിൻറെയും ബിരിയാണിയുടെയും ഇറച്ചിയുടെയും മീനിൻറെയും മണങ്ങളെല്ലാം കൂടിക്കുഴഞ്ഞ് ഇന്നുവരെ അനുഭവിക്കാത്ത ഒരു ഓക്കാനഗന്ധം മുറിക്കുള്ളിലാകെ കൊഴുത്തു തളം കെട്ടി നിന്നിരുന്നു. അശ്ലീലവാക്കുകളുടെ ഓളവും പൊട്ടിച്ചിരികളുടെ തിരമാലകളും ഉച്ചത്തിലുള്ള സംസാരത്തിൻറെ കോളും കൂട്ടിനുണ്ടായിരുന്നു. ഒരു കപ്പിത്താനെപ്പോലെ ചുവന്നുകലങ്ങിയ കണ്ണുകളുമായി സുധാകരൻ എന്നെ ചേർത്തുപിടിച്ച് അയാളുടെ കൂട്ടുകാരോട് പറഞ്ഞു: ഇവനെൻറെ പ്രിയ വേണുവേട്ടൻ. പഴയ ഗൾഫ് ചങ്ങാതിയാണ്. ഇവനിപ്പോഴും ആ വിശുദ്ധ നരകത്തിൽ തന്നെ. രക്ഷപ്പെടാനുള്ള ഒരു സൂത്രവുമറിയാത്ത ഒരു തനി നാട്ടുമ്പുറത്തുകാരൻ. ഒരു താടിക്കാരൻ ഉച്ചത്തിൽ പാടി. പിന്നെക്കീച്ചാം നമുക്കവനെ. പിന്നെക്കീച്ചാം നമുക്കവനെ..
പാട്ടിനൊപ്പിച്ച് സുധാകരനടക്കം എല്ലാവരും നൃത്തം വയ്ക്കാൻ തുടങ്ങി. എനിക്കാകെ ദേഷ്യംകൊണ്ട് തല പെരുത്തു. ഇത്തരം വഷളന്മാരെ തീറ്റിപ്പോറ്റുന്നവരെയാണ് വെടിവച്ചു കൊല്ലേണ്ടത്.
ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ വീർപ്പുമുട്ടലോടെ ഒരു മൂലയിലേക്ക് ഒതുങ്ങിനിൽക്കുമ്പോൾ ഇന്റർകോമിലൂടെ സുധാകരൻറെ ആക്രോശം പാഞ്ഞു പോകുന്ന ഒച്ച: ഒരു ഫുള്ളും കൂടി. കൂടെ സോഡയും കുറച്ചധികം അണ്ടിപ്പരിപ്പും.
“സുധാകരേട്ടാ, ഇനിയൽപ്പം മിക്സ്ച്ചർ മാത്രം പോരേ?”
സുമുഖനായ ഒരു ചെറുപ്പക്കാരൻ സുധാകരനോട് ചോദിച്ചതും എല്ലാവരും ചേർന്ന് അവനെ കൊത്തിത്തിന്നാൻ തുടങ്ങി.
മിക്സ്ച്ചറോ…? മിക്സ്ച്ചറോ…? മാറിയിട്ടില്ല; ഇവനൊന്നും ഈ ജന്മത്തിൽ മാറാനും പോകുന്നില്ല. ഹ.. ഹ..
അങ്ങനെ ആ ചെറുപ്പക്കാരനെ നിർത്തിപ്പൊരിച്ചെടുത്ത്, വെണ്ണയുതിരുന്ന കോഴിക്കാല് നീട്ടുന്ന ലാഘവത്തോടെ എനിക്ക് നീട്ടി സുധാകരൻ പറഞ്ഞു: ഇവനാണ് ഇന്നത്തെ താരം. യുവകവിയും ഗൾഫുകാരനായ സഹദേവൻ കൈതമുള്ളിത്തറ. ഇയാളുടെ ആദ്യ കവിതാസമാഹാരമാണിന്ന് പ്രകാശനം. അതുകഴിഞ്ഞു പോയാൽ മതി വേണൂ നിനക്ക്.
ഒരു ഗൾഫുകാരൻറെ ജീവിതാഭിലാഷത്തിൻറെ ആഘോഷം. ഇത്രയും കാശ് പൊടിച്ച് എന്തിനൊരു പുസ്തകമിറക്കണം എന്ന് മനസ്സിനോട് ചോദിച്ചിരിക്കെ വാടകഗുണ്ടയുടെ ശരീരമുള്ള ഒരാൾ വന്യജീവിയെപ്പോലെ ചെവിയിൽ ചുരമാന്തി:
‘നിങ്ങളെഴുതുന്നൊന്നുമില്ലേ? ചവാറാണെങ്കിലും മ്മക്കദങ്ങ്ട് ഉശാറായി ഇറക്കാം. എന്താ…?’
മറുപടിയൊന്നും പറയാതെ മൂലയിലുണ്ടായിരുന്ന കസേരയിലിരുന്നു. അപ്പോഴാണ് പലരും താന്താങ്ങളുടെ നഗരസുഹൃത്തുക്കളെ വിളിച്ച് ആ തീറ്റയും കുടിയും മത്സരത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. മൊബൈലിലൂടെ സ്നേഹത്തോടെയുള്ള ക്ഷണം. ഗൾഫുകാരൻറെ പുസ്തകപ്രകാശനം. നേരായിരുന്നു, ഓരോരോ കോലങ്ങൾ ആമോദത്തോടെ ആ മുറിയിലേയ്ക്ക് ഓടിയെത്തിക്കൊണ്ടിരുന്നു.
കഥകളിലൂടെയും ലേഖനങ്ങളിലൂടെയും പലവിധ ചൂഷണങ്ങൾക്കുമെതിരെ തീനിറച്ചെഴുതിയ പ്രിയസുഹൃത്ത് കൊയ്ത്തക്കുണ്ട്, പിറ്റേ ദിവസം വധശിക്ഷ നടപ്പാക്കാൻ നിയുക്തനായ ഒരു ആരാച്ചാരെപ്പോലെ വലിയ മീനുകൾ തിമിർത്താടുന്ന കടൽമുറിക്കുള്ളിലൂടെ പാഞ്ഞുനടന്ന് വിവിധ ഭക്ഷണങ്ങളും പാനീയങ്ങളും ഓർഡർ ചെയ്തുകൊണ്ടേയിരുന്നു. എനിക്ക് സഹിക്കാനായില്ല. എൻറെ വയറ്റിലെ സകലമാന കുടലുകളും വെന്തുകരിഞ്ഞ് ആമാശയം മൊത്തമായി പുറത്തുചാടാൻ വെമ്പി ഓക്കാനമായി വരികയാണെന്നറിഞ്ഞപ്പോൾ ധൃതിയോടെ വാതിൽ തള്ളിത്തുറന്ന് പുറത്തേയ്ക്ക് ചാടി പുൽത്തകിടിയിലേയ്ക്ക് ഛർദ്ദിച്ചു. വീണ്ടും വീണ്ടും അപ്പുറവുമിപ്പുറവുമുള്ള ആളുകളെ പരിഗണിക്കാതെ കഴിയുന്നത്ര ശബ്ദത്തിൽ വയറ്റിലും ശരീരത്തിലുമുള്ളത് മുഴുക്കെയും ഞാൻ പുറത്ത് കളഞ്ഞു. പിന്നെ പതുക്കെ വളരെ പതുക്കെ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് സുധയെ വിളിച്ചു.
‘ദാ ഞാനെത്തി.. ഊൺ എടുത്തു വച്ചോളൂ. ഇന്ന് നീയെൻറെ കൂടെ വരാത്തത് വളരെ നന്നായി..’
അബു ഇരിങ്ങാട്ടിരി
ദൃഷ്ടാന്തങ്ങൾ എന്ന നോവലും സുഗന്ധപ്പുകയും സ്വർണ്ണത്തേരും, തമ്പ്രാൻ ഖലീഫ, വെയിൽ ചായും നേരം എന്നീ നോവലൈറ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യൻ ഒരു ചാൺ അകലെ, അവയവങ്ങൾ, സുലൈഖാ സ്വയംവരം, ഉച്ചവെയിലിൻറെ ഉന്മാദം തുടങ്ങിയ കഥാസമാഹാരങ്ങൾ, ലോ വോൾട്ടേജിൽ ഒരു ബൾബ് (ലേഖനങ്ങൾ) എന്നിവയാണ് മറ്റു കൃതികൾ. മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി ഏർപ്പെടുത്തയ പുലിക്കോട്ടിൽ ഹൈദർ പുരസ്കാരം, അങ്കണം മിഡിൽ ഈസ്റ് പ്രവാസി പുരസ്കാരം, ഖമീസ് മുഷൈയ്ത്ത് സംസ്കൃതി സാഹിത്യ പുരസ്കാരം, ജിദ്ദ അരങ്ങ് അവാർഡ്, വോയ്‌സ് ഓഫ് ഇന്ത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.