മഞ്ഞുവീഴുന്നുണ്ടത്രേ,
ഹിമഗിരിയുടെ ധവളശൃംഗങ്ങളിലല്ല,
അവിടെ മഞ്ഞ് പെയ്യുന്നത് ഞാൻ കണ്ടിട്ടേയില്ല,
ഇവിടെ അകമലയിലെ കാടുകളിൽ,
കുതിരാനിലെ മലകയറുമ്പോൾ,
ഉദഗമണ്ഡലത്തിലെ തടാകങ്ങളിൽ.
മഞ്ഞുപെയ്യുന്നതല്ലെന്ന്
ആരോ പറയുന്നു.
കനൽ കത്തുന്ന മനസ്സുകളെ,
കരിമ്പുക മണക്കുന്ന ഓർമ്മകളെ,
ഉയരങ്ങളിൽ നിന്നും
ആഴങ്ങളിൽ നിന്നും
മറച്ചു പിടിക്കുകയാണത്രേ.
ഡെവിൾസ് ട്രാക്കിൻ്റെ
തുഞ്ചത്തെ പാറക്കെട്ടിൽ നിൽക്കുമ്പോൾ,
വന്യമായ താഴ്‌വരയിലേക്ക്
ആർത്തലച്ചു വീണുചിതറുവാനും
പച്ചപ്പിൻ്റെ ശാന്തതയിലേക്ക്
ചോരപ്പൂക്കൾ നിറയ്ക്കുവനും
സൂയിസൈഡ് പോയിൻ്റിൽനിന്നും
താഴെ വന്യതയിലേക്ക്
ചിറകു വിരുത്തി പറന്നിറങ്ങാനും
തടസ്സം ഈ മഞ്ഞിൻ്റെ ധവളാഭയാണത്ര.
എത്ര പെട്ടെന്നാണ്
അതുനമ്മെ വശീകരിക്കുന്നതെന്ന് നോക്കൂ.
മൂടൽമഞ്ഞിൻ്റെ
മുഗ്ദമായ ചലനങ്ങൾ നർത്തകിയെപ്പോലെ,
ഇക്താരയുടെ നേർത്ത നാദമുതിരുന്നില്ലെ,
അത് ഒഴുകുകയാണ്, അനവരതം.
പിന്തുടർന്നെത്തുന്ന വിളിയൊച്ചകൾ
മോഹനിദ്രയിൽ നിന്ന് ഉണർത്തുമ്പോൾ
മഞ്ഞിനെ ചുറ്റിപ്പുണർന്നു കുളിരാർന്നൊരു കാറ്റ്
ആർദ്രമായി മന്ത്രിക്കും.
പോയി വരൂ, സമയമായില്ല,
ഞാൻ കാത്തിരിക്കാം.
അന്നേരം
പാതയോരത്താകെ നിയോൺ വിളക്കുകളുടെ
മഞ്ഞവെളിച്ചം പ്രസരിക്കുന്നുണ്ടാകും.