ഭൗമകാമുകി

കാലത്തിന്റെ പിൻതാളുകളൾ
ഓർമ്മയുടെ ചായംപൂശി
ഇടയ്ക്കിടെ മിന്നിമറയുന്നത്,
നിന്നോടുള്ള എന്റെ പ്രണയം
ഹൃദയതാളത്തിലെവിടെയോ
സ്പന്ദിക്കുന്നതുകൊണ്ടാവാം!

ഏകയായി തൊടണം
എനിക്കു നിന്റെ അതിരുകളെ!
ബന്ധനങ്ങളില്ലാതെ താണ്ടണം;
ഞാൻ കൊതിച്ച വഴികളൊക്കെയും!

നിന്റെ അനന്തമായ
സൗന്ദര്യം ആസ്വദിക്കുവാൻ,
വരുംകാലമെനിക്കായ് കാത്തുവച്ച
നാൾവരെ കാത്തിരിക്കണം നീ…

ആയിരം വർണ്ണങ്ങൾ ചാലിച്ച
നിന്റെ യൗവ്വനം മോഹിപ്പിക്കുന്നുവെങ്കിലും,
നിന്നിലലിയാൻ ഇനിയുമെത്രകാലം ബാക്കി!
എന്റെ ചിറകിൻ ചൂടറിഞ്ഞവരെ
ഒതുക്കിനിർത്താതെയാവില്ലെനിക്ക് നിന്നോട് ചേരുവാൻ…
കാലമാകുന്ന യവനികക്കുള്ളിൽ മറയുംമുമ്പേ,
കാണണമീ പ്രപഞ്ചം..!

കൊല്ലം കരുനാഗപ്പള്ളി സ്വദേശി. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നു