ഭ്രാന്ത് എത്ര നല്ല രോഗമാണ്
ഭ്രാന്തന്മാർക്ക് ഓർമകളുടെ ഭാരം ചുമക്കേണ്ട
നഷ്ടസ്വപ്‌നങ്ങളുടെ അലോസരം പേറേണ്ട
നിരാശയുടെ പാതാളക്കുഴിയിലിറങ്ങേണ്ട
അനുഭങ്ങളുടെ തീച്ചൂളയിൽ വേവേണ്ട
ഭ്രാന്തന്മാരെ
ദൈവത്തിന്റെ സാന്ത്വനമോ
ചെകുത്താന്റെ വേദമോ
മതത്തിന്റെ ശാസനയോ
വേവലാതിപ്പെടുത്തുന്നില്ല
അവന് കള്ളന്റെ ഒളിനോട്ടത്തിന്റെ മറവ് തേടേണ്ട
മതഭ്രാന്തന്റെ കൊലക്കത്തിയുടെ മിനുക്കം തിരക്കേണ്ട
നിയമപാലകരുടെ ലാത്തിയടികളുടെ നീറ്റൽ സഹിക്കേണ്ട
അവന് നിങ്ങളുടെ നിയമങ്ങളുടെ കള്ളികളിൽ ഒതുങ്ങാനാവില്ല
അവന്റെ തെരുവിൽ ചോരയുടെ ചൂരില്ല
ഇളം കുഞ്ഞിന്റെ വിശക്കുന്ന നിലവിളികളില്ല
മതഘോഷയാത്രകളും പോർവിളികളുമില്ല
വിശപ്പ് മാറ്റാൻ തുണിയുരിയുന്ന സഹോദരിമാരില്ല
അവന് വിശപ്പാണ് പ്രണയം
നിഷേധമാണ് കാമം
ഉറക്കം ഒളിസേവയും
ഭ്രാന്തന്മാർക്ക് ഭൂമിയാണ് സ്വർഗം.