ഭൂമിരാവണം

ധരണീധരിത്രീ യാത്രയാവുന്നു ഞാൻ
നിൻ മടിത്തട്ടിലമരത്വവില്ലൊടിഞ്ഞവസാന
യാത്രതൻ നോവു പേറുന്നു ഞാൻ…

ഇനിവരും ജന്മത്തിലെന്നിലുണ്ടാകണമെൻ
പാതിയായി നീ മാത്രമാവണം

ഋതുക്കളാൽ പൂ ചൂടുമീമന്ദഹാസം
ഇനിയെൻ്റെ കരളിൻ്റെ കാതലായ് മാറണം…

ചിതറിച്ചുവക്കുന്ന നിൻ പ്രണയ ചുംബനം
ലങ്കതൻ മകുടത്തിന്നാധാരമാവണം…

മുദ്രിതമാക നിൻ പാദസ്പർശം
ദേവീ നീ ലങ്കയങ്കണമഖിലമൊളി തൂവണം…

ചന്ദ്രഹാസം പിളർന്നടിപതറി വീണു ഞാൻ
നിൻ മടിത്തട്ടിൽ രുധിരം പൊഴിക്കവേ

പൊട്ടിത്തകർന്ന നിൻ ചങ്കിലെ നിണബിന്ദു
കണ്ണീർക്കണങ്ങളാൽ എന്നെ മൂടുന്നുവോ…?

മാനം കറുത്തിരുണ്ടാവേഗമേറ്റുന്നു
നിന്നന്തരംഗത്തിൽ തീ ചിതറുന്നു…

ദേവീ.. നീയന്നെൻ്റെ വീണയിൽ നാദമായ്
നാമറിയാതെ നാം
വെൺമേഘക്കുമ്പിളിൽ
ഉറയാശിലാഖണ്ഡമായ് കുളിർച്ചൂടി…

ആഗ്നേയശൈലത്തിന്നഗ്രഹാരങ്ങളിൽ
നാം പകുത്തനുരാഗ വെണ്ണിലാരാവുകൾ…

ദൈത്യകുല ജന്മമെൻ കുറ്റമോ ശാപമോ..?
അമ്മ കേകസിതൻ പ്രതികാരദാഹമോ..?

വേദവേദാന്തങ്ങളെല്ലാമറിഞ്ഞുവെന്നാകിലും
ഗർവ്വമായ് കൈലാസമമ്മാനമാടിയോൻ…

തങ്കം പൊതിഞ്ഞൊരാ ലങ്കതന്നുൾത്തടം
അപ്പൊഴും തുമ്പമായ് വിങ്ങി നിന്നോർമ്മയിൽ…

മാരതാപം കലർന്നന്തരംഗത്തിലവിരാമ-
മെൻമുഖം നിന്നെ മഥിച്ചുവോ…?

ഓരോ ഋതുക്കളും ഓരോ യുഗങ്ങളായ്
നിൻ മനോവാടിയിൽ കാർനിഴൽ വീഴ്ത്തിയോ…?

അപ്പോഴും കറയറ്റ പ്രണയബീജങ്ങളാൽ
നീയെൻ്റെ ആത്മാവിനാഴത്തെ മൂടുന്നു.

പൃഥ്വി നിൻ മിഴിനീർ തിളച്ചെൻ്റെ ഉൾത്തടം
ഉരുകിത്തിളയ്ക്കുന്നൊരഗ്നിശൈലം പോലെ

ഏകയായ് കാത്തിരുന്നോമലേ
ദശമുഖ സൗഭാഗ്യദർശനമിക്കാലമത്ര നീ…

എൻ്റെ ഉടലിലുയിരരിയുമാ രാമബാണം നിൻ്റെ
ഹൃദയത്തിനറയിൽ മുറിവാഴമേറ്റിയോ…?

ദേവാംഗനേ ധരിത്രീ നിൻ വിലാപം
പ്രപഞ്ചത്തിന്നാത്മാവിലഗ്നിമഴ തീർത്തുവോ…?

മിഴികളിൽ ഇരുളിൻ പരിചമൂടുന്നു…
പ്രാണനെൻ പഞ്ചരം വിട്ടു പോകുന്നു…

ഓമലേ നിൻ മടിത്തട്ടിൽ ഞാനെൻ്റെ
അവസാന ശ്വാസത്തിൽ നിൻ്റെ ഗന്ധമേറ്റുന്നു…

അദംഭനിൽ വിലയിച്ചദംഭിയായ് മാറി
അദ്രിജാതം പോലെ നിനക്കായുയിർക്കും ഞാൻ…

ധരണീ ധരിത്രീ യാത്രയാവുന്നു ഞാൻ.

ആലപ്പുഴ ജില്ലയിലെ എടത്വായാണ് സ്വദേശി. 5വർഷമായി ഡെൽഹിയിൽ ഹോം കെയർ നഴ്സിങ്ങിൻ്റെ സബ് ഏജൻ്റായിരുന്നു. നവമാധ്യമങ്ങളിൽ സജീവം