ഒരു യാത്രയുടെ
ചില്ലുജാലകത്തിലൂടെ
കണ്ണുകളെ മറുയാത്രയ്ക്ക് വിട്ടു ഞാൻ.
വിദൂരതയിലെ വർണ്ണമേകും
വശ്യതയാർന്ന
ആകാശയാത്രയ്ക്കായ്
ഓരോ ക്ഷണത്തിലും
മിന്നിമറഞ്ഞ
കാഴ്ചകളൊക്കെയും
കുത്തിനിറച്ച് കണ്ണുകൾ വീർത്തു.
അകലെയായി
കാർമേഘം കൊണ്ടൊരു
കൂറ്റൻമല തലപ്പൊക്കി
വട്ടമിട്ട പറവകളൊക്കെയും
പലതരം അക്ഷരങ്ങളാൽ
കവിതയെഴുതി
നദിയുടെ മദ്ധ്യേ
കിടന്ന മത്സ്യകന്യക മെല്ലെ മിഴി തുറന്നു
മുഖം പതിപ്പിച്ചു ഭൂമിയിൽ
കാടിന്റെ കരളിൽ പൊട്ടിമുളച്ച
കുന്നുകളും പാറകളുമെല്ലാം
എന്നെ നോക്കി സല്ലപിച്ചു
അങ്ങാടിതെരുവുകളിൽ
മിന്നിമായുന്ന വെളിച്ചമായ്
നിറപുഞ്ചിരിയിൽ വിരിഞ്ഞ നക്ഷത്രങ്ങൾ
റോഡിലൂടോടുന്ന വാഹനങ്ങളെ
വെല്ലുവിളിച്ചെത്തിയ വിമാനo
വൃക്ഷകൂട്ടങ്ങളിൽ
ചിലതിലൊക്കെയും തലപൊക്കിയ തെങ്ങിൻ
പൂക്കുലകൾ.
ചിലയിടങ്ങളിൽ മൃഗശാലപോൽ
കണ്ടതും കാണാത്തതുമായ
കഴുത്തുനീട്ടിയ രൂപങ്ങൾ
കനമേറിയ ഇരുട്ടിൽ
രൂപഭാവത്താൽ ചിരിതൂകിയ
സപ്തഹർഷിയും സഹാരാശികളും
സന്ധ്യയിൽ കണ്ണുകൊണ്ടൊരു
ആകാശയാത്രപോയാൽ കാണാം
നമുക്കൊരാ വിസ്മയ സ്വർഗ്ഗരാജ്യം
അറിഞ്ഞിടാം
ഭൂമിയുടെ മുഖംപതിഞ്ഞ
കണ്ണാടിതന്നെ ആകാശമെന്ന്.