ബൈസൺവാലിയിലെ മഞ്ഞുകാലവും സ്റ്റാർ ബക്സിലെ കോൾഡ് കോഫിയും

1
ക്യാബിനിനുള്ളിലെ വിസിറ്റേർസ് പുറത്തിറങ്ങുന്നതു വരെ സാറയ്ക്ക് വെളിയിൽ കാത്തു നിൽക്കേണ്ടി വന്നു. അതിനിടയിൽ അവൾ ഡോറിനു മുകളിലായുള്ള ഹെഡ് മിസ്റ്റ്രസ്സിന്റെ നെയിം ബോർഡിലൂടെ വെറുതെ കണ്ണുകളോടിച്ചു. പഞ്ചായത്ത് വകുപ്പിൽ ക്ലാർക്കായിരുന്ന തന്റെ പഴയ കൂട്ടുകാരി ഇപ്പോൾ ചില്ലു കൂട്ടിനുള്ളിൽ പ്രധാനാദ്ധ്യാപികയുടെ വേഷത്തിലിരിക്കുമ്പോൾ കാലം അവളിൽ വരുത്തിയ മാറ്റങ്ങൾ സാറ ശ്രദ്ധിച്ചു. ശിരോവസ്ത്രത്തിനിടയിലൂടെ അവളുടെ ഇടയ്ക്കുവെളുത്ത മുടിയിഴകൾ സാറയ്ക്കു കാണാമായിരുന്നു. എത്ര വർഷങ്ങൾ.. നിർവചിക്കാനാവാത്ത ചില അടുപ്പങ്ങൾ കാരണമൊന്നുമില്ലാതെ അകന്നു പോകുന്നവയാണ്.

തന്റെ ഊഴമായപ്പോൾ സാറ അകത്തു പ്രവേശിച്ചു. എഴുതുന്നതിനിടയിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് നൌറിൻ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. സാറയെ തിരിച്ചറിഞ്ഞതും അത്ഭുതം കൊണ്ട് കുറെ നേരത്തേക്ക് അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല.

“ഞാനിനി ഇന്ന് പോകുന്നില്ല. ലീവെടുത്തു. കാര്യങ്ങൾ അവർ നോക്കട്ടെ..” നൌറിൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.

“നീയിപ്പോൾ എവിടെയാണു സാറ.. ഏതു പോസ്റ്റിൽ..?”

“ഞാൻ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഇപ്പോൾ രണ്ട് വർഷമായി ഡെപ്യൂട്ടേഷനിലാണ്. തൃശ്ശൂരിൽ അക്കാഡമിയിലിരിക്കുന്നു.”

കുറച്ചു നേരം അവർ വാഹനത്തിന്റെ താളാത്മകതയിൽ ലയിച്ചിരുന്നു. അപ്പോൾ ഒന്നും പറയാതെ രണ്ടുപേരും മനസ്സു കൊണ്ടുള്ള മടക്കയാത്രയിലായിരുന്നു.

“തനിക്കോർമയുണ്ടോ നമ്മൾ അവസാനമായി കണ്ടത് എപ്പഴായിരുന്നെന്ന്?”

“സ്റ്റാർ ബക്സിൽ.. അന്നായിരുന്നല്ലോ നമ്മൾ.. ആ കഥയിൽ പറഞ്ഞതെല്ലാം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു..”

അവൾ വാക്കുകൾ ഇടക്കു വെച്ചു മുറിച്ചു. സാറ അതിന്റെ തുടർച്ചയെന്നോണം ചോദിച്ചു.

“റൂമിയുടെ വല്ല വിവരവുമുണ്ടോ?”

അതിന് നൌറിനിൽ നിന്ന് ഒരു ദീർഘനിശ്വാസമായിരുന്നു മറുപടി. കുറെ കഴിഞ്ഞ് അവൾ ഇല്ലെന്ന് തലയാട്ടി. ഡ്രൈവിംഗിൽ അവളുടെ ശ്രദ്ധ പതറുന്നത് കണ്ട് സാറ മ്യൂസിക് ബട്ടനിൽ വിരലമർത്തി.

ചലോ എക് ബാർ ഫിർ സെ അജ്നബി ബൻ ജായേ ഹം ദോനോം..

മഹേന്ദ്ര കപൂറിന്റെ പതിഞ്ഞ ശബ്ദം ഒരു സാന്ത്വനം കണക്കെ അവരെ പൊതിഞ്ഞു.

“നമ്മൾ വീണ്ടും അതേ സ്റ്റാർ ബക്സിൽ.. വീണ്ടും ഒരു കോൾഡ് കോഫി..”

അവർക്കിടയിൽ റൂമിയുടെ അസാന്നിദ്ധ്യം നിറഞ്ഞു നിന്നു. ബൈസൺവാലിയിലെ മൂടൽമഞ്ഞ് സ്റ്റാർ ബക്സിനു ചുറ്റും മേഘപടലം പോലെ അലിഞ്ഞിറങ്ങി.

മങ്ങിയ പുറം കാഴ്ചകൾ ഭൂതകാലത്തിലേക്കുള്ള മനസ്സിന്റെ യാത്രാവഴികളാണ്.

റൂമി അവരോട് സംവേദിക്കുന്നത് പോലെ തോന്നി.

“നൌറിൻ, ഞാൻ വന്നത് റൂമിയെക്കുറിച്ച് സംസാരിക്കാനാണ്. അക്കാഡമിയിൽ എനിക്കിപ്പോൾ അംഗത്വമുണ്ട്. കഴിഞ്ഞ ദിവസം ഒരു കൃതി പരിഗണനക്കായി വന്നു. അത് നമ്മുടെ റൂമിയുടെതാണെന്ന് എനിക്ക് ബലമായ സംശയം.”

“അതിന് അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പുണ്ടോ..?”

നൌറിൻ അരുതാത്തത് പറഞ്ഞുപോയ നിരാശയിൽ തലകുനിച്ചു. പിന്നെ തിടുക്കപ്പെട്ട് തിരുത്തി.

“ഐ മീൻ.. എവിടെയെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടാതിരിക്കുമോ ഇത്രകാലം?”

സാറ ചിരിച്ചു. “നിനക്കയാളെ മനസ്സിലാക്കാനായില്ലേ നൌറിൻ..”

“ആയിരുന്നു. പക്ഷെ സർഗാത്മകതയുടെ അഗ്നി അയാളിൽ എരിയുന്നത് ഒരേ സമയം എന്നെ ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. ഒരുതരം ഉന്മാദത്തിന്റെയോ ആത്മഹത്യയുടെയോ മുനമ്പിൽ നിൽക്കുന്നതു പോലെയായിരുന്നു അയാൾ പലപ്പോഴും പെരുമാറിയിരുന്നത്. അതെന്നെപ്പോലുള്ള സാധാരണക്കാരിക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല.”

“മണ്ണാങ്കട്ട. നീയെന്തു കരുതി. അയാൾ നിന്നെ പ്രണയിച്ചു വശത്താക്കിക്കളയുമായിരുന്നെന്നോ.. നിന്നിലൂടെ അയാൾ തനിക്ക് നഷ്ടപ്പെട്ട ഭൂതകാലത്തുള്ള സോൾമേറ്റിനെ റീക്രിയേറ്റ് ചെയ്യുകയായിരുന്നു. ഒരുതരം വിഷ്വൽ ഹലൂസിനേഷൻ.”

നൌറിൻ പതുക്കെപ്പതുക്കെ സ്റ്റാർ ബക്സിലെ അവസാന രംഗത്തിൽ മുങ്ങിപ്പോയി.

2

“നൌറിൻ, നീ കരുതുന്നുണ്ടോ അയാളിവിടെ വരുമെന്ന്?”

അവളതിന് മറുപടിയൊന്നും പറഞ്ഞില്ല. ആരുടെയോ മൌനം പോലെ മഴ ചിട്ടയില്ലാതെ അവരെ തൊട്ടും അകന്നും നനവിന്റെ വസ്ത്രം നെയ്തു. അവരിരുവരും നിശ്ശബ്ദരായി നടന്നു. പിന്നെ ചെറിയ നടവഴി പിന്നിട്ട് സ്റ്റാർ ബക്സിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു.

“എന്തായി നിന്റെ ‘ഡിസ്കവറി ഓഫ് അൺനോൺ പേഴ്സനാലിറ്റീസ്’”

“അതൊന്നും പറയേണ്ട. ലീവെടുത്തത് നഷ്ടം. റൂമി, ദ ഈഗോ മാനിയാക്ക് രണ്ടാമത്തെ ഭാഗം കഴിഞ്ഞു. ഇപ്പോൾ അടുത്ത ഭാഗം പറയാൻ കഴിയാതെ മുങ്ങി നടക്കുവാ. ആദ്യത്തെ എപ്പിസോഡ് നീ കണ്ടതല്ലേ..”

“ഉവ്വ്. നിന്റെ അവതരണം നന്നായിട്ടുണ്ട്.” നൌറിൻ മുഖത്ത് ഭാവഹാവാദികൾ വരുത്തി ഒരവതാരികയുടെ രീതി അനുകരിച്ചു കൊണ്ട് പറഞ്ഞു.

“എവിടെ നിന്നെന്നറിയാതെ എന്തിനോ വന്ന ഒരാൾ. മുഖമൊളിപ്പിച്ച് നടക്കുന്ന ഒറ്റയാൻമാർക്ക് സ്ഥാനം നഷ്ടപ്പെട്ട ലോകത്തെ ആധുനിക സിസിഫസ്..”

“മതി.. മതി കളിയാക്കേണ്ട. ഞാൻ പരാജയപ്പെട്ടിട്ടൊന്നുമില്ല. ക്രിക്കറ്റ് ജ്വരത്തിന്റെ കാരണം പറഞ്ഞ് പരമ്പര നീട്ടിവെച്ചിരിക്കയാണ്. അടുത്ത എപ്പിസോഡിൽ റൂമിയുടെ കഥയാണ് റിസർച്ച് മെറ്റീരിയൽ. ‘ഗുർണിക്ക ചിത്രത്തിനരികിൽ നിൽക്കുന്ന ഒരാൾ’. അതിൽ ഒരു ത്രെഡുണ്ട്. അയാളുടെ ലൈഫിലേക്കൊരു വാതിൽ. കഥയിലെ നാലു കഥാപാത്രങ്ങളിൽ ഒരെണ്ണം ഫെയ്ക്ക് ആണ്. അതാരാണെന്നു കണ്ടു പിടിക്കാനാവുന്നില്ല. അത് എഴുത്തുകാരന്റെ തന്നെ ഓട്ടോ ബയോഗ്രഫിക്കൽ വർക്കാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ‘ദ അബാന്റന്റ്’ എന്ന ഒരു നോവലിനെക്കുറിച്ച് ഗുർണിക്ക എന്ന കഥയിൽ പറയുന്നുണ്ട്. പുറത്ത് വിട്ടിട്ടില്ലാത്ത ആ നോവൽ എങ്ങിനെയെങ്കിലും എനിക്ക് കണ്ടെത്തിയേ മതിയാവൂ.”

“അതിരിക്കട്ടെ, കഥയിലെ കഥാപാത്രങ്ങളിൽ ഒന്ന് അൺറിയലാണെന്ന് എങ്ങിനെ മനസ്സിലായി?”

“ആകെ നാല് കഥാപാത്രങ്ങളാണ് അതിലുള്ളത്. നീ വായിച്ചതല്ലേ? ഒന്ന് റൂമി തന്നെയാണ്. പിന്നെ സാറ, നൌറിൻ, പിന്നെ മിറാഷ്..”

“അപ്പോൾ ഉറപ്പല്ലേ.. സാങ്കൽപിക കഥാപാത്രം മിറാഷ് തന്നെ.. അല്ലാതാരാ?”

നൌറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“നോ നൊ.. ഇറ്റ് ഈസ് ഏൻ അൺയൂഷ്യൽ ബ്ലന്റ് ഓഫ് ഫിക്ഷൻ ആന്റ് റിയാലിറ്റി. നമ്മളെ തന്നെ നമ്മളായിട്ടല്ലല്ലോ അതിൽ ചിത്രീകരിച്ചിരിക്കുന്നത്. കഥയിലെ നൗറിൻ ടീച്ചറാണ്. അകാരണമായി റൂമിയെ ഉപേക്ഷിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ‘ദ അബാന്റന്റ്’ എന്ന പുസ്തകത്തിലേക്കുള്ള ഒരു ഇന്റെക്സാണാ കഥ.”

അവൾ അൽപ നേരം നിർത്തിയിട്ടു തുടർന്നു.

“നൌറിൻ, എനിക്ക് റൂമി എന്ന മനുഷ്യനെ പരിചയപ്പെട്ടേ മതിയാവൂ. അതിനു നീ കനിയണം. ഇനിയെങ്കിലും നീയീ സസ്പെൻസ് മതിയാക്കി അയാളുടെ മുമ്പിൽ എന്നെ കൊണ്ടു നിർത്തൂ. ബാക്കി കാര്യം ഞാൻ ഏറ്റു.”

“അതിനല്ലേ നമ്മൾ സ്റ്റാർ ബക്സിലേക്കു പോകുന്നത്. റൂമി അവിടെ ഉണ്ടായിരിക്കും. എനിക്കുറപ്പുണ്ട്.”

പക്ഷെ ആ വാക്കുകൾ ഫലിച്ചില്ല.

റസ്റ്റോറന്റിൽ ആൾത്തിരക്കുണ്ടായിരുന്നില്ല. അതിനനുബന്ധമായുള്ള വായനാമുറിയിൽ ജനലിനോട് ചേർന്ന് അയാളിരിപ്പുണ്ടാവും എന്നായിരുന്നു നൌറിൻ സാറയെ ധരിപ്പിച്ചിരുന്നത്. അത് വെറുതെയായി.

“പറയൂ നൌറിൻ എന്നാണു ഞാൻ നിന്റെ റൂമിയെ നേരിൽ കാണുക?”

കോൾഡ് കോഫി നുണയുന്നതിനിടയിൽ സാറ ചോദിച്ചു. നൌറിൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു.

“റൂമിയുടെ കഥക്കു കിട്ടിയ അവാർഡിനെക്കുറിച്ചും അതിൽ പ്രതിപാദിക്കുന്ന ദ അബാന്റന്റ് എന്ന നോവലിനെക്കുറിച്ചുമാണ് എനിക്ക് അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കാനുള്ളത്. കഥയിലെ നായകൻ പ്രണയം ഒരു പിന്നാമ്പുറക്കാഴ്ചയാണെന്ന് പറയുന്നുണ്ട്. എങ്കിൽ ആരാണ് നായിക. തുടക്കം മുതൽ ഒടുക്കം വരെ മിറാഷ് എന്ന കഥാപാത്രം നിറഞ്ഞു നിൽക്കുന്നു. എന്നാൽ ഒരിക്കൽ പോലും രംഗത്ത് വരുന്നുമില്ല.”

സാറ തന്റെ ബാഗിൽ നിന്നും കഥ പുറത്തെടുത്തു. എന്നിട്ട് അതിൽ നിന്നും ഇങ്ങനെ വായിച്ചു.

സാറ കടൽ യാത്ര ചെയ്തിട്ടുണ്ടോ.. ഒരു തോണിയിൽ തനിച്ച് പുറങ്കടലിലേക്കൊരു രാത്രി യാത്ര. ചിലർക്ക് ജീവിതം ഒരു ജലയാനമാണ്. ഉന്മാദത്തിന്റെ സമുദ്ര സംഘർഷങ്ങൾക്കിടയിൽ വെളിച്ചത്തിന്റെ പൊട്ടുകൾ പോലെ ഇടക്ക് കാണുന്ന ചില തുരുത്തുകൾ മാത്രം. അതിനപ്പുറം നിലനിൽപ് എന്നത് ചലനാത്മതകൾക്കിടയിലെ ഭയപ്പെടുത്തുന്ന നിശ്ചലതയാണ്.

അവൾ അത് മടക്കി ബാഗിൽ യഥാസ്ഥാനത്ത് വെച്ചു. എന്നിട്ട് നൌറിനോടു ചോദിച്ചു.

“നോക്കൂ. ഞാനും നീയും നമ്മളൊരിക്കലും കണ്ടിട്ടില്ലാത്ത പലരും ഇതിൽ കഥാപാത്രങ്ങളാണ്. ഇതിൽ ഭൂതകാലവും വർത്തമാനവുമുണ്ട്. ഇതിലെ ഭൂതകാലം യഥാർത്ഥമാണെങ്കിൽ.. ഹൊ എനിക്കൊന്നും പിടികിട്ടുന്നില്ല.”

ഇരുട്ടു പരക്കാൻ തുടങ്ങി. അത് സ്വന്തം ശബ്ദത്തിൽ പറഞ്ഞു. എഴുത്തുകാരൻ മരിക്കുന്നിടത്താണ് യഥാർത്ഥ കഥ ആരംഭിക്കുന്നത്. സ്റ്റാർ ബക്സിലെ ലൈബ്രറിയിൽ അയാൾ മാത്രം വന്നില്ല. പൂർത്തിയാകാത്ത വരികൾക്കിടയിലെ അർദ്ധവിരാമം പോലെ അയാൾ ഒരുപകുതി യാഥാർത്ഥ്യവും മറുപകുതി സങ്കൽപവുമായി അവർക്കിടയിൽ ഒരദൃശ്യ സാന്നിദ്ധ്യമായി. സാറയും നൌറിനും റസ്റ്റോറന്റിൽ നിന്നും പുറത്ത് കടന്നു. അവർ പതുക്കെ നടന്നു. മഴ കോരിച്ചൊരിഞ്ഞു. ബൈസൺവാലിയിൽ സാധാരണ മഴ അങ്ങനെ തകർത്തു പെയ്യാറില്ല. അന്ന് പ്രകൃതി തന്റെ ശരീരം മറന്ന് നൃത്തമാടുന്ന ഒരു ഉന്മാദിനിയെപ്പോലെയായിരുന്നു.

3

വായനാമുറിയിലെ ജനാലയിൽ കണ്ണുനട്ട് ഏതോ ചിന്തയിൽ ആമഗ്നയായ നൌറിനെ സാറ കുലുക്കിയുണർത്തി.

“നൌറിൻ സാധാരണ അവാർഡ് പരിശോധനക്ക് മുമ്പ് മൽസരത്തിന് ലഭ്യമായ എല്ലാ പുസ്തകങ്ങളുടെയും, രചയിതാവിന്റെയും ലിസ്റ്റ് ഞങ്ങൾക്ക് കിട്ടും. ഫസ്റ്റ് സ്ക്രൂട്ടിനിയിൽ പകുതിയിലധികവും തള്ളിയിട്ടാവും ഫൈനൽ റൌണ്ടിലേക്കുള്ളവ വരുന്നത്. ലിസ്റ്റിലെ ആദ്യത്തെ നോവലിന്റെ പേരു കണ്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി. ദ അബാന്റന്റ്. അപ്പോൾ തന്നെ ഞാനാ പുസ്തകത്തിന് ആവശ്യപ്പെട്ടു. പക്ഷെ..”

“എന്താണു പക്ഷെ..”

“പക്ഷെ നൌറിൻ നമ്മുടെ നിർഭാഗ്യം. എഴുത്തുകാരന്റെ പേര് അനോണിമസ് എന്നു കാണിച്ചതിനാൽ ജൂറി അത് പരിഗണിച്ചിരുന്നില്ല. അന്വേഷിച്ചപ്പോൾ പിന്നീടാ പുസ്തകം ഉടമസ്ഥൻ തന്നെ വന്ന് വാങ്ങിക്കൊണ്ടുപോയെന്നു പറഞ്ഞു.”

“യു മീൻ റൂമി..?”

“നോ നൌറിൻ.. ഇറ്റ് വാസ് എ ലേഡി. അതാണു ഞാൻ നിന്നെ തേടി വന്നത്. റൂമിയുടെ പിറകിൽ നമ്മളെക്കൂടാതെ മറ്റേതോ അജ്ഞാത സ്ത്രീയുണ്ട്. ഒരു പക്ഷെ പഴയ മിറാഷ്.”

നൌറിൻ കോഫി മുഴുവനാക്കാതെ എഴുന്നേറ്റു. നട്ടുച്ച നേരത്തെ കത്തി നിൽക്കുന്ന സൂര്യനെ മറച്ചു കൊണ്ട് മാനത്ത് മഴ മേഘങ്ങൾ ഉരുണ്ടു കൂടി. താമസിയാതെ മഴ വർഷിക്കാൻ തുടങ്ങി. അവർക്കു പകരം വാഹനത്തിന്റെയും മഴയുടെയും ശബ്ദം പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു.

“തിരിഞ്ഞു നോക്കുമ്പോൾ ഇങ്ങനെയൊന്നുമായിരുന്നില്ല വേണ്ടിയിരുന്നത് എന്ന തോന്നലിനെയാണ് നാം പലപ്പോഴും ജീവിതം എന്നു വിളിക്കുന്നത്._ അല്ലേ നൌറിൻ..?”

അവളതിനു മറുപടി പറഞ്ഞില്ല.

കനത്ത മഴയിൽ വൈപ്പറിന്റെ ചലനത്തിനനുസരിച്ച് മുന്നിലെ വഴി ഓരോ നിമിഷവും തെളിഞ്ഞു മാഞ്ഞുകൊണ്ടിരുന്നു. നനഞ്ഞ അന്തരീക്ഷത്തിലേക്ക് ഗസലിന്റെ വരികൾ പ്രണയാർദ്രം അലിഞ്ഞു ചേർന്നു. ഒരു പകുതി മുന്നിലെ കാഴ്ചയിലും മറുപകുതി കാതിൽ പതിയുന്ന ശബ്ദത്തിലുമായി അവളുടെ മനസ്സ് വ്യാപരിച്ചു. അതിനിടയിലെപ്പഴോ അവർക്കു പിരിയാനുള്ള സ്ഥലമെത്തി. എപ്പോൾ കാണുമെന്നോ വിളിക്കുമെന്നോ പറയാതെ സാറ സ്വന്തം കാറിലേക്കു മാറിക്കയറി. പിന്നെ സ്റ്റാർട്ട് ചെയ്ത് എതിർ ദിശയിലേക്ക് ഓടിച്ചു പോയി. അത് കണ്ണിൽ നിന്ന് മറയുവോളം നൌറിൻ നോക്കി നിന്നു.

അവൾ തന്റെ ഹാന്റ്ബാഗ് തുറന്ന് അതിൽ നിന്നും ഒരു പുസ്തകം പുറത്തെടുത്തു. ഗൂഡമായൊരു മന്ദഹാസത്തോടെ അതിലെ താളുകൾ വെറുതെ മറിച്ചു നോക്കിക്കൊണ്ടിരുന്നു. പിന്നെ കാലപ്പഴക്കം കൊണ്ട് മങ്ങിയ അതിന്റെ പുറംചട്ടയിലെ ‘ദ അബാന്റന്റ്’ എന്ന അക്ഷരങ്ങളിലൂടെ പതുക്കെ വിരലോടിച്ചു.

കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പ് സ്വദേശി. ഹൃദയരേഖയുടെ ശരിപ്പകർപ്പുകൾ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.