മിഥുൻ തന്റെ വലിയ പെട്ടിയിലെ നമ്പർലോക്ക് തിരിച്ചു. അത് അടഞ്ഞെന്നു ഉറപ്പ് വരുത്തിയ ശേഷം മറ്റു പെട്ടികളുടെ അടുത്തേയ്ക്ക് തള്ളി നീക്കി വെച്ചു. നാളെ ഉച്ചയ്ക്കാണ് പോകേണ്ടത്. ഷെൽഫിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റെടുത്ത് വീണ്ടും മറിച്ചു നോക്കി. കൊച്ചി ടു ബെർലിൻ. അത് സുരക്ഷിതമായി തിരിച്ചു വെച്ചു. പാക്കിങ് തീർന്ന ആശ്വാസത്തോടെ ജനാലയ്ക്കരികിലെ മേശയുടെ മുകളിലിരിയ്ക്കുന്ന തന്റെ മ്യൂസിക് പ്ലെയറിൽ വിരലമർത്തി. രണ്ടു മാസത്തിനു ശേഷം അത് വീണ്ടും പാടി.
‘Rain clouds in the sky
I don’t know why,
They make me blue
When I’m thinking of you…. ‘
ധീംത ധീംത ധിരനാ… ധീംത ധീംത ധിരനാ….
ലെസ്ലെ ലൂയിസിന്റെ വരികളെ തന്റെ ജതികൾ കൊണ്ട് ഹരിഹരൻ പിന്തുടർന്നു.
പുറത്ത് മഴ ശക്തമല്ല. പക്ഷേ, മഴമേഘങ്ങൾക്ക് പകലിനെ ഇരുട്ടിലാഴ്ത്താനുള്ള കഴിവുണ്ട്. ഭൂമിയുടെ തപനങ്ങളെ ശമിപ്പിക്കാനായി സൂര്യനെ വെല്ലുവിളിച്ചിരിയ്ക്കുകയാണ് അവ. തോരാതെ പെയ്തും മഴവില്ലു തീർത്തും അവനിയുടെ മനസ്സ് കുളിർപ്പിയ്ക്കാൻ മറ്റാർക്കെങ്കിലും സാധിയ്ക്കുമോ? പെയ്തൊഴിയുന്നവയാണ് മനസ്സിലെ മേഘങ്ങളെങ്കിൽ എത്ര നന്നായിരുന്നു.
പെട്ടെന്ന് ഇടിവെട്ടി. മിഥുൻ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. പറമ്പിൽ നിറയെ ഇടിലില്ലികൾ. ശാപമോക്ഷമെന്തെന്നറിയാതെ ഉറങ്ങിക്കിടന്ന വിത്തിനെ ലോകം കാണിക്കാൻ മിന്നൽപ്പിണറിനെ പുണർന്ന് ഭൂമിയ്ക്കടിയിലേക്കിറങ്ങിവന്ന മഴത്തുള്ളികൾ. നടന്നു പഴകിയ വഴികളും മറക്കാൻ നിർബന്ധിതമായ സ്വപ്നങ്ങൾ വിതച്ച നൈരാശ്യവും രാഹുവിനെപ്പോലെ തന്നെ വിഴുങ്ങികൊണ്ടിരിക്കുകയായിരുന്നു. ഉത്സാഹഭരിതമെന്നു കരുതിയ കോളേജാധ്യാപനത്തെപ്പോലും വെറുത്തുകൊണ്ടിരിയ്ക്കുമ്പോഴാണ് തന്റെ ജീവിതത്തിൽ ഇടിവെട്ടി മഴ പെയ്തത്. മിഥുൻ ദീർഘനിശ്വാസത്തോടെ മ്യൂസിക് പ്ലെയറിനു മുൻപിലെ കസേരയിൽ ചാരിയിരുന്നു. ചുമരിൽ തൂങ്ങിയ കലണ്ടറിൽ ചുവന്നവട്ടത്തിൽ അടയാളപ്പെടുത്തിയ തിയ്യതിയിലേക്ക് നോക്കി. നാളെ, ജൂലൈ പന്ത്രണ്ട്. അക്കങ്ങൾ മറ്റൊരു ഭാഷയിൽ സംസാരിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്. അയാൾ ആ അക്കത്തിൽ നിന്ന് കണ്ണെടുത്ത് പുറത്തേയ്ക്ക് നോക്കി. കർക്കടകത്തിലെ ആ മഴനൂലുകൾ അയാളെ കഴിഞ്ഞു പോയ എടവപ്പാതിയിലേക്ക് ബന്ധിപ്പിച്ചു.
അന്ന് രാവിലെ പതിവുപോലെ കോളേജിലേക്ക് പോകാനൊരുങ്ങുന്നതിനിടയിലാണ് ഇടനാഴികയിൽ നിന്നും തന്റെ ഗിറ്റാറിന്റെ ശബ്ദമുയർന്നത്. മനസ്സിൽ അനുവിനെ ശകാരിച്ചു കൊണ്ടാണ് അങ്ങോട്ട് നടന്നത്. തന്റെ ഗിറ്റാർ തൊടരുതെന്ന് എത്ര തവണ വിലക്കീട്ടും, പൊടിതട്ടാനെന്ന വ്യാജേന അധികാരം സ്ഥാപിക്കാനായാണ് അവളത് എടുക്കുന്നത്. മിഥുൻ തന്റെ മനസ്സിൽ എന്തിനെന്നില്ലാതെ ഉടലെടുക്കുന്ന ദേഷ്യം തീർക്കാൻ അനുവിനെ തിരഞ്ഞു. ഇടനാഴികയിലെ ജനാലയിലൂടെ വീഴുന്ന നേർത്ത വെളിച്ചം വരച്ചിട്ട അപരിചിതമായ ഒരു പാതിമുഖം മിഥുനെ വാതിൽക്കൽ തടഞ്ഞു നിർത്തി. ഇരുണ്ട കാർമേഘത്തിൻറെ അരികുകളിൽ തെളിഞ്ഞ വെള്ളിവെളിച്ചം പോലെ.
ഒരു നിമിഷം കൊണ്ട് അവളുടെ രൂപം തെളിഞ്ഞു വന്നു. കടും ചാരനിറത്തിൽ നേർത്ത വെള്ള ചെക്കുകളുള്ള ഷർട്ടും കറുത്ത ജീൻസും. കൈമുട്ടിലേക്കൊഴുകുന്ന കൊലുന്നനെയുള്ള ചെമ്പൻ തലമുടി. തന്റെ വരവ് അവളറിഞ്ഞിട്ടില്ല. ഗിറ്റാറിന്റെ സ്ട്രിങ്ങുളകളെ അസ്വസ്ഥമാക്കിക്കൊണ്ട് വീണ്ടും വീണ്ടും തൊട്ട് കടന്നുപോകുന്ന അവളുടെ മാർദ്ദവമേറിയ കൈവിരലുകളിലൊന്നിൽക്കിടന്ന മോതിരം മിഥുന്റെ കണ്ണിലുടക്കി. ‘അംഖ്’. അയാളുടെ മനസ്സ് മന്ത്രിച്ചു. സ്ട്രിങ്ങുകളുടെ വലിച്ചിലും പിടച്ചിലും തന്റെ ഹൃദയത്തിലെവിടെയോ ഒരു നോവ് സൃഷ്ടിക്കുന്നതായി മിഥുന് തോന്നി. തന്റെ ഗിറ്റാറിനെ എത്ര പെട്ടന്നാണ് അവൾ മെരുക്കിയെടുത്തത്!
‘മിഥുനേട്ടാ….’ ഇടനാഴികയുടെ മറുവശത്തെ വാതിലിലൂടെ അനു കടന്നുവന്നത് താനോ അവളോ അറിഞ്ഞില്ല. മിഥുൻ ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. ‘ഇത് ഡൽഹിയിലുള്ള മാമന്റെ ഭാര്യ ഗായത്രി ആന്റീടെ ചേച്ചിയുടെ മകളാണ്. ഇവർ കൽക്കത്തയിലാണ്. ഈ ചേച്ചിയുടെ കല്യാണമാണ് ഒരു മാസം കഴിഞ്ഞ്. അവർ നാട്ടിലുള്ള ബന്ധുക്കളെ ക്ഷണിക്കാനായി വന്നതാണ്. രണ്ടാഴ്ച ഇവിടെയുണ്ടാകും’. അവൾ തന്റെ കണ്ണിലേക്കാണ് നോക്കിയത്. ഒരു നിമിഷം കടന്നുപോയിട്ടും ഇമയനക്കാതെ നോക്കി നിൽക്കുകയാണ്. ആ മുറിയ്ക്കുള്ളിലൊരു വൻ മഴമേഘം ഉരുണ്ടുകൂടുന്നതായി മിഥുന് തോന്നിത്തുടങ്ങി. ‘ഹലോ’. തന്റെ അസ്വസ്ഥത മറയ്ക്കാൻ അയാളാ വാക്കിന്റെ സഹായം തേടി. തന്റെ സാന്നിധ്യമറിഞ്ഞതിന്റെ അമ്പരപ്പോ അതോ ആദ്യമായി തോന്നിയ അറിയാത്ത മറ്റെന്തോ ആയിരുന്നോ അവളുടെ കണ്ണുകളിൽ എന്നളക്കാൻ പറ്റിയിരുന്നില്ല അന്ന് തനിക്ക്, പക്ഷേ, അനുവിന്റെ പരിചയപ്പെടുത്തൽ സൃഷ്ടിച്ച അകലം അവളിൽ തെല്ലും പ്രതിഫലിച്ചിരുന്നില്ല. മനസ്സിന്റെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും തിരിഞ്ഞുനോട്ടങ്ങളിലാണ് തെളിഞ്ഞു കിടക്കുക. പക്ഷേ, കാലത്തിന് ന്യായീകരണങ്ങളുണ്ടാകും, എന്തിനും.
‘ചേച്ചി… ഇത് മിഥുനേട്ടൻ. എന്റെ മുറച്ചെറുക്കനാണ്.’ അനു അനാവശ്യമായത് മാത്രം വിശദീകരിച്ചത് പോലെ മിഥുന് തോന്നി.
‘അനൂ… ‘ അമ്മയുടെ വിളി വന്ന ഭാഗത്തേക്ക് ഒരു നിമിഷം ആലോചിക്കാതെ അനു നടന്നു. ആ മുറിയിലെ മൗനത്തിന് ആഴമേറിയപ്പോൾ അവൾ വീണ്ടും തന്റെ കണ്ണുകളിൽ നഷ്ടപ്പെട്ട എന്തോ പരതി. ഇത്തവണ അപരിചിതത്വം അവൾക്കല്ല തന്റെയുള്ളിൽ ഉടലെടുക്കുന്ന മറ്റെന്തിനോ ആണ്. അവൾ തന്റെ ഗിറ്റാറിൽ നിന്നും കയ്യെടുത്തിട്ടില്ല. ‘ആ ഗിറ്റാർ എന്റെതാണ്. പൊതുവെ ആരും അതിൽ തൊടുന്നത് എനിക്കിഷ്ടമല്ല. ‘ തന്റെ ശബ്ദത്തിൽ നിറഞ്ഞ അപ്രതീക്ഷിതമായ ഗൗരവം മിഥുനെ അത്ഭുതപ്പെടുത്തി. മനുഷ്യന്റെ പ്രതികരണങ്ങൾ പ്രവചനാതീതമാവും, പ്രത്യേകിച്ചും സാഹചര്യങ്ങൾ അപ്രതീക്ഷിതമാവുമ്പോൾ.
തന്റെ ബാലിശമായ അവകാശവാദത്തോടുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കാൻ മടിക്കാതെ ഒരു പിരികമുയർത്തി തന്റെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കിയിട്ട് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു. അവൾ തന്നെ അസ്വസ്ഥനാക്കുകയാണ്, ഒട്ടും മെനക്കെടാതെ. ‘ഇറ്റ്സ് ഓകെ. തന്റെ പേര് പറഞ്ഞില്ല!’. അവൾ തിരിഞ്ഞു നിന്നു. ‘ബൃഷ്ടി ‘. അവളുടെ ശബ്ദം എവിടെയോ മുഴങ്ങിയ മേഘനാദം പോലെ ആ മുറിയ്ക്കുള്ളിൽ അലയടിച്ചു നിന്നു. ‘സൃഷ്ടി? ‘ തന്റെ ചോദ്യത്തിലെ കുസൃതിയും, അതു കേട്ട അവളുടെ മുഖത്തെ അസ്വാരസ്യവും മിഥുന്റെ മുഖത്ത് നേർത്ത ചിരി പരത്തി. എന്നാണ് അവസാനം താൻ ഇങ്ങനെ സംസാരിക്കാൻ തുനിഞ്ഞത്. ‘നോ. ബൃഷ്ടി. റെയ്ൻ. മഴ. എന്റെ പപ്പ ബംഗാളി ആണ്.’ തന്റെ പ്രതികരണത്തിനു കാത്ത് നിൽക്കാതെ അവൾ പോയി. മിഥുൻ പുറത്തേയ്ക്ക് നോക്കി. ‘ബൃഷ്ടി… മഴ!’
ആ ഒരാഴ്ചയ്ക്കിടയിൽ അവളെ മൂന്ന് തവണ വീണ്ടും കണ്ടു. തനിക്ക് മാത്രം സ്വന്തമെന്നു വിളിക്കാവുന്ന എന്തോ ഒന്ന് അവളിലുണ്ടെന്ന തോന്നലിൽ, സ്വന്തമല്ലാത്ത ഒരു കളിപ്പാട്ടത്തിനെനെയെന്നപോലെ ആശ്ചര്യത്തോടെയും നിരാശയോടെയും മനസ്സ് അവളെത്തന്നെ പിന്തുടർന്നു കൊണ്ടിരിയ്ക്കുകയാണ് പത്തു പതിനൊന്നു ദിവസമായിട്ട്. തന്റെ മനസ്സിന്റെ ഭാവങ്ങൾ അവളിൽ പ്രതിഫലിക്കുന്നുവെന്നത് തോന്നലാവാം. മറിച്ചാണെങ്കിൽ ഏറെ നല്ലത്, ഭാവി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അതിൽ മാറ്റങ്ങൾ സംഭവിക്കാനില്ല. തിരിച്ചു പോകാൻ മൂന്നു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ബൃഷ്ടിയെ ടൗണിൽ വെച്ച് കണ്ടതും അമ്മാവന്റെ വീട്ടിലിറങ്ങാനായി അവൾ ബൈക്കിൽ കയറിയതും. തങ്ങൾക്കിടയിൽ അകലക്കുറവിന്റെ ഊഷ്മാവ് വാനോളമുയർന്നിരിയ്ക്കണം, ശക്തിയായ മഴ മുന്നറിയിപ്പില്ലാതെ പെയ്തു. അടുത്തുള്ള കടത്തിണ്ണയിൽ കയറി നിന്നപ്പോൾ അവൾ തന്റെ നനഞ്ഞ കൈ പിടിച്ചു. അവളുടെ കൈയ്ക്ക് അപ്പോഴും ഉഷ്ണമുണ്ടായിരുന്നു. തിരക്ക് പിടിച്ച ചുറ്റിലുമുള്ള ലോകം മാഞ്ഞു തുടങ്ങി, മഴപോലും നിശബ്ദമായി. ഹൃദയം മാത്രമാണ് പ്രവർത്തിക്കുന്നത്. അവളുടെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമുണ്ടായില്ല, ആ ചൂട് ആവോളം തന്നിലേക്ക് പകരാനായി ആ കയ്യിൽ മുറുകെ പിടിച്ചു. മനസ്സിനെ ശാന്തമാക്കാൻ കയ്യിൽത്തടഞ്ഞ അവളുടെ മോതിരം തന്റെ രണ്ടു വിരലുകൾ കൊണ്ട് തിരിച്ചു.
നിമിഷങ്ങൾ എത്ര കടന്നു പോയി എന്നറിയില്ല, അവളുടെ ചൂട് തന്റെ ശിരസ്സ് വരെ എത്തി നിൽക്കുകയാണ്. കണ്ണിൽ എന്തെന്നില്ലാത്ത ഒരു നീറ്റൽ. ‘മിഥുൻ, നമുക്ക് ഒരു കോഫി കുടിയ്ക്കാം.’ അവളുടെ ശബ്ദം ഇടറിയിരുന്നു.
കോഫീ ഷോപ്പിലെ മഴ താളംപിടിയ്ക്കുന്ന ഗ്ലാസ്സിട്ട ജനാലയ്ക്കരികിലെ ടേബിളിന് എതിർവശങ്ങളിലിരുന്നപ്പോൾ അവർക്കിടയിൽ മൂകത ഘനീഭവിച്ചു കിടന്നു. പുറത്തേയ്ക്ക് നോക്കിയിരിയ്ക്കുമ്പോഴും അവൾ, താനവശേഷിപ്പിച്ച എന്തോ ഒന്ന് ആ മോതിരത്തിൽ വിരലുകൾകൊണ്ട് തിരഞ്ഞു കൊണ്ടിരുന്നു. മിഥുൻ അവളുടെ മോതിരത്തിലെ, കുരിശിന്റെ മുകൾഭാഗം വൃത്തം കൊണ്ട് മാറ്റിവരച്ചതുപോലെയുള്ള അടയാളം കുറച്ചുനേരം നോക്കിയിരുന്നിട്ട് നിശബ്ദത ഭേദിക്കാൻ തീരുമാനിച്ചു. ‘ബൃഷ്ടി, ആ ചിഹ്നം എന്താണെന്ന് അറിയുമോ?’. മോതിരത്തിലേക്ക് വിരൽ ചൂണ്ടിയാണ് ചോദിച്ചത്. ‘മഴയുടെ ഏതോ ഒരു ദേവതയുടെ അടയാളമാണെന്നറിയാം. കൂടുതലൊന്നും അറിയില്ല.’ മോതിരത്തിൽ നിന്ന് കണ്ണെടുത്ത് അവൾ മിഥുനെ നോക്കി. ‘ഒരു സുഹൃത്ത് സമ്മാനിച്ചതാണ് കഴിഞ്ഞ ബർത്ഡേയ്ക്ക്.’
‘അതെ. മഴയുടെ ഈജിപ്ഷ്യൻ ദേവതയായ ടെഫ്നട്ടിന്റെ കയ്യിളുള്ള അടയാളമാണ് അത്. അംഖ്. ജീവന്റെയും ആത്മാവിന്റെയും ചിഹ്നം. ഈജിപ്ഷ്യൻ മിത്തോളജിയിൽ പരാമർശിച്ചിട്ടുള്ള ഒൻപത് സുപ്രധാന ദേവതകളിൽ ഒരാളാണ് ടെഫ്നട്ട്. ആകാശത്തിനും ഭൂമിയ്ക്കുമിടയിലാണ് ആ ദേവതയുടെ സ്ഥാനം. ആകാശത്തെ താങ്ങിനിർത്താൻ സഹായിക്കുന്ന ടെഫ്നട്ട് കരയുമ്പോൾ ഭൂമിയിൽ ജീവാംശങ്ങൾ ഉയിരെടുക്കുന്നു. മഴയുടെ ദേവതയെ പിണക്കാൻ ആരും ധൈര്യപ്പെടാറില്ല, കാരണം ജീവന്റെ നിലനിൽപ്പ് തന്നെ ആ നനവിനെ ആശ്രയിച്ചല്ലേ.’ പെട്ടെന്ന് വാചാലനായ മിഥുനെ നോക്കി ബൃഷ്ടി ചിരിച്ചു. ‘ചരിത്രാധ്യാപകനിൽ ചരിത്രം ഉണർന്നല്ലോ.’ മിഥുൻ പൊട്ടിച്ചിരിച്ചു. ‘ഞാൻ തീസിസിനുവേണ്ടി കുറെ തപസ്സ് ചെയ്തതാണ് ഈ ദേവതയ്ക്ക് മുൻപിൽ.’ മിഥുൻ പെട്ടന്ന് നിശ്ശബ്ദനായി. ഒരു നിമിഷം കഴിഞ്ഞ് വീണ്ടും സംസാരിച്ചു തുടങ്ങി. ‘ബൃഷ്ടി, ഈ വർഷം ബെർലിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ തുടങ്ങുന്ന പുതിയ ആർക്കിയോളോജി പ്രോജെക്ടിലെ ഈജിപ്ഷ്യൻ ചരിത്രഗവേഷണസംഘത്തിലേക്ക് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേരിൽ ഒരാളാണ് ഞാൻ. പത്തു വർഷത്തേക്കാണ് പ്രൊജക്റ്റ്, പകുതി ബെർലിനിലും ബാക്കി കെയ്റോയിലുമായി. വീട്ടിലെ സമ്മർദ്ദം കൊണ്ട് വേണ്ടെന്ന് വെക്കുകയാണ്. ഇവിടെ എല്ലാവർക്കും ജീവിക്കാനൊരു ജോലിയും കല്യാണവും കുട്ടികളും ഒക്കെയല്ലേ പ്രധാനം, മനുഷ്യന്റെ സ്വപ്നങ്ങൾക്ക് എന്താണ് വില? എന്തിന് വേണ്ടിയാണ് ഈ ജീവിതം എന്നുപോലും മനസ്സിലാവുന്നില്ല.’ മിഥുൻ പുറത്തേയ്ക്ക് നോക്കിയെങ്കിലും അയാളുടെ കണ്ണുകളിൽ കലർന്ന ചുവപ്പിൽ നിറഞ്ഞ നിരാശയും വിദ്വേഷവും ബൃഷ്ടി കണ്ടു. ‘മിഥുൻ, പോകേണ്ടെന്ന് വെക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അല്ലേ?’.
മിഥുൻ എന്തോ പറയാൻ തുടങ്ങുമ്പോഴാണ് ബൃഷ്ടിയുടെ ഫോൺ ബെല്ലടിച്ചത്. മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞത് വിവാഹത്തിന്റെ ക്ഷണപത്രത്തിൽ അവളുടെ പേരിനു നേരെ എഴുതിയ പേരാണ്. ദേബാശിഷ്. ഫോണെടുത്ത് അവളിൽ തനിക്ക് പരിചിതമല്ലാത്ത ഭാഷയിലും ഭാവത്തിലും സംസാരിക്കുന്നത് നോക്കിയിരുന്നു. എവിടെയോ ഉടലെടുത്ത ഒരു കുറ്റബോധവും, അതോടൊപ്പം തന്റെ മനസ്സിൽ മുളപൊട്ടുന്ന അസൂയയുടെ ആദ്യത്തെ നാമ്പും മിഥുൻ ഒരു ദീർഘനിശ്വാസത്താൽ പുറത്തേക്കെറിഞ്ഞു. ബൃഷ്ടി ചുരുങ്ങിയ വാക്കുകളിൽ സംസാരമവസാനിപ്പിച്ച് പുറത്തേയ്ക്ക് നോക്കി. ‘പ്രണയിക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ വിവാഹം കഴിയ്ക്കുന്നതാണോ ബുദ്ധിമാന്മാരുടെ ലക്ഷണം?’. മിഥുന്റെ വാക്കുകൾ ബൃഷ്ടിയിൽ പതർച്ച ഉണ്ടാക്കിയില്ല.
‘പ്രണയം ശ്രമം കൊണ്ട് സംഭവിക്കുന്നതാണോ? സംഭവിക്കുമായിരിക്കാം, അത് തെളിയിക്കേണ്ടത് കാലമാണ്. പ്രണയം ചിലർക്ക് സമയം തെറ്റി പെയ്യുന്ന മഴ പോലെയാണ്. വരാൻ കാത്തിരുന്ന കാലവർഷത്തിനു മുൻപ് പെയ്യുന്ന, മണ്ണിന്റെ ഗന്ധമുള്ള പുതുമഴ. അത് പെയ്തുകൊണ്ടിരിയ്ക്കുകയല്ലേ മിഥുൻ?.’ ബൃഷ്ടി കോഫി മഗ്ഗിന്റെ വായഭാഗത്ത് വിരലുകൾ ഓടിച്ചു കൊണ്ട് മിഥുന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ തുറന്നുപറച്ചിൽ തങ്ങളുടെ ഇടയിൽ വലിച്ചു കെട്ടിയ മറയിൽ വിള്ളൽ സൃഷ്ടിച്ചു. മിഥുൻ പാടേ അനാവൃതമായ തന്റെ വികാരങ്ങളെ മുഖത്തെത്താതെ തളച്ചിടാൻ പാടു പെട്ടു. അയാൾ തന്റെ നഗ്നത മറയ്ക്കാൻ തിരഞ്ഞെടുത്തത് പരിഹാസത്തെയാണ്. ‘കാലവർഷത്തിൽ, മുൻപേ പെയ്ത പുതുമഴയുടെ ഗന്ധം അലിഞ്ഞില്ലാതാവും. അല്ലേ? ‘ മിഥുൻ തന്റെ മനസ്സിന് കടിഞ്ഞാണിട്ടുകൊണ്ട് ചിരിച്ചു. പക്ഷേ, അവളുടെ മുഖത്ത് പ്രകടമായ ദേഷ്യം ഒരു മുള്ളു പോലെ അയാളുടെ ഹൃദയത്തിൽ തറച്ചു. പ്രണയവും നിസ്സഹായതയും, സുതാര്യമായതെങ്കിലും സത്യത്തിന് മുകളിലെ മറ നീക്കാൻ തുനിഞ്ഞതിന് സ്വയം തോന്നിയ വിദ്വേഷവും.
പിന്നീടുള്ള മൂന്ന് ദിവസങ്ങൾ സാഹചര്യമുണ്ടായിട്ടും അവളെ കാണുന്നത് മനപ്പൂർവം ഒഴിവാക്കിയതാണ്. ഓരോ സാമീപ്യം കൊണ്ടും തന്റെയുള്ളിലെ ശൂന്യതയെ അവൾ ഊതിവീർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ തുടർന്നാൽ ഒരു നിമിഷത്തിൽ അതിനു സ്ഫോടനം സംഭവിച്ചേക്കാം, അതിനൊരവസരം കൊടുക്കാതെ അത് ചുരുങ്ങാൻ അനുവദിക്കുകയാണ് നല്ലത്. മനുഷ്യന് തീരുമാനിക്കാൻ മാത്രമേ സാധിക്കൂ എന്നത് വലിയൊരു സത്യമാണ്, നടപ്പിലാക്കുന്നത് മറ്റെന്തൊക്കെയോ ഘടകങ്ങളാണ്. പോകുന്നതിനു മുൻപ് കാണേണ്ട എന്ന് തീരുമാനിച്ചുറപ്പിച്ചതാണ്. പക്ഷേ, അന്ന് പോകാതിരുന്നാൽ അവളുടെ ആ അവസാനത്തെ സാമീപ്യത്തിന്റെ കുറവ് തന്റെയുള്ളിൽ ഉണ്ടാക്കുന്ന പൊട്ടിത്തെറിയുടെ ആഘാതം കാലങ്ങളോളം നിയന്ത്രണാതീതമായിത്തന്നെ തുടരുമെന്ന് മിഥുന് തോന്നി.
അന്ന് വൈകിട്ടായിരുന്നു അവൾ പോകാൻ തീരുമാനിച്ചിരുന്നത്. രാവിലെ കോളേജിലേക്കിറങ്ങിയ മിഥുൻ അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ബൃഷ്ടി ടെറസിലെ നനയാത്ത കോണിൽ മഴ നോക്കി നിൽക്കുകയായിരുന്നു. ‘പോകുന്നതിനു മുൻപ് കേരളത്തിലെ മഴ കണ്ട് ആസ്വദിക്കുകയാണോ?’. ബൃഷ്ടിയെ കണ്ട മാത്രയിൽ തന്റെ ഹൃദയത്തിന്റെ വിങ്ങലിന് അയവു വന്നതായി മിഥുന് തോന്നി. അവളുടെ മുഖത്തിന് മൂന്നു ദിവസം മുൻപ് കണ്ടപ്പോഴില്ലാത്ത ഒരു വിളർച്ച. തന്നെ കണ്ട സന്തോഷത്തിൽ അവൾ മനോഹരമായി പുഞ്ചിരിച്ചു. ആ മുഖത്തൊന്നു തൊടണമെന്ന് മിഥുന് തോന്നി. അയാൾ കൈക്കുമ്പിളിൽ മഴവെള്ളമെടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു. ‘മഴയുടെ ദേവതയ്ക്ക് ഗുഡ്ബൈ’. ബൃഷ്ടി പൊട്ടിച്ചിരിച്ചു കൊണ്ട് മിഥുന്റെ ഷർട്ടിൽ പിടിച്ചു മഴയത്തേക്ക് വലച്ചു. ‘തന്നെ ശരിയ്ക്കും നനച്ചിട്ടേ ഞാൻ പോകുന്നുള്ളൂ.’ പ്രതികരിക്കാഞ്ഞതോ പ്രതികരിക്കാൻ ആഗ്രഹിക്കാഞ്ഞതോ അറിയില്ല, മിഥുൻ അവളുടെ സാന്നിധ്യം ആസ്വദിക്കുക മാത്രമാണ് ചെയ്തത്. അവൾ പിടി വിട്ട് തിരിച്ചു കയറുമ്പോഴേക്കും രണ്ടുപേരും നനഞ്ഞിരുന്നു.
മിഥുൻ ബൃഷ്ടിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവൾക്ക് തന്റെ കണ്ണുകളിലേയ്ക്ക് നോക്കാൻ കണ്ട ആദ്യത്തെ നിമിഷം മുതൽ പ്രയാസമുണ്ടായിരുന്നില്ല. അതുണ്ടായിരുന്നത് തനിക്കാണ്, ഇന്ന് ഈ പിരിയുന്ന നിമിഷം വരെയും. അവൾ ഒന്നും ചെയ്യാതെ തന്നെ എന്തൊക്കെയോ ചെയ്തതായി അയാൾക്ക് തോന്നി. ‘ബൃഷ്ടി, ഇന്ന് തന്റെ അടുത്ത് നിൽക്കുമ്പോൾ തന്നെ ഒന്ന് വാരിപ്പുണരണമെന്നോ ചുംബിക്കണമെന്നോ ഒക്കെ തോന്നിപ്പോകുന്നു.’ മിഥുൻ ആലോചിയ്ക്കും മുൻപ് പറഞ്ഞുപോയ വാക്കുകൾ കേട്ട് ബൃഷ്ടി പുഞ്ചിരിച്ചു. ‘ആരാണ് മിഥുൻ തന്നെ തടുക്കുന്നത്, മിഥുൻ അല്ലാതെ?’. മഴ നനഞ്ഞു തണുത്ത തന്റെ തലച്ചോറിന്റെ ബലഹീനതയിൽ പുറത്ത് ചാടിയ വാക്കുകളോ ബൃഷ്ടിയുടെ പ്രതികരണമോ വിശ്വസിക്കാനാവാതെ മിഥുൻ തലകുലുക്കിക്കൊണ്ട് താഴേയ്ക്ക് നോക്കി.
‘നാളെയാവുമ്പോൾ ഈ ദിവസം വെറും ഇന്നലെയായി മാറും ബൃഷ്ടി.’ മിഥുൻ ദീർഘമായി ശ്വസിച്ചു. ‘ഇന്നലെകളില്ലാതെ ഇന്നും നാളെയുമൊക്കെയുണ്ടോ മിഥുൻ. ഇന്നലെകളുടെ ഏടുകൾ മറിയ്ക്കുമ്പോൾ അവശേഷിക്കുന്ന പനിനീർപുഷ്പം ഇന്നവിടെ പറിച്ച് വെയ്ക്കുന്നതല്ലേ?.’ തനിക്ക് പറയാനുള്ളത് പറഞ്ഞ് ബൃഷ്ടി മിഥുനെ മുറുകെ പുണർന്നു. പ്രതികരിക്കാൻ കഴിയും മുൻപ് അവൾ മിഥുന്റെ ചുണ്ടുകളിൽ ഗാഢമായി ചുംബിച്ചു. നനഞ്ഞു കുതിർന്ന ആ ചുംബനത്തിൽ മിഥുന്റെ ചുറ്റുമുള്ള മതിലുകൾ അലിഞ്ഞില്ലാതെയായി. അവൾക്ക് മഴയുടെ മണമായിരുന്നു. രുചിയും.
ഓർമ്മകളിലെ പ്രണയപ്പെയ്ത്തുകൾ തനിക്ക് ചുറ്റുമൊരു കടൽ തീർത്തത് മിഥുനറിഞ്ഞില്ല. ആ ദിവസത്തിലേക്ക് തിരിച്ചെത്തിയാലും ഇന്ന് അവളുടെ ഓർമ്മകളിൽ നിന്നും നീന്തി കരകയറാൻ കഴിയില്ല. നാളെയൊരു വലിയ ദിവസമാണ്. അവൾക്കും തനിയ്ക്കും.
‘Maybe they want to cry
As I walk on by,
Hiding my tears
In a world of goodbyes….’
കൊളോണിയൽ കസിൻസ് അപ്പോഴും തനിക്ക് വേണ്ടി പാടിക്കൊണ്ടിരിയ്ക്കുകയാണ്. മിഥുൻ തന്റെ മേശയുടെ വലിപ്പ് തുറന്ന് അതിൽ കിടന്ന ബൃഷ്ടിയുടെ വിവാഹക്ഷണപ്പത്രത്തിൽ കണ്ണോടിച്ചു. ജൂലൈ പന്ത്രണ്ട്.
ബൃഷ്ടി പോയതിന് ശേഷം തീരുമാനങ്ങളെല്ലാം പെട്ടന്നാണുണ്ടായത്. നികത്തേണ്ടിയിരുന്ന ശൂന്യത അവൾ സൃഷ്ടിച്ചതല്ല, തന്റെയുള്ളിൽ നിലനിന്നിരുന്നതാണ്. പക്ഷേ, പിന്നീടാ ശൂന്യതകളെ നിലനിർത്തുവാനാകുമായിരുന്നില്ല. ചരിത്രഗവേഷണ പ്രോജെക്ടിലേയ്ക്ക് അനുമതി തേടി വീണ്ടും കത്തയച്ചു. മറുപടി വന്നതിനു ശേഷമാണ് വീട്ടിൽ പറഞ്ഞത്. ഒരു വർഷം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ വിവാഹം നടത്താമെന്നും അനുവിനെ കൂടെ കൊണ്ടുപോകാമെന്നും ആശയമുന്നയിച്ചപ്പോൾ ചെറുത്ത് നിൽക്കാൻ പറ്റാത്ത എതിർപ്പുകൾ ഉണ്ടായില്ല, ഇനി ഉണ്ടായാലും തന്നെ തടുക്കാൻ തനിയ്ക്കല്ലാതെ മറ്റാർക്കും ഇനി കഴിയില്ല എന്ന ബോധ്യം മിഥുന് കൈവന്നിരുന്നു. ആ തിരിച്ചറിവ് തന്നെ തേടി വന്നത് ബൃഷ്ടിയായാണ്. തന്റെ ഗിറ്റാറെടുത്തപ്പോഴും കടത്തിണ്ണയിൽ വെച്ച് കൈപിടിച്ചപ്പോഴും തന്നെ ചുംബിച്ചപ്പോഴും ഒന്നും അവൾ അനുവാദം ചോദിച്ചില്ല. എന്തിന് തന്റെ ജീവിതത്തിലേക്ക് കയറി വന്നതും ഇറങ്ങിപ്പോയതും ഒന്നും തന്റെ അനുവാദത്തിനു കാത്തു നിന്നിട്ടല്ല. നിശ്ചിതമായ ഒരു സമയത്തിനുള്ളിൽ സ്വയം തടുക്കാതിരിയ്ക്കുക മാത്രമാണ് അവൾ ചെയ്തത്. അവൾ വന്നത് തന്നെ നനയ്ക്കാനായി മാത്രമാണ്. തന്റെ തപസ്സറിഞ്ഞ മരുഭൂമിയിലെ മഴയുടെ ദേവത. ചുറ്റും സ്വയം തീർത്ത മണൽക്കൂനകൾ കുതിർന്നൊലിച്ചുപോയപ്പോൾ പുറത്തേക്കൊഴുകിയത് തന്റെ സ്വപ്നങ്ങളാണ്. ആ പ്രണയപ്പേമാരിയിൽ കലങ്ങിത്തെളിഞ്ഞത് തന്റെ മനസ്സിന്റെ യഥാർത്ഥ പ്രതിഫലനങ്ങൾ മാത്രം.
ബൃഷ്ടി അതിന്റെ അടിത്തട്ടിലൊരു മുത്തുച്ചിപ്പിയിൽ കാത്തുകിടപ്പുണ്ടാവും, മറ്റേതെങ്കിലും ജന്മത്തിൽ വഴിതെറ്റിയാൽ അനുവാദം ചോദിക്കാതെ കൈപിടിയ്ക്കുന്ന പ്രപഞ്ചസത്യമായി.