ബുദ്ധനും തെരുവുനായയും

തെരുവുനായകളെക്കാൾ ബുദ്ധനെ ഉൾക്കൊണ്ട
ഒരുജീവിയും ഭൂമിയിലില്ല തന്നെ.

ഭിക്ഷതേടിയല്ലാതെ ഭക്ഷിക്കില്ല
മോഹമോ വിദ്വേഷമോ അലട്ടാറില്ല

വഴിവക്കിലോ കടത്തിണ്ണയിലോ ഓടയിലോ പോലും
കണ്ണടച്ച് ധ്യാനിക്കും

ചിലപ്പോഴവർ അഹിംസയുടെ പാരമ്യം കാണും
എത്ര ദ്രോഹിച്ചാലും തിരച്ചക്രമിക്കുകയേയില്ല

മറ്റുചിലപ്പോൾ നീതിയുടെ കൊടുമുടി കേറും
കാൽനട യാത്രക്കാരെ കടിക്കാനുള്ള ത്വര
പാടുപെട്ട് അടക്കിനിർത്തും

ഇരുട്ട് പരക്കുമ്പോൾ സംഘം ചേർന്ന്
പ്രാർഥനകൾ ഉച്ചത്തിൽ ഉരുവിടും

ചിലപ്പോഴൊക്കെ ;
ചിലപ്പോഴൊക്കെ മാത്രം
മ്യാന്മറിലെ ബുദ്ധ സന്യാസിമാരെപ്പോലെ
അയൽത്തെരുവിലെ സഹോദരരെ
കടിച്ചുകൊന്ന് ഒരു വംശഹത്യക്ക് ശ്രമിച്ചേക്കാം

ഇതിലും നന്നായി എങ്ങനെയാണ്
ഒരു ജീവി ബുദ്ധനെ ഉൾക്കൊള്ളുക..!?

മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശം. അധ്യാപകനായി ജോലിചെയ്തുവരുന്നു. 'കടലാസ്സ് പൂക്കൾ ' എന്ന 29 കവിതകൾ അടങ്ങുന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.