മനസ്സുകളിലാണിരിപ്പിടങ്ങൾ…
ഇഷ്ടങ്ങളുടെ നൂൽപ്പാലങ്ങൾ
താണ്ടുകിലവിടെയെത്താം..
ബിംബങ്ങളാകാം..
ബിംബങ്ങൾ വെറും
കളിമൺപ്രതിമകൾ..
ഒന്നമർത്തി ഞെരിച്ചാൽ..
ഒരു പേമാരി വന്നാൽ..
ഒരു പിടി മണ്ണവശേഷിപ്പിച്ചവയും
പൊടിഞ്ഞു പോകും…
ബിംബങ്ങളാശിക്കുമാരതികൾ
പുഷ്പവൃഷ്ടികൾ..
ആശീർവാദങ്ങളേകില്ലയെങ്കിൽ
പീടികത്തിണ്ണയിലുപേക്ഷിക്കുമെന്നറിയും
ബിംബങ്ങളും നാട്യമഭിനയിക്കും..
നേർരേഖയുടെ
വിള്ളലുകളിരുട്ടുകൊണ്ടടയ്ക്കും..
ചട്ടക്കൂടുകളിൽ നിന്നും ഗോപ്യമായ്
പുറത്തു കടക്കും…,
തിരികെയെത്തും.
ഇരിപ്പിടങ്ങൾ പേറും
മനമപ്പൊഴുതൊരു വിഡ്ഢിയെപ്പോലുറങ്ങും.
നൂൽപ്പാലത്തിൽ നിന്നുവഴുതും
മാത്രയിലവഗണനതന്നഗാധതയറിയും.
മനസ്സിൽ
ബിംബങ്ങളെ ചുമക്കുന്നു മാനവൻ…
യാത്രയിലതു ഭാരമെന്നറിഞ്ഞു
നിശബ്ദമായ് നടക്കുന്നു..
ഉടയും ബിംബങ്ങൾക്കഭയം
പാതയോരങ്ങൾ.
സ്വയമൊരു ബിംബമാകാൻ
ശ്രമിക്കുമവനും ഇരിപ്പിടങ്ങൾ തേടുന്നു..
ഒടുവിൽ
ഭാരമിറക്കിയെങ്ങോ പറന്നു പോകും…
അവശേഷിക്കുമുടയാത്ത ബിംബമായ്
ചില മനസ്സുകളിലും.