ബാല്യം

കാറ്റില്ലാത്തതിനാലാകും
അപ്പൂപ്പൻ താടി ഇന്നെങ്ങും
പറന്നു ചെല്ലാത്തത്…

മരക്കൊമ്പിലും
കൃത്രിമം ഭയന്നാകും
ഇന്നെവിടെയും
ഊഞ്ഞാലു കാണാത്തത്..

പൂമ്പാറ്റ വരാത്തതു
കൊണ്ടാകും
പൂക്കളൊന്നും
പൂക്കാത്തത്..

ഏറു കൊള്ളാഞ്ഞിട്ടാകും
മാങ്ങയ്ക്കും മധുരം
കുറഞ്ഞത്

പുസ്തകത്തിനു
പുറത്തായതു കൊണ്ടാകും
പീലിയൊന്നും പെറ്റുപെരുകാത്തത്.

മുറ്റത്തു കല്ലില്ലാത്തതു
കൊണ്ടാകും
തുമ്പിയിന്ന് കല്ലെടുക്കാത്തത്

സമൂഹമാധ്യമങ്ങൾക്ക്
അവധിയില്ലാത്തതു
കൊണ്ടാകും
ബാല്യങ്ങൾ കുട്ടിത്തം
മറന്നതും…

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി. വക്കാട് തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്