ഫോസിലുകൾ

ഒരുവളെ തകർക്കാൻ
എളുപ്പമാണ്..

സ്നേഹിക്കുക..
അഭിനയമല്ല..
ആത്മാർത്ഥമായി തന്നെ
നിന്നെ എനിക്ക്
അത്രയ്ക്കിഷ്ടമെന്ന്
പറഞ്ഞു കൊണ്ടേയിരിക്കുക..
പ്രണയരാജ്യ ചക്രവർത്തിനിയായി
അവരോധിക്കുക
നീ എന്റേത്‌ മാത്രമെന്നും
ആർക്കും കൊടുക്കില്ലെന്നും
മൊഴിയുക
ഇടയ്ക്കിടെ..

ഞാൻ മുഴുവൻ
‘നീ’ യാണെന്ന്
ബോധ്യപ്പെടുത്തുക..

അങ്ങനെ..
നീയില്ലായ്മയിൽ
ഒരു ശ്വാസം പോലും
അവൾക്കാവതില്ലെന്ന്
ബോധ്യപ്പെടുമ്പോൾ
പതിയെ..
പതിയെ
അവളെ
ഉപേക്ഷിച്ചേക്കുക

തകർന്നു
തരിപ്പണമായൊരുവൾ
ജീവനുള്ള ഫോസിലായി
രൂപാന്തരം പ്രാപിക്കുന്നതും
മൃതപ്രായയായി
കാലങ്ങൾ
കഴിക്കുന്നതും
നിനക്കു കാണാം

കണ്ണൂർ ജില്ലയിൽ പുറവൂരിൽ താമസം. കമ്പ്യൂട്ടർ അധ്യാപിക.അരങ്ങു 2019 കുടുംബശ്രീ കലോത്സവത്തിന് സംസ്ഥാനതലത്തിൽ കവിതാരചനയിൽ രണ്ടാം സ്ഥാനം. കൂടാതെ ജില്ലാതലത്തിൽ കഥാരചനയിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. കുടുംബശ്രീപ്രവർത്തനം, talking book library reader എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.