ഫാമിലി ബിസിനസ്

ശ്രീലക്ഷ്മി ചെറുക്കനെ സൂക്ഷിച്ചു നോക്കി. അവളുടെ നോട്ടം കണ്ടു ചെറുക്കന്റെ മുഖത്ത് പരിഭ്രമം തെളിഞ്ഞു. സോഫയുടെ കൈപ്പിടിയില്‍ അയാള്‍ മുറുക്കെപ്പിടിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.

“ഇനി ഇവര്‍ തമ്മില്‍ ഒന്ന് സംസാരിക്കട്ടെ.” ബ്രോക്കര്‍ അഭിപ്രായപ്പെട്ടു.

ആ ക്ലീഷെ ഡയലോഗ് കേട്ടപ്പോള്‍ ശ്രീലക്ഷ്മിക്ക് വെറുപ്പ് തോന്നി. അവള്‍ വീടിന്റെ ഉള്ളിലേക്ക് ഉദാസീനമായി നടന്നു. പിന്നാലെ മടിച്ചു മടിച്ചു ചെക്കനും.

നാലുകെട്ട് ശൈലിയില്‍ പണിത ആധുനിക വീടായിരുന്നു അത്. ഒന്നരക്കോടി രൂപയ്ക്ക് മുകളില്‍ ചെലവു വന്നു തീര്‍ക്കാന്‍. ശ്രീലക്ഷ്മിയുടെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിന്‍സ്സായിരുനു. ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ തറ. ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന പെയിന്റിങ്ങുകള്‍. ശീതികരിച്ച മുറികള്‍. നടുമുറ്റത്തിന്റെ അരികില്‍ ചട്ടികളില്‍ നിരനിരയായി വളരുന്ന നീല ഓര്‍ക്കിഡും ചുവന്ന ആന്തൂറിയവും. കാര്‍ പോര്‍ച്ചില്‍ ഒരു ആനയുടെ ഗാംഭിര്യത്തോടെ വിശ്രമിക്കുന്ന ബെന്‍സ് എസ്.യു.വി.

“ഇവിടെ ഇരുന്നോളൂ..” ശ്രീലക്ഷ്മി ഹാളിന്റെ നടുക്കത്തെ ആട്ടുകട്ടില്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. അയാള്‍ അവിടെയിരിക്കില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു.

“ഞാന്‍.. ഞാനിവിടെ ഇരുന്നോളാം.” ഭിത്തിയോട് ചേര്‍ത്തിട്ടിരിക്കുന്ന ചൂരല്‍ കസേര നോക്കി അയാള്‍ പറഞ്ഞു. സ്വന്തം നിരീക്ഷണശക്തിയില്‍ ശ്രീലക്ഷ്മിക്ക് അഭിമാനം തോന്നി.

ശ്രീലക്ഷ്മി ആട്ടുകട്ടിലില്‍ ഇരുന്നു. അയാള്‍ എതിരെ കസേരയിലും. പതിവുള്ള ചോദ്യങ്ങള്‍. പതിവുള്ള മറുപടികള്‍.

ശ്രീലക്ഷ്മി ചെറുക്കനെ അളക്കുകയായിരുന്നു. തനിക്കൊരിക്കലും പ്രാപ്യമല്ലാത്ത ഒരിടത്ത് ഇരിക്കുന്നതിന്റെ ജാള്യത അയാളുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. ഏതോ വില്ലേജ് ഓഫിസില്‍ ക്ലാര്‍ക്കാണ് അയാള്‍. ഈ പെണ്ണുകാണലിന് വേണ്ടി മാത്രമാണ് അയാള്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു, ഷര്‍ട്ട് ഇന്‍സര്‍ട്ട് ചെയ്തു വിലകുറഞ്ഞ സ്പ്രേ അടിച്ചു വന്നിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കാരുടെ മുഖമുദ്രയായ കുടവയര്‍ അയാള്‍ക്ക് വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. അയാള്‍ ഫയലുകള്‍ക്ക് മുന്നില്‍ അലങ്കോലമായ മുടിയും വളര്‍ന്നു തുടങ്ങിയ താടിയുമായി ജോലി ചെയ്യുന്നത് അവള്‍ സങ്കല്‍പ്പിച്ചു. അയാള്‍ ചോദിച്ചതിനൊക്കെയുള്ള മറുപടി ശ്രീലക്ഷ്മി ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ ചോദ്യങ്ങള്‍ അവസാനിപ്പിച്ചു. പിന്നെ ആഡംബരം മിന്നുന്ന ആ വീടിന്റെ പളപളപ്പ് നോക്കി അന്തിച്ചിരുന്നു.

“ജോലിയൊക്കെ എങ്ങിനെ പോകുന്നു ?” അയാള്‍ എന്ത് വിചാരിക്കും എന്ന് കരുതി ശ്രീലക്ഷ്മി ചോദിച്ചു.

“റാങ്ക് ലിസ്റ്റില്‍ മൂന്നാമതാണ് ഞാന്‍. അടുത്ത വര്‍ഷം യു.ഡിയാകും.” അയാള്‍ അഭിമാനത്തോടെ പറഞ്ഞു.
ശ്രീലക്ഷ്മി ഒന്ന് ചിരിച്ചെന്നു വരുത്തി.

“ശ്രീലക്ഷ്മി പി.എസ്.സി ഒന്നും എഴുതിയില്ലേ ?”

“ഇല്ല.”

“അതെന്താ..സര്‍ക്കാര്‍ ജോലി ഇഷ്ടമല്ലേ..?”

“കിട്ടാന്‍ പാടല്ലേ.. മിനക്കെടാന്‍ വയ്യ.. പിന്നെ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയിട്ടില്ല.” അവള്‍ ലാഘവത്തോടെ പറഞ്ഞു.

ചെറുക്കന്റെ മുഖം വിളറി. നിശബ്ദതയില്‍ ആട്ടുകട്ടില്‍ ചലികുന്നതിന്റെ ശബ്ദം മാത്രം.

“നന്നായി പഠിച്ചാല്‍ കിട്ടും.” അയാള്‍ അടഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

അയാളുടെ നോട്ടത്തില്‍ തന്നോടുള്ള ആരാധന അവള്‍ ആദ്യ കാഴ്ചയില്‍ തന്നെ തിരിച്ചറിഞ്ഞു. കോളേജില്‍ വച്ച് എത്രയോ പേര്‍ പിന്നാലെ നടന്നതാണ്. ഇഷ്ടം പോലെ സ്വത്തുള്ള പെണ്‍കുട്ടി. ഒരു സിനിമാനടിയുടെ മുഖശ്രീ. അയാള്‍ക്ക് ആരാധന തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.

“ഞങ്ങളുടെ വീട്ടില്‍ ഇത്രയും സെറ്റപ്പ് ഒന്നുമില്ല കേട്ടോ..”ചുറ്റുപാടും കണ്ണോടിച്ചു അയാള്‍ മെല്ലെ പറഞ്ഞു.

പണക്കാരിയായ ഒരു സുന്ദരിയെ ലഭിക്കുമോ ഇല്ലയോ എന്നുള്ള പരിഭ്രമമാണ് അയാളുടെ വാക്കുകളില്‍. സര്‍ക്കാര്‍ ജോലി മാത്രമാണ് അയാളുടെ ബലം. പാവപ്പെട്ട ഏതോ വീട്ടില്‍ നിന്നും രാത്രി വെളുക്കുവോളം പഠിച്ചു ജോലി മേടിച്ച ഒരു ചെറുപ്പക്കാരന്‍. അയാള്‍ ഒരു അടിമയാകാന്‍ ജനിച്ചതാണ്. ഒരിക്കലും അയാള്‍ തന്റെ അച്ഛനെപ്പോലെ സമ്പന്നനാകില്ല.

യാത്ര പറഞ്ഞു കാറില്‍ കയറാന്‍ നേരവും അയാളുടെ കണ്ണുകള്‍ ശ്രീലക്ഷ്മിയെ തേടി. അവള്‍ അപ്പോഴേക്കും മുറിയില്‍ കയറി കട്ടിലില്‍ കിടന്നിരുന്നു. അത് വരെ കണ്ടു തീര്‍ത്ത ഒരു കൊറിയന്‍ നെറ്റ്ഫ്ലിക്സ് സീരിസിന്റെ ബാക്കി കണ്ടു തുടങ്ങി.

അച്ഛനും അമ്മയും മുറിയിലേക്ക് വന്നു.

“എനിക്ക് വേണ്ട.”

അവര്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് ശ്രീലക്ഷ്മി പറഞ്ഞു. വെബ് സീരിസിന്റെ ഫ്ലോ കളയാന്‍ പറ്റില്ല. ടൈം ട്രാവല്‍ വെബ് സീരിസാണ്. ഒരു നിമിഷം ശ്രദ്ധ തെറ്റിയാല്‍ കഥ കയ്യില്‍ നിന്ന് പോകും.

“അയാള്‍ക്ക് എന്താ കുഴപ്പം?”

“കുഴപ്പം ഒന്നുമില്ല.”

അമ്മയുടെ മുഖമിരുണ്ടു.

“നീയിനി അംബാനിയെ നോക്കിയിരുന്നോ.? ഈ പയ്യന്‍ സര്‍ക്കാര്‍ ജോലിക്കാരനാ. കാണാനും കൊള്ളാം. അവര് ഈ ആലോചനയ്ക്ക് സമ്മതിച്ചത് തന്നെ ഭാഗ്യം.”

ശ്രീലക്ഷ്മി ഒന്നും മിണ്ടാതെ മുഖം തിരിച്ചു. അച്ഛന്‍ അവളുടെ അടുത്തിരുന്നു.

“ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ രേണു. ഇവള്‍ക്കിഷ്ടപ്പെടില്ല. അംബാനി വന്നില്ലെങ്കിലും അതാവശ്യം കാശുള്ളവന്റെ കൂടെ എന്റെ മോള് പോട്ടെ.”

“രണ്ടുപേരും കാശ് നോക്കിയിരുന്നോ. പെണ്ണിന്റെ പ്രായംകേറിയങ്ങു പോകുവാ.” അവര്‍ ദേഷ്യത്തോടെ പറഞ്ഞിട്ട് മുറിയില്‍ നിന്നിറങ്ങി.

“നീ പേടിക്കണ്ട. അവള്‍ക്കു വെറുതെ ആധിയാണ്.” അച്ഛന്‍ അവളെ സമാധാനിപ്പിച്ചു.

ജനിച്ചപ്പോള്‍ മുതല്‍ ആഡംബരം കണ്ടാണ്‌ ശ്രീലക്ഷ്മി വളര്‍ന്നത്‌. അച്ഛന്‍ എന്നും ഉപയോഗിച്ചിരുന്നത് ബെന്‍സിന്റെ കാറാണ്‌. അമ്മയ്ക്ക് പുറത്തു പോകണമെങ്കില്‍ കാഞ്ചീപുരം പട്ടു വേണം. ശീതികരിച്ച മുറിയിലേ അവള്‍ ഉറങ്ങിയിട്ടുള്ളു. അമ്മയോ അവളോ അടുക്കളയില്‍ കയറി ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. പരിചാരകര്‍ രുചികരമായ ഭക്ഷണം ഉണ്ടാക്കി വയ്ക്കും. വിശക്കുമ്പോള്‍ തീന്‍ മേശയില്‍ ചെന്നിരുന്നാല്‍ മതി. ധനം നല്‍കുന്ന സുഖസൗകര്യങ്ങള്‍ അവരുടെ ജീവിതശീലമായി കഴിഞ്ഞു. പക്ഷേ ഇന്ന് ആ കുടുംബത്തിന് സമാധാനമില്ല.

ശ്രീലക്ഷ്മിയുടെ കല്യാണം. അതാണ്‌ പ്രശ്നം. ജാതകദോഷം ഉള്ളതുകൊണ്ട് നല്ലതൊന്നും ഒത്തു വരുന്നില്ല. ധനികര്‍ക്ക് ജാതകദോഷം പേടിയാണ്. ബിസിനസ്സില്‍ സമയവും കാലവും പ്രധാനമാണ്. പിന്നെ വരുന്നവര്‍ പൈസ മാത്രം നോക്കി വരുന്നവരാണ്.

ശ്രീലക്ഷ്മിക്ക് തങ്ങളേക്കാള്‍ ഒരു പടി സമ്പത്ത് കൂടുതലുള്ള ധനികകുടുംബമാണ് താല്പര്യം. അവളുടെ അച്ഛനും.

ദിവസങ്ങള്‍ക്ക് ശേഷം ശ്രീലക്ഷ്മിയും അച്ഛനും ഇഷ്ടപ്പെട്ട ഒരു ആലോചന വന്നു. ഒരു ആഡി കാറിലാണ് ചെക്കന്‍ വന്നത്. ഇരുണ്ട നിറം. ഒത്തിരി സൗന്ദര്യമില്ല. എന്നാല്‍ വിരൂപനുമല്ല.

ശ്രീലക്ഷ്മിയുടെ വീട്ടിലെ സൗകര്യങ്ങള്‍ കണ്ടിട്ട് ശ്രീദേവിന്റെ മുഖത്ത് ഒരു പുച്ഛമായിരുന്നു.

“നടുമുറ്റം ഒക്കെ ഇപ്പൊ പഴഞ്ചന്‍ ഫാഷനായി.” അയാള്‍ പറഞ്ഞു.

വാന്‍ഹ്യൂസന്റെ ഷര്‍ട്ട്. കയ്യില്‍ മോണ്ട് ബ്ലാങ്കിന്റെ വാച്ച്. അതിനു തന്നെ നാലഞ്ചു ലക്ഷം രൂപ വരും.

“ഞാനിടയ്ക്ക് സിഗരറ്റ് വലിക്കും.വിരോധമുണ്ടോ ?” ശ്രീദേവ് ശ്രീലക്ഷ്മിയോട് ചോദിച്ചു.

അവള്‍ ഇല്ലെന്നു തലയാട്ടി.

അയാള്‍ ജനാലക്കരികില്‍ പോയി സിഗരറ്റിനു തീ കൊളുത്തി. റോത്ത്മാന്‍സാണ് അയാള്‍ വലിക്കുന്നത്. ശ്രീലക്ഷ്മി ശ്രദ്ധിച്ചു.

ഒന്ന് രണ്ടു പുകയെടുത്തതിനു ശേഷം അയാള്‍ നേരെ പോയി ആട്ടുകട്ടിലില്‍ ഇരുന്നു. ശ്രീലക്ഷ്മി ചൂരല്‍ക്കസേരയിലും.

“എനിക്ക് തന്നെ ഇഷ്ടമായി.” അയാള്‍ മുഖവുരയില്ലാതെ പറഞ്ഞു.

ശ്രീലക്ഷ്മി വീര്‍പ്പടക്കി അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എത്രയോ സ്വപ്നങ്ങളില്‍ താനിങ്ങനെയൊരു കൂടിക്കാഴ്ച കണ്ടിരിക്കുന്നു. പണമുള്ള, ആരെയും കൂസാത്ത ഒരു പുരുഷന്‍.

“എന്റെ കുഴപ്പങ്ങള്‍ ഞാന്‍ പറയാം. എനിക്കൊട്ടും നേരമില്ല. അലുമിനിയം പാത്രങ്ങളുടെ ബിസിനസ്സാണ് എനിക്ക്. അതൊരു ഫാമിലി ബിസിനസ്സ് ആണ്. ഇപ്പൊ ഫാമിലി ഒന്നുമില്ല. ഞാന്‍ തന്നെയാണ് എല്ലാം. ഫാക്ടറി, ഹോള്‍സെയില്‍ ഔട്ട്‌ലെറ്റുകള്‍, കയറ്റുമതി.. അങ്ങിനെയങ്ങിനെ..” അയാള്‍ പറഞ്ഞു.

അയാള്‍ക്ക് വീട്ടിലിരിക്കാന്‍ ഒരു പെണ്ണ് വേണം. ഒരു ജോലിയും ചെയ്യണ്ട. വീട്ടില്‍ രണ്ട് വേലക്കാരുണ്ട്. വാഹനമോടിക്കാന്‍ ഡ്രൈവര്‍.

“എനിക്ക് ജാതകവും മണ്ണാങ്കട്ടയും ഒന്നും വിശ്വാസമില്ല. എനിക്ക് വലിയ വിദ്യാഭാസയോഗ്യതയോ ഒന്നുമില്ല. സമ്പത്ത് മാത്രമേ എനിക്കുള്ളു. അത് നന്നായി ഉണ്ടാക്കാന്‍ അറിയുകയും ചെയ്യാം.”

അയാള്‍ അടുത്ത സിഗരറ്റിനു തീ കൊളുത്തുന്നതിനിടയില്‍ പറഞ്ഞു.

“പക്ഷേ ചെക്കന്റെ വീട്ടില്‍ ആരുമില്ലല്ലോ.” ശ്രീലക്ഷ്മിയുടെ അമ്മ പറഞ്ഞു.

“ശ്രീദേവിന്റെ പേരന്റ്സ്‌ ഒക്കെ ചെറുപ്പത്തിലെ മരിച്ചു. പിന്നെ ഒരു പെങ്ങള്‍ ഉള്ളത് യു.എസിലാണ്. അവരുമായി അത്ര രസത്തിലല്ല എന്നല്ലേ പറഞ്ഞത്..”അച്ഛന്‍ പറഞ്ഞു.

“എനിക്കിത് മതി.” ശ്രീലക്ഷ്മി പറഞ്ഞു. അമ്മ അവളെ അമ്പരപ്പോടെ നോക്കി. അച്ഛന്റെ മുഖത്ത് പക്ഷേ അഭിമാനമായിരുന്നു.

ശ്രീലക്ഷ്മിക്ക് പക്ഷെ ചെക്കന്റെ വീട്ടില്‍ വേറെ ബന്ധുക്കള്‍ ഇല്ലാഞ്ഞതില്‍ ഉള്ളു കൊണ്ട് സന്തോഷമായിരുന്നു. ആര്‍ക്ക് പറ്റും പ്രായമായ മാതാപിതാക്കളെ നോക്കാന്‍.. അമ്മായിമ്മപോര്, ഭക്ഷണം ഉണ്ടാക്കല്‍.. ശ്രീലക്ഷ്മിക്ക് മര്യാദയ്ക്ക് ഒരു ചായ തിളപ്പിക്കാന്‍ അറിയില്ല. മേലനങ്ങുന്ന ഒരു പണിയും മാതാപിതാക്കള്‍ അവളെക്കൊണ്ട് ചെയ്യിക്കില്ല.

“മോളെ.. നീ ആലോചിച്ചിട്ടാണോ പറയുന്നത്.?” അമ്മ ചോദിച്ചു.

“എനിക്കിത് മതി. ഇനി വേറെ ആലോചിക്കണ്ട.” അവള്‍ ഉറപ്പോടെ പറഞ്ഞു.

ശ്രീദേവ് ശ്രീലക്ഷ്മി, പേരില്‍ പോലും ചേര്‍ച്ച.

അയാളുടെ സിഗരറ്റിന്റെ ഗന്ധം. ബിസിനസ്സുകാരുടെ തിരക്കിട്ടുള്ള നടത്തം. ശ്രീലക്ഷ്മിക്ക് അയാളുടെ രൂപം ഉള്ളില്‍നിന്ന് പോകുന്നില്ല.

അമ്മയുടെ എതിര്‍പ്പുകള്‍ക്ക് വലിയ ഫലം ഉണ്ടായില്ല. എന്നാല്‍ ചെക്കന്റെ വീട് കണ്ടപ്പോള്‍ അവരുടെയും എതിര്‍പ്പുകള്‍ മാറി.

സിറ്റിയില്‍ നിന്നും അകന്നു രണ്ടേക്കര്‍ പറമ്പിന്റെ ഒത്ത നടുക്ക് കൊട്ടാരം പോലെയൊരു വീട്. ഒരു ഡ്രൈവര്‍. രണ്ട് വേലക്കാര്‍. കാര്‍ പോര്‍ച്ചില്‍ രണ്ട് വിദേശ വാഹനങ്ങള്‍. ലാന്‍ഡ് സ്കേപ് ചെയ്ത പുരയിടം.

“ഇത്രയും പോരെ.. ഇത് നമ്മളെക്കാള്‍ കൂടിയ ടീംസാണ്.” അച്ഛന്‍ അമ്മയുടെ ചെവിയില്‍ പിറുപിര്‍ത്തു.
അവര്‍ തലയാട്ടി.

തന്റെ തീരുമാനം തെറ്റിയില്ല എന്ന് കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍തന്നെ അവള്‍ക്ക് മനസ്സിലായി. സ്നേഹമുള്ള ഭര്‍ത്താവ്. എല്ലാം ചെയ്തുതരാന്‍ വേലക്കാര്‍.

രണ്ടു വേലക്കാരാണ് ഉള്ളത്. അംബാള്‍ എന്ന വൃദ്ധ. പിന്നെ പത്തു നാല്‍പ്പതു വയസ്സ് തോന്നിക്കുന്ന കാര്‍ത്തിക എന്ന സ്ത്രീ. രണ്ടാള്‍ക്കും ശ്രീലക്ഷ്മിയോട് ഭയങ്കര സ്നേഹമാണ്. ഡ്രൈവറുടെ പേര് പുരുഷോത്തമന്‍. അംബാളും പുരുഷോത്തമനും ഏകദേശം ഒരേ പ്രായമാണ്. എന്നാല്‍ രണ്ടാളും തമ്മില്‍ എന്തോ ഒരുഅടുപ്പം ഉള്ളത് പോലെ ശ്രീലക്ഷ്മിക്ക് തോന്നി. അവള്‍ അതൊരു തമാശയായി എടുത്തു.

ശ്രീദേവ് മിക്ക ദിവസങ്ങളിലും യാത്രയാണ്. അയാള്‍ക്ക് ഭയങ്കര തിരക്കാണ്. എന്നാല്‍ ശ്രീലക്ഷ്മിയെ ശ്രദ്ധിക്കുന്നതിലും സ്നേഹം പ്രകടിപ്പിക്കുന്നതിലും അയാള്‍ യാതൊരു ലോഭവും വരുത്തിയില്ല. കല്യാണം കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ നാട്ടിലെ പ്രമുഖ ടൂറിസ്റ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

“എനിക്ക് നിങ്ങള്‍ടെ ഫാക്ടറി ഒക്കെ കാണണം.” അവള്‍ പറഞ്ഞു.

ജലന്ധറിലാണ് ഒരു ഫാക്ടറി, പിന്നെ ഒന്ന് ഉത്തരാഘണ്ടിലും.

“നമുക്ക് പോകാം. ഈ തിരക്ക് ഒന്ന് ഒതുങ്ങിയിട്ട് .. നമുക്ക് കുഞ്ഞു വാവ ആവുന്നതിനു മുന്‍പ് നോര്‍ത്തിണ്ട്യ ഫുള്‍ കറങ്ങിയേക്കാം.” ശ്രീലക്ഷ്മി ലജ്ജയോടെ ചിരിച്ചു.

അവളും ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. സദാ സമയം ടിവിയും നെറ്റ്ഫ്ലിക്സും ഇന്‍സ്റ്റാഗ്രാമുമായി കഴിഞ്ഞാലും മടുപ്പ് എന്നൊരു സാധനം വരും.

രാവിലെ ഉണരുക. ബ്രേക്ക്ഫാസ്റ്റിനു സമയമാകുമ്പോള്‍ രുചികരമായ വിഭവങ്ങള്‍ ടേബിളില്‍ നിരന്നിരിക്കും. ഷോപ്പിംഗിന് പോകണമെങ്കില്‍ കാറും ഡ്രൈവറും. ടി.വിയും ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും… സ്വര്‍ഗ്ഗതുല്യമായ ജീവിതം.

കൊട്ടാരം പോലെ വിശാലമായ വീടിനുള്ളിലൂടെ നടക്കാന്‍ തന്നെ രസമാണ്. ഏറ്റവും അടിയില്‍ ഒരു ബെയ്സ്മെന്റ് ഉണ്ട്. അവിടുത്തെ മുറികള്‍ മാത്രം പൂട്ടിയിട്ടിരിക്കുകയാണ്.

“ഓ,അത് സ്റ്റോര്‍ റൂമുകളാണ്. ശ്രീദേവ് മോന്റെ കമ്പനിയിലെ എന്തൊക്കെയോ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ്‌.” അവള്‍ അന്വേഷിച്ചപ്പോള്‍ അംബാള്‍ പറഞ്ഞു.

മാറ്റങ്ങള്‍ ഇല്ലാത്ത ജീവിതമില്ലല്ലോ. തന്റെ ചുറ്റിലും മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ ശ്രീലക്ഷ്മി ശ്രദ്ധിച്ചില്ല .സുഖത്തിന്റെ ഒരു കുഴപ്പമതാണ്. അത് കണ്ണുകളെ മൂടിക്കെട്ടുന്നു. വേലക്കാരുടെ പെരുമാറ്റത്തിലാണ് ആദ്യം മാറ്റങ്ങള്‍ തുടങ്ങിയത്. ഒരു ദിവസം രാത്രി അത്താഴം വിളമ്പുന്നതിനിടയില്‍ അംബാള്‍ ശ്രീദേവിന്റെ പാത്രത്തിലേയ്ക്ക് കോഴിക്കറി വിളമ്പുന്നത്തിനിടയില്‍ പറഞ്ഞു.

“അങ്ങോട്ട്‌ കഴിക്കടാ.നിനക്ക് കോഴിക്കറി ഭയങ്കര ഇഷ്ടമല്ലേ..”

ശ്രീലക്ഷ്മി അത് കേട്ട ഒന്ന് ഞെട്ടി. എന്തൊക്കെ പറഞ്ഞാലും അവര്‍ ഒരു വേലക്കാരിയല്ലേ.. മുതലാളിയെ എടാ, നീ എന്ന് വിളിക്കുന്നത്‌ ശരിയാണോ?

പക്ഷെ അവര്‍ അങ്ങിനെ വിളിച്ചിട്ടും, ശ്രീദേവിന്റെ മുഖത്ത് ഒരു മാറ്റവുമില്ല. കാര്‍ത്തികയുടെ മുഖം മാത്രം വിളറി.

ഒരു പാവം വൃദ്ധയാണ്. അതിനി മനസ്സിലിട്ടു അലോസരം ആവണ്ട. എങ്കിലും അവള്‍ അന്ന് രാത്രി അതിനെക്കുറിച്ചു ഭര്‍ത്താവിനോട് സൂചിപ്പിച്ചു.

“അവര്‍ക്ക് ലേശം ഓര്‍മ്മക്കുറവുണ്ട്. ഇയാള്‍ അത് കാര്യമാക്കണ്ട.” ശ്രീദേവ് പറഞ്ഞു.

താന്‍ പറഞ്ഞത് ശ്രീദേവിന് ഇഷ്ടമായില്ല എന്ന് അവള്‍ സംശയിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു സ്വന്തം വീട് വരെ പോവുകയാണ് എന്ന് പറഞ്ഞ് അംബാള്‍ പോയി. അവരുടെ വീട് കേരളാ തമിഴ്നാട് അതിര്‍ത്തിയിലാണത്രെ.

ഇതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഒരിക്കല്‍ ശ്രീദേവിനൊപ്പം ഷോപ്പിങ്ങിനു പോകാന്‍ ഇറങ്ങിയതായിരുന്നു അവള്‍.

“നീയിത്ര നേരം എന്ത് ചെയ്തോണ്ടിരിക്കുകയായിരുന്നു. നോക്കിനിന്നു ഞാന്‍ മടുത്തു. എനിക്ക് രാത്രി വണ്ടിയോടിക്കാന്‍ വയ്യെന്ന് നിനക്ക് അറിയില്ലേ..?”

ഡ്രൈവര്‍ പുരുഷോത്തമന്‍ ശ്രീദേവിനോട് ക്ഷോഭിച്ചു. അയാളുടെ വര്‍ത്തമാനം കേട്ടു ശ്രീലക്ഷ്മി ഞെട്ടി. ആദ്യം അംബാള്‍. ഇപ്പോള്‍ പുരുഷോത്തമന്‍.

പുരുഷോത്തമന്‍ ചൂടായിട്ടും ശ്രീദേവ് ഒന്നും മിണ്ടിയില്ല. അതാണ്‌ അവളെ കൂടുതല്‍ അമ്പരപ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് പുരുഷോത്തമന്‍ നാട്ടിലേക്ക് പോയി. വീട്ടില്‍ കാര്‍ത്തികയും ശ്രീലക്ഷ്മിയും മാത്രം. ശ്രീലക്ഷ്മിക്ക് വീട്ടിലിരിപ്പ് മടുപ്പായി. മൊബൈലും സോഷ്യല്‍മീഡിയയും അവള്‍ക്ക് മടുത്തു.

“ചേച്ചിക്ക് എന്താ സുഖമില്ലേ..?”കാര്‍ത്തിക ചോദിച്ചു.

“ഏയ്‌,കുഴപ്പമില്ല.”

“എട്ടന്‍ ഇല്ലാഞ്ഞിട്ടാണോ ? ഏട്ടന്‍ ഉടനെ വരും.” കാര്‍ത്തിക പറഞ്ഞു.

“ഏട്ടനോ ?” ശ്രീലക്ഷ്മി അമ്പരപ്പോടെ പറഞ്ഞു.

“അയ്യാ അല്ല.. ശ്രീദേവ് സര്‍..” കാര്‍ത്തിക ചമ്മലോടെ പറഞ്ഞു.

“ഉം.” ശ്രീലക്ഷ്മി ഇരുത്തി മൂളി.

തനിക്ക് മനസിലാകാത്ത എന്തോ ഒന്ന് തന്റെ ചുറ്റിനും നടക്കുന്നു എന്ന സംശയം അവളില്‍ ശക്തമായി. ഇടയ്ക്ക് അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എങ്കിലും എല്ലാം നിന്റെ തോന്നലാണ് എന്ന് പറഞ്ഞു മാതാപിതാക്കള്‍ അവളെ ആശ്വസിപ്പിച്ചു.

അംബാള്‍ തിരിച്ചു വന്നതും കാര്‍ത്തിക നാട്ടിലേക്ക് പോയി. അവള്‍ മടങ്ങി വന്നത് രണ്ടാഴ്ച കഴിഞ്ഞു. അവള്‍ മടങ്ങി വന്നപ്പോള്‍ അംബാളും പുരുഷോത്തമനും പോയി. ശ്രീദേവ് ഒരാഴ്ച്ച നാട്ടില്‍ ഉണ്ടെങ്കില്‍ ഒരാഴ്ച നോര്‍ത്തിലാണ്.

ഇപ്പോള്‍ ശ്രീലക്ഷ്മിയും കാര്‍ത്തികയും മാത്രമേ വീട്ടിലുള്ളൂ. ശ്രീലക്ഷ്മിക്ക് മനസ്സാകെ മൂടിക്കെട്ടി.

“നമുക്ക് ബെയ്സ്മെന്റിലെ റൂം ഒന്ന് തുറന്നാലോ.. ഞാന്‍ ഇത് വരെ അതിനുള്ളില്‍ കേറിയിട്ടില്ല.”
ശ്രീലക്ഷ്മി ചോദിച്ചു.

“അയ്യോ ,അതിന്റെ താക്കോല്‍ ശ്രീദേവ് സാറിന്റെ കയ്യിലാണ് ചേച്ചി.” കാര്‍ത്തിക പറഞ്ഞു.

അന്ന് രാത്രി വളരെ വൈകിയാണ് ശ്രീലക്ഷ്മി കിടന്നത്. കിടന്നിട്ടും അവള്‍ക്ക് ഉറക്കം വന്നില്ല. പെട്ടെന്ന് താഴത്തെ ഹാളില്‍ ആരോ നടക്കുന്നത് പോലെ അവള്‍ ശബ്ദം കേട്ടു. ശ്രീലക്ഷ്മി മെല്ലെ എഴുന്നേറ്റു. ശബ്ദം ഉണ്ടാക്കാതെ അവള്‍ മുറിയില്‍ നിന്നിറങ്ങി.താഴെ ഹാളിലെ മങ്ങിയ വെളിച്ചത്തില്‍ കാര്‍ത്തിക നില്‍ക്കുന്നത് ശ്രീലക്ഷ്മി കണ്ടു.

ഹാളില്‍ കുബേര ഭഗവാന്റെ വലിയ ഒരു ചിത്രമുണ്ട്. ശ്രീദേവിന് വലിയ ഭക്തിയാണ് കുബേരനോട്‌. വീട്ടില്‍ ഉണ്ടെങ്കില്‍ ശ്രീദേവ് എല്ലാ ദിവസവും രാവിലെ കുബേരന്റെ മുന്നില്‍ വിളക്ക് തെളിക്കും. കാര്‍ത്തിക ഭിത്തിയില്‍ ഉറപ്പിച്ച ആ ചിത്രത്തിനു പിന്നിലേക്ക് കയ്യിട്ട് എന്തോ എടുക്കാന്‍ ശ്രമിക്കുകയാണ്. എടുത്തതിനുശേഷം അവള്‍ ഹാളില്‍നിന്ന് ബെയ്സ്മെന്റിലേക്ക് ഇറങ്ങുന്ന സ്റ്റെയര്‍ക്കേസിലെക്ക് പോകുന്നത് ശ്രീലക്ഷ്മി കണ്ടു.

നെറ്റ്ഫ്ലിക്സില്‍ അനേകം ക്രൈം ത്രില്ലര്‍ സീരിസുകള്‍ കണ്ടത് ശ്രീലഷ്മിയെ തുണച്ചു. അവള്‍ ഒട്ടും ശബ്ദം ഉണ്ടാക്കാതെ താഴേക്ക് ചെന്നു.

കാര്‍ത്തിക താഴെ ഇറങ്ങി ബെയ്സ്മെന്റിലെ ഒരു മുറി തുറക്കുന്നു. അപ്പോള്‍ അവള്‍ കുബേരന്റെ പിന്നില്‍നിന്ന് എടുത്തത്‌ താക്കോലാണ്! ശ്രീദേവിനെയൊ പോലീസിനെയോ വിളിക്കുന്നത്‌ ശ്രീലഷ്മി ആലോചിച്ചു.പിന്നെ വേണ്ടെന്നു വച്ചു. ഇത് എവിടം വരെ പോകുമെന്ന് അറിയണമല്ലോ.

ബെയ്സ്മെന്റിലെ റൂമില്‍ കയറിയ കാര്‍ത്തിക പത്തുമിനിറ്റ് കഴിഞ്ഞതിനുശേഷം പുറത്തു വന്നു. അവളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. അവള്‍ തിരിച്ചു വരുന്നത് കണ്ട ശ്രീലക്ഷ്മി വേഗം മാറി. കാര്‍ത്തിക തിരിച്ചു ഹാളില്‍ വന്നു താക്കോല്‍ പഴയ സ്ഥാനത്തു വച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ശ്രീലഷ്മിയുടെ ഉറക്കം നഷ്ടപ്പെട്ടു.

അവള്‍ എന്തിനായിരിക്കും തന്നോട് നുണ പറഞ്ഞത് ? ആ ബെയ്സ്മെന്റിന്റെ താക്കോലിന്റെ കാര്യം ശ്രീദേവ് പോലും തന്നോട് പറഞ്ഞില്ല. അവളുടെ ബാഗ് പരിശോധിച്ചാലോ ? വേണ്ട. ഒന്നും പറയാന്‍ പറ്റില്ല. താന്‍ തനിച്ചാണ്. അവള്‍ ഉപദ്രവിച്ചാല്‍….

പോലീസിനെ വിളിക്കുന്നത്‌ ആദ്യം തന്നെ അവള്‍ ഉപേക്ഷിച്ചു. അവര്‍ വന്നാല്‍ പിന്നെ സ്വത്തിന്റെ കാര്യം മുഴുവന്‍ പരിശോധിക്കും. രേഖകള്‍ ചോദിക്കും. അതൊക്കെ ശ്രീദേവിനു ബുദ്ധിമുട്ടാകും.

അവള്‍ ശ്രീദേവിനെ വിളിച്ചു. അയാളുടെ ഫോണ്‍ സ്വിച്ചോഫാണ്.

അവള്‍ ഒരു വാട്സപ്പ് മെസേജ് അയാള്‍ക്ക് അയച്ചു.

പിറ്റേന്ന് വൈകിയാണ് ശ്രീലഷ്മി ഉണര്‍ന്നത്.ഉണര്‍ന്നയുടനെ അവള്‍ ഫോണ്‍ നോക്കി. ശ്രീദേവ് തന്റെ മെസേജ് കണ്ടതിന്റെ ബ്ലൂടിക്ക് `വീണിട്ടുണ്ട്. എന്നാല്‍ അയാള്‍ മറുപടി ഒന്നും അയച്ചിട്ടില്ല. ശ്രീലക്ഷ്മി വേഗം എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടന്നു.കാര്‍ത്തികയെ കാണാനില്ല.

അവള്‍ ബാഗുമായി മുങ്ങിയിരിക്കുന്നു.

അവള്‍ വേഗം ശ്രീദേവിനെ വിളിച്ചു. ഏറെ ബെല്ലടിച്ചിട്ടാണ് അയാള്‍ ഫോണ്‍ എടുത്തത്‌.

“കാര്‍ത്തിക എന്റെ ചെറുപ്പം മുതല്‍ നമ്മുടെ വീട്ടിലുണ്ട്. ആള്‍ക്ക് ഒരു കാമുകനും വീട്ടില്‍ ചില പ്രശ്നങ്ങളുമുണ്ട്. അങ്ങിനെ ഉള്ളപ്പൊ ചിലപ്പോ പറയാതെ പോകും. കുറച്ച ദിവസം കഴിഞ്ഞു തിരികെ വരും.”

“അപ്പോള്‍ പോലീസില്‍ പരാതിപ്പെടണ്ടേ..?”

“അയ്യോ.. അബദ്ധം കാണിക്കരുത്. പോലീസൊക്കെ വന്നാല്‍ ആകെ പ്രശ്നമാകും.”ഇപ്പോള്‍ ശ്രീദേവിന്റെ സ്വരത്തില്‍ ഒരു ആന്തല്‍ കലര്‍ന്നു.

ബാഗ് കൊണ്ടുപോയ കാര്യം ശ്രീദേവിനോട് പറയണോ എന്ന് ശ്രീലക്ഷ്മി ആലോചിച്ചു. അപ്പോള്‍ ബെയ്സ്മെന്റിന്റെ കാര്യം പറയണ്ട. തല്‍ക്കാലം അത് പറയണ്ട എന്ന് ശ്രീലക്ഷ്മി തീരുമാനിച്ചു. ആദ്യം ആ ബെയ്സ്മെന്റില്‍ എന്താണ് എന്ന് നോക്കാം.എന്നിട്ടാകാം ബാക്കി.

“ഞാന്‍ തന്നെ ഇവിടെയെങ്ങിനെ നില്‍ക്കും ?” അവള്‍ ചോദിച്ചു.

“മോളൊരു രണ്ടു മൂന്നു ദിവസം ക്ഷമിക്ക്. ഇപ്പൊ തമിഴ്നാട്ടില്‍ പൊങ്കലാണ്. നല്ല കളക്ഷന്‍ കിട്ടുന്ന .. സോറി കച്ചോടം കിട്ടുന്ന ടൈമാണ്.. ഇപ്പൊ വന്നാല്‍ ശരിയാകില്ല.”

“ഞാന്‍ പിന്നെ എന്ത് ചെയ്യും ?” ശ്രീലക്ഷ്മിക്ക് ദേഷ്യം വന്നു.

“മോള്‍ടെ വീട്ടില്‍ പോയി നിലക്ക്.. അല്ലെങ്കില്‍ .. അല്ലെങ്കില്‍ ഒരു സോളോ ട്രിപ്പ്. ഒരു ചെയ്ഞ്ച് ആവട്ടെ.. ഞാന്‍ കാശ് നിന്റെ അക്കൌണ്ടില്‍ ഇപ്പൊ ഇട്ടുതരാം.”

“ശരി.”

അവള്‍ മടുപ്പോടെ ഫോണ്‍ വച്ചു. അടുത്ത നിമിഷം അക്കൌണ്ടില്‍ പണംവന്ന മെസേജ് വന്നു.

ശ്രീലക്ഷ്മി നേരെ കുബേരന്റെ ചിത്രത്തിനരികിലെയ്ക്ക് പോയി. ചിത്രത്തിന്റെ പിന്നില്‍ നിന്ന് അവള്‍ ആ താക്കോല്‍ എടുത്തു. മിടിക്കുന്ന നെഞ്ചുമായി അവള്‍ ബെയ്സ്മെന്റിന്റെ സ്റ്റെപ്പുകള്‍ ഇറങ്ങി.

താക്കോല്‍ തിരിച്ചു ഒന്നാമത്തെ മുറിയുടെ വാതില്‍ തുറന്നതും കടുത്ത ദുര്‍ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി. അവള്‍ ഒരു നിമിഷം ഭയത്തോടെ പിന്നിലേയ്ക്ക് ചുവടു വച്ചു. എന്തും വരട്ടെ. ഒരു വിപദി ധൈര്യം ശ്രീലക്ഷ്മിയെ ആ നിമിഷം മുതല്‍ ഭരിക്കാന്‍ തുടങ്ങി. ഇവിടെ നടക്കുന്നതെന്താണ് എന്ന് തനിക്ക് കണ്ടെത്തണം.

അവള്‍ മെല്ലെ മുറിയിലേക്ക് വീണ്ടും കയറി.ലൈറ്റിട്ടൂ. മുറിയിലെ കാഴ്ച കണ്ടു അവള്‍ ശരിക്കും ഞെട്ടി.

അഴുക്കു പിടിച്ച ധാരാളം വസ്ത്രങ്ങള്‍ മുറി നിറയെ കൂട്ടിയിട്ടിരിക്കുന്നു. അഴുക്കു പിടിച്ച ബാഗുകള്‍ ,മൊന്തകള്‍, മുഖത്തു പുരട്ടുന്ന ചായങ്ങള്‍, മുടിക്കെട്ടുകള്‍.. മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍..

ഭിത്തിയില്‍ രണ്ടു രണ്ടു വലിയ കണ്ണാടികള്‍.

മുറി മൊത്തം കണ്ടു കഴിഞ്ഞപ്പോഴാണ് അതെന്താണ് എന്ന് ശ്രീലക്ഷ്മിക്ക് മനസില്ലായത്‌. ഇത് വേഷം മാറുന്ന സ്റ്റുഡിയൊ ആണ്. പക്ഷേ എന്തിന് ?

അല്‍പ്പനേരം കൂടെ അവള്‍ അവിടെ നിന്നതിനുശേഷം അവള്‍ വാതില്‍ പൂട്ടി പുറത്തിറങ്ങി. രണ്ടാമത്തെ മുറി അവള്‍ തുറന്നില്ല. അതുംകൂടി കാണാനുള്ള ശക്തി തനിക്കില്ല.

ആദ്യം വീട്ടിലേക്ക് പോകാനാണ് ശ്രീലക്ഷ്മിക്ക് തോന്നിയത്. എന്നാല്‍ രണ്ടാമത് ആലോചിച്ചപ്പോള്‍ അവള്‍ വേണ്ടെന്നു വച്ചു. അച്ഛനും അമ്മയും അറിഞ്ഞാല്‍ കാര്യങ്ങള്‍ ഗുരുതരമാകും. അവരെ സങ്കടപ്പെടുത്താന്‍ അവള്‍ക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു.

അല്‍പ്പം സമാധാനമാണ് തനിക്ക് വേണ്ടത്. സ്വസ്ഥമായിരുന്നു അല്‍പ്പം ആലോചിക്കണം.ബാഗ് പാക്ക് ചെയ്തു അവള്‍ പുറത്തിറങ്ങി. റെയില്‍വേ സ്റ്റേഷനിലെത്തുന്നത് വരെ എങ്ങോട്ട് പോകണമെന്ന് അവള്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു. സ്റ്റേഷനില്‍ എത്തിയതും നാഗര്‍കോവില്‍ ട്രെയിന്‍ വന്നു. അവള്‍ ഒന്നും നോക്കാതെ ടിക്കറ്റ് എടുത്തു.

ട്രെയിനില്‍ തീരെ തിരക്ക് കുറവായിരുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ അവള്‍ ഇരുന്ന ബര്‍ത്തിന് സമീപം ആരുമില്ലായിരുന്നു. തനിച്ചു യാത്ര ചെയ്യുന്നതില്‍ ശ്രീലക്ഷ്മിക്ക് ഭയം തോന്നിയില്ല. ബെയ്സ്മെന്റിലെ ആ മുറിയിലേക്ക് വിചിത്രമായ കാഴ്ചയും ദുര്‍ഗന്ധവും അനുഭവിച്ച നിമിഷതത്തെ ഷോക്ക് അവളെ വിട്ടുമാറിയിരുന്നില്ല. സത്യത്തില്‍ ആ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കൂടുതല്‍ സുരക്ഷിതത്വമാണ് അവള്‍ക്ക് തോന്നിയത്.

ട്രെയിന്‍ വേനലില്‍ വിണ്ടുകീറിയ പാടങ്ങള്‍ മുറിച്ചു പാഞ്ഞു. മരക്കൂട്ടങ്ങളും വീടുകളും പിന്നിലേക്ക് മായുന്നത് ജനാലയില്‍ മുഖം ചേര്‍ത്ത് ശ്രീലക്ഷ്മി നോക്കിയിരുന്നു. ജനാലയഴികളില്‍ നനവ്‌ പറ്റിയപ്പോഴാണ് താന്‍ നിശബ്ദമായി കരയുകയായിരുന്നുവെന്ന് ശ്രീലക്ഷ്മിക്ക് മനസ്സിലായത്.

പുലര്‍ച്ചെ ട്രെയിന്‍ നാഗര്‍കോവില്‍ എത്തി.ഇനി എങ്ങോട്ട് ?

അവള്‍ റെയില്‍വെസ്റ്റേഷന്റെ അരികിലെ ചായക്കടയില്‍ നിന്ന് ഒരു ചായ വാങ്ങിക്കുടിച്ചു. ഏതോ ക്ഷേത്രത്തില്‍ നിന്നുയരുന്ന ഭക്തിഗാനം. എങ്ങും ഒരു ഉത്സവാന്തരീക്ഷം. പെട്ടെന്നാണ് ആരോ ഓര്‍മ്മിപ്പിച്ചത് പോലെ ആ ക്ഷേത്രത്തിന്റെ കാര്യം അവള്‍ ഓര്‍ത്തത്. ശുചീന്ദ്രം ക്ഷേത്രം.

അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള അമ്പലമാണ് ശുചീന്ദ്രം. നാഗര്‍കോവിലിനു അടുത്താണ് അമ്പലമെന്ന് അവള്‍ അമ്മ പറഞ്ഞു കേട്ടിരുന്നു. അവള്‍ മൊബൈല്‍ തുറന്നു ഗൂഗിളില്‍ പരതി. സ്റ്റേഷനില്‍ നിന്ന് ആറോ ഏഴോ കിലോമീറ്റര്‍ മാത്രമേ ഉള്ളു.

“ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് ബസ് എവിടുന്നാ ?” അവള്‍ കടക്കാരനോട് ചോദിച്ചു.

“ഉത്സവം കൂടാനാണ് അല്ലെ..” അയാള്‍ ചോദിച്ചു.

“അത്.. അതെ.”

അയാള്‍ ബസ് സ്റ്റോപ്പ് ചൂണ്ടിക്കാണിച്ചു.

ആദ്യം വന്ന ബസ്സില്‍ത്തന്നെ ശ്രീലക്ഷ്മി കയറി. ബസ്സില്‍ പൂക്കളുടെയും പലഹാരങ്ങളുടെയും ഗന്ധം നിറഞ്ഞിരുന്നു. പൂക്കുടകളും പലഹാരക്കൊട്ടകളുമായി കലപില വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകളായിരുന്നു ബസ്സില്‍ കൂടുതലും. എല്ലാവരും അമ്പലത്തിലേക്കാണ്. ശുചീന്ദ്രം അമ്പലത്തില്‍ ഇനി ഒന്‍പതു നാള്‍ മാര്‍ഗഴി ഉത്സവം.

ബസ് ഇറങ്ങിയ ശ്രീലക്ഷ്മി അമ്പലത്തിന്റെ ഗാംഭിര്യം കണ്ടു ഒരു നിമിഷം വിസ്മയിച്ചു നിന്നു. നൂറടിക്ക് മുകളില്‍ ഉയരമുള്ള ക്ഷേത്ര ഗോപുരം. വെളുത്ത കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗോപുരത്തില്‍ നിറയെ കൊത്തുപണികള്‍.

എല്ലാം മറന്നു അവള്‍ വേഗം അമ്പലത്തിനുള്ളിലേക്ക് നടന്നു. നെയ്യുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. ത്രിമൂര്‍ത്തികളെ പ്രതിഷ്ടിച്ചിരിക്കുന്ന കോവില്‍. ശിവന്റെ വാഹനമായ നന്ദിയുടെ കൂറ്റന്‍ പ്രതിമ. വിശാലമായ അമ്പലക്കുളത്തിനരികില്‍ അവള്‍ ഒരല്പനേരമിരുന്നു.

“എല്ലാം…. എല്ലാം ഒരു ദു:സ്വപ്നമാണ്.” നിശ്ചലമായ ജലപ്പരപ്പിലേക്ക് നോക്കി അവള്‍ പിറുപിറുത്തു.

എത്ര നേരം അവിടെ ഇരുന്നുവെന്ന് അവള്‍ക്ക് അറിയില്ല. മനസ്സ് ശാന്തമായപ്പോള്‍ അവള്‍ എഴുന്നേറ്റു. പ്രധാനകോവിലിലെ പൂജ കഴിയാറാക്കുന്നു. മാര്‍കഴി നാളുകളില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജയുണ്ട്. നിന്ന് തിരിയാന്‍ ആവാത്ത തിരക്കാണ് അമ്പലത്തിനുള്ളില്‍.

തൊഴുത ശേഷം തിരിച്ചു അമ്പലത്തിനു വെളിയിലേക്ക് നടക്കുന്നതിനിടയിലാണ് അവള്‍ ആ കാഴ്ച കണ്ടത്. അമ്പല ഭിത്തിയോട് ചേര്‍ന്ന് യാചകര്‍ക്കിടയില്‍, അത് കാര്‍ത്തികയല്ലേ…

കീറിപ്പറിഞ്ഞ വേഷവും കയ്യില്‍ ഒരു തുരുമ്പു പിടിച്ച പാത്രവുമായി.. അവളുടെ മുഖത്തും കയ്യിലും നിറയെ മുഴകള്‍…
ഞെട്ടിത്തരിച്ച ശ്രീലക്ഷ്മി വേഗം ആളുകള്‍ക്കിടയിലേയ്ക്ക് മാറിനിന്നു. മാറിനിന്നു അവള്‍ രംഗം ഒരിക്കല്‍ക്കൂടി ശ്രദ്ധിച്ചു.

അത് അവള്‍ തന്നെയാണ്.കാര്‍ത്തിക. ബെയ്സ്മെന്റിലെ മുറിയുടെ ഉപയോഗം ശ്രീലക്ഷ്മിക്ക് ഇപ്പോഴാണ് മനസ്സിലായത്. കാര്‍ത്തികയുടെ അടുത്തു ഒരു വൃദ്ധ ദമ്പതികള്‍.

ജടപിടിച്ച മുടിയും, ചുക്കിച്ചുളിഞ തൊലിയുമായി ഇരിക്കുന്ന സ്ത്രീ.. അവരെ എവിടെയോ കണ്ടുപരിചയം തോന്നി. അത്..അത് അംബാള്‍ അല്ലെ..!!

അതിനടുത്തിരിക്കുന്ന വൃദ്ധയാചകന്‍.. അത് അയാളാണ് ഡ്രൈവര്‍ പുരുഷോത്തമന്‍. അമ്പലട്ടിനുള്ളിലേക്ക് പോകുന്ന ഭക്തര്‍ ഇഷ്ടംപോലെ പൈസ അവരുടെ മുന്നിലേക്ക് ഇടുന്നു. ആ കാഴ്ച കൂടുതല്‍ നേരം കാണാന്‍ നില്‍ക്കാതെ ശ്രീലക്ഷ്മി അവിടുന്ന് നീങ്ങി.

ട്രെയിനിലിരിക്കുമ്പോള്‍ മൂടല്‍ മഞ്ഞു തിങ്ങിയ ഒരു സ്വപ്നത്തിലാണ് താനെന്നു അവള്‍ക്ക് തോന്നി.

അവള്‍ ശ്രീദേവിനെക്കുറിച്ച് ആലോചിച്ചു? ശരിക്കും അയാള്‍ ആരാണ് ? മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം അവള്‍ വീട്ടിലെത്തി. രാത്രിയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ അവള്‍ കുബേരന്റെ പിന്നിലെ താക്കോല്‍ എടുത്തു നേരെ ബെയ്സ്മെന്റിലേക്ക് നീങ്ങി.

അതിനു മുന്‍പ് തുറക്കാതിരുന്ന രണ്ടാമത്തെ മുറിയാണ് ഇത്തവണ അവള്‍ തുറന്നത്. ഇതും ആദ്യത്തെ മുറി പോലെ ഒരു സ്റ്റുഡിയൊ ആണ്. ഒരു ഭിക്ഷക്കാരനായി രൂപാന്തരം പ്രാപിക്കാനുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള മുറി. അതിനിടയില്‍ ഭിത്തിയിലെ ചിത്രങ്ങളില്‍ അവളുടെ കണ്ണുകള്‍ ഉടക്കി.
ചെറുപ്പക്കാരായ രണ്ടു യാചകര്‍. സ്ത്രീയുടെ എളിയില്‍ ഒരു പെണ്‍കുഞ്ഞ്. പുരുഷന്റെ കാലില്‍ ഒട്ടിനിന്ന് പാത്രം നീട്ടുന്ന ബാലന്‍.

അടുത്ത ഫോട്ടോയില്‍ അവര്‍ അല്‍പ്പം കൂടി വളര്‍ന്നിരിക്കുന്നു. അമ്പാള്‍, അവരുടെ ഭര്‍ത്താവ് പുരുഷോത്തമന്‍, മകന്‍ ശ്രീദേവ്. മകള്‍ കാര്‍ത്തിക.

ആരോ തന്റെ തോളില്‍ സ്പര്‍ശിച്ചതറിഞ്ഞു അവള്‍ ഞെട്ടിത്തിരിഞ്ഞു.

ശ്രീദേവ്.

“വെല്‍ക്കം ടൂ ഔവര്‍ ഫാമിലി ബിസിനസ് ഡിയര്‍.”

അയാള്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.

കോട്ടയം സ്വദേശി. വൈദ്യുത ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'ദൂരെ ദൂരെ റോസാക്കുന്നില്‍' 'വിഷാദവലയങ്ങള്‍' 'ശ്വേതദണ്ഡനം' എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയിലും എഴുതുന്നു