പ്രസാദം

അഗാധമായ നീലക്കടൽ ഒളിപ്പിച്ച നിന്റെ കണ്ണുകളിൽ
എന്നെ കണ്ടില്ലായിരുന്നുവെങ്കിൽ…
നിന്നെ ഞാൻ  തിരിച്ചറിയുമായിരുന്നോ?

ഇഷ്ടങ്ങളുടെ ചിത്രത്തുന്നലുകളോടൊപ്പം
ഓർമകളുടെ പനിനീർ ഗന്ധങ്ങളുമൊളിപ്പിച്ച്  
എന്നും കൂടെ കൊണ്ടുനടന്നിരുന്നൊരു പഴയ പുസ്തകത്തിന്റെ
പഴകാത്ത താളുകൾക്കിടയിൽ    
ഒരു മയിൽപ്പീലിത്തുണ്ടു മാത്രം കൂട്ടിനായി വച്ച്,
ദൂരെയെവിടെയോ ഉപേക്ഷിക്കുമ്പോഴും,
ഞാൻ എന്റെ കണ്ണുകളാണ് മൂടി കെട്ടിയത്
പിന്നെയും പിന്നെയും നിന്നെ കാണാൻ തോന്നിയാൽ,
കണ്ടു പിടിക്കാതിരിക്കാൻ…
കൂടെ കൂട്ടാതിരിക്കാൻ…

എന്നിട്ടും, നീ എന്നെ തേടി വരുമ്പോൾ
വീണ്ടും സ്വപ്നം കാണാൻ മെല്ലെ മെല്ലെ പഠിപ്പിക്കുമ്പോൾ
ആരോ എന്നോ എഴുതിവച്ചൊരു മഹാകാവ്യം
പൊടിതട്ടിയെടുത്തുമുഴുമിപ്പിക്കാൻ നിന്നെ അയച്ചതാര്
എന്ന ചോദ്യം പിന്നെയും ബാക്കി…

ഉറങ്ങാത്ത രാവുകളിലോരോന്നും
ഒരു  നറും നിലാവായി കൂടെ കൂടുമ്പോൾ …  
എന്റെ പകൽച്ചൂടിലേയ്ക്ക് നീ തിമിർത്തു പെയ്യുമ്പോൾ…
ഒന്ന് നനയാൻ മാത്രം ഞാൻ പുറത്തിറങ്ങി നിൽക്കാറുണ്ട്.
അകവും പുറവും ഒരുപോലെ നനയ്ക്കുന്ന
നിന്റെ കവിതകളുടെ കുളിർകമ്പളം കൊണ്ടെന്നെ
പുതച്ചു നെഞ്ചോട് ചേർക്കുമ്പോൾ ….
ഞാൻ വീണ്ടും ജീവിക്കുകയാണ്…

ഈ കരുതലിനു പകരമായി ഞാൻ നിനക്കെന്താണ് നൽകേണ്ടത്?
ഇളം വാഴയിലയിൽ പൊതിഞ്ഞൊരു –
പാലപ്പൂവിനും തുളസിക്കതിരിനും ഒപ്പം
പ്രസാദമായി എന്നെ നിനക്ക് തരട്ടെ?
എന്നും രാവിലെ നീ അതണിഞ്ഞു നടക്കുന്നത്
കൺകുളിർക്കെകാണണമെനിക്ക്.

എനിക്ക് മാത്രമേ നിന്നെ കാണാൻ കഴിയൂ എന്ന്
നീ പറഞ്ഞത് കള്ളമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു…
ഈ സ്നേഹത്തിൽ മതിമറന്നു ഞാനിരിക്കുമ്പോൾ,
ചുണ്ടുകളിൽ നിനക്കായി പ്രണയചുംബനങ്ങളുടെ
പെരുമഴക്കുറുമ്പൊളിപ്പിച്ച്  പാത്തു നിൽക്കുമ്പോൾ,
ചുറ്റുമുള്ള കണ്ണുകളിൽ അസൂയ കാണാനാണെനിക്കിഷ്ടം…
സഹതാപമല്ല…

തിരുവനന്തപുരം സ്വദേശി. ജലശുദ്ധീകരണ മേഖലയിൽ എഞ്ചിനീയർ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിനിന്നും എൻവിറോണ്മെന്റൽ എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദം. അമേരിക്കയിലെ നോർത്ത് കരോളിനയിൽ താമസം