പ്രണയിനി എഴുതുന്ന സന്ദേശം

ഒറ്റയ്ക്കിരുന്നു നീ മനസ്സിൽ കുറിക്കുന്ന
കഥയിലെ പ്രണയിനി ഞാനാവണം.
തോന്നുമ്പോൽ പെയ്യുന്ന മഴയിൽ
കുടക്കൂട്ടാകുവാൻ എന്നെ ഓർമ്മിക്കണം.

അധികമാൾ കയറിയിറങ്ങാത്ത നിൻ സങ്കേതത്തിൽ
എനിക്ക്‌ പതിവ്‌ അന്തേവാസിയാവണം.
കാമ്പില്ലാത്ത എന്റെ മുറിക്കവിതകൾക്കെല്ലാം
ആദ്യവായനക്കാരനാവണമെന്ന് നീ ശഠിക്കണം.

പങ്കുവയ്ക്കലിനൊന്നുമില്ലാത്ത ദിനങ്ങൾക്കൊടുവിലും
എന്നോടൊത്ത്‌ വെറുതെയിരിക്കാൻ നീ വരണം.
വെയിൽ ചായുന്ന വഴികളിൽ നീയെന്നെ
വിരലുകൾ കൊരുത്ത്‌ നടക്കാൻ ക്ഷണിക്കണം.

നിന്റെ ഹൃദയത്തിൽ ഒരു തുണ്ടുനിലമെങ്കിലും നീ
നമ്മുടെ രഹസ്യങ്ങൾക്ക്‌ നീക്കിവയ്ക്കണം.
നിന്റെ നിശബ്ദപലായനങ്ങളിലെ വിചാരങ്ങളിൽ
പോലും രാവും പകലും എനിക്ക്‌ തങ്ങണം.

പകലിന്റെ സ്വപ്നങ്ങൾ ഇങ്ങനെ നിവരുന്നു
തീരുമാനങ്ങളിൽ നേരവും തീരാനായുന്നു.
ഇനിയെനിക്കുള്ള ഒരൽപനേരത്തിനെങ്കിലും,
ഞാൻ നിന്നെയെന്ന പോലെ നീ എന്നെയൊന്നു പ്രണയിച്ചെങ്കിൽ!

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.