പ്രണയമീനുകൾ

ആനന്ദത്തിൻ്റെ വെൺനുര ചിതറുന്ന
നീലത്തിരമാലകൾക്ക് മുകളിൽ നൃത്തംചവിട്ടുന്ന പ്രണയ മീനുകളെ കണ്ടിട്ടുണ്ടോ നിങ്ങൾ…?

എന്നെ നോക്കൂ
പിന്നീടവളുടെ കണ്ണുകളിലേക്കും…

അത് ഞാനും അവളും തന്നെയാണ്…

പവിഴപ്പുറ്റുകൾക്ക് മീതെ നക്ഷത്രമീനും നീലത്തിമിംഗലക്കുഞ്ഞുങ്ങളും
ഞങ്ങൾക്കൊപ്പം നടക്കാനിറങ്ങുമ്പോൾ
കടൽനീലിമയുടെ അടിത്തട്ടുകളിൽ ഞങ്ങൾ പ്രണയത്തിൻ്റെ കവിതകൾ പാടും…

അപ്പോൾ
അവളെന്നയും ഞാനവളേയും ഇടതടവില്ലാതെ
ചുംബിച്ചു കൊണ്ടേയിരിക്കും…

അന്നേരമൊക്കയും ഞങ്ങളുടെ ചെകിളപ്പൂവുകൾ വിടരുകയും
പ്രണയഗന്ധം നിറഞ്ഞ നീർകുമിളകൾ
ഉപ്പുജലത്തിൻ്റെ ഉപരിതലങ്ങളിലേക്ക്
ശൃംഗാരഭാവങ്ങളോടെ പൊട്ടാനുയരുകയും ചെയ്യും…

ആകാശത്തിൽ
നക്ഷത്രങ്ങൾ പൂക്കുന്ന രാത്രികാലങ്ങളിൽ
ഞങ്ങൾക്ക് വർണ്ണച്ചിറകു മുളയ്ക്കും…

അപ്പോൾ നീലക്കടലിനുംമീതേ
നീലവാനത്തിനും താഴെ ഞങ്ങൾ രണ്ട് നിശാശലഭങ്ങളായി പ്രണയം ചുരത്തും…

അവളുടെ കണ്ണുകളിലേക്ക് എൻ്റെ ലോകം ചെറുതാകും
എൻ്റെ കണ്ണുകളിൽ വെണ്ണിലാവ് പോലെ അവളുടെ പുഞ്ചിരിയും…

കരയിലെ മുളംകാടിൻ്റെ മൃദുരവങ്ങളിൽ,
ആർത്തിരമ്പുന്ന തിരകളുടെ നതോന്നതയിൽ,
ഞങ്ങൾ പ്രണയോന്മാദത്തിൻ്റെ നൃത്തം ചവിട്ടും…

അതുപോലൊരു ഋതു
അതുപോലൊരു കാറ്റ്
അതുപോലൊരു തിര
പിന്നെ പുണരാൻ വെമ്പുന്ന കര…

പിന്നെയും പിന്നെയും അതുപോലെയതുപോലെ മറ്റുള്ളതൊക്കെ ഞങ്ങളിലേക്ക് മാത്രമായി ചുരുങ്ങും…

അപ്പോഴും ഞങ്ങൾ
കൊരുത്തപ്പെട്ട ചുണ്ടുകളുമായി പ്രണയത്തിൻ്റെ ഉപ്പുഗന്ധങ്ങളിൽ…

ആലപ്പുഴ ജില്ലയിലെ എടത്വായാണ് സ്വദേശി. 5വർഷമായി ഡെൽഹിയിൽ ഹോം കെയർ നഴ്സിങ്ങിൻ്റെ സബ് ഏജൻ്റായിരുന്നു. നവമാധ്യമങ്ങളിൽ സജീവം