സൂര്യനൊപ്പം നടക്കുന്ന
പകലിനെ നോക്കി
സന്ധ്യയുടെ മറവിൽ
രാത്രി പതിയിരുന്നു.
അവനിൽ
പകയുടെ കറുപ്പ് നിറയുകയായിരുന്നു.
അവളോടുള്ള പക,
തൻ്റെ പ്രണയം കണ്ടിട്ടും
കാണാതെ
പകലോനോട് ചേർന്നവൾ !
വിരഹം ഉരുക്കി
ഒരു കത്തിയുണ്ടാക്കി
അവളെയും
കാത്ത് അവൻ നിന്നു.
പ്രിയനോട് വിടപറഞ്ഞ്
സന്ധ്യയിലേക്കവൾ ഇറങ്ങവേ
അവനാ ആയുധം
അവളുടെ മാറിലേക്കാഴ്ത്തി.
അവളുടെ ഹൃദയം തകർന്ന്
പ്രണയരക്തം
സന്ധ്യയാകെ ചിതറി.
അവസാനശ്വാസത്തിനായുമ്പോൾ
അവൻ്റെ
കണ്ണുകളിലേക്കവൾ നോക്കി.
മുറിവാക്കു ചിതറിച്ച് ചിതറിച്ച്
പറഞ്ഞൂ
ഒരുമിക്കുവാൻ നമുക്കാവില്ല ,
പിന്നെ പ്രണയത്തിനെന്തു പ്രസക്തി !
ഇനി ഞാൻ
അകലേക്ക് മടങ്ങട്ടെ
വിട പറയുമ്പോൾ
ഒരു മോഹം ബാക്കി
ചക്രവാളത്തിൻ്റെ ചെരുവിൽ
എൻ്റെ ഉടൽ
അടക്കം ചെയ്യുക,
അവിടെ
എൻ്റെ സൂര്യൻ
മറഞ്ഞ കടൽവെള്ളത്തിൽ
അലിയണം,
പ്രണയത്തിൻ്റെ ഉപ്പുതരിയാവാൻ.