പ്രകാശം കൊള്ളയടിക്കപ്പെട്ടവർ

പകൽ വെന്തുതീരുമ്പോൾ
ഇരുൾ പരക്കുംപോലെ
വിഷാദങ്ങളുടെ മേഘങ്ങൾ
എന്റെ ആകാശത്തു
ഉറവിടങ്ങളില്ലാതെ വന്നുചേരുന്നു,
അടിക്കടി
പെറ്റു പെരുകുന്നു.

സമസ്യകളുടെ ഊടുവഴികളിൽ
അലഞ്ഞലഞ്ഞ്
ഹൃദയത്തിനു താളംപിഴയ്ക്കുന്നു.

ഓർമ്മകൾ കൊളുത്തിയ
ചൂട്ടുകറ്റയുമായി
മനസ്സിന്റെ
വെളിച്ചമെത്താത്ത
ഇടനാഴിയിലേക്ക് കടന്നാൽ
കത്തിയമർന്നൊരു പ്രണയത്തിന്റെ
ചാരം മൂടിയ,
വെന്തുപൊളളിയ നിലം
നിങ്ങൾ കാണും.

ഊതിയൂതിത്തെളിയിക്കുവാനൊരു
കനൽപ്പൊരി തേടി
നിങ്ങളവിടെ നിൽക്കുമോ,
ഒരുനിമിഷം?

പുകയും തീജ്ജ്വാലകളും തുപ്പിത്തളർന്ന
ഒരഗ്നിപർവതം പോലെയാണ്
പ്രണയം ചാമ്പലായവർ
ഒഴുകുമ്പോൾ തീദ്രാവകമായും
ഉറയുമ്പോൾ കരിക്കട്ടയായും
മാറുന്ന ലാവ പോലെയും.

ദേശാടനക്കിളികൾ
കൊക്കുരുമ്മുന്നു
പലായനം ചെയ്തവരിൽനിന്ന്
സ്വപ്നങ്ങളും വിയർപ്പുതുള്ളികളും വരെ
കവർന്നെടുക്കപ്പെടുന്നു

ഹേ, ജീവിതമേ
എനിക്ക് നിന്നെയാണോ,
അതോ
നിനക്ക് എന്നെയാണോ മടുത്തത് ?

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.